പ്രതിപക്ഷം സഭയ്ക്ക് പുറത്ത് പ്രതിഷേധിക്കുന്നു
പ്രതിപക്ഷം സഭയ്ക്ക് പുറത്ത് പ്രതിഷേധിക്കുന്നു വീഡിയോ ദൃശ്യത്തിൽ നിന്ന്
കേരളം

മാസപ്പടി: അടിയന്തര പ്രമേയത്തിന് അനുമതിയില്ല; പ്രതിഷേധിച്ച് പ്രതിപക്ഷം, ഇറങ്ങിപ്പോക്ക്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മാസപ്പടി വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. കോണ്‍ഗ്രസിന്റെ മാത്യു കുഴല്‍നാടനാണ് പ്രമേയ നോട്ടീസ് നല്‍കിയത്. അന്വേഷണം നടക്കുന്നതിനാല്‍ പ്രമേയത്തിന് അനുമതി നല്‍കാനാവില്ലെന്ന് സ്പീക്കര്‍ അറിയിക്കുകയായിരുന്നു.

മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ കമ്പനി പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ഐഡിസിക്ക് പങ്കാളിത്തമുള്ള സിഎംആര്‍എല്‍ കമ്പനിയില്‍നിന്നും നല്‍കാത്ത സേവനങ്ങള്‍ക്ക് പണം കൈപ്പറ്റി എന്ന ഇന്‍കം ടാക്‌സ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെയും ആര്‍ഒസിയുടെയും ഗുരുതരമായ കണ്ടെത്തലുകളും സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസിന്റെ അന്വേഷണവും സംബന്ധിച്ച് നിയമസഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാണ് അടിയന്തര പ്രമേയ നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നത്.

സ്പീക്കര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്ലക്കാഡുകളും ബാനറുകളുമായി സഭയുടെ നടുത്തളത്തിലിറങ്ങി. സ്പീക്കറുടെ ചേംബറിന് മുന്നിലും പ്രതിപക്ഷം പ്രതിഷേധിച്ചു. നിയമസഭയില്‍ ചോദ്യോത്തര വേള തുടങ്ങിയതിന് പിന്നാലെയാണ് അടിയന്തര പ്രമേയം കൊണ്ടുവന്നത്. ഈ സമയം മുഖ്യമന്ത്രി സഭയില്‍ ഉണ്ടായിരുന്നില്ല. അടിയന്തര പ്രമേയത്തിന്റെ നോട്ടീസിനുപോലും അനുമതി നല്‍കാത്ത അസാധാരണ നടപടിയാണുണ്ടായതെന്ന് പ്രതിപക്ഷം ആരോപിച്ചു.

മുഖ്യമന്ത്രി രാജിവെക്കണമെന്നും സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. നിയമസഭയിൽ നിന്നും മുഖ്യമന്ത്രി ഒളിച്ചോടി. ഗുരുതരമായ ആരോപണങ്ങളാണ് മുഖ്യമന്ത്രിയെയും കുടുംബത്തിനെയും സംബന്ധിച്ച് പുറത്തുവന്നത്. രണ്ടു പ്രധാനപ്പെട്ട സ്ഥാപനങ്ങളുടെ റിപ്പോർട്ടുകളാണ് പുറത്തുവന്നത്. ആരോപണങ്ങളിൽ മുഖ്യമന്ത്രിക്ക് മറുപടിയില്ല. പ്രതിപക്ഷമല്ല ഭരണപക്ഷമാണ് സഭാ നടപടികളെ തടസപ്പെടുത്തിയത്. പ്രതിപക്ഷത്തിന്റെ എല്ലാ ആവശ്യങ്ങളെയും അടിച്ചമർത്തുന്നു. മുഖ്യമന്ത്രി നടത്തിക്കൊണ്ടിരിക്കുന്നത് ആർത്തി പ്രഭാഷണങ്ങളാണെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വിമര്‍ശനങ്ങള്‍ക്കു സ്വാഗതം, ഒരാള്‍ക്കും ഒരു പ്രത്യേക പരിഗണനയും ഇല്ല'

ജല അതോറിറ്റി കുഴിച്ച കുഴിയില്‍ വീണു; ഇരുചക്ര വാഹനയാത്രക്കാരന്‍ മരിച്ചു

'ഡോക്ടര്‍ മാപ്പുപറഞ്ഞു; ഇനി ഒരു കുട്ടിക്കും ഈ ഗതിവരരുത്; നിയമനടപടിയുമായി മുന്നോട്ടുപോകും'

സുനില്‍ ഛേത്രി; ഫുട്‌ബോളിലെ 'ഇന്ത്യന്‍ ഹൃദയ താളം'

കാറിനുള്ളില്‍ കുട്ടിയെ മറന്നുവെച്ച് കല്യാണത്തിന് പോയി, മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം