കേരളം

ഉമ്മന്‍ ചാണ്ടിയില്ലാത്ത കേരളം; ജനനായകന്‍ ഇനി ഹൃദയങ്ങളില്‍

സമകാലിക മലയാളം ഡെസ്ക്

കോട്ടയം:  ജനലക്ഷങ്ങളുടെ കണ്ണീരില്‍ കുതിര്‍ന്ന യാത്രയയപ്പ് ഏറ്റുവാങ്ങി ജനനായകന്‍ യാത്രയായി, ഉമ്മന്‍ ചാണ്ടി ഇനി ദീപ്ത സ്മരണ. 'കണ്ണേ കരളേ കുഞ്ഞൂഞ്ഞേ'... തൊണ്ടയിടറുന്ന മുദ്രാവാക്യം വിളികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പുതുപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയിലായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകള്‍ നടന്നത്. സംസ്‌കാര ചടങ്ങുകള്‍ക്ക് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിച്ചു. എത്ര തിരക്കുണ്ടെങ്കിലും എല്ലാ ഞായറാഴ്ചയും മുടങ്ങാതെ എത്തിയിരുന്ന പുതുപ്പള്ളി പള്ളിയിലേക്കുള്ള ഉമ്മന്‍ ചാണ്ടിയുടെ അവസാന യാത്രയില്‍ പതിനായിരങ്ങളാണ് നിറകണ്ണുകളോടെ അകമ്പടി സേവിച്ചത്. 

ആയിരക്കണക്കിന് ആളുകളുടെ പരാതികള്‍ക്ക് പരിഹാരം കണ്ട തറവാട്ടു വീട്ടിലും നിര്‍മാണത്തിലിരിക്കുന്ന പുതിയ വീട്ടിലും പൊതുദര്‍ശനവും പ്രാര്‍ഥനയും കഴിഞ്ഞശേഷമാണ് പള്ളിയിലേക്കുള്ള വിലാപ യാത്ര ആരംഭിച്ചത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ ഉള്ളവര്‍ വിലാപ യാത്രയില്‍ പങ്കെടുത്തു.

ജനലക്ഷങ്ങളുടെ സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങിയാണ് ഉമ്മന്‍ചാണ്ടി തന്റെ സ്വന്തം പുതുപ്പള്ളിയിലെത്തിയത്. ഇതിന് മുന്‍പ് കോട്ടയം തിരുനക്കര മൈതാനിയിലാണ് മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചത്. പൊരിവെയിലിലും അണമുറിയാത്ത ജനപ്രവഹമാണ് തിരുനക്കര മൈതാനിയിലേക്ക് ഒഴുകിയെത്തിയത്. മുദ്രാവാക്യം വിളികളുമായി പതിനായിരങ്ങള്‍ പ്രിയ നേതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഇവിടേക്ക് എത്തി. 

തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസില്‍നിന്ന് ആരംഭിച്ച്, 28 മണിക്കൂര്‍ പിന്നിട്ടാണ് യാത്ര തിരുനക്കരയില്‍ എത്തിയത്. മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ് തുടങ്ങിയ സിനിമാതാരങ്ങളും, മന്ത്രിമാര്‍, രാഷ്ട്രീയ രംഗത്തെ മറ്റു പ്രമുഖരടക്കം പതിനായിരക്കണക്കിന് ആളുകളാണ് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസ്, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ എന്നിവര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തി. 

തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി ഹൗസില്‍നിന്ന് ഇന്നലെ രാവിലെ ഏഴേകാലോടെ ആരംഭിച്ച വിലാപയാത്ര, ഇരുപത്തിരണ്ടര മണിക്കൂറോളം എടുത്താണ് കോട്ടയം ജില്ലയില്‍ പ്രവേശിച്ചത്. അര്‍ധരാത്രി കഴിഞ്ഞിട്ടും കത്തിച്ച മെഴുകുതിരിയുമായി വഴിയോരത്ത് ആയിരങ്ങളാണ് ജനനേതാവിനെ അവസാനമായി ഒരുനോക്കുകാണാന്‍ കാത്തുനിന്നത്. 

തിരുവനന്തപുരത്തുനിന്ന് ഉച്ചയ്ക്ക് മൂന്നു മണിയോടെ കൊല്ലം ജില്ലയില്‍ പ്രവേശിച്ച യാത്ര, രാത്രി എട്ടരയോടെയാണ് പത്തനംതിട്ട ജില്ലയിലെ ഏനാത്തേക്കു കടന്നത്.  വിലാപയാത്ര തിരുവനന്തപുരം നഗരത്തിനു പുറത്തു കടക്കാന്‍ മണിക്കൂറുകളെടുത്തു. 3.20 നു കൊല്ലം ജില്ലയില്‍ കടന്നപ്പോള്‍ നിലമേലില്‍ വന്‍ജനക്കൂട്ടം വരവേറ്റു. കൊട്ടാരക്കരയില്‍ ചൊവ്വാഴ്ച മുതല്‍ സര്‍വമത പ്രാര്‍ഥനയുമായി കാത്തിരുന്ന നാട്ടുകാര്‍ വിലാപയാത്രയെത്തിയപ്പോള്‍ വാഹനം പൊതിഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ കനക്കും, ഇടി മിന്നൽ സാധ്യത; ആറ് ജില്ലകളിൽ യെല്ലോ

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം