കേരളം

കുഴഞ്ഞുവീണ് മരിച്ച മോഹനൻ വൈദ്യർക്ക് കോവിഡ് സ്ഥിരീകരിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കഴിഞ്ഞ ദിവസം കുഴഞ്ഞുവീണ് മരിച്ച നാട്ടു വൈദ്യൻ മോഹനൻ വൈദ്യർ (65)ക്ക് കോവിഡ് സ്ഥിരീകരിച്ചു. മരണത്തിന് ശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്‌. മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്‌കരിക്കും.

വൈദ്യ ചികിത്സയിലൂടെയും ആധുനിക ചികിത്സാ രീതികൾക്കെതിരായ നിലപാടുകളിലൂടെയും വിവാദങ്ങളിൽ നിറഞ്ഞു നിന്ന മോഹനൻ വൈദ്യരെ കരമനയിലെ ബന്ധു വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി കുഴഞ്ഞു വീണ് മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റ്‌മോർട്ടത്തിനും കോവിഡ് പരിശോധനയ്ക്കുമായി മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റിയിരുന്നു.

കൊട്ടാരക്കര സ്വദേശിയായ മോഹനൻ വൈദ്യർ 25 വർഷമായി ചേർത്തല മതിലകത്താണ് താമസം. രണ്ട് ദിവസം മുൻപാണ് കരമനയിലെ ബന്ധു വീട്ടിൽ എത്തിയത്. രാവിലെ പനിയും ഛർദ്ദിയുമുണ്ടായി. കടുത്ത ശ്വാസതടസവും നേരിട്ടു. വൈകിട്ടോടെ കുഴഞ്ഞു വീണപ്പോൾ ബന്ധുക്കൾ നാട്ടുകാരെ വിവരമറിയിച്ചു. ഇവർ അറിയിച്ചതിനെത്തുടർന്ന് പൊലീസ് എത്തിയപ്പോൾ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കോവിഡ് ലക്ഷണങ്ങളോടെയായിരുന്നു മരണം. 

പ്രൊപിയോണിക് അസിഡീമിയ എന്ന രോഗം ബാധിച്ച ഒന്നര വയസുണ്ടായിരുന്ന കുട്ടിയെ അശാസ്ത്രീയ ചികിത്സ നൽകി മരണത്തിനിടയാക്കി എന്ന സംഭവത്തിൽ മോഹനൻ വൈദ്യരുടെ പേരിൽ പോലീസ് നരഹത്യയ്ക്ക് കേസെടുത്തിരുന്നു. നിപ വൈറസ് ആരോഗ്യ വകുപ്പിന്റെയും മരുന്നുകമ്പനികളുടെയും ഗൂഢാലോചനയാണെന്നു സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനും കേസുണ്ട്. 

കോവിഡിന് വ്യാജ ചികിത്സ നൽകിയതിന് വൈദ്യരെ കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് ഇദ്ദേഹത്തിനെ ചികിത്സ നടത്തുന്നതിൽ നിന്ന് ആരോഗ്യവകുപ്പ് വിലക്കി. ഭാര്യ: ലത, മക്കൾ: ബിന്ദു, രാജീവ്. മരുമകൻ: പ്രശാന്ത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ