കേരളം

ചാനല്‍ ചര്‍ച്ചയ്ക്കിടെ മാസ്‌ക് കൊണ്ടു മുഖം തുടച്ചു, വിമര്‍ശനം; ഖേദപ്രകടനവുമായി എംഎല്‍എ

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെ മാസ്‌ക് കൊണ്ടു മുഖം തുടച്ചതില്‍ ഖേദം പ്രകടിപ്പിച്ച് പിപി ചിത്തരഞ്ജന്‍ എംഎല്‍എ. എംഎല്‍എയുടെ നടപടി സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി വിമര്‍ശിക്കപ്പെട്ടതിനു പിന്നാലെയാണ്, ഖേദപ്രകടനം. 

കഴിഞ്ഞദിവസം ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന വേളയില്‍ മാസ്‌ക്ക് കൊണ്ട് മുഖം തുടയ്ക്കുന്ന ചിത്രവും ദൃശ്യവും വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നും അതു തനിക്ക് പറ്റിയ തെറ്റാണെന്നും ചിത്തരഞ്ജന്‍ പറഞ്ഞു. 

''അന്ന് വെച്ചിരുന്നത് ഡബിള്‍ സര്‍ജിക്കല്‍ മാസ്‌ക്കാണ്. കഴിഞ്ഞ ദിവസം വൈകുന്നേരം ആലപ്പുഴയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകേണ്ട ആവശ്യമുണ്ടായിരുന്നു. അന്നേ ദിവസം തിരുവനന്തപുരം സ്റ്റുഡിയോയിലായിരുന്നു ചാനല്‍ ചര്‍ച്ചയ്ക്ക് എത്തേണ്ടിയിരുന്നത്. ട്രെയിന്‍ വൈകിയത് മൂലം ചര്‍ച്ച തുടങ്ങി 15മിനിറ്റ് കഴിഞ്ഞാണ് ഞാന്‍ കയറിയത്. പെട്ടെന്ന് സ്‌റ്റെപ്പ് കയറി ധൃതിയില്‍ നടന്നപ്പോള്‍ വിയര്‍ത്തു. ചര്‍ച്ച തുടങ്ങി എന്നത് കൊണ്ട് തന്നെ ക്യാമറയ്ക്ക് മുന്‍പില്‍ ഇരുന്നപ്പോള്‍ മുഖം കഴുകാനുള്ള സമയം പോലും ലഭിച്ചില്ല. ബാഗില്‍ ടവ്വല്‍ ഇല്ലായിരുന്നു. അടുത്ത ദിവസം ഉപയോഗിക്കാന്‍ കരുതിവെച്ചിരുന്ന N95 വെള്ള മാസ്‌ക്ക് ഒരെണ്ണം പുതിയത് ഇരിപ്പുണ്ടായിരുന്നു. പെട്ടെന്ന് അതിന്റെ പുറംവശം കൊണ്ട് വിയര്‍പ്പ് തുള്ളികള്‍ ഒപ്പിയെടുക്കുകയാണുണ്ടായത്. അടുത്ത ദിവസം വേറെ മാസ്‌ക്കാണ് ഉപയോഗിച്ചത''-ചിത്തരഞ്ജന്‍ പറഞ്ഞു. 

തെറ്റായ സന്ദേശം നല്‍കാന്‍ ഇടയാക്കിയതില്‍ ഖേദമുണ്ടെന്ന് ചിത്തരഞ്ജന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു. ഇത്തരം വീഴ്ചകള്‍ തുടര്‍ന്ന് ഉണ്ടാവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കും. മേലില്‍ ഇത് അവര്‍ത്തിക്കില്ലെന്നും ആരും ഈ തെറ്റ് ആവര്‍ത്തിക്കരുതെന്നും വിനയത്തോടെ അഭ്യര്‍ത്ഥിക്കുന്നതായും പോസ്റ്റില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്