നയാസ്
നയാസ് ടിവി ദൃശ്യം
കേരളം

വീട്ടിലെ പ്രസവത്തിനിടെ മരണം; ഭര്‍ത്താവിനെതിരെ നരഹത്യാകുറ്റം, നയാസ് കസ്റ്റഡിയില്‍, ഗുരുതര കുറ്റകൃത്യമെന്ന് മന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കാരയ്ക്കാമണ്ഡപത്ത് വീട്ടില്‍ പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് നയാസിനെതിരെ നരഹത്യാകുറ്റം ചുമത്തും. അക്യുപങ്ചര്‍ ചികിത്സ നല്‍കിയ ബീമാപള്ളിയില്‍ ക്ലിനിക് നടത്തുന്ന വെഞ്ഞാറമൂട് സ്വദേശി ശിഹാബിനെ പ്രതിയാക്കണമോ എന്ന കാര്യത്തില്‍ അന്വേഷണത്തിന് ശേഷം തീരുമാനിക്കുമെന്ന് പൊലീസ് പറഞ്ഞു. ഗുരുതര കുറ്റകൃതമാണ് സംഭവിച്ചിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്ത നേമം പൊലീസ് അന്വേഷണം ആരംഭിച്ചു.

അതിനിടെ പൂന്തുറ സ്വദേശി നയാസിനെതിരെ ഗുരുതര ആരോപണങ്ങളുമായി വാര്‍ഡ് കൗണ്‍സിലര്‍ ദീപിക രംഗത്തുവന്നു. ആദ്യത്തെ പ്രസവങ്ങള്‍ സിസേറിയന്‍ ആയതിനാല്‍ പല തവണ അപകട മുന്നറിയിപ്പു നല്‍കിയിട്ടും നയാസ് ഗൗനിച്ചില്ലെന്ന് ദീപിക ആരോപിച്ചു. യുട്യൂബ് നോക്കി സാധാരണ പ്രസവം നടത്താനാണ് ശ്രമമെന്ന് നയാസ് പറഞ്ഞതായും ദീപിക വെളിപ്പെടുത്തി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആധുനിക ചികിത്സ നല്‍കാതെ വീട്ടില്‍ പ്രസവിക്കാന്‍ ഭര്‍ത്താവ് നയാസ് ഷമീറയെ നിര്‍ബന്ധിച്ചതായി പൊലീസ് വെളിപ്പെടുത്തി. ചികിത്സ നല്‍കാന്‍ ആവശ്യപ്പെട്ട ആരോഗ്യ പ്രവര്‍ത്തകരോടു നയാസ് മോശമായി പെരുമാറിയെന്നും ആക്ഷേപമുണ്ട്. ഷമീറ ഇതിനു മുന്‍പ് രണ്ടു കുഞ്ഞുങ്ങള്‍ക്കു ജന്മം നല്‍കിയിരുന്നു. ഇതു രണ്ടും സിസേറിയനിലൂടെയായിരുന്നു. ഇതിനു പിന്നാലെ മൂന്നാമതും ഗര്‍ഭിണിയായപ്പോള്‍ ആധുനിക ചികിത്സ വേണ്ടെന്നും അക്യുപങ്ചര്‍ ചികിത്സ മതിയെന്നും ഭര്‍ത്താവ് നയാസാണ് തീരുമാനിച്ചതെന്നും പൊലീസ് പറയുന്നു.

അതേസമയം, നയാസിന്റെ രണ്ടാം ഭാര്യയാണ് ഷമീറ ബീവിയെന്ന് പൊലീസ് വെളിപ്പെടുത്തി. ഇയാളുടെ ആദ്യഭാര്യയിലെ മകള്‍ അക്യുപങ്ചര്‍ ചികിത്സ പഠിക്കുന്നുണ്ട്. ഷമീറ ബീവിയുടെ പ്രസവസമയത്ത് ഈ മകളും സ്ഥലത്തുണ്ടായിരുന്നതായാണ് വിവരം. ഇവര്‍ ഉള്‍പ്പെടെ പ്രസവസമയത്ത് സ്ഥലത്തുണ്ടായിരുന്ന ബന്ധുക്കള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇന്നലെ വൈകിട്ട് നേമം പഴയകാരയ്ക്കാമണ്ഡപത്തിനു സമീപം തിരുമംഗലം ലെയ്‌നിലാണ് സംഭവം. നാട്ടുകാരുമായി കാര്യമായ ബന്ധമില്ലാതെ മാസങ്ങളോളമായി ഇവര്‍ ഇവിടെ കഴിഞ്ഞുവരികയായിരുന്നു. പൂര്‍ണഗര്‍ഭിണിയായിട്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ആരോഗ്യ പ്രവര്‍ത്തകരെയും നേമം പൊലീസിനെയും റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളെയും വിവരമറിയിച്ചു. അവര്‍ ഇടപെട്ടെങ്കിലും ഇവര്‍ ആശുപത്രിയില്‍ പോകാന്‍ തയാറായില്ല. ഇന്നലെ പ്രസവവേദന അനുഭവപ്പെട്ടിട്ടും ആശുപത്രിയില്‍ പോയില്ല. ഇതിനിടെ അമിത രക്തസ്രാവമുണ്ടായതായും പൊലീസ് പറയുന്നു.

തുടര്‍ന്ന് ബോധരഹിതയായ ഇവരെ നാട്ടുകാര്‍ ഇടപെട്ട് കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മണിക്കൂറുകള്‍ക്കു മുന്‍പേ അമ്മയും കുഞ്ഞും മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. തുടര്‍ന്നു സ്ഥലത്തെത്തിയ പൊലീസ് ഭര്‍ത്താവ് നയാസിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്ന ബന്ധുക്കളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. രാത്രിയോടെ ഇവര്‍ താമസിച്ചിരുന്ന വാടക വീട് പൊലീസ് സീല്‍ ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

80ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ജെന്നിഫര്‍ ലോപസും ബെന്‍ അഫ്ലെക്കും വേര്‍പിരിയുന്നു: മാറി താമസിക്കാന്‍ പുതിയ വീട് അന്വേഷിച്ച് താരങ്ങള്‍

സിംഗപ്പൂരില്‍ വീണ്ടും കോവിഡ് വ്യാപനം, ഒരാഴ്ച കൊണ്ട് കേസുകള്‍ ഇരട്ടിയായി; മാസ്‌ക് ധരിക്കാന്‍ നിര്‍ദേശം

ഇത് അപ്പോൾ സെറ്റ് ആയിരുന്നല്ലേ! ഗുരുവായൂരമ്പല നടയിലിന്റെ രസകരമായ വീഡിയോയുമായി സംവിധായകൻ