കേരളം

ദത്ത് നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ശിശു ക്ഷേമസമിതി കോടതിയില്‍; കക്ഷിചേരാന്‍ അനുപമയും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കിയ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് സര്‍ക്കാര്‍ ഹര്‍ജി നല്‍കിയതിന് പിന്നാലെ നടപടികള്‍ നിര്‍ത്തിവെക്കണമെന്നാവശ്യവുമായി ശിശുക്ഷേമസമിതിയും രംഗത്ത്. ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി ഷിജുഖാന്‍ വഞ്ചിയൂര്‍ കോടിതിയെ സമീപിച്ചു. കേസില്‍ 12 മണിക്ക് കുടുംബകോടതി വിശദമായി വാദം കേള്‍ക്കും. ദത്ത് നടപടികളില്‍ കക്ഷിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് അനുപമയും കുടുംബകോടതിയില്‍ ഹര്‍ജി നല്‍കി

12 മണിക്ക് വിശദമായ വാദം കേള്‍ക്കും
 

ആന്ധ്രാപ്രദേശ് സ്വദേശികള്‍ക്ക് അനുപമയുടേതെന്നു കരുതുന്ന കുഞ്ഞിന്റെ അവകാശവും സംരക്ഷണവും നിയമപരമായി നല്‍കുന്ന ഉത്തരവ് താത്കാലികമായി തടഞ്ഞുവെക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. മാതാപിതാക്കളായ അനുപമയും അജിത്തും നല്‍കിയ പരാതികളില്‍ അന്വേഷണം നടക്കുന്നതിനാലാണിതെന്നും ഹര്‍ജിയില്‍ പറയുന്നു. വിധിപറയുന്നതുവരെ കുട്ടിയുടെ സംരക്ഷണച്ചുമതല ആന്ധ്രാ സ്വദേശികള്‍ക്കുതന്നെ ആയിരിക്കും.

ഓഗസ്റ്റ് ഏഴിനാണു അനുപമയുടെ കുഞ്ഞിനെ താല്‍കാലികമായി ആന്ധ്രസ്വദേശികളായ ദമ്പതികള്‍ക്കു ദത്തു നല്‍കിയത്. ഇതിനുശേഷം ശിശുക്ഷേമസമിതി ഉള്‍പ്പെടെ കേസിലെ കക്ഷികളെല്ലാം ദത്തെടുക്കലിന് അനുകൂലമായി തിരുവനന്തപുരം കുടുംബ കോടതിയില്‍ നിലപാട് അറിയിച്ചിരുന്നു.  

തെളിവെടുക്കല്‍ പൂര്‍ണമായും അവസാനിപ്പിച്ചശേഷമാണ് വിധിക്കായി കേസ് കോടതി ഇന്നത്തേക്ക് മാറ്റിയിരിക്കുന്നത്. കുഞ്ഞിന്റെ അമ്മ അവകാശവാാദവുമായി എത്തിയിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ദത്തെടുക്കല്‍ നടപടികള്‍ നിര്‍ത്തിവെയ്്ക്കണമെന്ന സര്‍ക്കാര്‍ ആവശ്യം ഗവണ്‍മെന്റ് പ്ലീഡര്‍ എ.എ.ഹക്കിം നേരിട്ട് കോടതിയെ അറിയിക്കും. രക്തബന്ധമുളളവര്‍ അവകാശവാദമുന്നയിച്ച സാഹചര്യം ബോധ്യപ്പെടുത്തുകയും, ദത്തു നല്‍കിയ നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടെന്നു സര്‍ക്കാര്‍ തന്നെ കോടതിയെ അറിയിക്കുകയും ചെയ്തതിനാല്‍ സ്വാഭാവികമായും കോടതി അനുകൂല നിലപാടെടുത്തേക്കും. എന്നാല്‍ ദത്തെടുത്ത ദമ്പതികളോ സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്‌സ് അതോറിറ്റിയോ എതിര്‍പ്പ് ഉന്നയിച്ച് മേല്‍ക്കോടതികളെ സമീപിച്ചാല്‍ വലിയ കോടതി വ്യവഹാരങ്ങളിലേക്ക് ഇക്കാര്യം പോയേക്കാം.

നിര്‍ബന്ധപൂര്‍വം കുഞ്ഞിനെ എടുത്തുമാറ്റിയെന്ന് അനുപമ പേരൂര്‍ക്കട പൊലീസില്‍ നല്‍കിയ പരാതിയില്‍ അമ്മ സ്മിത ജെയിംസ്, സഹോദരി അഞ്ജു, അഞ്ജുവിന്റെ ഭര്‍ത്താവ് അരുണ്‍, അനുപമയുടെ അച്ഛന്‍ പി.എസ്. ജയചന്ദ്രന്റെ സുഹൃത്തുക്കളായ രമേശന്‍, മുന്‍ കൗണ്‍സിലര്‍ അനില്‍ കുമാര്‍ എന്നിവര്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇത് 28ന് പരിഗണിക്കും. ജയചന്ദ്രനടക്കം ആറുപേരെയാണ് പ്രതിചേര്‍ത്തിട്ടുള്ളത്. ജയചന്ദ്രന്‍ ജാമ്യഹര്‍ജി നല്‍കിയിട്ടില്ല. അനുപമയുടെ അനുമതിയോടെയാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതിക്കു കൈമാറിയതെന്നാണ് ഹര്‍ജിയിലെ വാദം. ജാമ്യഹര്‍ജിയില്‍ പേരൂര്‍ക്കട പൊലീസിനോട് കോടതി റിപ്പോര്‍ട്ട് തേടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

നിശബ്‌ദ കൊലയാളിയെ തിരിച്ചറിയാം; ലോകത്ത് ഉയർന്ന രക്തസമ്മർദ്ദം മൂലം പ്രതിവർഷം മരിക്കുന്നത് 7.5 ദശലക്ഷം ആളുകൾ

ഇന്ത്യക്ക് ബംഗ്ലാദേശ് എതിരാളി; പരിശീലന മത്സരം കളിക്കാതെ ഇംഗ്ലണ്ടും പാകിസ്ഥാനും

പക്ഷിപ്പനി: ആലപ്പുഴയില്‍ 12,678 വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കും

ദക്ഷിണേന്ത്യ വേറെ രാജ്യമെന്നത് പ്രതിഷേധാര്‍ഹം; കേരളം അടക്കം തെക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി വലിയ ഒറ്റക്കക്ഷിയാകുമെന്ന് അമിത് ഷാ