കേരളം

കുഴല്‍പ്പണം ബിജെപിയുടേതു തന്നെ ; കൊണ്ടുവന്നത് ആര്‍ക്കെന്ന് സുരേന്ദ്രന് അറിയാം ; ബിജെപി നേതാക്കളും പ്രതികളാവാമെന്ന് മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കൊടകര കുഴല്‍പ്പണക്കേസിലെ നാലാം പ്രതി  ബിജെപി പ്രവര്‍ത്തകനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിക്ക് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ അടക്കമുള്ളവരുമായി അടുപ്പമുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. കേസ് ഒതുക്കുകയാണെന്ന് ആക്ഷേപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

പ്രതിപക്ഷം സംസാരിക്കുന്നത് ബിജെപിക്ക് വേണ്ടിയാണ്. പണം നഷ്ടമായി എന്നു പറഞ്ഞ ധര്‍മ്മരാജന്‍ ബിജെപി അനുഭാവിയാണ്. ഇപ്പോള്‍ നല്‍കിയ കുറ്റപത്രം സാധാരണ നടപടിയുടെ ഭാഗമായാണ്. അന്വേഷണം തുടരുകയാണ്. ഇപ്പോള്‍ സാക്ഷികളായ ആരും ഭാവിയില്‍ പ്രതികളാകില്ല എന്ന് പറയാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

പണം കൊണ്ടുവന്നത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനായി കര്‍ണാടകയില്‍ നിന്നാണ്. കര്‍ണാടകയില്‍ നിന്ന് 40 കോടി കൊണ്ടു വന്നു. 17 കോടി വേറെയും സ്വരൂപിച്ചു. പണം കൊണ്ടുവന്നതാര്‍ക്ക് എന്ന് കെ സുരേന്ദ്രന് അറിയാം. കേസില്‍ സാക്ഷിയായത് അതുകൊണ്ടാണ്. കള്ളപ്പണത്തിന്റെ ഉറവിടം സംബന്ധിച്ച് ബിജെപി തന്നെ വിശദീകരിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കൊടകര കുഴല്‍പ്പണക്കേസില്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് അന്വേഷിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് സ്വമേധയാ കേസെടുത്ത് അന്വേഷിക്കാവുന്നതാണ്. സംസ്ഥാനം വിശേഷിച്ച് കൈമാറേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇഡി പോലുള്ള കേന്ദ്ര ഏജന്‍സികളെ അറിയിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രതിപക്ഷം മറച്ചുവെച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. കേസ് ഒതുക്കകുയാണെന്ന ആക്ഷേപം ജനശ്രദ്ധ തിരിക്കാനാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. 

കോണ്‍ഗ്രസ് എംഎല്‍എ റോജി എം ജോണ്‍ ആണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. കേസില്‍ ഒത്തുകളിയാണ് നടക്കുന്നത്. കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ സൂത്രധാരനായ ബിജെപി സംസ്ഥാന പ്രസിഡന്റ് സാക്ഷിയായി മാറി. സൂത്രധാരന്‍ സാക്ഷിയാകുന്ന സൂത്രം കേരള പൊലീസിന് മാത്രമേ അറിയൂ എന്നും റോജി എം ജോണ്‍ പരിഹസിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്