കേരളം

സൈബി ജോസ് ഹാജരായ കേസ്; പ്രതികൾക്ക് ജാമ്യം നൽകിയത് ഇരയുടെ ഭാഗം കേൾക്കാതെ; ജാമ്യ ഉത്തരവ് തിരിച്ച് വിളിച്ച് ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; കൈക്കൂലി കേസിൽ അന്വേഷണം നേരിടുന്ന അഡ്വക്കേറ്റ് സൈബി ജോസ് ഹാജരായ കേസിൽ പ്രതികളുടെ ജാമ്യ ഉത്തരവ് തിരിച്ച് വിളിച്ച് ഹൈക്കോടതി. ഇരയുടെ ഭാഗം കേൾക്കാതെ പ്രതികൾക്ക് ജാമ്യം നൽകിയതിൽ വീഴ്ച പറ്റിയെന്ന വിലയിരുത്തിയാണ് ജസ്റ്റിസ് സിയാദ് റഹ്മാന്റെ നടപടിയെന്ന്
ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. നോട്ടീസ് ലഭിച്ചിട്ടും ഇര ഹാജരായില്ല എന്ന് കോടതിയെ ധരിപ്പിച്ചാണ് ജാമ്യം നേടിയത്. 

അനുകൂല വിധി വാങ്ങി നൽകാം എന്ന് കക്ഷികളെ ധരിപ്പിച്ച് ജസ്റ്റിസ് സിയാദ് റഹ്മാൻ അടക്കം 3 ജഡ്ജിമാരുടെ പേരിൽ  കൈക്കൂലി വാങ്ങിയ സംഭവത്തിലാണ് അഭിഭാഷകനായ സൈബി ജോസിനെതിരെ അന്വേഷണം നടക്കുന്നത്. അതിനിടെയാണ് പത്തനംതിട്ട സ്വദേശി ബാബു ഹൈക്കോടതിയെ സമീപിച്ചത്. പട്ടികജാതി പട്ടികവർഗ്ഗ പീഡന നിരോധന നിയമപ്രകാരം റാന്നി പൊലീസ് എടുത്ത കേസിൽ പ്രതികളായ ബൈജു സെബാസ്റ്റ്യൻ, ജിജോ വർഗീസ് എന്നീവർക്ക് ജാമ്യം നൽകിയത് ഇരയായ തന്റെ വാദം കേൾക്കാതെ ആണെന്നായിരുന്നു പരാതി. 

പ്രതികൾക്ക് വേണ്ടി സൈബി ജോസ് കിടങ്ങൂർ ആയിരുന്നു അന്ന് ഹാജരായതെന്നും നോട്ടീസ് ലഭിക്കാത്തത് സംശയാസ്പദമാണെന്നും കോടതിയെ അറിയിച്ചു.തുടർന്നാണ് ജസ്റ്റിസ് സിയാദ് റഹ്മാൻ 2022 ഏപ്രിൽ 29 ൽ താൻ പുറപ്പെടുവിച്ച ഉത്തരവ് പുനപരിശോധിച്ചത്. പ്രതികളുടെ ജാമ്യ ഹർജി വന്നതിന് പിന്നാലെ വാദി ഭാഗത്തിന് നോട്ടീസ് നൽകാൻ കോടതി ഉത്തരവിട്ടിരുന്നു. റാന്നി എസ് എച്ച് ഒയ്ക്ക് ആയിരുന്നു നിർദ്ദേശം. എന്നാൽ കേസ് പരിഗണിച്ചപ്പോൾ ഇരയുടെ വാദത്തിനായി അഭിഭാഷകർ ഉണ്ടായിരുന്നില്ല. കോടതി ഇക്കാര്യം ആരാഞ്ഞപ്പോൾ നോട്ടീസ് നൽകിയിരുന്നു എന്നായിരുന്നു പ്രോസിക്യൂഷൻ മറുപടി. എന്നാൽ നോട്ടീസ് നൽകിയിരുന്നില്ല എന്ന് കോടതിക്ക് ബോധ്യമായി.

ഇരയുടെ വാദം കേൾക്കാതെ പ്രതികൾക്ക് ജാമ്യം നൽകിയത് സുപ്രീംകോടതിയുടെ മുൻ ഉത്തരവുകളുടെ ലംഘനമാണെന്നും കോടതി വിലയിരുത്തി. ഒരു വർഷം മുൻപ് നൽകിയ ജാമ്യ ഹർജി വീണ്ടും കോടതിയുടെ പരിഗണനയ്ക്ക് കൊണ്ടുവരാനും ജസ്റ്റിസ് സിയാദ് റഹ്മാൻ നിർദ്ദേശിച്ചിട്ടുണ്ട്. നോട്ടീസ് നൽകുന്നതിൽ അട്ടിമറി ഉണ്ടായോ എന്ന് കോടതി പരിശോധിക്കണമെന്നാണ് പരാതിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാഹുല്‍ഗാന്ധി റായ്ബറേലിയിലേക്ക്; 11 മണിക്ക് പത്രിക സമര്‍പ്പിക്കും; റോഡ് ഷോ

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല

വയറുവേദനയുമായെത്തി; യുവതിയുടെ വയറ്റില്‍ നിന്ന് പത്തുകിലോഗ്രാമിലേറെ ഭാരമുള്ള മുഴ നീക്കം ചെയ്തു

സ്വര്‍ണവിലയില്‍ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 400 രൂപ; 53,000ല്‍ താഴെ