കേരളം

കഴുത്ത് ഞെരിഞ്ഞു, അടിവയറ്റില്‍ ചവിട്ടേറ്റ ക്ഷതം; പ്ലീഹ ചുരുങ്ങി പൊട്ടി; യുവസംവിധായകയുടെ മരണം കൊലപാതകം?; ദുരൂഹതയേറ്റി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: യുവസംവിധായിക നയനസൂര്യയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചന. കഴുത്ത് ഞെരിഞ്ഞാണ് മരണം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. അടിവയറ്റില്‍ മര്‍ദ്ദനമേറ്റതായും പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തി. ഇതോടെ കേസില്‍ തുടരന്വേഷണത്തിന് സാധ്യതയേറി. 

കഴുത്തിനു ചുറ്റും ഉരഞ്ഞതുപോലെ നിരവധി മുറിവുകളുണ്ട്. 31.5 സെന്റീമീറ്റര്‍ വരെ നീളമുള്ള മുറിവുണ്ട്. ഇടത്തെ അടിവയറ്റില്‍ ചവിട്ടേറ്റതുപോലുള്ള ക്ഷതമുണ്ട്. ഇതിന്റെ ആഘാതത്തില്‍ ആന്തരീകാവയവങ്ങളില്‍ രക്തസ്രാവമുണ്ടായി. ക്ഷതമേറ്റ് പാന്‍ക്രിയാസ്, വൃക്ക എന്നീ അവയവങ്ങളില്‍ രക്തസ്രാവമുണ്ടായി. പ്ലീഹ ചുരുങ്ങുകയും പൊട്ടുകയും ചെയ്തിട്ടുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

മൂന്നു വര്‍ഷം മുമ്പ്, 2019 ഫെബ്രുവരി 24 നാണ് യുവസംവിധായിക നയനാസൂര്യ (28)യെ തിരുവനന്തപുരം ആല്‍ത്തറ നഗറിലെ വാടക വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊല്ലം അഴീക്കല്‍ സൂര്യന്‍പുരയിടത്തില്‍ ദിനേശന്റെയും ഷീലയുടെയും മകളാണ്. പത്തുവര്‍ഷത്തോളം സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സഹസംവിധായികയായിരുന്നു നയന. 

'ക്രോസ് റോഡ്' എന്ന ആന്തോളജി സിനിമയില്‍ 'പക്ഷികളുടെ മണം' എന്ന സിനിമ സംവിധാനം ചെയ്തത് നയനയാണ്. ഒട്ടേറെ പരസ്യചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്. ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരേ നടന്ന പ്രക്ഷോഭങ്ങളുടെ മുന്‍നിരയിലും നയന ഉണ്ടായിരുന്നു. ലെനിന്‍ രാജേന്ദ്രന്‍ മരിച്ച് ഒരു മാസം കഴിഞ്ഞപ്പോഴാണ് നയന മരിക്കുന്നത്. 

ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചെത്തിയ സുഹൃത്തുക്കളാണ് മുറിക്കുള്ളില്‍ മരിച്ചനിലയില്‍ നയനയെ കാണുന്നത്. വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്ന നയന ജീവനൊടുക്കിയതാണെന്നായിരുന്നു അന്ന് വാര്‍ത്തകള്‍ പ്രചരിച്ചത്. പ്രമേഹരോഗിയായ നയന ഷുഗര്‍ താഴ്ന്ന അവസ്ഥയില്‍ മുറിക്കുള്ളില്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു എന്നാണ് പൊലീസ് പറഞ്ഞത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സുഹൃത്തുക്കള്‍ പരാതിയുമായി വീണ്ടും രംഗത്തെത്തിയതോടെയാണ് കേസ് വീണ്ടും ചര്‍ച്ചയാകുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ