കേരളം

'നാളത്തെ കേരളം'; ഫെബ്രുവരി ഒന്നുമുതല്‍ രാജ്യാന്തര സമ്മേളനം, അമര്‍ത്യാ സെന്‍, രത്തന്‍ ടാറ്റ ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുക്കും 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഭാവികേരളത്തിന്റെ സൃഷ്ടിക്ക് ദിശാബോധം നല്‍കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ആസൂത്രണ ബോര്‍ഡ്  'കേരള ലുക്സ് എഹെഡ്ഡ്' എന്ന വിപുലമായ രാജ്യാന്തര സമ്മേളനം ഫെബ്രുവരി ഒന്നുമുതല്‍ മൂന്നുവരെ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒന്‍പതു സുപ്രധാന മേഖലകളില്‍ നടപ്പിലാക്കേണ്ട പരിപാടികള്‍ നിര്‍ദ്ദേശിക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം.  

വിശ്രുത സാമ്പത്തിക വിദഗ്ധനും നോബല്‍ സമ്മാന ജേതാവുമായ പ്രൊഫ. അമര്‍ത്യാ സെന്‍, സാമ്പത്തിക നോബേല്‍ സമ്മാന ജേതാവ് പ്രൊഫ. ജോസഫ് സ്റ്റിഗ്ലിറ്റ്സ്, വ്യവസായ പ്രമുഖരായ ശ്രീ. രത്തന്‍ ടാറ്റ, ശ്രീ. ആനന്ദ് മഹീന്ദ്ര, ശ്രീ. എം.എ. യൂസുഫ് അലി, കിരണ്‍ മസുംദാര്‍ ഷാ, ഡോ. രവി പിള്ള, ക്രിസ് ഗോപാലക്രഷ്ണന്‍, ഡോ. ആസാദ് മൂപ്പന്‍, ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥന്‍ തുടങ്ങി വിവിധ തലങ്ങളിലെ പ്രമുഖര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യും. ഇവരുടെ കാഴ്ചപ്പാടുകളും സംസ്ഥാനത്തിന്റെ ഭാവിക്കായി അവര്‍ മുന്നോട്ടുവെയ്ക്കുന്ന ആശയങ്ങളും ഈ സമ്മേളനത്തെ സംബന്ധിച്ച് ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ കോണ്‍ഫറന്‍സ് പൂര്‍ണമായും ഓണ്‍ലൈനായാണ് സംഘടിപ്പിക്കുന്നത്. ഇതില്‍ പങ്കെടുക്കുന്നതിന് പ്രത്യേക രജിസ്ട്രേഷന്‍ ആവശ്യമില്ല. ഏവര്‍ക്കും ഏതു സെഷനും കാണാന്‍ സാധിക്കുന്ന വിധത്തിലാണ് സമ്മേളനത്തിന്റെ ക്രമീകരണം. കോണ്‍ഫെറെന്‍സ് വെബ്സൈറ്റായ www.keralalooksahead.com എന്ന സൈറ്റില്‍ എല്ലാ സെഷനുകളും ലൈവായി വീക്ഷിക്കാവുന്നതാണ്.


നാളത്തെ കേരളം എന്നതുകൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന പല കാര്യങ്ങളും വിവിധ മേഖലകളില്‍ ഇനിയും പൂര്‍ത്തിയാകാനുണ്ട്. സാമ്പത്തിക പ്രതിസന്ധി ഉള്‍പ്പെടെയുണ്ടായ തകര്‍ച്ചയില്‍നിന്ന് കരകയറാന്‍ പുതിയ കാഴ്ചപ്പാടുകളും സമീപനവും  ആവിഷ്‌കരിക്കേണ്ടതുണ്ട്. ആധുനിക മേഖലകള്‍ കണ്ടെത്തി വ്യവസായ ഉല്‍പാദനം വര്‍ധിപ്പിക്കാനും കൃഷി-ഭക്ഷ്യ സംസ്‌കരണ വ്യവസായങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനുമുള്ള സാധ്യതകളാണ് അത്യാവശ്യമായിട്ടുള്ളത്. അത്തരം കാര്യങ്ങള്‍ക്ക് ശാസ്ത്രീയമായ പിന്തുണയും പിന്‍ബലവും വേണം. ഇതിന്റെ ഭാഗമായാണ് സമ്മേളനമെന്നും മുഖ്യമന്ത്രി പറഞ്്ഞു.

രാജ്യാന്തര തലത്തില്‍ പങ്കാളിത്തം ഉറപ്പാക്കുന്ന തരത്തിലുള്ള ഉന്നതവിദ്യാഭ്യാസം, ആധുനിക വ്യവസായ സാധ്യതകള്‍, നൈപുണ്യ വികസനം, കൃഷി, മത്സ്യബന്ധനം, മൃഗസംരക്ഷണം, ടൂറിസം, വിവരസാങ്കേതിക വിദ്യ, ഇ-ഗവേണന്‍സ് എന്നീ പ്രധാന സാമ്പത്തിക മേഖലകള്‍ക്കു പുറമെ തദ്ദേശഭരണം, ഫെഡറലിസം, വികസനോന്‍മുഖ ധനവിനിയോഗം എന്നീ പ്രത്യേക വിഷയങ്ങളും ചര്‍ച്ചയ്ക്ക് വിധേയമാകും.രാജ്യാന്തര തലത്തിലും ഇന്ത്യക്കുള്ളിലും ഉണ്ടായ പുതിയ നീക്കങ്ങളും ഇടപെടലുകളും മനസ്സിലാക്കുവാനും അതിലൂടെ കേരളത്തിന്റെ പ്രത്യേകതകള്‍ക്ക് അനുസൃതമായ വികസന തന്ത്രങ്ങള്‍ രൂപീകരിക്കുവാനും ഈ കോണ്‍ഫറന്‍സ് സഹായിക്കും എന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്