കേരളം

കോവിഡിന് പിന്നാലെ ആശങ്കയായി സിക ; സംസ്ഥാനത്ത് 14 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് 14 പേര്‍ക്ക് കൂടി സിക വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 15 ആയി ഉയര്‍ന്നു. ഇന്നലെ തിരുവനന്തപുരം സ്വദേശിനിയായ ഗര്‍ഭിണിയിലാണ് സിക വൈറസ് ബാധ സംസ്ഥാനത്ത് ആദ്യമായി കണ്ടെത്തുന്നത്. 

പാറശാല സ്വദേശിനിയായ 24 കാരിക്കാണ് സിക വൈറസ് സ്ഥിരീകരിച്ചത്. കോയമ്പത്തൂരിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് സിക പോസിറ്റീവ് ഫലം കിട്ടിയത്. തുടര്‍ന്ന് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടത്തിയ പരിശോധനയില്‍ സിക സ്ഥിരീകരിച്ചു. 

യുവതി ചികില്‍സ തേടിയ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 19 പേരുടെ സാംപിളുകളാണ് പൂനെയില്‍ വിദഗ്ധ പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 14 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവര്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ താമസിക്കുന്നവരാണെന്നാണ് സൂചന. 

ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരാണ് പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ ഏറെയുമെന്നും റിപ്പോര്‍ട്ടുണ്ട്. ആദ്യം രോഗം സ്ഥിരീകരിച്ച ഗര്‍ഭിണി കഴിഞ്ഞദിവസം പ്രസവിച്ചിരുന്നു. സിക വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഡിഎംഒമാരുടെ യോഗം വിളിച്ചിട്ടുണ്ട്. 

ഈഡിസ് കൊതുകുകള്‍ പരത്തുന്ന വൈറസാണ് സിക. പനി, ശരീരത്തില്‍ ചുവന്ന പാടുകള്‍, പേശീവേദന, സന്ധിവേദന, തലവേദന എന്നിവയാണ് രോഗലക്ഷണങ്ങള്‍. രണ്ടു മുതല്‍ ഏഴു ദിവസം വരെ രോഗലക്ഷണങ്ങള്‍ ഉണ്ടാകും.  ഗര്‍ഭിണികളെയാണ് സിക വൈറസ് സാരമായി ബാധിക്കുന്നത്. ഉഗാണ്ടയിലെ സിക വനാന്തരങ്ങളിലാണ് ആദ്യമായി രോഗം കണ്ടെത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്