കേരളം

നേമം പിടിക്കാന്‍ ശശി തരൂര്‍?; നിര്‍ദേശവുമായി രാഹുല്‍; ചര്‍ച്ചകള്‍ അവസാന ലാപ്പില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നേമം മണ്ഡലം ബിജെപിയില്‍നിന്നു തിരിച്ചുപിടിക്കാന്‍ തിരുവനന്തപുരം എംപി ശശി തരൂരിനെ രംഗത്തിറക്കാന്‍ കോണ്‍ഗ്രസില്‍ ആലോചന നടക്കുന്നതായി റിപ്പോര്‍ട്ട്. സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ക്കിടെ രാഹുല്‍ ഗാന്ധി ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവച്ചതായാണ് സൂചനകള്‍. എന്നാല്‍ കേരള നേതാക്കള്‍ ഇതിനോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല.

കേരളത്തില്‍ ബിജെപിയുടെ ഏക സിറ്റിങ് സീറ്റായ നേമത്ത് കോണ്‍ഗ്രസ് ശക്തമായ മത്സരം കാഴ്ചവയ്ക്കുന്നു എന്ന പ്രതിച്ഛായ സംസ്ഥാനത്ത് ഉടനീളം പാര്‍ട്ടിക്കു ഗുണം ചെയ്യുമെന്നാണ് നേതൃത്വം കണക്കുകൂട്ടുന്നത്. ഇവിടെ കരുത്തനായ സ്ഥാനാര്‍ഥി വേണമെന്ന നിര്‍ദേശം ഹൈക്കമാന്‍ഡ് മുന്നോട്ടുവച്ചത് ഈ ലക്ഷ്യത്തോടെയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോ മുതിര്‍ന്ന നേതാവ് ഉമ്മന്‍ ചാണ്ടിയോ നേമത്ത് സ്ഥാനാര്‍ഥിയാവണമെന്നും നിര്‍ദേശം ഉയര്‍ന്നു. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നീണ്ടുപോവുന്നതിനിടെയാണ് രാഹുല്‍ തരൂരിന്റെ പേരു നിര്‍ദേശിച്ചത്.

തരൂര്‍ നേമത്ത് മത്സരിക്കുന്നത് ദേശീയ തലത്തില്‍ തന്നെ കോണ്‍ഗ്രസിനു ഗുണമാവുമെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടുന്നു. ബിജെപിക്കു ശക്തമായ മത്സരം കാഴ്ചവയ്ക്കുന്നത് കോണ്‍ഗ്രസ് ആണ് എന്ന സന്ദേശം നല്‍കാന്‍ തരൂരിന്റെ സ്ഥാനാര്‍ഥിത്വത്തിന് ആവുമെന്നാണ് രാഹുലിന്റെ വാദം. ഇതോടൊപ്പം കേരളത്തിലെ ഗ്രൂപ്പ് അതിപ്രസരത്തിന് ഒരുപരിധി വരെ തടയിടാനാവുമെന്നും രാഹുല്‍ കണക്കുകൂട്ടുന്നു. 

സംസ്ഥാന കോണ്‍ഗ്രസിലെ പ്രബലമായ രണ്ടു ഗ്രൂപ്പുകളും തരൂരിനെ സ്ഥാനാര്‍ഥിയാക്കുന്നതിനെ അനുകൂലിച്ചിട്ടില്ല. എന്നാല്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ഇതില്‍ എതിര്‍പ്പില്ല. നേമത്ത് പ്രശസ്തനും പൊതു സമ്മതനുമായ സ്ഥാനാര്‍ഥി ഉണ്ടാവുമെന്ന് മുല്ലപ്പള്ളി പറഞ്ഞത് തരൂരിനെ മനസ്സില്‍ കണ്ടാണെന്നും വിലയിരുത്തലുകളുണ്ട്. എകെ ആന്റണിയും രാഹുലിന്റെ വാദത്തോട് യോജിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നതോടെ നേമം ഒഴിച്ചിട്ടാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. എത്ര വൈകിയാലും ഇന്നു തന്നെ അന്തിമ പട്ടികയ്ക്കു രൂപം നല്‍കാനാണ് ശ്രമം. ഇന്നു തന്നെ പട്ടിക പുറത്തിറക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ