കേരളം

ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍; ബില്‍ ബുധനാഴ്ച നിയമസഭയില്‍; ലോകായുക്ത നിയമഭേദഗതിയും 24 ന്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സര്‍വകലാശാലകളില്‍ ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണര്‍ക്കുള്ള അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതിനുള്ള ബില്‍ ബുധനാഴ്ച നിയമസഭയില്‍ അവതരിപ്പിക്കും. നിയമസഭ കാര്യോപദേശക സമിതിയാണ് ബില്‍ 24 ന് അവതരിപ്പിക്കാന്‍ അനുമതി നല്‍കിയത്. പുതിയ ബില്‍ പ്രകാരം വിസി നിയമന സമിതിയുടെ അംഗബലം അഞ്ചായി ഉയരും. 

കണ്ണൂര്‍, കേരള സര്‍വകലാശാല നിയമനങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാരും ഗവര്‍ണറും ഏറ്റുമുട്ടലിന്റെ പാതയിലാണ്. സിപിഎം നേതാവും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ വൈസ് ചാന്‍സലര്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഗവര്‍ണര്‍ ഉയര്‍ത്തിയത്. വിസി പാര്‍ട്ടി കേഡറിനെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഗവര്‍ണര്‍ ആരോപിച്ചിരുന്നു. 

സര്‍വകലാശാലകളില്‍ സ്വജനപക്ഷപാതമാണ് നടക്കുന്നതെന്നും, എല്ലാ ബന്ധുനിയമനങ്ങളും അന്വേഷിക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു. കേരള സര്‍വകലാശാല വിസി നിയമന സെര്‍ച്ച് പാനലുമായി ബന്ധപ്പെട്ട് യൂണിവേഴ്‌സിറ്റി സെനറ്റ് ഗവര്‍ണര്‍ക്കെതിരെ പ്രമേയം പാസ്സാക്കുകയും ചെയ്തിരുന്നു. സര്‍വകലാശാല പ്രതിനിധിയെ ഉള്‍പ്പെടുത്താതെ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചതാണ് വിമര്‍ശനത്തിന് കാരണമായത്. 

ലോകായുക്ത നിയമഭേദഗതി ബില്ലും ബുധനാഴ്ച സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിക്കും. അഴിമതി തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തകന് പദവിയില്‍ ഇരിക്കാന്‍ ആകില്ലെന്ന ലോകായുക്ത വിധി വീണ്ടും ഹിയറിംഗ് നടത്തി സര്‍ക്കാറിന് തള്ളാമെന്ന പുതിയ വ്യവസ്ഥയാണ് നിയമഭേദഗതിയില്‍ കൊണ്ടുവരുന്നത്. പുതിയ ഭേദഗതി പ്രകാരം മന്ത്രിക്കെതിരായ ലോകായുക്ത വിധിയില്‍ മുഖ്യമന്ത്രി അപ്പീല്‍ അധികാരിയാകും. 

ഈ ഭേദഗതിയെ സിപിഐ എതിര്‍ക്കുകയാണ്. ലോകായുക്തയുടെ അഴിമതി വിരുദ്ധ മുഖം സംരക്ഷിച്ചുകൊണ്ട് വേണം നിയമഭേദഗതി. ലോകായുക്ത വിധി പരിശോധിക്കാന്‍ നിയമ സംവിധാനം വേണമെന്നും സിപിഐ ആവശ്യപ്പെടുന്നു. ലോകായുക്ത നിയമഭേദഗതിയില്‍ സമവായത്തിനായി സിപിഎമ്മും സിപിഐയും ചര്‍ച്ച തുടരുകയാണ്. വ്യാഴം, വെള്ളി, സെപ്റ്റംബര്‍ 2 എന്നീ ദിവസങ്ങളില്‍ സഭ സമ്മേളിക്കില്ല. ഗവര്‍ണര്‍ ഒപ്പിടാത്ത ഓര്‍ഡിനന്‍സുകള്‍ നിയമമാക്കുന്നതിനാണ് 10 ദിവസത്തെ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ത്തിരിക്കുന്നത്. 

ഏറാന്‍മൂളികളെ വൈസ് ചാന്‍സലര്‍മാരാക്കാനാണ് നീക്കം

അതേസമയം സര്‍ക്കാര്‍ അവതരിപ്പിക്കുന്ന സര്‍വകലാശാല, ലോകായുക്ത നിയമഭേദഗതി ബില്ലുകളെ പ്രതിപക്ഷം എതിര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. സര്‍വകലാശാല ബില്‍ ഇഷ്ടക്കാരെ നിയമിക്കാനാണെന്ന്  സതീശന്‍ കുറ്റപ്പെടുത്തി. ഏറാന്‍മൂളികളെ വൈസ് ചാന്‍സലര്‍മാരാക്കാനാണ് നീക്കം. സര്‍വകലാശാലകള്‍ സിപിഎമ്മിന്റെ ബന്ധുനിയമനത്തിനുള്ള കേന്ദ്രമായി മാറി. ഉനന്ത വിദ്യാഭ്യാസമേഖലയെ തകര്‍ക്കുന്നതാണ് സര്‍ക്കാര്‍ നീക്കമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചികിത്സ പിഴവ് പരാതികളിൽ ഇടപെട്ട് ആരോ​ഗ്യ മന്ത്രി; ഉന്നതതല യോ​ഗം നാളെ

അധികാര ദുര്‍വിനിയോഗവും വിശ്വാസ ലംഘനവും നടത്തി; മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ തള്ളി

അനസ്തേഷ്യ ഡോസ് കൂടി; 15 മാസം അബോധാവസ്ഥയിലായിരുന്ന 28കാരിയുടെ മരണത്തിൽ ആശുപത്രിക്കെതിരെ ഭർത്താവ്

പ്രവാസികള്‍ക്ക് സന്തോഷിക്കാം; പുതിയ വിമാന സര്‍വീസുകള്‍ തുടങ്ങി ആകാശ എയര്‍

മണ്ണെണ്ണയ്‌ക്ക് പകരം വെള്ളം; തട്ടിപ്പ് നടത്തിയ സപ്ലൈകോ ജൂനിയർ അസിസ്റ്റന്റിനെ സസ്പെന്റ് ചെയ്തു