കേരളം

'കൂട്ട ആത്മഹത്യയില്‍ ചെന്നെത്തും'; ബസുകള്‍ പൊളിച്ചു വില്‍ക്കാന്‍ നീക്കം, ആലപ്പുഴയില്‍ സിപിഎമ്മിന് എതിരെ സിഐടിയു സമരം

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളാ കോര്‍പറേറ്റീവ് ട്രാന്‍സ്പോര്‍ട്ടില്‍ സിഐടിയു സമരം. കെസിടിയുടെ ബസുകള്‍ പൊളിച്ച് വില്‍ക്കാനുള്ള നീക്കം തടയുന്നതിനായാണ് സിഐടിയു രംഗത്തെത്തിയിരിക്കുന്നത്. കെസിടിയുടെ ഹരിപ്പാടുള്ള ഓഫീസിന്റെ മുന്നിലാണ് ജീവനക്കാര്‍ പ്രതിഷേധവുമായി എത്തിയത്.

20 ലൈന്‍ ബസുകളും എട്ട് ടൂറിസ്റ്റ് ബസുകളുമാണ് കായംകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെസിടിക്കുള്ളത്. പതിറ്റാണ്ടുകളായി ബസ് സര്‍വീസ് രംഗത്തുള്ള ഈ സ്ഥാപനം കോവിഡ് കാലമായതോടെ അടച്ചിടലിലേക്ക് നീങ്ങുകയായിരുന്നു. ഈ സാഹചര്യത്തില്‍ സൊസൈറ്റി ബോര്‍ഡ് അംഗങ്ങളോ തൊഴിലാളികളോ അറിയാതെ മൂന്ന് ബസുകള്‍ പൊളിച്ച് നീക്കാന്‍ തീരുമാനിക്കുകയായിരുന്നു. 

സ്ഥാപനത്തിലെ ഭൂരിഭാഗം തൊഴിലാളികളും സിഐടിയു യൂണിയനില്‍ പ്രവര്‍ത്തിക്കുന്നവരാണ്. പാര്‍ട്ടി കുടുംബങ്ങളില്‍ നിന്നുള്ള ആളുകളെയാണ് കെസിടിയില്‍ തൊഴിലാളികളായി നിയമിച്ചിരുന്നത്. ബസുകള്‍ പൊളിച്ച് വില്‍ക്കാനുള്ള തീരുമാനം ഈ സ്ഥാപനം അടിച്ചുപൂട്ടുന്നതിന്റെ ആദ്യപടിയാണെന്നാണ് തൊഴിലാളുകളുടെ ആശങ്ക. കഴിഞ്ഞ ഓണത്തിന് ബോണസ് നല്‍കിയത് സഹകരണ സംഘങ്ങളില്‍ നിന്ന് കടമെടുത്താണെന്നും അന്ന് ബസുകള്‍ പൊളിച്ച് വില്‍ക്കാന്‍ തീരുമാനമെടുത്തതായുമാണ് ഔദ്യോഗിക വിശദീകരണം.

ബസുകള്‍ പൊളിച്ച് വില്‍ക്കുന്നത് ഏകപക്ഷീയമായ തീരുമാനമാണെന്ന് സിഐടിയു ആരോപിക്കുന്നു. ബസുകള്‍ പൊളിച്ച് വില്‍ക്കുന്നത് ഈ സ്ഥാപനത്തെ ഇല്ലാതാക്കാനാണ്. ഇത് നൂറുകണക്കിന് ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും വഴിയാധാരമാക്കുന്ന തീരുമാനമാണ്. ഇത് ഒരു കൂട്ട ആത്മഹത്യയിലായിരിക്കും അവസാനിക്കുക. കഴിഞ്ഞ കൂറെയേറെ മാസങ്ങളായി ഇവിടുത്തെ ജീവനക്കാരായ ഞങ്ങള്‍ക്ക് തൊഴിലില്ലാത്ത അവസ്ഥയാണെന്നും സമരത്തില്‍ പങ്കെടുക്കുന്ന കെസിടി ജീവനക്കാരന്‍ പറഞ്ഞു.

2020 മാര്‍ച്ച് മുതല്‍ ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നില്ല. ലോക്ഡൗണ്‍ മാറിയതോടെ കുറച്ച് ബസുകള്‍ സര്‍വീസ് നടത്തിയെങ്കിലും നഷ്ടത്തെ തുടര്‍ന്ന് നിര്‍ത്തുകയായിരുന്നു. രണ്ട് വര്‍ഷത്തോളമായി പാര്‍ട്ടിയില്‍ നിന്നോ സ്ഥാപനത്തില്‍ നിന്നോ യാതൊരു സഹായവും ലഭിച്ചിട്ടില്ലെന്നും മറ്റൊരു ജീവനക്കാരന്‍ പറഞ്ഞു. 250-ഓളം ജീവനക്കാര്‍ ചേര്‍ന്ന് ഉണ്ടാക്കിയെടുത്ത പ്രസ്ഥാനമാണിത്. എന്നാല്‍, ഞങ്ങളുടെ ഒരു ജീവനക്കാരന്‍ പോലും അറിയാതെയാണ് രണ്ട് ബസുകള്‍ പൊളിച്ച് വില്‍ക്കുന്നത്. ഇത് തടയാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

എട മോനെ... 'കമ്മിന്‍സ് അണ്ണന്റെ' കരിങ്കാളി റീല്‍സ്! (വീഡിയോ)

സെല്‍ഫിയെടുക്കുമ്പോള്‍ നാണം വരുമെന്ന് രശ്മിക; എന്തൊരു സുന്ദരിയാണെന്ന് ആരാധകര്‍

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി