കേരളം

ജോജുവിന്റെ കാര്‍ തല്ലിത്തകര്‍ത്ത കേസ്: ടോണി ചമ്മിണി അടക്കം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജാമ്യം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഇന്ധന വില വര്‍ധനവിനെതിരായ ഹൈവേ ഉപരോധത്തിനിടെ നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തല്ലിത്തകര്‍ത്ത കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ മുന്‍ മേയര്‍ ടോണി ചമ്മിണി ഉള്‍പ്പെടെ അഞ്ചു പ്രതികള്‍ക്ക് ജാമ്യം. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

അഞ്ചുപേരും 37,500 രൂപ വീതം കോടതിയില്‍ കെട്ടിവെയ്ക്കണം. 50000 രൂപയുടെ രണ്ടു ആള്‍ജാമ്യത്തിലുമാണ് കോടതി ജാമ്യം അനുവദിച്ചത്. നേതാക്കള്‍ നാളെ രാവിലെ പത്തരയോടെ ജയിലില്‍ നിന്ന് ഇറങ്ങും.

അറ്റകുറ്റപ്പണിക്ക് ആറരലക്ഷം രൂപ ചെലവ് വരുമെന്നാണ് കോടതിക്ക് കൈമാറിയ റിപ്പോര്‍ട്ടിലുള്ളത്. ഈ തുകയുടെ 50 ശതമാനം കെട്ടിവെച്ച് ജാമ്യം അനുവദിക്കണമെന്നാണ് പ്രതികള്‍ വാദിച്ചത്. എന്നാല്‍ കാറിന്റെ മൊത്തം വിലയുടെ 50 ശതമാനം കെട്ടിവെക്കണമെന്നതാണ് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടത്.

അതിനിടെ, വനിതാ പ്രവര്‍ത്തകര്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയ നടന്‍ ജോജുവിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷിലേക്ക് മാര്‍ച്ച് നടത്തി. മരട് പൊലീസ് സ്റ്റേഷന് മുന്നിലേക്ക് നടത്തിയ മാര്‍ച്ച്, സ്റ്റേഷന് മുന്നില്‍ വച്ച് ബാരിക്കേഡുകള്‍ ഉയര്‍ത്തി പൊലീസ് തടഞ്ഞു. രാജ്യത്തെ നിയമങ്ങള്‍ ഒരു സിനിമാ നടന് വേണ്ടി അട്ടിമറിക്കുകയാണെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ ആരോപിച്ചു.

ഇന്ധനവില വര്‍ധനയ്ക്കെതിരെ കോണ്‍ഗ്രസ് നടത്തിയ വഴിതടയല്‍ സമരത്തിനിടെയാണ് നടന്‍ ജോജുവും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായത്. തന്നെ ആക്രമിക്കുകയും കാറിന്റെ ചില്ല് തകര്‍ത്തതിനും ജോജുവിന്റെ പരാതിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. കഴിഞ്ഞദിവസങ്ങളില്‍ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ പ്രതിഷേധ സമരവുമായി ബന്ധപ്പെട്ട് ഏകപക്ഷീയമായ നടപടിയാണ് പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത് എന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് സമരം ശക്തമാക്കിയത്. ഇതിന്റെ ഭാഗമായാണ് മരട് പൊലീസ് സ്റ്റേഷനിലേക്ക്് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്