കേരളം

രേഷ്മയെ 'പ്രാങ്ക്' ചെയ്യാൻ അജ്ഞാത കാമുകനായി, ​ഗർഭിണിയാണെന്ന് അറിഞ്ഞില്ല, ഒന്നര വർഷത്തെ ചാറ്റിങ്; വഴിത്തിരിവായി മൊഴികൾ

സമകാലിക മലയാളം ഡെസ്ക്

കൊല്ലം; പ്രസവിച്ചയുടനെ കുഞ്ഞിനെ കരിയിലക്കുഴിയിൽ ഉപേക്ഷിച്ച കേസിൽ അമ്മ രേഷ്മ അറസ്റ്റിലാകുന്നു. തൊട്ടുപിന്നാലെ ബന്ധുക്കളായ രണ്ടു യുവതികളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുന്നു. കേരളത്തെ ഞെട്ടിച്ച സംഭവത്തിൽ വൻ വഴിത്തിരിവായിരിക്കുകയാണ്. ആത്മഹത്യ ചെയ്ത യുവതികൾ രേഷ്മയെ പറ്റിക്കാനായി ചെയ്ത തമാശയാണ് മൂന്നു ജീവനുകൾ ഇല്ലാതാക്കിയത്. 

അജ്ഞാത കാമുകനായി നടിച്ച് രേഷ്മയെ പറ്റിച്ചത് കല്ലുവാതുക്കൽ മേവനക്കോണം, തച്ചക്കോട്ട് വീട്ടിൽ രഞ്ജിത്തിന്റെ ഭാര്യ ആര്യ (23), രേഷ്മ ഭവനിൽ രാധാകൃഷ്ണ പിള്ളയുടെ മകൾ ഗ്രീഷ്മ (22) എന്നിവരാണെന്നാണ്  പൊലീസിന്റെ കണ്ടെത്തൽ. അനന്തു എന്ന വ്യാജ ഫേയ്സ്ബുക്ക് അക്കൗണ്ടിലൂടെ ഒന്നരവർഷത്തിലേറെയാണ് രേഷ്മയുമായി ഇവർ ചാറ്റു ചെയ്തത്. 

ഗ്രീഷ്മയുടെ അടുത്ത സുഹൃത്ത്, പരവൂർ സ്വദേശിയായ ഇരുപത്തിരണ്ടുകാരനെ ചോദ്യം ചെയ്തതാണ് കേസിൽ വഴിത്തിരിവായത്. വ്യാജ ഫെയ്സ്ബുക് പ്രൊഫൈൽ ഉണ്ടാക്കി രേഷ്മയുമായി ചാറ്റ് ചെയ്ത വിവരം ഗ്രീഷ്മ ഇയാളോടു പറഞ്ഞിരുന്നു. രേഷ്മയെ കബളിപ്പിച്ചിരുന്നെന്നും തമാശയ്ക്കു ചെയ്തതാണെന്നും കാണാതാകുന്നതിന്റെ തലേദിവസം ആര്യ ഭർതൃമാതാവിനോടും പറഞ്ഞിരുന്നു. ഇവരും പൊലീസിനു മൊഴി നൽകി. എന്നാൽ രേഷ്മ ​ഗർഭിണിയായിരുന്ന വിവരം ​ഗ്രീഷ്മയോ ആര്യയോ അറിഞ്ഞിരുന്നില്ല.

രേഷ്മയുടെ ഭർത്താവ് കല്ലുവാതുക്കൽ ഊഴായ്ക്കോട്, പേഴുവിള വീട്ടിൽ വിഷ്ണുവിന്റെ സഹോദരന്റെ ഭാര്യയാണ് ആര്യ. ഗ്രീഷ്മ വിഷ്ണുവിന്റെ സഹോദരിയുടെ മകളും. കാമുകനോടൊത്തു ജീവിക്കാനാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന രേഷ്മയുടെ മൊഴി വാർത്തയിൽ കണ്ടപ്പോൾ മാത്രമാണ്, തങ്ങളുടെ തമാശ വലിയ പ്രശ്നമായെന്നു യുവതികൾ തിരിച്ചറിഞ്ഞതെന്ന് എസിപി വൈ.നിസാമുദ്ദീൻ പറഞ്ഞു. കുഞ്ഞിനെ ഉപേക്ഷിച്ച വിവരം കാമുകന് അറിയില്ലെന്നു രേഷ്മയും മൊഴി നൽകിയിരുന്നു.

ഒരേ വീട്ടിൽ കഴിയുമ്പോൾ തന്നെയാണ് ഭർത്താവിന്റെ സഹോദരന്റെ ഭാര്യയുമായി ആര്യ വ്യാജപ്രൊഫൈലിൽ ചാറ്റ് ചെയ്തിരുന്നത്. തൊട്ടടുത്ത വീട്ടിലാണ് ഗ്രീഷ്മയും താമസിച്ചിരുന്നത്. തമാശയ്ക്കുള്ള ചാറ്റ് പിഞ്ചുകുഞ്ഞിന്റെ മരണത്തിലേക്കു നയിക്കുമെന്ന് ഇവർ പ്രതീക്ഷിച്ചിരുന്നില്ലെന്നു പൊലീസ് പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു