കേരളം

കനത്ത മഴയ്ക്ക് സാധ്യത, അഞ്ചിടത്ത് യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റ്, ഇടിമിന്നല്‍ മുന്നറിയിപ്പ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കേരളത്തില്‍ ഞായറാഴ്ച വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍  45 മുതല്‍ 55 കി.മി. വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ലക്ഷദ്വീപില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 

ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും ചില്ലകള്‍ ഒടിഞ്ഞു വീണും അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോള്‍ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കാന്‍ പാടുള്ളതല്ല. മരച്ചുവട്ടില്‍ വാഹനങ്ങളും പാര്‍ക്ക് ചെയ്യരുത്. വീടിന്റെ ടെറസിലും നില്‍ക്കുന്നത് ഒഴിവാക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ് നല്‍കി. 

ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്.  ആയതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. കുട്ടികള്‍ ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

അറബിക്കടലില്‍ രൂപംകൊളളുന്ന ന്യൂനമര്‍ദം വെള്ളിയാഴ്ചയോടെ ചുഴലിക്കാറ്റായി മാറിയേക്കുമെന്ന് കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി. ചുഴലിക്കാറ്റായാല്‍ മ്യാന്‍മര്‍ നല്‍കിയ ടൗട്ടെ എന്ന പേരാകും ഉപയോഗിക്കുക. 14 മുതല്‍ കേരളത്തിലും മഴ കനക്കും. മെയ് 15 ഓടെ ലക്ഷദ്വീപിന് സമീപം  തീവ്രന്യൂന മര്‍ദ്ദമായി ശക്തി പ്രാപിച്ചു വടക്ക് വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു മെയ് 16 ഓടെ ഈ വര്‍ഷത്തെ ആദ്യത്തെ ചുഴലിക്കാറ്റായി ആയി മാറുമെന്നാണ് വിലയിരുത്തല്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം