കേരളം

 ഒമ്പതാം വയസ്സില്‍ അനാഥത്വം; പാര്‍ട്ടി ഓഫീസില്‍ താമസം;അരുവിക്കരയില്‍ ശബരീനാഥനെ നേരിടാന്‍ സ്റ്റീഫന്‍

സമകാലിക മലയാളം ഡെസ്ക്

യുഡിഎഫ് കോട്ടയായ അരുവിക്കരയില്‍ കോണ്‍ഗ്രസിന്റെ യുവരക്തം കെ എസ് ശബരീനാഥനെ നേരിടാന്‍ ഇടതുമുന്നണി ഇത്തവണ ഏല്‍പ്പിച്ചിരിക്കുന്നത് കാട്ടാക്കട പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം കാട്ടാക്കട ഏര്യ സെക്രട്ടറിയുമായ ജി സ്റ്റീഫനെയാണ്. 

നിയമസഭ തെരഞ്ഞെടുപ്പില്‍ പുതുമുഖമാണ് ജി സ്റ്റീഫന്‍. എന്നാല്‍ പാര്‍ട്ടി ഓഫീസ് വീടാക്കി മാറ്റിയ സ്റ്റീഫനെ ജനങ്ങള്‍ക്കിടയില്‍ പരിചയപ്പെടുത്തേണ്ടതില്ലെന്ന ആത്മവിശ്വാസത്തിലാണ് സിപിഎം അരുവിക്കരയിലേക്ക് പറഞ്ഞയിച്ചിരിക്കുന്നത്. 

കുട്ടിക്കാലത്ത് തന്നെ മാതാപിതാക്കള്‍ മരിച്ച സ്റ്റീഫന്‍ പിന്നീട് കഴിഞ്ഞത് പാര്‍ട്ടി ഓഫീസിലായിരുന്നു. അഞ്ചാം വയസ്സിലാണ് അമ്മയെ നഷ്ടപ്പെടുന്നത്. കൂലിപ്പണിക്കാരനായ അച്ഛന്‍ ഒന്‍പതാം വയസ്സില്‍ മരിച്ചു. ഇതോടെ സ്റ്റീഫുനും അനുജന്‍ അനില്‍കുമാറും ഒറ്റയ്ക്കായി. ബന്ധുക്കളുടെയു പാര്‍ട്ടിയുടെയും തണലിലായിരുന്നു പിന്നീട് ജീവിതം.  പാര്‍ട്ടി ഓഫീസില്‍ താമസമാക്കിയ സ്റ്റീഫന്റെ വിദ്യാഭ്യാസ ചെലവ് മുഴുവന്‍ വഹിച്ചത് സഖാക്കളാണ്. 

എസ്എഫ്‌ഐയിലൂടെ സംഘടനാരംഗത്തെത്തിയ സ്റ്റീഫന്‍, എല്‍എല്‍ബി ബിരുദധാരിയാണ്. പാര്‍ട്ടി ഓഫീസില്‍ കഴിയുമ്പോള്‍ തന്നെ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി നടത്തിയാണ് ജീവിതച്ചിലവ് കണ്ടെത്തിയിരുന്നത്.

2005ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കോട്ടയായ  കിള്ളി കുരിശടി വാര്‍ഡ് പിടിച്ചെടുത്തുകൊണ്ടാണ് സ്റ്റീഫന്‍ തെരഞ്ഞെടുപ്പ് രംഗത്തു വരവറിയിച്ചത്. അട്ടിമറി വിജയം നേടിയതിന് പിന്നാലെ കാട്ടാക്കട പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സിപിഎം സ്റ്റീഫനെ ഏല്‍പ്പിച്ചു. കാട്ടാക്കടയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ്. 2010ലും പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇതിനുശേഷം തുടര്‍ച്ചയായി ആറുതവണ കാട്ടാക്കട പഞ്ചായത്ത് എല്‍ഡിഎഫ് നിലനിര്‍ത്തി. രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടയില്‍ വിവാഹം, ഭാര്യ മിനി കാട്ടാക്കട പി ആര്‍ വില്യം സ്‌കൂളിലെ അധ്യാപികയാണ്. 

ജി കാര്‍ത്തികേയന്‍ കെട്ടിയ കോട്ട, കാവലായി ശബരി

അരുവിക്കര പിടിക്കാന്‍ ജനകീയനായ പാര്‍ട്ടി കേഡറിനെ സിപിഎം രംഗത്തിറക്കുമ്പോഴും യുഡിഎഫ് ക്യാമ്പില്‍ ആശങ്കയില്ല. കാരണം, കെ എസ് ശബരീനാഥന്റെ പെര്‍ഫോര്‍മന്‍സ് ഗ്രാഫ് ഉയര്‍ന്നുനില്‍ക്കുന്നു എന്നതുതന്നെ. പരമ്പരാഗത യുഡിഎഫ് വോട്ടുകളെക്കൂടാതെ യുവാക്കളുടെ വോട്ടും ശബരീനാഥന് ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് കോണ്‍ഗ്രസ്. 

പഴയ ആര്യനാട് മണ്ഡമാണ് പിന്നീട് അരുവിക്കരയായത്. 1991മുതല്‍ 2011രെ ജി കാര്‍ത്തികേയന്‍ എന്ന കോണ്‍ഗ്രസ് അതികായന്‍ അടക്കിവാണയിടം. 2015ല്‍ ജി കാര്‍ത്തികേയന്റെ മരണത്തിന് പിന്നാലെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ മകന്‍ കെ എസ് ശബരീനാഥന്‍ വരവറിയിച്ചു. 56448 വോട്ടാണ് ശബരിയ്ക്ക് ലഭിച്ചത്. തോല്‍പ്പിച്ചത് എം വിജയകുമാറിനെ. 

2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ എ എ റഷീദിനെ മലര്‍ത്തിയടിച്ച ശബരി 70,910വോട്ടായി തന്റെ ജനപിന്തുണ ഉയര്‍ത്തി. റഷീദിന് ലഭിച്ചത് 49,592വോട്ട്. ജനകീയനായ സ്റ്റീഫന്‍ എത്തിയാലും സിപിഎമ്മിന് ബാലികേറാമലയായ അരുവിക്കര പിടിക്കല്‍ അത്ര എളുപ്പമായിരിക്കില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു