കേരളം

രണ്ട് ഡോസ് വാക്സിൻ എടുത്ത 2,821 പേർക്ക് ഇന്ന് കോവിഡ്; ഒരു ഡോസ് എടുത്ത 2,543 പേർക്കും രോ​ഗം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥീരീകരിച്ച 9,470 പേരിൽ 2,821 പേർ രണ്ട് ഡോസ് വാക്സിൻ എടുത്തവർ. ഒന്നാം ഡോസ് വാക്സിനെടുത്ത 2,543 പേർക്കും ഇന്ന് രോ​ഗം കണ്ടെത്തി. കോവിഡ് അവലോകന റിപ്പോർട്ടിലാണ് ഈ കണക്കുകൾ. 9470 പുതിയ രോഗികളിൽ 7915 പേർ വാക്‌സിനേഷന് അർഹരായിരുന്നു. ഇവരിൽ 2543 പേർ ഒരു ഡോസ് വാക്‌സിനും 2821 പേർ രണ്ടു ഡോസ് വാക്‌സിനും എടുത്തിരുന്നു. എന്നാൽ 2551 പേർക്ക് വാക്‌സിൻ ലഭിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. 

കോവിഡ് വാക്‌സിനുകൾ ആളുകളെ അണുബാധ, ഗുരുതരമായ അസുഖങ്ങൾ എന്നിവയിൽ നിന്നു സംരക്ഷിക്കുകയും ആശുപത്രി വാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു എന്നാണ് ഈ കണക്കുകൾ പറയുന്നത്. 

സെപ്റ്റംബർ 28 മുതൽ ഒക്‌ടോബർ നാല് വരെയുള്ള കാലയളവിൽ, ശരാശരി 1,42,680 കേസുകൾ ചികിത്സയിലുണ്ടായിരുന്നതിൽ രണ്ട് ശതമാനം പേർക്ക് മാത്രമാണ് ഓക്‌സിജൻ കിടക്കകളും ഒരു ശതമാനം പേർക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവിൽ, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളിൽ ഏകദേശം 29,960 കുറവ് ഉണ്ടായി. പുതിയ കേസുകളുടെ വളർച്ചാ നിരക്കിൽ മുൻ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ 26 ശതമാനവും കുറവുണ്ട്. ആശുപത്രി വാസത്തിന്റെ നിരക്കും ഗുരുതരമായ കേസുകളും കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്.

ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ കൊവിഡ് ബാധിതരായ വ്യക്തികളിൽ ആറ് ശതമാനം പേർ കൊവിഡ് വാക്‌സിന്റെ ഒരു ഡോസ് എടുക്കുകയും, 3.6 ശതമാനം കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസുകൾ എടുക്കുകയും ചെയ്തിരുന്നു. അണുബാധ തടയാൻ വാക്‌സിനേഷന് ശേഷമുള്ള രോഗ പ്രതിരോധ ശേഷി ഫലപ്രദമാണെന്നും, എന്നാൽ വാക്‌സിനേഷൻ എടുത്ത ആളുകൾക്ക് കുറഞ്ഞ അളവിലെങ്കിലും രോഗബാധ ഉണ്ടായേക്കാം എന്നുമാണ് ഇത് സൂചിപ്പിക്കുന്നത്. അതിനാൽ അനുബന്ധ രോഗങ്ങൾ ഉള്ളവർ രോഗം വരാതിരിക്കാൻ വേണ്ട മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണെന്നും റിപ്പോർട്ട് പറയുന്നു.

വാക്‌സിനേഷൻ എടുക്കേണ്ട ജനസംഖ്യയുടെ 93.3 ശതമാനം പേർക്ക് ഒരു ഡോസ് വാക്‌സിനും (2,49,34,697), 43.6 ശതമാനം പേർക്ക് രണ്ട് ഡോസ് വാക്‌സിനും (1,16,59,417) നൽകി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വാക്‌സിനേഷൻ/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (1,02,506). 45 വയസിൽ കൂടുതൽ പ്രായമുള്ള 97 ശതമാനത്തിലധികം ആളുകൾക്ക് ഒറ്റ ഡോസും 61 ശതമാനം പേർക്ക് രണ്ട് ഡോസും വാക്‌സിനേഷൻ സംസ്ഥാനം നൽകിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ