കേരളം

'മഴവെള്ളം കുത്തിയൊലിക്കുന്ന വീഡിയോ അയച്ചു, ഉടന്‍ തന്നെ അവിടുന്നു മാറാന്‍ പറഞ്ഞതാണ്'

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: '' വീടിനു മുന്നിലൂടെ മഴവെള്ളം കുത്തിയൊലിച്ചൊഴുകുന്ന വിഡിയോ അവള്‍ അയച്ചുതന്നിരുന്നു. അപ്പോള്‍ത്തന്നെ അവിടന്നു മാറാന്‍ ഞാന്‍ പറഞ്ഞതാണ്. പിന്നെ അവരെ വിളിക്കാനായില്ല, പലവട്ടം ശ്രമിച്ചെങ്കിലും റേഞ്ച് കിട്ടുന്നുണ്ടായിരുന്നില്ല'' - കരച്ചിലിനിടയിലൂടെ സിയാദ് പറഞ്ഞു. സിയാദിന്റെ ഭാര്യ ഫൗസിയയും രണ്ടു മക്കളും ബന്ധുക്കളും ഒന്നാകെയാണ്, ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയത്. 


ദുരന്തത്തിനു തൊട്ടു മുന്‍പ് മലവെള്ളം കുത്തിയൊലിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഫൗസിയ വാട്‌സാപ്പില്‍ അയച്ചു നല്‍കിയിരുന്നു. ഉരുള്‍പൊട്ടലില്‍ മരിച്ച അംന സിയാദ്, അഫ്‌സാന്‍ ഫൈസല്‍ എന്നിവരെയും വിഡിയോയില്‍ കാണാം. വിഡിയോ പകര്‍ത്തി മിനിറ്റുകള്‍ക്കകം ഉരുള്‍പൊട്ടലില്‍ വീടും 5 കുടുംബാംഗങ്ങളും മണ്ണിനടിയിലായി. പിതൃസഹോദരിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ്, ഫൗസിയ മക്കളെയും കൂട്ടി രണ്ടു ദിവസം മുമ്പ് കൊക്കയാര്‍ പൂവഞ്ചിയില്‍ എത്തിയത്.

സിയാദ് ഉടന്‍ തന്നെ വീട്ടിലേക്കു തിരിച്ചെങ്കിലും വഴിയെല്ലാം താറുമാറായതിനാല്‍ എത്താനായില്ല. ഒടുവില്‍ എത്തിയപ്പോഴാകട്ടെ, കണ്ടത് മണ്‍കൂമ്പാരം മാത്രം. ഫൗസിയ, അമീന്‍, അമ്‌ന എന്നിവരുടെ ശരീരം ഏതാനും മണിക്കൂറുകള്‍ക്കകം കണ്ടെത്തി. അഫ്‌സര, അഫിയാന്‍ എന്നിവരുടെ മൃതദേഹം ഇന്നലെയാണ് കണ്ടെത്താനായത്. 


ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നു

മഴ ശക്തിപ്പെട്ടതോടെ സംസ്ഥാനത്തെ പ്രധാന ഡാമുകളിലെയെല്ലാം ജലനിരപ്പ് ഉയര്‍ന്നിരിക്കുകയാണ്. ഇടുക്കി, പമ്പ അണക്കെട്ടുകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു.

ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യമില്ല

ഡാമുകള്‍ തുറക്കുന്നതില്‍ ആശങ്ക വേണ്ടെന്ന് റവന്യൂമന്ത്രി കെ രാജന്‍ പറഞ്ഞു. ഇടുക്കി ഡാം ഇപ്പോള്‍ തുറക്കേണ്ടത് ഇല്ലെന്നും ഡാമുകള്‍ തുറക്കേണ്ടി വന്നാല്‍ പകലേ തുറക്കൂ. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു. മുന്നറിയിപ്പുകള്‍ വൈകിയെന്ന പ്രതിപക്ഷ ആരോപണം തെറ്റെന്നും മുന്നറിയിപ്പുകള്‍ നല്‍കുന്നത് കേന്ദ്ര കാലാവസ്ഥാ കേന്ദ്രമെന്നും മന്ത്രി പറഞ്ഞു.

ഇടുക്കിയിലും പമ്പയിലും ഓറഞ്ച് അലര്‍ട്ട്

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ് 2396.86 അടിയിലെത്തിയതോടെയാണ് ജാഗ്രത മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. അണക്കെട്ടിലെ സംഭരണശേഷിയുടെ 92.6 ശതമാനം വെള്ളമാണ് നിലവിലുള്ളത്. പത്തനംതിട്ട പമ്പ അണക്കെട്ടിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അണക്കെട്ടിലെ ജലനിരപ്പ് 983.50 മീറ്റര്‍ എത്തി. 986.33 മീറ്ററാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി.

കക്കി ഡാം തുറക്കും

പത്തനംതിട്ടയില്‍ മഴ ശക്തമായതോടെ കക്കി ഡാം ഇന്ന് രാവിലെ 11ന് തുറക്കും. നാലു ഷട്ടറുകളില്‍ രണ്ടു ഷട്ടറുകളാണ് തുറക്കുക. കുട്ടനാട്, ചെങ്ങന്നൂര്‍, മാവേലിക്കര, കാര്‍ത്തികപ്പള്ളി താലൂക്കുകളിലെ നദികളില്‍ വൈകുന്നേരത്തോടെ ജലനിരപ്പ് ഗണ്യമായി വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്റ്റര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം