കേരളം

'മായമുണ്ടായിരുന്നു, തെളിവുണ്ട്': ചിഞ്ചുറാണി; റിപ്പോര്‍ട്ട് കിട്ടിയില്ലെന്ന് വീണാ ജോര്‍ജ്; പാല്‍ പരിശോധനയില്‍ തര്‍ക്കം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആര്യങ്കാവില്‍ പിടിച്ച പാലില്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് സാന്നിധ്യമില്ലെന്ന റിപ്പോര്‍ട്ടില്‍  ഭക്ഷ്യ സുരക്ഷാ വകുപ്പിന് എതിരെ ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി. റിപ്പോര്‍ട്ട് വൈകിയതിന് മറുപടി പറയേണ്ടത് ഭക്ഷ്യ സുരക്ഷാവകുപ്പാണ്. ക്ഷീരവകുപ്പിന്റെ പരിശോധനയില്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് കണ്ടെത്തി. കൃത്യമായ റിപ്പോര്‍ട്ട് ക്ഷീരവകുപ്പിന്റെ കൈവശമുണ്ട്. ലഭ്യമായ വിവരങ്ങള്‍ ഭക്ഷ്യ സുരക്ഷാവകുപ്പിന് കൈമാറി. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ വൈകിയതിനാലാകാം രാസവസ്തു കണ്ടെത്താന്‍ കഴിയാതിരുന്നത്. ടെസ്റ്റ് നടത്തി റിസള്‍ട്ട് പറയേണ്ട ഉത്തരവാദിത്തം ഭക്ഷ്യസുരക്ഷാ വകുപ്പിനാണ്. ഞങ്ങള്‍ക്ക് ആ റിപ്പോര്‍ട്ട് തരണമെന്നാണ് ആവശ്യപ്പെടുന്നത്.- മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. 

ആറുമണിക്കൂറില്‍ പരിശോധന നടത്തിയാല്‍ മാത്രമേ ഹൈഡ്രജന്‍ പെറോക്‌സൈഡ് കണ്ടെത്താന്‍ സാധിക്കുള്ളു. അത് കഴിഞ്ഞാല്‍ അത് ഓക്‌സിജനായി മാറും.  ആരോഗ്യവകുപ്പ് ചെയ്യുന്നതുപോലെ പരിശോധന നടത്താന്‍ അധികാരം തന്നാല്‍ അപ്പോള്‍ തന്നെ മായംകലര്‍ന്ന പാല്‍ പിടികൂടാന്‍ സാധിക്കും. ഇത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്ത് കൈമാറി. 

അതേസമയം, പരിശോധന റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പരിശോധനയില്‍ വ്യത്യാസമുണ്ടെങ്കില്‍ അത് അന്വേഷിക്കാം. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കൃത്യമായി നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാം. പക്ഷേ വകുപ്പിലേക്ക് ഇതുവരെ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല.-വീണാ ജോര്‍ജ് പറഞ്ഞു. 

കേന്ദ്രനിയമത്തിന് അനുസരിച്ചാണ് സാമ്പിളുകളുടെ പരിശോധന ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തുന്നത്. സംസ്ഥാനം രൂപീകരിച്ച നിയമമല്ല. എല്ലാ വകുപ്പുകളുടെയും സംയുക്തമായ ഇടപെടല്‍ ഇക്കാര്യത്തില്‍ വളരെ അനിവാര്യമാണ്. മറ്റു വവകുപ്പുകളുടെ സഹകരണം ഉറപ്പാക്കാന്‍ എന്താണ് വേണ്ടതെന്ന് പരിശോധിക്കാം. നിയമത്തില്‍ മാറ്റം വരുത്താന്‍ കേന്ദ്രത്തോട് ആവശ്യപ്പെടണമെങ്കില്‍ അതും ചെയ്യാമെന്നും മന്ത്രി പറഞ്ഞു.

തമിഴ്‌നാട്ടില്‍ നിന്ന് ആര്യങ്കാവിലെത്തിയ 15,300 ലിറ്റര്‍ പാല്‍ സംഭരിച്ച ടാങ്കര്‍ ലോറി അഞ്ചു ദിവസം മുന്‍പാണ് ക്ഷീര വികസന വകുപ്പ് കസ്റ്റഡിലെടുത്തത്. പരിശോധനയില്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് കണ്ടെത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ലോറി തടഞ്ഞുവെച്ചത്. എന്നാല്‍, തിരുവനന്തപുരത്തെ ലാബില്‍ നടത്തിയ പരിശോധനയില്‍ രാസവസ്തുവിന്റെ സാന്നിധ്യമില്ലെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം റിപ്പോര്‍ട്ട് നല്‍കി. ടാങ്കര്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഉടമ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് മന്ത്രിമാരുടെ പ്രതികരണം. 

ഈ വാര്‍ത്ത കൂടി വായിക്കൂ  പാലില്‍ മായം കണ്ടെത്താനായില്ല; ആര്യങ്കാവില്‍ പിടികൂടിയ 15,300 ലിറ്റര്‍ അഞ്ചുദിവസമായി പൊലീസ് കസ്റ്റഡിയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ