കേരളം

ശബരിമലയില്‍ ആചാരം ലംഘിച്ചാല്‍ രണ്ടു വര്‍ഷം തടവ് ; കരട് നിയമം പുറത്തുവിട്ട് യുഡിഎഫ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ശബരിമല ആചാരസംരക്ഷണത്തിന് കരട് നിയമം തയ്യാറെന്ന് യുഡിഎഫ്. ഐക്യജനാധിപത്യമുന്നണി അധികാരത്തിലെത്തിയാല്‍ അവതരിപ്പിക്കുന്ന നിയമത്തിന്റെ കരടാണ് പുറത്തുവിട്ടത്. കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് നിയമത്തിന്റെ കരട് പുറത്തുവിട്ടത്.

ശബരിമലയില്‍ ആചാരം ലംഘിച്ച് കടന്നാല്‍ രണ്ടു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കും. തന്ത്രിയാണ് ക്ഷേത്രത്തിന്റെ പരമാധികാരി. അവസാന വാക്ക് തന്ത്രിയുടേതാണ്. തന്ത്രിയുടെ അനുമതിയോടെ പ്രവേശന നിയന്ത്രണം നടപ്പാക്കുമെന്നും യുഡിഎഫിന്റെ കരട് നിയമത്തില്‍ പറയുന്നു. കരട് നിയമം നിയമമന്ത്രി എ കെ ബാലന് നല്‍കാമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. 

ശബരിമല വിഷയത്തില്‍ ഏതെങ്കിലും തരത്തില്‍ നിയമത്തിന്റെ കരട് ആരെങ്കിലും തയ്യാറാക്കിയിട്ടുണ്ടെങ്കില്‍ കൈമാറട്ടെ എന്ന് മന്ത്രി എ കെ ബാലന്‍ കഴിഞ്ഞ ദിവസം വെല്ലുവിളിച്ചിരുന്നു. ഇതിന് മറുപടിയായാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമത്തിന്റെ കരട് രൂപം പുറത്തുവിട്ടത്. വെറുതെ വാചകക്കസര്‍ത്ത് നടത്തുകയല്ല യുഡിഎഫ് ചെയ്യുന്നതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. 

ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെതിരെ ശക്തമായ പ്രചാരണമാണ് യുഡിഎഫ് നടത്തുന്നത്. ശബരിമലയില്‍ സിപിഎമ്മും ബിജെപിയും ഒത്തുകളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. പുനഃപരിശോധന ഹര്‍ജി വേഗത്തില്‍ പരിഗണിക്കണമെന്ന് സര്‍ക്കാര്‍ പറയുമോ ?. മുഖ്യമന്ത്രി ഉത്തരം പറയണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ശബരിമല സ്ത്രീപ്രവേശനം ഭക്തര്‍ക്ക് മുറിവുണ്ടാക്കിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.ശബരിമലയില്‍ പഴയ നിലപാട് തിരുത്തി, പുതിയ സത്യവാങ്മൂലം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറുണ്ടോ എന്ന് ഉമ്മന്‍ചാണ്ടി ചോദിച്ചിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ വിശ്വാസികളുടെ താല്‍പ്പര്യം അനുസരിച്ചുള്ള നിലപാട് സ്വീകരിക്കുമെന്നും യുഡിഎഫ് വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

വടകരയില്‍ 78.41, പത്തനംതിട്ടയില്‍ 63.37; സംസ്ഥാനത്ത് 71.27 ശതമാനം പോളിങ്

രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും സാധ്യത; കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് സമ്മതിച്ച് ആസ്ട്രാസെനക

കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ മേയ് നാലുവരെ ഓണ്‍ലൈനില്‍

അപകടം ഒഴിവാക്കാം, എന്താണ് സ്‌പെയ്‌സ് കുഷന്‍?; ഇരുചക്രവാഹനയാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്