കേരളം

ആദ്യം സ്ഥാനാര്‍ത്ഥി, 'ചിഹ്നം' പിന്നീട്; തൃക്കാക്കരയില്‍ സസ്‌പെന്‍സ് തുടര്‍ന്ന് സിപിഎം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ത്ഥി ആരെന്നതില്‍ സസ്‌പെന്‍സ് തുടരുന്നു. സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചിട്ടില്ലെന്ന് ഇന്നുരാവിലെയും മന്ത്രി പി രാജീവ് ആവര്‍ത്തിച്ചു. ഇന്നലെ നടന്നത് പ്രചാരണത്തെക്കുറിച്ചുള്ള ചര്‍ച്ച മാത്രമാണ്. സ്ഥാനാര്‍ത്ഥി ചര്‍ച്ചകളിലേക്ക് കടന്നിട്ടേയുള്ളൂവെന്നും രാജീവ് മാധ്യമങ്ങളോട് പറഞ്ഞു. 

സ്ഥാനാര്‍ത്ഥി സംബന്ധിച്ച് മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തയില്‍ പാര്‍ട്ടിക്ക് ഒരു ഉത്തരവാദിത്തവുമില്ല. സ്ഥാനാര്‍ത്ഥിയെക്കുറിച്ച് ആലോചന നടക്കുകയാണ്. കഴിയാവുന്നത്ര നേരത്തെ പ്രഖ്യാപിക്കും. സ്ഥാനാര്‍ത്ഥി സംബന്ധിച്ച് പാര്‍ട്ടിയില്‍ ധാരണയായാല്‍ ഇടതുമുന്നണിയില്‍ ആലോചിച്ചശേഷമാകും പ്രഖ്യാപനമുണ്ടാകുക. 

ഇടതുമുന്നണി വികസനം തന്നെയാണ് മുന്നോട്ടുവെക്കുന്നത്. നാലുവര്‍ഷം നഷ്ടപ്പെടുത്തണോ എന്നാണ് എല്‍ഡിഎഫ് ചോദിക്കുന്നത്. കെ-റെയില്‍ വന്നാല്‍ തൃക്കാക്കര കേരളത്തിന്റെ ഹൃദയമായി മാറും. വികസനരാഷ്ട്രീയവുമായി ബന്ധപ്പെട്ട് എല്ലാ പാര്‍ട്ടികളില്‍ നിന്നും പിന്തുണയുണ്ടാകും. വരുന്ന എല്ലാവരേയും വികസനരാഷ്ട്രീയവുമായി ബന്ധപ്പെട്ട് സഹകരിപ്പിക്കുകയും ചെയ്യുമെന്നും രാജീവ് പറഞ്ഞു.

വികസനരാഷ്ട്രീയത്തിനൊപ്പം ഇടതുപക്ഷ രാഷ്ട്രീയത്തിനൊപ്പവും നില്‍ക്കാന്‍ കഴിയുന്ന എല്ലാ പാര്‍ട്ടിയില്‍ നിന്നു വരുന്നവരുടേയും പിന്തുണയും സഹായവും സ്വീകരിക്കും. സഹകരിപ്പിക്കുകയും ചെയ്യും. തൃക്കാക്കരയില്‍ പാര്‍ട്ടി ചിഹ്നത്തിലുള്ള സ്ഥാനാര്‍ത്ഥിയാണോ, സ്വതന്ത്രനാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ  ചോദ്യത്തിന്, ആദ്യം സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കട്ടെ എന്നായിരുന്നു മന്ത്രിയുടെ മറുപടി. 

ആദ്യം സ്ഥാനാര്‍ത്ഥി, പിന്നെ ചിഹ്നം. അങ്ങനെയാണല്ലോ എന്നും മന്ത്രി രാജീവ് ചോദിച്ചു. അരുണ്‍കുമാറിനായി ചുവരെഴുത്ത് തുടങ്ങിയതിനെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന്, എഴുതിയ പേര് മായ്ക്കണോയെന്ന് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമ്പോള്‍ അറിയാമെന്നും അദ്ദേഹം പറഞ്ഞു.സ്ഥാനാര്‍ത്ഥി എല്ലാവര്‍ക്കും സ്വീകാര്യനായിരിക്കും.  പൊതു സ്വതന്ത്രനായിരിക്കുമോ എന്ന ചോദ്യത്തിന് 'നോക്കാം' എന്നായിരുന്നു മറുപടി. 

പാര്‍ട്ടി പ്രഖ്യാപിക്കാതെ സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ച മാധ്യമങ്ങള്‍ വിശ്വാസ്യത നഷ്ടപ്പെടുത്തി. സാധാരണ പ്രേക്ഷകര്‍ ഇത് പാര്‍ട്ടി തീരുമാനമാണെന്ന് കരുതി. ആശയക്കുഴപ്പം ഉണ്ടാക്കിയത് മാധ്യമങ്ങളാണ് എന്നും അദ്ദേഹം പറഞ്ഞു.  ഇടതുമുന്നണി പ്രവര്‍ത്തകര്‍ വളരെ ജാഗരൂകരാണെന്നും, ഏതു നിമിഷത്തിലും തെരഞ്ഞെടുപ്പിന്റെ ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കാന്‍ സജ്ജരാണെന്നും മന്ത്രി പി രാജീവ് പറഞ്ഞു. 

സിപിഎം ജില്ലാ കമ്മിറ്റി അംഗവും ഹൈക്കോടതി അഭിഭാഷകനുമായ കെ എസ് അരുണ്‍കുമാറിനെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചു എന്നായിരുന്നു ഇന്നലെ വാര്‍ത്തകള്‍ വന്നത്. എന്നാല്‍ ഇതിനു പിന്നാലെ സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചിട്ടില്ലെന്ന് വ്യക്തമാക്കി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനും മന്ത്രി പി രാജീവും രംഗത്തെത്തുകയായിരുന്നു.

അന്തരിച്ച എംഎല്‍എ പി ടി തോമസിന്റെ പത്‌നി ഉമ തോമസിനെ യുഡിഎഫ് കളത്തിലിറക്കിയതോടെ മണ്ഡലത്തില്‍ നിര്‍ണായകമായ ക്രൈസ്തവ വോട്ടുകള്‍ ഇടതിന് അനുകൂലമാക്കാന്‍ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥി വേണമോ എന്ന അവസാന വട്ട ആലോചനയിലാണ് സിപിഎം നേതൃത്വമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്