കേരളം

അനൂപിനെതിരെ പി ബി രതീഷ് ?; പിറവം തിരിച്ചുപിടിക്കാന്‍ എല്‍ഡിഎഫ് ; പുതുതന്ത്രങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : എറണാകുളം ജില്ലയിലെ കാര്‍ഷികമേഖകളുള്‍ക്കൊള്ളുന്ന പിറവം മണ്ഡലം ഇക്കുറി തിരിച്ചുപിടിക്കണമെന്ന ദൃഡനിശ്ചയത്തിലാണ് ഇടതുമുന്നണി. ഇതിനായി കരുത്തരായ സ്ഥാനാര്‍ത്ഥികളെ തിരയുകയാണ് സിപിഎം. എറണാകുളം ജില്ലാ പഞ്ചായത്തിലേക്ക് മുളന്തുരുത്തി ഡിവിഷനില്‍ നിന്നും മല്‍സരിച്ച പി ബി രതീഷ് ഇത്തവണ ഇടതു സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യതയേറെയാണ്. 

വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലെ സമരതീക്ഷ്ണ പാരമ്പര്യവുമായാണ് പി ബി രതീഷ് ജില്ലാ പഞ്ചായത്തിലേക്ക് മല്‍സരിക്കാനിറങ്ങിയത്. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം, സിപിഎം ഏരിയ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയാണ്. ജില്ലാ പഞ്ചായത്തിലേക്ക് കോണ്‍ഗ്രസിന്റെ എല്‍ദോ ടോം പോളിനോട് പരാജയപ്പെട്ടെങ്കിലും, മികച്ച പ്രകടനം കാഴ്ച വെക്കാന്‍ രതീഷിന് കഴിഞ്ഞിരുന്നു. 

പൊതുവേ യുഡിഎഫിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന മണ്ഡലമാണ് പിറവം. യാക്കോബായ സഭയ്ക്ക് നിര്‍ണായക ശക്തിയുള്ള പ്രദേശം കൂടിയാണിത്. പള്ളിത്തര്‍ക്കം പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളും, സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിക്കാന്‍ യാക്കോബായക്കാരെ അനുവദിക്കണമെന്ന നിയമം പാസ്സാക്കിയതും അടക്കം ഉയര്‍ത്തിക്കാട്ടി സഭയുടെ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് ഇടതുപക്ഷം. വിഷയത്തില്‍ ഇടപെടാതിരുന്ന അനൂപിനോടുള്ള സഭയുടെ എതിര്‍പ്പും അനുകൂല ഘടകമാകുമെന്ന് സിപിഎം കണക്കുകൂട്ടുന്നു. കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പിന്റെ സിറ്റിങ് സീറ്റായ പിറവത്ത്, പാര്‍ട്ടി ലീഡര്‍ അനൂപ് ജേക്കബ് തന്നെയാകും വീണ്ടും യുഡിഎഫിനായി അങ്കത്തിനിറങ്ങുക. 

പതിനൊന്ന് കാര്‍ഷിക പഞ്ചായത്തുകളും വ്യവസായ സ്ഥാപനങ്ങളുള്ള പഴയ തിരുവാങ്കുളം പഞ്ചായത്തും ഉള്‍പ്പെട്ട മണ്ഡലമാണ് പിറവം. വലിപ്പത്തിലും വോട്ടര്‍മാരുടെ എണ്ണത്തിലും എറണാകുളം ജില്ലയില്‍ ഒന്നാംസ്ഥാനത്താണ് പിറവം മണ്ഡലം. തിരുമാറാടി, പാമ്പാക്കുട, എടക്കാട്ടുവയല്‍, ആമ്പല്ലൂര്‍, മുളന്തുരുത്തി, മണീട്, ചോറ്റാനിക്കര, തിരുവാങ്കുളം (ഇപ്പോള്‍ തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയില്‍), രാമമംഗലം, കൂത്താട്ടുകുളം, ഇലഞ്ഞി പഞ്ചായത്തുകളും പിറവം മുനിസിപ്പാലിറ്റിയും അടങ്ങുന്നതാണ് പിറവം നിയോജക മണ്ഡലം.

ഇതില്‍ തിരുവാങ്കുളം ഒഴികെ എല്ലാ പഞ്ചായത്തുകളും പൂര്‍ണമായി കാര്‍ഷിക പ്രാധാന്യമുള്ളവയാണ്. കൂത്താട്ടുകുളം, ഇലഞ്ഞി പഞ്ചായത്തുകള്‍ മൂവാറ്റുപുഴ മണ്ഡലത്തില്‍നിന്നാണ് പിറവത്തെത്തിയത്. ഇതുവരെ മണ്ഡലത്തില്‍ നടന്ന എട്ട് തെരഞ്ഞെടുപ്പുകളില്‍ അഞ്ചുതവണ യുഡിഎഫും മൂന്നുതവണ എല്‍ഡിഎഫും ജയിച്ചു. മണ്ഡലം രൂപീകരിച്ച 1977ല്‍ ടി എം ജേക്കബ്ബ് ആലുങ്കല്‍ ദേവസിയെ പരാജയപ്പെടുത്തി. 

1980ല്‍ എല്‍ഡിഎഫിലെ പി സി ചാക്കോ യുഡിഎഫിന്റെ സി പൗലോസിനെ തോല്‍പ്പിച്ചു. 1982 ല്‍ ഇടതുമുന്നണിയിലെ രാമന്‍ കര്‍ത്തയെ തോല്‍പ്പിച്ച് ബെന്നി ബഹനാന്‍ ജയിച്ചു. 1987ല്‍  ബെന്നിബഹനാനെ തോല്‍പ്പിച്ച് സിപിഎമ്മിലെ ഗോപി കോട്ടമുറിക്കല്‍ മണ്ഡലം തിരിച്ചുപിടിച്ചു. തുടര്‍ന്നുള്ള മൂന്ന് തെരഞ്ഞെടുപ്പിലും പിറവം യുഡിഎഫിനൊപ്പം നിന്നു. 2006 ല്‍ യുഡിഎഫിലെ കരുത്തന്‍ ടി എം ജേക്കബിനെ തറപറ്റിച്ച് സിപിഎമ്മിലെ എം ജെ ജേക്കബ് വിജയിച്ചു. 

എന്നാല്‍ 2011 ല്‍ എം ജെ ജേക്കബിനെ തോല്‍പ്പിച്ച് ടിഎം ജേക്കബ് മണ്ഡലം തിരിച്ചുപിടിച്ചു. ഇതിനിടെ അസുഖബാധിതനായ ടിഎം ജേക്കബ് അന്തരിച്ചു. തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ അനൂപ് ജേക്കബ് വിജയിച്ചു. 2016 ലെ നിയമസഭ തെരഞ്ഞെടുപ്പിലും അനൂപ് ജേക്കബ് മണ്ഡലം നിലനിര്‍ത്തുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

പലിശ വായ്പാ തുക കൈയില്‍ കിട്ടിയ ശേഷം മാത്രം; ധനകാര്യസ്ഥാപനങ്ങള്‍ തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കണമെന്ന് ആര്‍ബിഐ

വടകരയില്‍ 78.41, പത്തനംതിട്ടയില്‍ 63.37; സംസ്ഥാനത്ത് 71.27 ശതമാനം പോളിങ്

രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും സാധ്യത; കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് സമ്മതിച്ച് ആസ്ട്രാസെനക

കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ മേയ് നാലുവരെ ഓണ്‍ലൈനില്‍