കേരളം

വി മുരളീധരന് എതിരായ അക്രമം; നാളെ സംസ്ഥാന വ്യാപക പ്രതിഷേധം: കെ സുരേന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേന്ദ്രമന്ത്രി വി മുരളീധരന് എതിരെ ബംഗാളില്‍ നടന്ന ആക്രമണത്തിന് എതിരെ നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കുമെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വി മുരളീധരനെതിരെ നടന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആക്രമണം പ്രതിഷേധാര്‍ഹമാണ്.  നിയമസഭാ തെരെഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ പശ്ചിമബംഗാളില്‍ അരങ്ങേറുന്ന മനുഷ്യക്കുരുതിയുടെ ബാക്കി പത്രമാണ് സംഘര്‍ഷ സ്ഥലം സന്ദര്‍ശിക്കാന്‍ പോയ മന്ത്രിയ്ക്ക് നേരെയുണ്ടായ ആക്രമണമെന്ന് സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 


പൊലീസിന്റെ സാന്നിധ്യത്തിലാണ് തൃണമൂല്‍ ഗുണ്ടകള്‍ വി മുരളീധരനെ ആക്രമിച്ചതെന്നുള്ളത് ശ്രദ്ധേയമാണ്. ഭീകരാക്രമണങ്ങളെ വെല്ലുന്ന സംഭവങ്ങള്‍ക്കാണ് ബംഗാള്‍ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ക്രമസമാധാനം പൂര്‍ണമായും മമത ബാനര്‍ജി തകര്‍ത്തു കഴിഞ്ഞു. ജനവിധി ജനാധിപത്യത്തെ കശാപ്പു ചെയ്യാനുള്ള ലൈസന്‍സാണെന്ന് മമത കണക്കാക്കരുത്. 

ആയിരക്കണക്കിന് ഭൂരിപക്ഷ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളാണ് ബംഗാളില്‍ നിന്നും പാലായനം ചെയ്യുന്നത്. മതതീവ്രവാദികളുടെ പിന്തുണയോടെ ഒരു വിഭാഗത്തെ തുടച്ചുനീക്കാമെന്ന് മമത വിചാരിക്കരുത്. തീക്കൊള്ളികൊണ്ടാണ് മമതയും മതമൗലികവാദികളും തലചൊറിയുന്നതെന്ന് അക്രമികളെ ഓര്‍മ്മിപ്പിക്കുന്നുവെന്നും സുരേന്ദ്രന്‍ ഫെയ്ബുക്കില്‍ കുറിച്ചു. 


മേദിനിപൂരില്‍ വച്ചായിരുന്നു മുരളീധരന്റെ കാര്‍ തകര്‍ത്തത്. അക്രമത്തില്‍ മുരളീധരന് പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കാറിന്റെ പുറകിലെ ചില്ലുകള്‍ പൂര്‍ണമായി തകര്‍ന്നു. അക്രമത്തെ തുടര്‍ന്ന് മിഡ്നാപൂരിലെ സന്ദര്‍ശനം ഉപേക്ഷിച്ചതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു. കാര്‍ ആക്രമിക്കുന്നതിന്റെ വീഡിയോ വി മുരളീധരന്‍ ട്വിറ്ററില്‍ പങ്കുവച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം