കേരളം

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ കോവിഡ് കേസുകള്‍ ഉയരുന്നു; രാജ്യത്തെ പുതിയ രോഗികളില്‍ 31 ശതമാനവും കേരളത്തിലെന്ന് കേന്ദ്രം; ജാഗ്രതാ നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ കോവിഡ് കേസുകള്‍ ഉയരുന്നു. എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് കോവിഡ് കേസുകള്‍ കൂടുന്നത്. ഈ ജില്ലകള്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. സംസ്ഥാനത്താകെ ഇന്നലെ 1465 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതല്‍ രോഗികള്‍ എറണാകുളം ജില്ലയിലാണ്. സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്നവരില്‍ മൂന്നിലൊരാള്‍ എറണാകുളം ജില്ലയില്‍ നിന്നാണെന്നാണ് കണക്കുകള്‍ നല്‍കുന്ന സൂചന.

എല്ലാവരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കുക

സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികള്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം വിലയിരുത്തി. കോവിഡ് കേസുകള്‍ ചെറുതായി ഉയര്‍ന്നെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി പറഞ്ഞു. എല്ലാവരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കുക. കിടപ്പ് രോഗികള്‍, വയോജനങ്ങള്‍ എന്നിവരെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം. രണ്ടാം ഡോസ് വാക്സിന്‍ എടുക്കാനുള്ളവരും മുന്‍കരുതല്‍ ഡോസ് എടുക്കാനുള്ളവരും അതെടുക്കേണ്ടതാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ബന്ധമായും കരുതൽ ഡോസ് എടുക്കണം. 

കോവിഡ് രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ ഉടന്‍ ചികിത്സ തേടണം

കോവിഡ് കുറഞ്ഞതോടെ പലരും രണ്ടാം ഡോസ് വാക്സിനും കരുതൽ ഡോസും എടുക്കാന്‍ വിമുഖത കാണിക്കുന്നുണ്ട്.  രണ്ട് ഡോസ് വാക്സിനും കരുതൽ ഡോസും കൃത്യമായ ഇടവേളകളില്‍ എടുത്താല്‍ മാത്രമേ ഫലം ലഭിക്കൂ. കോവിഡ് മരണം സംഭവിക്കുന്നവരില്‍ വാക്സിനെടുക്കാത്തവരുടെയും അനുബന്ധ രോഗങ്ങളുള്ളവരുടേയും എണ്ണം കൂടുതലായി കാണുന്നു. അനുബന്ധ രോഗങ്ങളുള്ളവര്‍ക്ക് കോവിഡ് രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ ഉടന്‍ തന്നെ കോവിഡ് പരിശോധന നടത്തി ചികിത്സ തേടേണ്ടതാണെന്നും മന്ത്രി നിർദേശിച്ചു. 

15 മുതല്‍ 17 വയസുവരെയുള്ള 83 ശതമാനം കുട്ടികള്‍ക്ക് ആദ്യ ഡോസും 55 ശതമാനം കുട്ടികള്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. 12 മുതല്‍ 14 വയസുവരെയുള്ള 54 ശതമാനം കുട്ടികള്‍ക്ക് ആദ്യ ഡോസ് വാക്സിനും 15 ശതമാനം കുട്ടികള്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. വാക്സിന്‍ എടുക്കാത്തവരുടെ കണക്ക് ശേഖരിക്കാനും വാക്സിന്‍ എടുക്കുന്നു എന്നുറപ്പാക്കാനും ഫീല്‍ഡ് വര്‍ക്കര്‍മാരെ ചുമതലപ്പെടുത്തും. പകര്‍ച്ചവ്യാധികള്‍ക്കെതിരേയും പ്രത്യേകിച്ച് നിപ വൈറസിനെതിരേയും പേ വിഷബാധയ്ക്കെതിരേയും ജാഗ്രത വേണമെന്നും മന്ത്രി പറഞ്ഞു.

11 ജില്ലകളിലും കോവിഡ് കേസുകള്‍ വർധിക്കുന്നു

അതേസമയം, കേരളത്തിലെ 11 ജില്ലകളിലും കോവിഡ് കേസുകള്‍ വർധിക്കുകയാണെന്നും സർക്കാർ ശക്തമായ ഇടപെടൽ നടത്തണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. പാലക്കാട്, കാസർകോട്, തൃശൂർ ഒഴികെയുള്ള എല്ലാ ജില്ലകളിലും കോവിഡ് കേസുകൾ കൂടുകയാണെന്ന് കേന്ദ്രത്തിന്റെ കത്തിൽ പറയുന്നു. രാജ്യത്തെ പുതിയ കോവിഡ് കേസുകളിൽ 31.14 ശതമാനവും കേരളത്തിലാണ്.  കേരളത്തിന്റെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.2 ശതമാനത്തിൽനിന്നും 7.8 ശതമാനമായി ഉയർന്നു. കോവിഡ് കേസുകൾ തടയാൻ പുറത്തിറക്കിയ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. 

സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ്

കേരളം കൂടാതെ തമിഴ്‍നാട്, മഹാരാഷ്ട്ര, തെലങ്കാന, കർണാടക സംസ്ഥാനങ്ങളിലും പോസിറ്റിവിറ്റി നിരക്ക് കൂടി.  ഇത് കണക്കിലെടുത്ത് ജാഗ്രത കൂട്ടാൻ കേന്ദ്രം കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പരിശോധനകളുടെ എണ്ണം കൂട്ടി, രോഗം സ്ഥിരീകരിച്ചവരുടെ ക്വാറന്റൈൻ ഉറപ്പാക്കാനാണ് സംസ്ഥാനങ്ങളോട് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ മാസ്‍ക് ഉറപ്പാക്കാനും സാമൂഹിക അകലം ഉൾപ്പെടയുള്ള മാഗനിർദേശങ്ങൾ കർശനമാക്കാനും കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, അന്വേഷണം

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല, തെരച്ചില്‍ തുടരുന്നു