കേരളം

വിനോദസഞ്ചാര മേഖലയില്‍ പരസ്പര സഹകരണത്തിന് അബുദാബി-കേരളം ധാരണ

സമകാലിക മലയാളം ഡെസ്ക്


അബുദാബി: വിനോദ സഞ്ചാര മേഖലയില്‍  സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ അബുദാബിയും കേരളവും തമ്മില്‍ ധാരണ. യുഎഇ സന്ദര്‍ശനത്തിന്റെ ഭാഗമായി ടൂറിസം മന്ത്രി പി എ  മുഹമ്മദ് റിയാസ്  അബുദാബി ടൂറിസം സാംസ്‌കാരിക ചെയര്‍മാന്‍ മുഹമ്മദ് ഖലീഫ അല്‍ മുബാറക്കുമായി അബുദാബിയില്‍ നടത്തിയ കൂട്ടിക്കാഴ്ചയിലാണ് തീരുമാനം. ഇത് സംബന്ധിച്ച ധാരണ പത്രത്തില്‍ ഉടന്‍ ഒപ്പ് വെക്കാനും യോഗത്തില്‍ തീരുമാനമായി. 

ആഗോള വിനോദസഞ്ചാര മേഖലയില്‍ കേരളത്തിന്റെ പ്രാധാന്യം സംബന്ധിച്ച് മന്ത്രിമുഹമ്മദ് റിയാസ്  മുഹമ്മദ് ഖലീഫയെ ധരിപ്പിച്ചു.  ഈ മേഖലയിലെ നിക്ഷേപ സാഹചര്യങ്ങളെകുറിച്ചും മന്ത്രി വിശദീകരിച്ചു. അബുദാബി സര്‍ക്കാര്‍ കമ്പനിയും അടിസ്ഥാന സൗകര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഗള്‍ഫിലെതന്നെ ഏറ്റവും വലിയ കമ്പനികളിലൊന്നായ അല്‍ദാറുമായി സഹകരിച്ച്  കേരളത്തിലെ വിനോദ സഞ്ചാര മേഖലയില്‍  നിക്ഷേപ സാധ്യതകളെപ്പറ്റി  കൂടുതല്‍ ചര്‍ച്ചകള്‍ നടത്താന്‍ സന്നദ്ധമാണെന്നും അല്‍ദാര്‍ കമ്പനിയുടെ ചെയര്‍മാന്‍ കൂടിയായ മുഹമ്മദ് ഖലീഫ അല്‍ മുബാറക്  അറിയിച്ചു. ഇതിന്റെ ഭാഗമായുള്ള തുടര്‍ ചര്‍ച്ചകള്‍ക്കായി വരുന്ന മേയില്‍ അബുദാബി വിനോദ സഞ്ചാര  ഉന്നതതല സംഘം കേരളത്തില്‍ എത്തുമെന്നും അദ്ദേഹം മന്ത്രിയെ അറിയിച്ചു. 

അബുദാബിയുമായുള്ള സഹകരണം കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയില്‍  കൂടുതല്‍ ഉണര്‍വുണ്ടാക്കുമെന്നു മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.  സഹകരണം യാഥാര്‍ഥ്യമാവുന്നതോടെ കൂടുതല്‍ സഞ്ചാരികളെ യു.എ.ഇ.യില്‍ നിന്ന്,  പ്രത്യേകിച്ച് അബുദാബിയില്‍ നിന്ന്  പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. മെയ് ആദ്യവാരം കൊച്ചിയില്‍ നടക്കുന്ന കേരള ട്രാവല്‍ മാര്‍ട്ടില്‍ അതിഥിയായി പങ്കെടുക്കാന്‍ മന്ത്രി അബുദാബി ടൂറിസം ചെയര്‍മാനെ ക്ഷണിച്ചു. സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് ഡയറക്ടര്‍ വി ആര്‍ കൃഷ്ണ തേജ, അബുദാബി ചേംബര്‍ വൈസ് ചെയര്‍മാന്‍ എം എ. യൂസഫലി എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത