കേരളം

'ഓംലെറ്റും ചായയും' നിര്‍ണായകമായി; 50 ലക്ഷം കടബാധ്യത; 72 കാരിയെ കൊന്നത് പേരക്കുട്ടിയുടെ ഭര്‍ത്താവ്

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: രാമപുരത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ കൊലപ്പെടുത്തിയ കേസില്‍ പേരക്കുട്ടിയുടെ ഭര്‍ത്താവ് അറസ്റ്റില്‍. രാമപുരം ബ്ലോക്കുപടി മുട്ടത്തില്‍ ആയിഷ(70)യെ കൊലപ്പെടുത്തിയ കേസിലാണ് മമ്പാട് സ്വദേശി നിഷാദ് അലിയെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കവര്‍ച്ച ലക്ഷ്യമിട്ടായിരുന്നു ഇയാള്‍ കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

എംഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദധാരിയായ നിഷാദ് അലി മമ്പാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പത്തുവര്‍ഷത്തോളമായി ഐ.ടി. ഗസ്റ്റ് അധ്യാപകനായി ജോലി ചെയ്തുവരികയാണ്. ജൂലായ് 16-ന് രാത്രി ഒന്‍പതരയോടെയാണ് ആയിഷയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അവര്‍ ധരിച്ചിരുന്ന എട്ടേകാല്‍ പവന്‍ ആഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചെങ്കിലും പ്രതിയെക്കുറിച്ച് സൂചനയൊന്നും ലഭിച്ചിരുന്നില്ല. ഇതോടെ  പൊലീസിനെതിരേ പ്രതിഷേധവും ഉയര്‍ന്നു. ഇതിനിടെ ബന്ധുക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നിഷാദ് അലി പിടിയിലാകുന്നത്. 

അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍തന്നെ ബന്ധുവോ പരിചയമുള്ളയാളോ ആണ് കൊല നടത്തിയതെന്ന നിഗമനത്തിലെത്തിയിരുന്നു. വീട്ടില്‍ ചായയും ഓംലെറ്റും ഉണ്ടാക്കിയിരുന്നതില്‍ നിന്നായിരുന്നു പൊലീസിന് നിര്‍ണായകമായ വിവരം ലഭിച്ചത്. നാട്ടുകാരും ബന്ധുക്കളുമുള്‍പ്പെടെ ആയിരത്തോളം പേരെയാണ് നേരിട്ടും ഫോണ്‍ വഴിയും ചോദ്യംചെയ്തത്. ഇതില്‍ നിന്ന് ബന്ധുവും സാമ്പത്തിക ബാധ്യതകളുമുള്ള നിഷാദ് അലിയെക്കുറിച്ച് വിവരം ലഭിച്ചു. ഇയാള്‍ നാട്ടിലില്ലെന്നറിഞ്ഞതോടെ ഓരോ നീക്കങ്ങളും നിരീക്ഷിച്ചു. അലിയുമായി പണമിടപാടുകള്‍ നടത്തിയവരെയും ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചും തെളിവുകള്‍ ശേഖരിച്ചതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട്ടുനിന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തു.

ഓണ്‍ലൈന്‍ പണമിടപാടുകളുമായി ബന്ധപ്പെട്ട് പ്രതിക്ക് 50 ലക്ഷത്തിലേറെ രൂപയുടെ ബാധ്യതകളുണ്ടായിരുന്നു. പണം കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ആയിഷയുടെ ആഭരണങ്ങള്‍ ശ്രദ്ധിക്കുകയും ഇത് കൈക്കലാക്കാന്‍ ആസൂത്രണം നടത്തുകയുമായിരുന്നു. പലതവണ വീട്ടിലെത്തി ആയിഷയുമായി കൂടുതല്‍ അടുപ്പം സ്ഥാപിക്കാനും ശ്രമിച്ചു. നേരത്തെ രണ്ട് തവണ കൊലപാതകം നടത്താന്‍ ആസൂത്രണം നടത്തിയെങ്കിലും അത് നടന്നില്ല. മൂന്നാം തവണ സമയം മാറ്റി രാവിലെ വീട്ടിലെത്തി കൃത്യം നടത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കൃത്യത്തിനുശേഷം യാതൊരു സംശയത്തിനും ഇട നല്‍കാതെ സ്വന്തം വീട്ടിലെത്തി. രാത്രി ആയിഷുമ്മയുടെ മരണവിവരം ഭാര്യ പറഞ്ഞപ്പോള്‍ ഭാര്യയെയും കൂട്ടി രാമപുരത്തെത്തി. സംശയത്തിനിടയില്ലാതെ ബന്ധുക്കള്‍ക്കൊപ്പം എല്ലാ കാര്യത്തിനും ഒപ്പംനിന്നു. പിറ്റേന്ന് ഖബറടക്കത്തിനുശേഷമാണ് മടങ്ങിയത്.

നിഷാദ് അലിക്കെതിരേ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് നിലമ്പൂര്‍ പൊലീസിലുള്ള വഞ്ചനക്കേസ് ശ്രദ്ധയില്‍പ്പെട്ടു. ഇയാള്‍ ജോലിചെയ്യുന്ന സ്‌കൂളില്‍നടന്ന മോഷണവും പഠിപ്പിക്കുന്ന കുട്ടികളില്‍ നിന്നും മറ്റും സ്വര്‍ണാഭരണങ്ങള്‍ വാങ്ങി പണയംവെച്ച വിവരങ്ങളും ലഭിച്ചു. പൊലീസ് അന്വേഷിച്ചപ്പോള്‍ പ്രതി നാട്ടിലില്ലെന്നുമറിഞ്ഞു. സ്‌കൂളിന്റെ പൂട്ട് തകര്‍ത്ത് 80,000 രൂപയും ലക്ഷത്തോളം രൂപയുടെ ക്യാമറയും മോഷ്ടിച്ചിരുന്നു. സ്‌കൂളിലെ മോഷണത്തിനുപിന്നില്‍ ഐ.ടി. അധ്യാപകനായ ഇയാളാണെന്ന തെളിവുകളും ലഭിച്ചു. തിരിച്ചറിയാതിരിക്കാന്‍ സി.സി.ടി.വി. ദൃശ്യങ്ങള്‍ ശേഖരിക്കുന്ന ഡി.വി.ആര്‍. ഉപകരണം വടപുറം പുഴയില്‍ എറിഞ്ഞെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്