കേരളം

ആറ് പേർ ബൈക്കിലെത്തി ലോറി തടഞ്ഞു, മർദിച്ചു പണം തട്ടിയെടുത്തെന്ന് പരാതി, മൊഴിയിൽ വൈരുധ്യം; അന്വേഷണം

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്; ബൈക്കിലെത്തിയ ആറം​ഗ സംഘം ദേശീയപാതയിൽ ലോറി തടഞ്ഞുനിർത്തി പണം തട്ടിയെന്ന കേസിൽ കൂടുതൽ അന്വേഷണം. ലോറി ജീവനക്കാരുടെ മൊഴിയിൽ വൈരുധ്യം കണ്ടെത്തിയതോടെ അന്വേഷണത്തിന്റെ ​ഗതി മാറിയത്. വാളയാറിലാണ്  തമിഴ്നാട് മോഡൽ കവർച്ച റിപ്പോർട്ട് ചെയ്തത്. 

വാളയാർ പൊലീസ് സ്റ്റേഷനിൽനിന്ന് അരക്കിലോമീറ്റർ മാത്രം അകലെയുള്ള പതിനാലാം കല്ലിൽ ഇന്നലെ പുലർച്ചെ 5നാണു കവർച്ച നടന്നതെന്നു പരാതിക്കാർ പറയുന്നത്. അക്രമിസംഘം ലോറി ജീവനക്കാരായ 3 പേരെ മർദിച്ചു കീഴ്പെടുത്തി 3 ലക്ഷം രൂപ കവരുകയായിരുന്നു. അക്രമിസംഘവും ലോറി ജീവനക്കാരും തമ്മിലുള്ള പിടിവലിക്കിടെ 1.30 ലക്ഷം ഉപേക്ഷിച്ച് ബാക്കിയുള്ള പണവുമായി കവർച്ചാ സംഘം കടന്നുകളഞ്ഞെന്നുമാണ് പരാതിയിൽ പറയുന്നത്. 

എന്നാൽ പൊലീസ് കേസെടുത്തെങ്കിലും തുടരന്വേഷണത്തിൽ ലോറി ജീവനക്കാരുടെ മൊഴിൽ വൈരുധ്യം കണ്ടെത്തി. ഇതോടെ കവർച്ച നാടകമാണോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. തമിഴ്നാട് നാമക്കലിൽ നിന്ന് കേരളത്തിലേക്കു മുട്ടയുമായെത്തി, വിവിധയിടങ്ങളിൽ വിതരണം ചെയ്തു ലഭിച്ച പണവുമായി മടങ്ങുന്നതിനിടെയാണു ലോറി തടഞ്ഞുനിർത്തി ആക്രമണമുണ്ടായതെന്നു പരാതിക്കാർ പറയുന്നു. നാമക്കൽ സ്വദേശി പ്രഭാകറിന്റെ പണമാണു നഷ്ടമായത്.

ലോറി ഡ്രൈവർമാരായ നാമക്കൽ സ്വദേശികളായ പ്രകാശ് (41), ശേഖർ (41), ക്ലീനർ പെരുമാൾ (33) എന്നിവർക്കു നേരെയാണ് ആക്രമണമുണ്ടായത്. ഇവരുടെ മുതുകിലും കൈകാലുകളിലും പൈപ്പ് കൊണ്ട് അടിച്ച പാടുകളും മുറിവുകളുമുണ്ട്. ബൈക്കിലെത്തിയ ആറം​ഗ സംഘം ലോറി തടഞ്ഞ ശേഷം മൂവരെയും പിടിച്ചിറക്കി തുണിയും കയറും ഉപയോഗിച്ച് കൈകാലുകൾ കെട്ടി ദേശീയപാതയോരത്തെ പാടത്തേക്കു കൊണ്ടുപോയി മർദിച്ചെന്നാണു ലോറി ജീവനക്കാർ പൊലീസിനെ അറിയിക്കുന്നത്. 

ലോറിയുടെ താക്കോൽ മണ്ണിൽ കുഴിച്ചിട്ടെന്നും പിടിവലിക്കിടെ ബാക്കിയുള്ള പണവുമായി അക്രമികൾ കടന്നെന്നും ഇവർ പറയുന്നു. എന്നാൽ ലോറിയിലെ ജിപിഎസ് പരിശോധിച്ചപ്പോൾ ലോറി 3 മണിക്ക് പതിനാലാംകല്ലിൽ എത്തിയെന്നും വീണ്ടും തിരിച്ച് ടോൾപ്ലാസ ഭാഗത്തേക്ക് രണ്ടിലേറെ തവണ കടന്നുപോയെന്നും കണ്ടെത്തി. ഇതോടൊപ്പം ലോറി ജീവനക്കാരുടെ മൊഴിയും പരസ്പര വിരുദ്ധമായിരുന്നു.ഇതോടെയാണു പണം തട്ടാൻ, കവർച്ച ഇവർ കെട്ടിച്ചമച്ചതാകാമെന്ന സംശയത്തിലേക്കു പൊലീസ് എത്തിയത്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കാനുള്ള തീരുമാനത്തിലാണ് പൊലീസ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

'പക്വതയില്ല'; അനന്തരവൻ ആകാശ് ആനന്ദിനെ പാർട്ടി പദവികളിൽ നിന്നും നീക്കി മായാവതി

വെസ്റ്റ് നൈല്‍ ഫിവര്‍: തൃശൂരില്‍ ഒരു മരണം, ജാഗ്രതാ നടപടികളുമായി അധികൃതര്‍

പ്രസിഡന്റ് പദത്തിൽ അഞ്ചാം വട്ടം; പുടിൻ വീണ്ടും അധികാരമേറ്റു

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്