കേരളം

ചെമ്പതാക പുതച്ച് മടക്കം; കെപിഎസി ലളിത ഇനി ഓര്‍മ്മ

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: മലയാളത്തിന്റെ മഹാനടി കെപിഎസി ലളിത ഇനി ഓര്‍മ. വടക്കാഞ്ചേരിയിലെ എങ്കക്കാട്ടെ വീട്ടുവളപ്പില്‍ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. മകന്‍ സിദ്ധാര്‍ഥ് ചിതയ്ക്ക് തീ കൊളുത്തി. ചലച്ചിത്ര, സാംസ്‌കാരിക, രാഷ്ട്രീയമേഖലകളിലെ പ്രമുഖര്‍ ഉള്‍പ്പടെ ആയിരങ്ങളാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി എത്തിയത്.

തൃപ്പൂണിത്തുറയിലെ ഫ്‌ലാറ്റ് ഓഡിറ്റോറിയത്തിലെയും ലായം കൂത്തമ്പലത്തിലേയും പൊതുദര്‍ശനത്തിന് ശേഷം 11.30ഓടെയാണ് കെപിഎസി ലളിതയുടെ മൃതദേഹം കൊച്ചിയില്‍നിന്ന് വടക്കാഞ്ചേരിയിലേക്കു കൊണ്ടുപോയത്. 

സിനിമയിലെ സഹപ്രവര്‍ത്തകര്‍ ഓരോരുത്തരായി പുലര്‍ച്ചെ തന്നെ വീട്ടിലേക്കെത്തി. ക്യാമറയ്ക്കു പിന്നിലും മുന്നിലും ലളിതയെ അറിഞ്ഞവര്‍ അവസാനമായി കണ്ടു. അഭ്രപാളിയില്‍ അമ്മയായും ഭാര്യായായുമെല്ലാം ഒപ്പമഭിനയിച്ച കെപിഎസി ലളിതയുടെ ഓര്‍മകളുമായി മമ്മൂട്ടി പുലര്‍ച്ചെ തന്നെ വീട്ടിലെത്തി ലളിതയെ അവസാനമായി കണ്ടു. അല്‍പനേരം അടുത്തിരുന്നാണ് മടങ്ങിയത്. അഞ്ചു പതിറ്റാണ്ടിലെ അഭിനയജീവിതത്തില്‍ അറിഞ്ഞ പലരും പിന്നാലെയെത്തി. 

തൃപ്പൂണിത്തുറയിലെ ലായം ഓഡിറ്റോറിയത്തില്‍ കെപിഎസി ലളിതയെ സ്‌നേഹിച്ചവര്‍ വരി വരിയായി വന്നു കണ്ടു. വീട്ടിലെത്താന്‍ സാധിക്കാത്ത സിനിമാ പ്രവര്‍ത്തകരും ഓഡിറ്റോറിയത്തിലെത്തി. അമ്മ മല്ലികയ്‌ക്കൊപ്പമാണ് പൃഥ്വിരാജ് വന്നത്. ജയസൂര്യയും മനോജ് കെ.ജയനുമെല്ലാം പിന്നാലെ വന്നു. രാഷ്ട്രീയ മേഖലയിലുള്ളവരും ജനപ്രതിനിധികളുമെല്ലാം ഓഡിറ്റോറിയത്തിലെത്തി. പതിനൊന്നു മണിയോടെ മന്ത്രി സജി ചെറിയാന്‍ കെപിഎസി ലളിതയ്ക്ക് അന്തിമോപചാരമര്‍പിച്ചു.

പിന്നാലെ മൃതദേഹം പ്രത്യേകം അലങ്കരിച്ച വാഹനത്തിലേക്കു കയറ്റി. തൃശൂരിലേക്കുള്ള യാത്ര തുടങ്ങി. സംഗീത നാടക അക്കാദമിയില്‍ അല്‍പനേരം പൊതുദര്‍ശനം. 5. 45 ഓടെ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടന്നു

നടന്മാരായ മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, ദിലീപ്, കാവ്യ മാധവന്‍, മഞ്ജു പിള്ള, ടിനി ടോം, ബാബുരാജ്, സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ ഇന്നലെത്തന്നെ ഫ്‌ലാറ്റിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു. അഞ്ചുപതിറ്റാണ്ടായി അഭിനയ രംഗത്ത് സജീവമായിരുന്ന കെപിഎസി ലളിത ഇന്നലെ രാത്രി 10.20നാണ് അന്തരിച്ചത്. തൃപ്പുണിത്തുറ പേട്ട പാലത്തിനു സമീപം സ്‌കൈലൈന്‍ അപ്പാര്‍ട്‌മെന്റ്‌സില്‍, മകനും സംവിധായകനുമായ സിദ്ധാര്‍ഥിന്റെ ഫ്‌ലാറ്റിലായിരുന്നു അന്ത്യം. ഏറെ നാളായി കരള്‍ രോഗത്തിനും പ്രമേഹത്തിനും ചികിത്സയിലായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്നയാള്‍ പിടിയില്‍

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു; ലോട്ടറിക്കച്ചവടക്കാരൻ അറസ്റ്റിൽ

'റോയല്‍ ടീം', ബംഗളൂരുവിന്റെ രാജകീയ പ്ലേ ഓഫ്; ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണു

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ