കേരളം

എലത്തൂര്‍ എന്‍സികെയ്ക്ക് തന്നെ ; അടുത്ത തവണ കോണ്‍ഗ്രസ് ഏറ്റെടുക്കും : എം എം ഹസ്സന്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് : കോഴിക്കോട് ജില്ലയിലെ എലത്തൂര്‍ സീറ്റ് ഘടകകക്ഷിയായ മാണി സി കാപ്പന്റെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരളയ്ക്ക് തന്നെയെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍. ഘടകകക്ഷിക്ക് കൊടുത്ത സീറ്റ് തിരികെ വാങ്ങില്ല. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി എന്‍സികെയുടെ സുള്‍ഫിക്കര്‍ മയൂരി മല്‍സരിക്കുമെന്ന് ഹസ്സന്‍ പറഞ്ഞു. 

മണ്ഡലം കോണ്‍ഗ്രസ് ഏറ്റെടുത്ത് മല്‍സരിക്കണമെന്ന പ്രവര്‍ത്തകരുടെ ആവശ്യം അടുത്ത തെരഞ്ഞെടുപ്പില്‍ പരിഗണിക്കും. ഇക്കാര്യം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഉറപ്പു നല്‍കുകയാണ്. പ്രവര്‍ത്തകര്‍ യുഡിഎഫ് നിശ്ചയിച്ചിട്ടുള്ള സ്ഥാനാര്‍ത്ഥിയായ സുള്‍ഫിക്കര്‍ മയൂരിക്ക്് വേണ്ടി പ്രവര്‍ത്തിക്കണമെന്നും ഹസ്സന്‍ ആവശ്യപ്പെട്ടു.

നിലവില്‍ മണ്ഡലത്തില്‍ വിമതനായി പത്രിക നല്‍കിയിട്ടുള്ള യു വി ദിനേശ് മണി, നാഷണലിസ്റ്റ് ജനതാദള്‍ സ്ഥാനാര്‍ത്ഥി എന്നിവര്‍ പത്രിക പിന്‍വലിക്കണമെന്നും ഹസ്സന്‍ ആവശ്യപ്പെട്ടു. എന്നാല്‍ മണ്ഡലം കമ്മിറ്റി പ്രവര്‍ത്തകരുടെ യോഗശേഷം പത്രിക പിന്‍വലിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ദിനേശ് മണി പ്രതികരിച്ചു. 

യുഡിഎഫിന് എന്നേക്കാള്‍ വിജയസാധ്യത സുള്‍ഫിക്കര്‍ മയൂരിക്കാണെന്ന് തോന്നിക്കാണും.  എന്തായാലും അതിന്റെ വരും വരായ്കകള്‍ യുഡിഎഫ് നേതൃത്വത്തിനാണെന്നും ദിനേശ് മണി കൂട്ടിച്ചേര്‍ത്തു. കെപിസിസി നിര്‍വാഹക സമിതി അംഗമാണ് ദിനേശ് മണി. 

മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മല്‍സരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തു വന്നിരുന്നു. കഴിഞ്ഞദിവസം ഡിസിസി ഓഫീസില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നേതൃയോഗം കയ്യാങ്കളിയില്‍ അവസാനിച്ചിരുന്നു. മയൂരിയെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കാനാകില്ലെന്ന് പ്രഖ്യാപിച്ച് എംകെ രാഘവന്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തിരുന്നു. 

എലത്തൂര്‍ സീറ്റ് കോണ്‍ഗ്രസിന് വിട്ടുനല്‍കുന്നത് സംബന്ധിച്ച് മാണി സി കാപ്പനുമായി കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ യുഡിഎഫ് അനുവദിച്ച സീറ്റില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി തന്നെ മല്‍സരിക്കുമെന്ന് മാണി സി കാപ്പന്‍ നിര്‍ബന്ധം പിടിച്ചു. തനിക്ക് മണ്ഡലത്തില്‍ മികച്ച ബന്ധങ്ങളുണ്ടെന്ന് സുള്‍ഫിക്കര്‍ മയൂരിയും അറിയിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'കെജരിവാള്‍ സമൂഹത്തിനു ഭീഷണിയല്ല'; ഇക്കഴിഞ്ഞ ഒന്നര വര്‍ഷവും അദ്ദേഹം പുറത്തായിരുന്നില്ലേ?: സുപ്രീം കോടതി

ബന്ധുവീട്ടില്‍ വിവാഹത്തിന് എത്തി; മലപ്പുറത്ത് രണ്ട് കുട്ടികള്‍ ക്വാറിയില്‍ മുങ്ങിമരിച്ചു

അങ്കണവാടി കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു, മധ്യവയസ്‌കന്‍ അറസ്റ്റില്‍

'എനിക്ക് എല്ലാ സ്വാതന്ത്ര്യങ്ങളും തന്ന മനുഷ്യൻ, ജീവിച്ചിരുന്നെങ്കിൽ 60 വയസാകുമായിരുന്നു': താര കല്യാൺ

വാഹനവില്‍പ്പന കുതിച്ചുകയറി; ടാറ്റ മോട്ടേഴ്‌സിന്റെ ലാഭത്തില്‍ വന്‍വര്‍ധന, ലാഭവീതം ആറുരൂപ