കേരളം

'ഹലോ...' കേരളം മൊബൈൽ ഫോൺ കൈയിലെടുത്തിട്ട് 25 വർഷം 

സമകാലിക മലയാളം ഡെസ്ക്

കേരളം ആദ്യമായി മൊബൈൽ ഫോൺ കൈയിലെടുത്തിട്ട് ഇന്ന് കാൽ നൂറ്റാണ്ട്. 1996 സെപ്റ്റംബർ 17ന് ആയിരുന്നു മലയാളമണ്ണിൽ 'ഹലോ, വിളികൾക്ക് തുടക്കംകുറിച്ചത്. മലയാളത്തിന്റെ വിശ്വസാഹിത്യകാരൻ തകഴി ശിവശങ്കരപ്പിള്ള കൊച്ചിയിലെ ദക്ഷിണമേഖലാ  നാവികസേനാ മേധാവി വൈസ് അഡ്മിറൽ എ ആർ ടാൻഡനു ഹലോ പറഞ്ഞായിരുന്നു തുടക്കം.  തകഴിക്കു പിന്നാലെ മാധവിക്കുട്ടിയുമായും ടാൻഡൻ മൊബൈലിൽ വിളിച്ചു. നോക്കിയ ഹാൻഡ്സെറ്റായിരുന്നു അന്ന് ഉപയോ​ഗിച്ചത്. എസ്കോട്ടെൽ ആണ് സേവനദാതാവ്. 

കേരളത്തിലാദ്യമായി മൊബൈൽ സേവനം തുടങ്ങിയത് എസ്‌കോടെൽ ആണ്. അന്ന് ഔട്‌ഗോയിങ് കോളുകൾക്ക് മിനിട്ടിന് 16.80 രൂപയായിരുന്നു നിരക്ക്. ഇൻകമിങ് കോളുകൾക്കും ആദ്യകാലത്ത് നിരക്ക് ഈടാക്കിയിരുന്നു എന്നതാണ് മറ്റൊരു വസ്തുത. മിനിറ്റിന് 8.40 രൂപയാണ് ഇൻകമിങ്ങിന് നൽകേണ്ടിയിരുന്നത്. എസ്‌കോടെലിനെ പിൽക്കാലത്ത് ഐഡിയ ഏറ്റെടുത്തു.  
 
1995 ജൂലൈ 31നായിരുന്നു ഇന്ത്യയിൽ ആദ്യമായി മൊബൈൽ ഫോൺ എത്തിയത്. കേന്ദ്ര വാർത്താ വിനിമയ മന്ത്രി സുഖ്‌റാം  ബംഗാൾ മുഖ്യമന്ത്രി ജ്യോതി ബസുവിനെ വിളിച്ചായിരുന്നു തുടക്കം. കൊൽക്കത്തയിലെ സെക്രട്ടേറിയേറ്റ്‌ ആയ ‘റൈറ്റേർസ് ബിൽഡിങ്ങിൽ’ നിന്നായിരുന്നു ആ കാൾ പോയത്.  നോക്കിയ ഫോൺ ആയിരുന്നു അതും. ഇന്ത്യയിൽ ആദ്യമായി മൊബൈൽ ഫോൺ സേവനം ലഭ്യമായ സ്ഥലം ഡൽഹി ആണ്. 

ഓർക്കുന്നോ നോക്കിയ 1610!

വാക്കിടോക്കി പോലുള്ള ഹാൻഡ്സെറ്റിൽ തുടക്കംകുറിച്ച നോക്കിയ ആണ് ഹാൻഡ്സെറ്റുകളിൽ അധികായർ. 1610 ആയിരുന്നു മോഡൽ, കാൽകിലോ​ഗ്രാം ആയിരുന്നു ഇതിന്റെ ഭാരം. 20,000രൂപയ്ക്ക് മുകളിലായിരുന്നു ഇവയ്ക്ക് വില. എന്നാൽ ഇതിൽ എസ്എംഎസ് അയക്കാൻ കഴിയുമായിരുന്നില്ല. പിന്നീടുവന്ന ടോർച്ച് സൗകര്യത്തോടുകൂടിയ 1100മോഡൽ ഏറെ പ്രചാരം നേടി. 9000രൂപയായിരുന്നു വില. ഇക്കാലത്ത് മോട്ടറോള ആയിരുന്നു നോക്കിയയുടെ പ്രധാന എതിരാളി. എന്നാൽ 2000ൽ എയർട്ടെൽ കേരളത്തിൽ കളം നിറഞ്ഞു. എല്ലാവർക്കും ഒരേ താരിഫുമായി ആയിരുന്നു രം​ഗപ്രവേശനം. 

2002ലാണ് ഇൻകമിങ് സൗജന്യം എന്ന ആകർഷണവുമായി ബിഎസ്എൻഎൽ രം​ഗപ്രവേശനം നടത്തി. ഇതിനുപുറമേ ഔട്ട്​ഗോയിങ് നിരക്ക് 16.80 രൂപയിൽ നിന്ന് 8.40 രൂപയാക്കി. ഇതിനുപിന്നാലെയാണ് എല്ലാ കമ്പനികളും ഇൻകമിങ് സൗജന്യമാക്കിയത്. ഇതേവർഷം തന്നെയാണ് രാജ്യത്തെ സേവനദാതാക്കളുടെ എണ്ണവും ഉയർന്നത്. ഇന്ത്യയിലാകെ 420ഉം കേരളത്തിൽ 10ഉം കമ്പനികൾ 2ജി സേവനവുമായി കളം നിറഞ്ഞു. എസ്കോട്ടെൽ, എച്ച് (ബിപിഎൽ), ബിഎസ്എൻഎൽ, എയർടെൽ, റിലയൻസ്, ടാറ്റാ ഡോക്കോമോ, യൂണിനോർ, എയൽസെൽ, എംടിഎസ്, വിഡിയോകോൺ എന്നിവയാണ് കേരളത്തിൽ ഉണ്ടായിരുന്നത്. 

3ജി, ടച്ച്... സ്മാർട്ട്ഫോൺ

2010ൽ 3ജിയുമായി ബിഎസ്എൻഎൽ എത്തി. ഇതേ സമയത്ത് തന്നെയായിരുന്നു ടച്ച് ഫോണുകളും വിപണിയിലെത്തിയത്. സാംസങ് ആണ് ടച്ച് ഫോണിൽ മുന്നിൽ. ഇതിനുപിന്നാലെ പ്രമുഖ കമ്പനികളായ സോണി എറിക്സൺ, ആപ്പിൾ, വാവേ, എച്ച്ടിസി, എൽ ജി എന്നിവ കേരളത്തിലുമെത്തി. ഇതിനുപിന്നാലെ ആൻഡ്രോയിഡ് പ്ലാറ്റ്ഫോം എത്തി, സ്മാർട്ട്ഫോണിലേക്കുള്ള ചുവടുമാറ്റവും സംഭവിച്ചു. 

2016ലാണ് 4ജിക്ക് തുടക്കമാകുന്നത്. ഐഡിയയും വോഡഫോണുമാണ് തുടക്കമിട്ടതെങ്കിലും ഒരു കൊല്ലം മുഴുവൻ സൗജന്യ ഡേറ്റ എന്ന വമ്പൻ ഓഫറുമായി ജിയോ കളം നിറഞ്ഞു. ഇപ്പോൾ പ്രതിവർഷം ഒരക്കോടി മൊബൈൽ ഫോണുകൾ വിറ്റഴിക്കപ്പെടുന്ന സംസ്ഥാനമാണ് കേരളം. 4.5 കോടി മൊബൈൽ കണക്ഷനുകളാണ് ഇപ്പോൾ സംസ്ഥാനത്തുള്ളത്. ഇതിൽ 1,67,32,881 പേർ വോഡഫോൺ ഐഡിയ ഉപഭോക്താക്കളാണ്, 1,08,38,81‌4 പേർ ബിഎസ്എൻഎൽ 1,06,80,602 പേർ ജിയോ ഉപഭോക്താക്കളുമാണ്. 68,38,692 പേർ എയർടെൽ ഇപയോക്താക്കളാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യാത്ര അവിസ്മരണീയം'... സുനില്‍ ഛേത്രി വിരമിക്കുന്നു

അപൂര്‍വ സസ്യങ്ങളില്‍ നിന്ന് ഔഷധക്കൂട്ട്; വെരിക്കോസ് വെയ്നും അകാലനരയും അകറ്റാൻ നാട്ടുവൈദ്യം

പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും ഗവര്‍ണറുടെയും ശമ്പളം അറിയണോ?; ഇതാ പട്ടിക

'ഇന്ത്യ ചന്ദ്രനില്‍ വരെ എത്തി, പാകിസ്ഥാനില്‍ ഇപ്പോഴും കുട്ടികള്‍ ഗട്ടറില്‍ വീണ് മരിക്കുന്നു'; വിമര്‍ശനവുമായി പാക് നേതാവ്

അയ്യോ ഐശ്വര്യക്ക് ഇതെന്തുപറ്റി! മകൾക്കൊപ്പം കാനിലെത്തിയ താരത്തെ കണ്ട് ആരാധകർ