കേരളം

'കൂടിക്കാഴ്ചയ്ക്കു താത്പര്യമില്ലെന്ന് അറിയിച്ചു, അവര്‍ പുറത്തുനിന്നു പടമെടുത്ത് പ്രചരിപ്പിച്ചു'; എസ്ഡിപിഐ സന്ദര്‍ശനം നിഷേധിച്ച് സിപിഎം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എസ്ഡിപിഐ നേതാക്കള്‍ എകെജി സെന്ററില്‍ സന്ദര്‍ശനം നടത്തിയെന്ന വാര്‍ത്ത നിഷേധിച്ച് സിപിഎം. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വസ്തുതാവിരുദ്ധമായ കാര്യമാണെന്ന് എകെജി സെന്റര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

''എസ്.ഡി.പി.ഐ ഭാരവാഹികളെന്ന് പരിചയപ്പെടുത്തിയ ഏഴ് അംഗ സംഘം ജൂലൈ ഒന്നിന് 5 മണിയോടെ താഴത്തെ നിലയിലെ സെക്യൂരിറ്റിയുടെ അടുത്തുവന്നു. പാര്‍ട്ടി നേതാക്കളെ കാണണം എന്ന് ആവശ്യപ്പെട്ടു. എന്നാല്‍ എസ്.ഡി.പി.ഐയുമായി കൂടിക്കാഴ്ച നടത്താന്‍ പാര്‍ട്ടിക്ക് താല്‍പര്യമില്ല എന്നറിയിച്ച് മടക്കിവിടുകയാണ് ചെയ്തത്. അഞ്ച് മിനിട്ടിലധികം കാത്തിരുന്നിട്ടും നേതാക്കളെ കാണാനാകില്ല എന്ന കര്‍ശന നിലപാട് എടുത്തതോടെയാണ് അവര്‍ മടങ്ങിയത്. പുറത്ത് ഇറങ്ങിയ അവര്‍ എ.കെ.ജി സെന്ററിന് മുന്നില്‍ നിന്ന് ഫോട്ടോ എടുത്ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. അത് ഏറ്റെടുത്ത് ചില മാധ്യമങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിക്കാനും തയ്യാറായി. ഇത് പൂര്‍ണ്ണമായും കളവാണ്.''- വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

സി.പി.എമ്മിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്ന എ.കെ.ജി സെന്റര്‍ പൊതുജനങ്ങള്‍ക്ക് എപ്പോഴും പ്രവേശനമുള്ള സ്ഥലമാണ്. സാധാരണക്കാരായ ലക്ഷക്കണക്കിന് ആളുകളുടെ ആശ്രയ കേന്ദ്രം എന്ന നിലയിലാണ് മഹാനായ എ.കെ.ജിയുടെ പേരിലുള്ള ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. അവിടെ കടന്നുവരുന്നതിന് ഒരു വിലക്കും ആര്‍ക്കും ഏര്‍പ്പെടുത്തിയിട്ടില്ല. പക്ഷെ എസ്.ഡി.പി.ഐ പോലുള്ള വര്‍ഗ്ഗീയ കക്ഷികളുമായി ഒരു തരത്തിലുള്ള കൂടിക്കാഴ്ചയും പാര്‍ട്ടി ആഗ്രഹിക്കുന്നില്ല എന്നതിന്റെ അടിസ്ഥാനത്തിലാണ് അവരെ മടക്കിഅയച്ചത്. ഓഫീസിന് ഉള്ളിലേക്ക് കടത്താതെ മടക്കി അയച്ചിട്ടും എ.കെ.ജി സെന്റര്‍ സന്ദര്‍ശിച്ചു എന്ന തരത്തില്‍ എസ്.ഡി.പി.ഐ സ്വയം പ്രചരണം നടത്തുന്നത് മറ്റെന്തോ ഗൂഢ ലക്ഷ്യം ഉള്ളില്‍ വച്ചാണ്. അത്തരത്തില്‍ തെറ്റിദ്ധാരണ പരത്തി മുതലെടുക്കാനുള്ള ശ്രമം വിലപ്പോകില്ല- വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

സി.പിഎം ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയം ജനങ്ങള്‍ക്ക് പൂര്‍ണ്ണമായും വ്യക്തമാണെന്നിരിക്കെ ഇത്തരം ശ്രമങ്ങളെ അവജ്ഞയോടെ തള്ളിക്കളയും എന്ന് ഉറപ്പാണ്. ഒരു പരിശോധനയും കൂടാതെ ഇത്തരം പ്രചരണങ്ങള്‍ ഏറ്റെടുത്ത് വാര്‍ത്ത കൊടുക്കുന്ന മാധ്യമങ്ങള്‍ ഫലത്തില്‍ ഇത്തരക്കാരുടെ ദുരുദ്ദേശത്തെ പിന്തുണയ്ക്കുകയാണ് ചെയ്യുന്നതെന്നും സംസ്ഥാന കമ്മിറ്റി ഓഫീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ