കേരളം

എല്‍ഡിഎഫ് 89 സീറ്റു വരെ നേടും; യുഡിഎഫിന് സാധ്യത 57 വരെ; ബിജെപി രണ്ട്; സര്‍വേ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേരളത്തിലും പശ്ചിമ ബംഗാളിലും ഭരണത്തുടര്‍ച്ച പ്രവചിച്ച് അഭിപ്രായ സര്‍വേ. തമിഴ്‌നാട്ടില്‍ യുപിഎ സഖ്യത്തിനും അസമിലും പുതുച്ചേരിയിലും എന്‍ഡിഎയ്ക്കുമാണ് മുന്‍തൂക്കമെന്നും സര്‍വേ വ്യക്തമാക്കുന്നു. കേരളത്തില്‍ എല്‍ഡിഎഫും പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും അധികാരം നിലനിര്‍ത്തുമെന്ന് എബിപി- സി വോട്ടര്‍ അഭിപ്രായ സര്‍വേയില്‍ പറയുന്നു. ഒക്ടോബര്‍- ഡിസംബറില്‍ 12 ആഴ്ചകളിലായിരുന്നു സര്‍വേ. 6000 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്.

കേരളത്തില്‍ എല്‍ഡിഎഫിന് 81 മുതല്‍ 89 സീറ്റുകള്‍ വരെ പ്രവചിക്കുന്ന സര്‍വേ യുഡിഎഫ് 49- 57 സീറ്റുകള്‍ വരെ നേടുമെന്നാണ് പറയുന്നത്. ബിജെപി രണ്ട് സീറ്റുകളില്‍ വിജയിക്കുമെന്നും സര്‍വേ വ്യക്തമാക്കുന്നു. മറ്റുള്ളവര്‍ക്ക് രണ്ട് സീറ്റാണ് പ്രവചനം. എല്‍ഡിഎഫിന് 41.6 ശതമാനം വോട്ടും യുഡിഎഫിന് 34.6 ശതമാനം വോട്ടും ബിജെപിക്ക് 15.3 ശതമാനം വോട്ടും മറ്റുള്ളവര്‍ക്ക് 8.5 ശതമാനം വോട്ടും ലഭിക്കുമെന്നും സര്‍വേയിലുണ്ട്.

മുഖ്യമന്ത്രി സ്ഥാനത്തിന് യോജിച്ചത് പിണറായി വിജയനാണെന്ന് സര്‍വേയില്‍ പങ്കെടുത്ത 46.7 ശതമാനം പേരും പറയുന്നു. ഉമ്മന്‍ ചാണ്ടിയാണ് രണ്ടാം സ്ഥാനത്ത്. 22.3 ശതമാനം പേര്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നു. ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചര്‍ 6.3 ശതമാനം പിന്തുണയുമായി മൂന്നാമത്.

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് 154 മുതല്‍ 163 വരെ സീറ്റുകളാണ് സര്‍വേ പ്രവചിക്കുന്നത്. പ്രധാന എതിരാളികളായ ബിജെപി 98 മുതല്‍ 106 സീറ്റുകള്‍ നേടും.  294 അംഗ നിയമ സഭയില്‍ കോണ്‍ഗ്രസ് - ഇടത് സഖ്യത്തിന് 26 മുതല്‍ 34 വരെ സീറ്റുകള്‍ ലഭിക്കും. തൃണമൂല്‍ 43 ശതമാനം വോട്ടുകളും ബിജെപി 37.5 ശതമാനം വോട്ടുകളും നേടുമെന്നും സര്‍വേയില്‍ വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയായി മമതാ ബാനര്‍ജി 49 ശതമാനം പിന്തുണ. ദിലീപ് ഘോഷ് 19 ശതമാനം, സൗരവ് ഗാംഗുലി 13 ശതമാനം എന്നിങ്ങനെയാണ് പ്രവചനം.

തമിഴ്നാട്ടില്‍ 234 അംഗ സഭയില്‍ ഡിഎംകെ- കോണ്‍ഗ്രസ് സഖ്യം 158-166 സീറ്റുകള്‍ നേടും. ഭരണകക്ഷിയായ എഐഎഡിഎംകെ- ബിജെപി സഖ്യം 60-68 സീറ്റില്‍ ഒതുങ്ങുമെന്നും സര്‍വേ പ്രവചിക്കുന്നു. 2016 തെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ 136 സീറ്റില്‍ വിജയിച്ചപ്പോള്‍ ഡിഎംകെ- കോണ്‍ഗ്രസ് സഖ്യം 98 സീറ്റാണ് നേടിയത്. മുഖ്യമന്ത്രിയായി എംകെ സ്റ്റാലിനെ 36.4 ശതമാനം പേര്‍ പിന്തുണയ്ക്കുന്നു. ഇകെ പളനി സ്വാമിക്ക് 25.5 ശതമാനം പിന്തുണ.

പുതുച്ചേരിയില്‍ എന്‍ഡിഎയ്ക്ക് 14 മുതല്‍ 18 വരെ സീറ്റുകള്‍ കിട്ടുമെന്നാണ് പ്രവചനം. യുപിഎയ്ക്ക് 12-16 വരെ സീറ്റുകള്‍. എന്‍ഡിഎയ്ക്ക് 44.4 ശതമാനം വോട്ട്. യുപിഎയ്ക്ക് 42.6 ശതമാനം വോട്ട്. മുഖ്യമന്ത്രിയായി വി നാരായണ സ്വാമിക്ക് 40 ശതമാനവും എന്‍ രം?ഗസ്വാമിക്ക് 35.9 ശതമാനവും പിന്തുണ.

അസമില്‍ ഭരണ കക്ഷിയായ എന്‍ഡിഎയ്ക്ക് 73- 81 സീറ്റുകളാണ് സര്‍വേ പ്രവചിക്കുന്നത്. 126 അംഗ സഭയില്‍ യുപിഎ 36- 44 സീറ്റുകളും എഐയുഡിഎഫ് ഏഴ് സീറ്റുകള്‍ നേടുമെന്നും സര്‍വേ പറയുന്നു. എന്‍ഡിഎയ്ക്ക് 43.1 ശതമാനം വോട്ടും യുപിഎയ്ക്ക് 34.9 ശതമാനം വോട്ടുമാണ് പ്രവചനം. മുഖ്യമന്ത്രിയായി സര്‍ബാനന്ദ സൊനോവാള്‍ 30 ശതമാനം പിന്തുണയും ഹിമന്ദ ബിശ്വശര്‍മയ്ക്ക് 21.6 ശതമാനം പിന്തുണയും ഗൊഗോയ്ക്ക് 18.8 ശതമാനം പിന്തുണയുമാണ് ലഭിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

പാകിസ്ഥാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കുന്നു, യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി

ഇന്നും നാളെയും നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

400 സീറ്റ് തമാശ, 300 അസാധ്യം, ഇരുന്നുറു പോലും ബിജെപിക്ക് വെല്ലുവിളി: ശശി തരൂര്‍

ഐ ലൈനര്‍ കൊണ്ട് അമ്മാമയുടെ കയ്യില്‍ ടാറ്റൂ; 'വെക്കേഷനായാല്‍ എന്തൊക്കെ കാണണം'; ചിത്രവുമായി സുജാത