കേരളം

ശിവശങ്കറിനെതിരെയുള്ളത് ഗുരുതര ആരോപണം, ശക്തമായ അന്വേഷണം വേണം: കോടതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഡോളര്‍ കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ ഉയര്‍ന്നിരിക്കുന്നത് ഗുരുതര ആരോപണമെന്ന് കോടതി. ഇക്കാര്യത്തില്‍ ശക്തമായ അന്വേഷണം വേണമെന്ന്, ശിവശങ്കറിനു ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവില്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന അഡീഷണല്‍ സിജെഎം കോടതി നിരീക്ഷിച്ചു.

അന്വേഷണ പുരോഗതി കണക്കിലെടുത്താണ് ശിവശങ്കറിനു ജാമ്യം അനുവദിക്കുന്നത്. ശിവശങ്കറിനെ ഇനിയും കസ്റ്റഡിയില്‍ വയ്‌ക്കേണ്ടതില്ല. ശിവശങ്കറിനു ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്ന ഹൈക്കോടതി പരാമര്‍ശവും കണക്കിലെടുക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി.

ശിവശങ്കറിനെതിരെ ഉയര്‍ന്നിട്ടുള്ളത് ഗുരുതര ആരോപണമാണ്. ഡോളര്‍ കടത്തിനെക്കുറിച്ചു ശിവശങ്കറിന് അറിവുണ്ടെന്നാണ് സാക്ഷിമൊഴികള്‍. ഇതു സര്‍ക്കാരിനെ അറിയിക്കാതിരുന്നത് ഗൗരവത്തോടെ കാണണം. ശക്തമായ അന്വേഷണം നടക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. 

രണ്ടു ലക്ഷം രൂപയുടെ ബോണ്ടിലും രണ്ട് ആള്‍ ജാമ്യത്തിലുമാണ് കോടതി ശിവശങ്കറിന്റെ ജാമ്യാപേക്ഷ അനുവദിച്ചത്.  എല്ലാ ആഴ്ചയിലും അന്വേഷണ ഉദോയഗസ്ഥനു മുമ്പാകെ ഹാജരാകണമെന്നും വ്യവസ്ഥയുണ്ട്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട മൂന്നു കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ട ശിവശങ്കര്‍ 98 ദിവസമാണ് ജയിലില്‍ കഴിഞ്ഞത്. 

കേസില്‍ തനിക്കെതിരെ ഒരു തെളിവും ഹാജരാക്കാന്‍ ആയിട്ടില്ലെന്നും ഡോളര്‍ കടത്തുമായി തനിക്ക് യാതൊരു പങ്കില്ലെന്നുമാണ് ശിവശങ്കര്‍ വാദിച്ചത്. കസ്റ്റഡിയില്‍ വെച്ച് പ്രതികള്‍ നല്‍കിയ മൊഴി മാത്രമാണ് തനിക്കെതിരെയുള്ളത് എന്നും ശിവശങ്കര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞു. 
എന്നാല്‍ കള്ളക്കടത്ത് റാക്കറ്റിലെ പ്രധാന കണ്ണിയാണ് ശിവശങ്കറെന്നും ഡോളര്‍ കടത്തില്‍ ശിവശങ്കറിനെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും കസ്റ്റംസ് കോടതിയില്‍ പറഞ്ഞു. ഒന്നരക്കോടി രൂപയുടെ ഡോളര്‍ കടത്തില്‍ ശിവശങ്കറിന് പങ്കുണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍.

നേരത്തെ, സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസിലും കള്ളപ്പണം വെളുപ്പിച്ചെന്ന എന്‍ഫോഴ്‌സ്‌മെന്റ് കേസിലും ശിവശങ്കറിനു ജാമ്യം ലഭിച്ചിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഐഎ അന്വേഷിക്കുന്ന കേസില്‍ ശിവശങ്കറിനെ പ്രതി ചേര്‍ത്തിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, അന്വേഷണം

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല, തെരച്ചില്‍ തുടരുന്നു