കേരളം

വയനാട്ടില്‍ മാവോയിസ്റ്റ് കമാന്‍ഡര്‍ കീഴടങ്ങി; പുനരധിവാസ പദ്ധതിയിലെ ആദ്യ കീഴടങ്ങല്‍

സമകാലിക മലയാളം ഡെസ്ക്


കോഴിക്കോട്: വയനാട്ടില്‍ മാവോവായിസ്റ്റ് കീഴടങ്ങിയതായി പൊലീസ്. സിപിഐ മാവോയിസ്റ്റ് കബനി ദളത്തിലെ ഡെപ്യൂട്ടി കമാന്‍ഡന്റായിരുന്ന ലിജേഷ് എന്ന രാമു രമണയാണ് കീഴടങ്ങിയതെന്ന് കോഴിക്കോട് നോര്‍ത്ത് സോണ്‍ ഐജി അശോക് യാദവ് മാധ്യമങ്ങളോട് പറഞ്ഞു. കേരള സര്‍ക്കാരിന്റെ മാവോയിസ്റ്റ് പുനരധിവാസ പാക്കേജ് പ്രകാരമുള്ള ആദ്യ കീഴടങ്ങലാണിത്. മാവോയിസ്റ്റ് ആശയങ്ങള്‍ക്ക് പ്രസക്തി നഷ്ടപ്പെട്ടെന്ന് ലിജേഷ് പറഞ്ഞു.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് മാവോയിസ്റ്റ് സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്ന രാമു രമണ എന്ന് വിളിപ്പേരുള്ള ലിജേഷ് വയനാട് ജില്ലാ പൊലീസ് മേധാവിക്ക് മുന്നില്‍ കീഴടങ്ങിയത്. 38 വയസുകാരനായ ലിജേഷ് വയനാട് പുല്‍പ്പള്ളി അമരക്കുനി സ്വദേശിയാണ്. കബനി ദളത്തിലെ ഡെപ്യൂട്ടി കമാന്‍ഡന്റായിരുന്ന ലിജേഷ് കേരളം, കര്‍ണാടക, ആഡ്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 

ഇദ്ദേഹത്തിന്റെ ഭാര്യ കവിത നിലവില്‍ മാവോയിസ്റ്റ് സംഘടനയില്‍ പ്രവര്‍ത്തിച്ച് വരികയാണ്. എന്നാല്‍ ഇയാള്‍ ഇതിന് മുന്‍പ് ഏതൊക്കെ ഓപറേഷനില്‍ പങ്കെടുത്തു, ആയുധങ്ങള്‍ ഹാജരാക്കിയിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് പൊലീസ് മറുപടി നല്‍കിയിട്ടില്ല. മാവോയിസ്റ്റ് സംഘടനകളിലേക്ക് പോയ യുവാക്കള്‍ ജീവിതത്തിലേക്ക് തിരിച്ചുവരണമെന്ന് ലിജേഷ് പറഞ്ഞു. 

2018 മെയ് മാസത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ മാവോയിസ്റ്റ് പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചത്. മാവോയിസ്റ്റുകളുടെ സ്വാധീനത്തില്‍ കുടുങ്ങിയവരെ തീവ്രവാദത്തില്‍ നിന്ന് മോചിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. അറസ്റ്റ് വരിക്കുന്ന മാവോയിസ്റ്റുകള്‍ക്ക് സര്‍ക്കാര്‍ 5 ലക്ഷം രൂപ വരെ സഹായധനവും ജോലിയും നല്‍കും. എന്നാല്‍ 5 വര്‍ഷത്തോളം കാലം പൊലീസിന്റെ നിരീക്ഷണത്തിലായിരിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്