കേരളം

24 മണിക്കൂറിനുള്ളില്‍ ടൗട്ടേ ചുഴലിക്കാറ്റ്, സംസ്ഥാനത്ത് കനത്തമഴ; മുന്നറിയിപ്പ്, വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം നാളെ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുള്ള പശ്ചാത്തലത്തില്‍ കേരളത്തില്‍ അതീവ ജാഗ്രതാനിര്‍ദേശം. വടക്കന്‍ കേരളത്തിലെയും തെക്കന്‍ കര്‍ണാടകത്തിലെയും തീരത്തോട് ചേര്‍ന്ന് ടൗട്ടേ ചുഴലിക്കാറ്റ് കടന്നുപോകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി വടക്കന്‍ കേരളത്തില്‍ ഞായറാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അതീവ ജാഗ്രതാനിര്‍ദേശം നല്‍കിയത്.

ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ പരക്കെ മഴ തുടരുകയാണ്. തെക്കന്‍ കേരളത്തില്‍ ഇന്നലെ രാത്രി തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. തിരുവനന്തപുരത്ത് കരമനയാര്‍ കരകവിഞ്ഞൊഴുകുകയാണ്. തീരപ്രദേശത്തുള്ളവരോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം തിരുവനന്തപുരത്തെ ഇന്ന് പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ച് യെല്ലോ അലര്‍ട്ടാക്കി. കൊല്ലം, പത്തനംതിട്ട ജില്ലകള്‍ ഒഴികെ മറ്റു ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ടിന് തൊട്ടുതാഴെ വരുന്ന ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

അതേസമയം നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ അതിശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു ജില്ലകളില്‍ പരക്കെ മഴ പെയ്യാനാണ് സാധ്യത. ജാഗ്രതാനിര്‍ദേശം എന്ന നിലയില്‍ ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.കടല്‍ ക്ഷോഭത്തിനും കാറ്റിനും സാധ്യതയുള്ളതില്‍ തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഇന്ന് ശക്തമാകും. 12 മണിക്കൂര്‍ കൊണ്ട് അതിതീവ്രമാകും. 24 മണിക്കൂറിനിടെയാണ് ഇത്  ടൗടേ ചുഴലിക്കാറ്റായി മാറുന്നത്. ചുഴലിക്കാറ്റിന്റെ സഞ്ചാരപഥം കേരള തീരത്തോട് ചേര്‍ന്നായതിനാല്‍, കടല്‍പ്രക്ഷുബ്ധമായിരിക്കും. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ 9 സംഘത്തെ വിവിധ ജില്ലകളിലായി വിന്യസിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി