കേരളം

'ന്യൂനമര്‍ദത്തിന്റെ സഞ്ചാരപഥത്തില്‍ നിലവില്‍ കേരളമില്ല'; മുഴുവന്‍ ആശുപത്രികളിലും ജനറേറ്ററുകള്‍ സ്ഥാപിക്കും, മുന്നൊരുക്കങ്ങള്‍ ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്



തിരുവനന്തപുരം: തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപപ്പെടുന്ന ന്യൂമര്‍ദത്തിന്റെ പ്രതീക്ഷിക്കപ്പെടുന്ന സഞ്ചാരപഥത്തില്‍ നിലവില്‍ കേരളം ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍  സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ട്. മെയ് 14, 15 തീയതികളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

സര്‍ക്കാര്‍ സംവിധാനങ്ങളോട് പൂര്‍ണ്ണ സജ്ജരാവാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേര്‍ന്ന് സ്ഥിതി  വിലയിരുത്തി. കേന്ദ്ര രക്ഷാസേനകളുടെയും  മറ്റ് ബന്ധപ്പെട്ട വകുപ്പുകളുടെയും യോഗം വിളിച്ച് മഴക്കാലപൂര്‍വ്വ തയ്യാറെടുപ്പ്  അവലോകനം ചെയ്തു. കേന്ദ്ര കാലാവസ്ഥാ വകുപ്പ്, ദേശീയ ദുരന്ത പ്രതികരണ സേന, കരസേന, വായുസേന, നാവിക സേന, കോസ്റ്റ് ഗാര്‍ഡ്, ബിഎസ്എഫ്, സിആര്‍പിഎഫ്, അഗ്‌നി രക്ഷാ സേന, പൊലീസ്, ആരോഗ്യ വകുപ്പ്, തദേശ സ്ഥാപനങ്ങള്‍ എന്നിവയെല്ലാം പങ്കെടുത്തു. വായു സേന ഇത്തവണ ഒരു ഹെലികോപ്റ്റര്‍ തിരുവനന്തപുരത്ത് സ്റ്റേഷന്‍ ചെയ്യാം എന്ന് അറിയിച്ചിട്ടുണ്ട്. മഴയുടെ തോത് സാധാരണയോ കൂടുതലോ ആയിരിക്കാനാണ് സാധ്യത എന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

മെയ് 13 നോട് കൂടി അറബിക്കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമാകും എന്നാണ് പ്രവചനം. ഇന്ന് അര്‍ദ്ധരാത്രി 12 മണി മുതല്‍ കേരള തീരത്ത്  മല്‍സ്യ ബന്ധനം പൂര്‍ണ്ണമായി നിരോധിക്കുകയാണ്.  ദുരന്ത നിവാരണ അതോറിറ്റിയുടെ അറിയിപ്പ് ലഭിക്കുന്നത് വരെ ആരും കടലില്‍ പോകാന്‍ പാടുള്ളതല്ല. നിലവില്‍ ആഴക്കടല്‍ മല്‍സ്യ ബന്ധനത്തിലേര്‍പ്പെട്ട് കൊണ്ടിരിക്കുന്ന മല്‍സ്യ തൊഴിലാളികള്‍ക്ക് എത്രയും പെട്ടെന്ന് തൊട്ടടുത്തുള്ള സുരക്ഷിത തീരത്ത് എത്തിച്ചേരണമെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്.-അദ്ദേഹം വ്യക്തമാക്കി.

ന്യൂനമര്‍ദം രൂപപ്പെടുന്ന ഘട്ടത്തില്‍ കടലാക്രമണം ശക്തിപ്പെടാനുള്ള സാധ്യതയുണ്ട്.  അപകടകരമായ അവസ്ഥയില്‍ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരെ ആവശ്യമായ ഘട്ടത്തില്‍ സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കി. തീരദേശത്തുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും റവന്യു ഉദ്യോഗസ്ഥരും ഈ കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കും.

വേനല്‍ മഴയോട് അനുബന്ധിച്ച് ലഭിച്ചു കൊണ്ടിരിക്കുന്ന ഇടിമിന്നലോട് കൂടിയ മഴയും കാറ്റും ന്യൂനമര്‍ദ രൂപീകരണത്തിന്റെയും ഇന്ത്യന്‍ മഹാസമുദ്രത്തിലെ മാഡന്‍-ജൂലിയന്‍ എന്നറിയപ്പെടുന്ന കാലാവസ്ഥാ പ്രതിഭാസത്തിന്റെയും പശ്ചാത്തലത്തില്‍ കൂടുതല്‍ ശക്തി പ്രാപിക്കുന്ന സാഹചര്യമാണുള്ളത്. ഉച്ച തിരിഞ്ഞുള്ള ശക്തമായ ഇടിമിന്നലും മഴയും അടുത്ത ദിവസങ്ങളിലും തുടര്‍ന്നേക്കും.

ശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തില്‍ നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടും ചെറിയ വെള്ളപ്പൊക്കങ്ങളും രൂപപ്പെടാന്‍ സാധ്യതയുണ്ട്.  കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണോ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മലയോര മേഖലയില്‍ മണ്ണിടിച്ചില്‍ മൂലമോ അപകടങ്ങള്‍ ഉണ്ടാവാനും സാധ്യത ഉള്ളതിനാല്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണം.

സംസ്ഥാനത്ത് അതിശക്തമായ മഴയും കാറ്റും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കോവിഡ് ചികിത്സ ലഭ്യമാക്കുന്ന മുഴുവന്‍  ആശുപത്രികളിലും ഓക്‌സിജന്‍ പ്ലാന്റുകളിലും വൈദ്യുതി വിതരണം തടസ്സമില്ലാതെ ലഭ്യമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പിനും വൈദ്യുത വകുപ്പിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ ഇത് ഉറപ്പാക്കും. അടിയന്തര  സാഹചര്യങ്ങളില്‍ പ്രവര്‍ത്തിപ്പിക്കാന്‍ മുഴുവന്‍ ആശുപത്രികളിലും ജനറേറ്ററുകള്‍ സ്ഥാപിക്കാനും നിര്‍ദേശിച്ചു. വൈദ്യുത ബന്ധത്തില്‍ തകരാറുകള്‍ വരുന്ന മുറക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹാരം കണ്ടെത്താനുള്ള തയ്യാറെടുപ്പുകള്‍, ആവശ്യമായ ടാസ്‌ക് ഫോഴ്സുകള്‍ തുടങ്ങിയവ വൈദ്യുത വകുപ്പ് മുന്‍കൂട്ടി സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട്.

ന്യൂനമര്‍ദത്തിന്റെ രൂപീകരണവും വികാസവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ എമെര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. തുടര്‍ വിവരങ്ങള്‍ യഥാസമയം പൊതുജനങ്ങളെ അറിയിക്കും. നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളുടെ കണ്ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. 1077 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ഇ.ഓ.സിയുമായി ബന്ധപ്പെടാവുന്നതാണ് എന്നും അദ്ദേഹം വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്