കേരളം

'ശബരി സംശുദ്ധ രാഷ്ട്രീയ പ്രവര്‍ത്തകന്‍'; നിര്‍വ്യാജം ക്ഷമ ചോദിച്ച് ബെന്യാമിന്‍

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം; കെഎസ് ശബരീനാഥനെ കളിയാക്കി വിളിക്കുന്ന പേരിന് കാരണക്കാരനായതില്‍ ക്ഷമചോദിച്ച് സാഹിത്യകാരന്‍ ബെന്യാമിന്‍. എംഎല്‍എയുമായി കഴിഞ്ഞ വര്‍ഷം ഉണ്ടായ വാക്കുതര്‍ക്കത്തിനിടെ ഉപയോഗിച്ച ഒരു കളിപ്പേരാണ് അതെന്നും ആ പേര് ട്രോളാന്‍ ഉപയോഗിക്കുന്നതും അതുവെച്ച് വ്യക്തിപരമായി അധിക്ഷേപിക്കുന്നതും അരാഷ്ട്രീയത ആണെന്നും ബെന്യാമിന്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. എന്നുമാത്രല്ല, ഒട്ടും മനപൂര്‍വ്വമല്ലാതെ നടത്തിയ ഒരു പ്രയോഗം ശബരിയെപ്പോലെ ഒരു സംശുദ്ധ രാഷ്ട്രീയപ്രവര്‍ത്തകനെ പരിഹസിക്കാനായി നിരന്തരമായി ഉപയോഗിക്കപ്പെടുന്നു എന്നത് എനിക്ക് വളരെ വിഷമം ഉണ്ടാക്കുന്നുണ്ട്. അതിനു കാരണക്കാരനാകേണ്ടി വന്നതില്‍ ശബരിയോട് നിര്‍വ്യാജമായി ക്ഷമ ചോദിക്കുകയും ചെയ്യുന്നു. രാഹുല്‍ ഗാന്ധിയെ അമൂല്‍ ബേബിയെന്ന് വിളിക്കുന്നതിലും പിണറായി വിജയനെ ചെത്തുകാരന്‍ എന്നു വിളിക്കുന്നതിലും കെ. സുരേന്ദ്രനെ ഉള്ളി സുര എന്ന് വിളിക്കുന്നതിലും ഒക്കെ അരാഷ്ട്രീയത ഉണ്ട്. മനപൂര്‍വ്വമല്ലാതെ നടത്തിയ ഒരു പ്രയോഗം ശബരിയെപ്പോലെ ഒരു സംശുദ്ധ രാഷ്ട്രീയപ്രവര്‍ത്തകനെ പരിഹസിക്കാനായി നിരന്തരമായി ഉപയോഗിക്കപ്പെടുന്നു എന്നത് വളരെ വിഷമം ഉണ്ടാക്കുന്നുവെന്നും അതില്‍ ക്ഷമ ചോദിക്കുന്നുവെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. 


ബെന്യാമിന്റെ കുറിപ്പ്

ഖേദപൂര്‍വ്വം ഒരു കുറിപ്പ്
പ്രിയപ്പെട്ടവരേ,
നമ്മില്‍ ഭൂരിപക്ഷവും ഓരോരോ രാഷ്ട്രീയപ്രത്യയശാസ്ത്രങ്ങളില്‍ വിശ്വസിക്കുന്നവരും അവയെ പിന്തുടരുന്നവരുമാണ്. അതുകൊണ്ടു തന്നെ പൊതുമണ്ഡലങ്ങളിലും സോഷ്യല്‍ മീഡിയയിലും രാഷ്ട്രീയം പറയാന്‍ പ്രേരിതര്‍ ആവുകയും ചെയ്യും. അത് ചിലപ്പോള്‍ വാക്കുകള്‍കൊണ്ടുള്ള ആക്രമണ പ്രത്യാക്രമണങ്ങളിലും പരിഹസങ്ങളിലും കളിയാക്കലുകളിലും ഒക്കെ ചെന്നു കലാശിക്കാറുമുണ്ട്. എന്നല്‍ അത് അവിടെ അവസാനിക്കേണ്ടതും തുടര്‍ന്നും വിദ്വേഷം വച്ചുപുലര്‍ത്തതെ സൂക്ഷിക്കേണ്ടതും നമ്മുടെ കടമയാണ്. രാഷ്രീയപരമായ വിയോജിപ്പുകളിലേക്ക് കുടുംബത്തിലുള്ള മറ്റ് അംഗങ്ങളെ വലിച്ചിഴക്കുന്നതിനോട് ഒരു കാരണവശാലും യോജിക്കാനും കഴിയില്ല. ഇതിപ്പോള്‍ പറയാന്‍ ഒരു കാരണമുണ്ട്.
കഴിഞ്ഞ വര്‍ഷം ഞാനും ശ്രീ. ശബരീനാഥന്‍ എം.എല്‍.എ തമ്മില്‍ ഉണ്ടായ കടുത്ത വാക്ക്പയറ്റ് ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാവുമല്ലോ. അതിനിടയില്‍ ഞാന്‍ തികച്ചും സന്ദര്‍ഭവശാല്‍ അദ്ദേഹത്തെ ഒരു കളിപ്പേര് വിളിച്ചാക്ഷേപിക്കുകയുണ്ടായി. ആ വാക്കുതര്‍ക്കത്തിനിടയില്‍ അപ്പോള്‍ അവസാനിക്കേണ്ടിയിരുന്ന ഒരു പ്രയോഗം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും അദ്ദേഹത്തെ ആക്ഷേപിക്കാനുള്ള /പരിഹസിക്കാനുള്ള ആയുധമായി കൊണ്ടുനടക്കുകയും ചെയ്യുന്നതായി കാണുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയപരമായ പോസ്റ്റുകളില്‍ മാത്രമല്ല വ്യക്തിപരമായ കാര്യങ്ങള്‍ പങ്കുവയ്ക്കുന്ന പോസ്റ്റുകള്‍ക്ക് താഴെയും അങ്ങനെയുള്ള വിളിപ്പേരിനാല്‍ ആക്ഷേപങ്ങള്‍ ചൊരിയുന്നത് ഒരു നിത്യസംഭവമായി മാറിയിരിക്കുന്നു.
നമ്മുടെ രാഷ്രീയപരമായ എതിരഭിപ്രയങ്ങള്‍ പ്രകടിപ്പിക്കുവാന്‍ നമുക്ക് മറ്റ് മാര്‍ഗ്ഗങ്ങള്‍ ഉണ്ടല്ലോ. രാഹുല്‍ ഗാന്ധിയെ അമൂല്‍ ബേബിയെന്ന് വിളിക്കുന്നതിലും പിണറായി വിജയനെ ചെത്തുകാരന്‍ എന്നു വിളിക്കുന്നതിലും കെ. സുരേന്ദ്രനെ ഉള്ളി സുര എന്ന് വിളിക്കുന്നതിലും ഒക്കെ അരാഷ്ട്രിയത ഉണ്ട് എന്ന് ഞാന്‍ കരുതുന്നു. അതേ നിലപാട് തന്നെയാണ് ശബരീനാഥന്റെ കാര്യത്തിലും എനിക്കുള്ളത്. അദ്ദേഹം മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയ നിലപാടുകളോട് നമുക്ക് കടുത്ത വിയോജിപ്പ് ഉണ്ടാവാം. അത് നാം ഉറക്കെ പറയുക തന്നെ വേണം. എന്നാല്‍ അത് ചുമ്മതെ കളിപ്പേരുകള്‍ വിളിച്ചാക്ഷേപിക്കുന്നതിലേക്ക് താഴ്ന്നു പോകരുത് എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
ആ പരിഹാസം പലപ്പോഴും അദ്ദേഹത്തിന്റെ കുടുംബാങ്ങള്‍ക്കു നേരെയും അവരുടെ സന്തോഷ നിമിഷങ്ങള്‍ക്ക് നേരെയും  നീണ്ടു ചെല്ലുന്നു എന്നതാണ് ഏറ്റവും ഖേദകരം. ഇനിയെങ്കിലും അത് ഒഴിവാക്കാനുള്ള ഒരു കൂട്ടായ ശ്രമം ഉണ്ടാവണം എന്ന് എല്ലാവരോടും വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.
എന്നുമാത്രല്ല, ഒട്ടും മനപൂര്‍വ്വമല്ലാതെ നടത്തിയ ഒരു പ്രയോഗം ശബരിയെപ്പോലെ ഒരു സംശുദ്ധ രാഷ്ട്രീയപ്രവര്‍ത്തകനെ പരിഹസിക്കാനായി നിരന്തരമായി ഉപയോഗിക്കപ്പെടുന്നു എന്നത് എനിക്ക് വളരെ വിഷമം ഉണ്ടാക്കുന്നുണ്ട്. അതിനു കാരണക്കാരനാകേണ്ടി വന്നതില്‍ ശബരിയോട് നിര്‍വ്യാജമായി ക്ഷമ ചോദിക്കുകയും ചെയ്യുന്നു.
എന്നെ വായിക്കുകയും എന്നെ പിന്തുടരുകയും ചെയ്യുന്ന എല്ലാവരും ദയവായി എന്റെ അഭ്യര്‍ത്ഥന കൈക്കൊള്ളണമെന്നും അത്തരം വിളിപ്പേരുകള്‍ ഉപയോഗിച്ച് അദ്ദേഹത്തെ ആക്ഷേപിക്കുന്നതില്‍ നിന്ന് പിന്മാറണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു