റോഡിൽ മറ്റുള്ളവരുടെ തെറ്റായ പെരുമാറ്റം മുൻകൂട്ടി കാണണമെന്ന് മോട്ടോർ വാഹനവകുപ്പ്
റോഡിൽ മറ്റുള്ളവരുടെ തെറ്റായ പെരുമാറ്റം മുൻകൂട്ടി കാണണമെന്ന് മോട്ടോർ വാഹനവകുപ്പ് പ്രതീകാത്മക ചിത്രം
കേരളം

വളവില്‍ എതിര്‍ദിശയില്‍ നിന്ന് ഹോണ്‍ മുഴക്കാതെ വാഹനം വന്നാല്‍?, എന്താണ് ഡിഫന്‍സീവ് ഡ്രൈവിങ് രീതി?, മാര്‍ഗനിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: റോഡില്‍ എപ്പോള്‍ വേണമെങ്കിലും അപകടങ്ങള്‍ പ്രതീക്ഷിക്കാം. ഒരാള്‍ മോട്ടോര്‍ വാഹനനിയമം കൃത്യമായി പാലിച്ച് വാഹനം ഓടിച്ചത് കൊണ്ട് മാത്രം കാര്യമല്ല. മറ്റുള്ളവരും സമാനമായ നിലയില്‍ വാഹനം ഓടിച്ചാല്‍ മാത്രമേ അപകടങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കൂ. റോഡില്‍ മറ്റുള്ളവരുടെ തെറ്റായ പെരുമാറ്റം കൂടി മുന്‍കൂട്ടി കണ്ട് വാഹനം ഓടിക്കാന്‍ കഴിയുന്ന വിധം ഡ്രൈവിങ് രീതികളെ നിരന്തരമായി പരിഷ്‌കരിക്കണമെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് നിര്‍ദേശിക്കുന്നത്.

ഇതിനായി ഡിഫന്‍സീവ് ഡ്രൈവിങ് രീതി അവലംബിക്കണമെന്ന് മോട്ടോര്‍ വാഹനവകുപ്പിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു. റോഡ് നിയമങ്ങള്‍ക്കും ഡ്രൈവിങ്ങിന്റെ അടിസ്ഥാന തത്വങ്ങള്‍ക്കും അപ്പുറം റോഡിലെ മറ്റുള്ളവരുടെ തെറ്റായ പെരുമാറ്റം കൂടി മുന്‍കൂട്ടി കണ്ടുകൊണ്ട് , അവയെ കൂടി മറികടക്കാന്‍ കഴിയുന്ന വിധത്തില്‍ സ്വന്തം ഡ്രൈവിംഗ് രീതികളെ നിരന്തരമായി പരിഷ്‌കരിക്കുകയും കൂടുതല്‍ അപകടരഹിതമായ രീതികളിലേക്ക് സ്വയം മാറുകയും ചെയ്യുക എന്നതാണ് ഡിഫന്‍സീവ് ഡ്രൈവിംങ്ങിന്റെ അടിസ്ഥാനതത്വം. എന്താണ് ഡിഫന്‍സീവ് ഡ്രൈവിങ് എന്നും എങ്ങനെയാണ് ഇത് നടപ്പാക്കേണ്ടതെന്നും വിശദീകരിച്ച് കൊണ്ടാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ കുറിപ്പ്.

'നമ്മള്‍ ഒരു കൊടും വളവ് മറികടക്കാന്‍ ശ്രമിക്കുകയാണെന്നിരിക്കട്ടെ സ്വാഭാവികമായും ആ വളവിന്റെ അപ്പുറത്ത് ഒരു വാഹനം ഉണ്ടാകും എന്നുള്ള പ്രതീക്ഷയില്‍ ഫോണ്‍ മുഴക്കുക എന്നുള്ളതാണ് ആദ്യപടി. എന്നാല്‍ മറുഭാഗത്തുള്ള ഡ്രൈവര്‍ ഹോണ്‍ മുഴക്കിയില്ല എങ്കിലോ ? അവിടെ മറ്റു വാഹനങ്ങളില്ല എന്ന മുന്‍ധാരണയില്‍ നമുക്ക് മുന്നോട്ട് പോകാം, എന്നാല്‍ ആ വളവിന്റെ അപ്പുറത്ത് ഒരു വാഹനം ഹോണ്‍ മുഴക്കാതെ വരുന്നുണ്ടെങ്കിലോ? അപ്പുറത്ത് ഒരു വാഹനം ഉണ്ടെന്നും പ്രസ്തുത വാഹനം അയാള്‍ക്ക് അനുവദിച്ചിട്ടുള്ള സ്ഥലത്താവും എന്ന ധാരണയില്‍ നമുക്ക് അനുവദിച്ചിട്ടുള്ള റോഡിന്റെ ഇടത് വശത്തുകൂടെ വളവ് മറികടക്കാന്‍ ശ്രമിക്കുക എന്നുള്ളതാണ് രണ്ടാമത്തേത്. ഇനി അയാള്‍ വളവിനപ്പുറം നമുക്ക് അനുവദിച്ചിട്ടുള്ള റോഡിന്റെ ഇടതു ഭാഗത്തെ പകുതിയിലാണെങ്കിലോ, അങ്ങനെയാണെങ്കില്‍ പോലും വളവിന്റെ അപ്പുറത്തുള്ള അപകടസാധ്യത മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള സുരക്ഷിതമായ വേഗതയിലേക്ക് മാറുകയും വേണമെങ്കില്‍ വാഹനം നിര്‍ത്താന്‍ കഴിയും എന്നുള്ള ബോധ്യത്തോടെ വാഹനം ഓടിക്കുകയും ചെയ്യുക എന്നുള്ളതാണ് മൂന്നാമത്തെ കാര്യം.'- മോട്ടോര്‍ വാഹനവകുപ്പ് കുറിച്ചു.

കുറിപ്പ്:

ഡിഫന്‍സീവ് ഡ്രൈവിംഗ് എന്ത് ?എങ്ങിനെ ?....

റോഡിലേക്ക് വരുന്ന പന്തിന്റെ പുറകെ ഒരു കുട്ടിയുണ്ടാവും എന്ന് ചിന്തിക്കുക എന്നതാണ് ഡിഫന്‍സീവ് ഡ്രൈവിങ്ങിന്റെ അടിസ്ഥാനം തന്നെ ...

റോഡ് നിയമങ്ങള്‍ക്കും ഡ്രൈവിങ്ങിന്റെ അടിസ്ഥാന തത്വങ്ങള്‍ക്കും അപ്പുറം റോഡിലെ മറ്റുള്ളവരുടെ തെറ്റായ പെരുമാറ്റം കൂടി മുന്‍കൂട്ടി കണ്ടുകൊണ്ട് , അവയെ കൂടി മറികടക്കാന്‍ കഴിയുന്ന വിധത്തില്‍ സ്വന്തം ഡ്രൈവിംഗ് രീതികളെ നിരന്തരമായി പരിഷ്‌കരിക്കുകയും കൂടുതല്‍ അപകടരഹിതമായ രീതികളിലേക്ക് സ്വയം മാറുകയും ചെയ്യുക എന്നതാണ് ഡിഫന്‍സീവ് ഡ്രൈവിംങ്ങിന്റെ അടിസ്ഥാനതത്വം.

നമ്മള്‍ ഒരു കൊടും വളവ് മറികടക്കാന്‍ ശ്രമിക്കുകയാണെന്നിരിക്കട്ടെ സ്വാഭാവികമായും ആ വളവിന്റെ അപ്പുറത്ത് ഒരു വാഹനം ഉണ്ടാകും എന്നുള്ള പ്രതീക്ഷയില്‍ ഫോണ്‍ മുഴക്കുക എന്നുള്ളതാണ് ആദ്യപടി. എന്നാല്‍ മറുഭാഗത്തുള്ള ഡ്രൈവര്‍ ഹോണ്‍ മുഴക്കിയില്ല എങ്കിലോ ? അവിടെ മറ്റു വാഹനങ്ങളില്ല എന്ന മുന്‍ധാരണയില്‍ നമുക്ക് മുന്നോട്ട് പോകാം, എന്നാല്‍ ആ വളവിന്റെ അപ്പുറത്ത് ഒരു വാഹനം ഹോണ്‍ മുഴക്കാതെ വരുന്നുണ്ടെങ്കിലോ? അപ്പുറത്ത് ഒരു വാഹനം ഉണ്ടെന്നും പ്രസ്തുത വാഹനം അയാള്‍ക്ക് അനുവദിച്ചിട്ടുള്ള സ്ഥലത്താവും എന്ന ധാരണയില്‍ നമുക്ക് അനുവദിച്ചിട്ടുള്ള റോഡിന്റെ ഇടത് വശത്തുകൂടെ വളവ് മറികടക്കാന്‍ ശ്രമിക്കുക എന്നുള്ളതാണ് രണ്ടാമത്തേത്. ഇനി അയാള്‍ വളവിനപ്പുറം നമുക്ക് അനുവദിച്ചിട്ടുള്ള റോഡിന്റെ ഇടതു ഭാഗത്തെ പകുതിയിലാണെങ്കിലോ, അങ്ങനെയാണെങ്കില്‍ പോലും വളവിന്റെ അപ്പുറത്തുള്ള അപകടസാധ്യത മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള സുരക്ഷിതമായ വേഗതയിലേക്ക് മാറുകയും വേണമെങ്കില്‍ വാഹനം നിര്‍ത്താന്‍ കഴിയും എന്നുള്ള ബോധ്യത്തോടെ വാഹനം ഓടിക്കുകയും ചെയ്യുക എന്നുള്ളതാണ് മൂന്നാമത്തെ കാര്യം.

എന്നാല്‍ അയാള്‍ അതിവേഗതയില്‍ നമുക്ക് അനുവദിച്ചിട്ടുള്ള പകുതിയിലൂടെ വളവ് തിരിഞ്ഞു വരുന്ന നമ്മുടെ വാഹനത്തിന് നേരെ ഓടിച്ചു വരുന്ന ഒരു ഒരു വിഡ്ഢിയോ മദ്യപാനിയോ സ്ഥിരബുദ്ധി ഇല്ലാത്ത ഒരാളോ ആണെങ്കിലോ, അപ്പോഴും അവസാന നിമിഷം ഒഴിഞ്ഞുമാറാന്‍ കഴിയുന്നതോ അല്ലെങ്കില്‍ താരതമ്യേന ലഘുവായ അപകടം മാത്രം സൃഷ്ടിക്കുന്ന ഒരു എസ്‌കേപ്പ് റൂട്ട് കൂടി മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള നാലാമത്തെ ഘട്ടമാണ് ഡിഫന്‍സ് ഡ്രൈവിംഗ് ലക്ഷ്യം വയ്ക്കുന്നത്.

ഒരു വാഹനത്തെ മറികടക്കുമ്പോള്‍ മുന്‍വശത്തെ റോഡ് പൂര്‍ണമായി കണ്ടു കൊണ്ടും അപകടമില്ല എന്ന് ഉറപ്പാക്കിക്കൊണ്ടും മറികടക്കുന്നതും എന്നാല്‍ അവിടം കാണാന്‍ സാധിക്കാത്തപ്പോഴും സുരക്ഷിതമായിരിക്കും എന്ന മുന്‍ധാരണയില്‍ മറികടക്കാന്‍ ശ്രമിക്കുന്നതും രണ്ട് വ്യത്യസ്തമായ നിലപാടുകളാണ്, ഒന്ന് സ്വന്തം പരിമിതികളെ മനസ്സിലാക്കിക്കൊണ്ടുള്ളതും, രണ്ടാമത്തേത് സ്വന്തം ജീവിതത്തെ വിധിക്ക് വിട്ടു കൊടുത്തു കൊണ്ടുള്ളതും ..

നിര്‍ത്തിയിട്ടിരിക്കുന്ന ഒരു വാഹനത്തിന്റെ മറവിലൂടെ എപ്പോള്‍ വേണമെങ്കിലും ഒരാള്‍ പ്രത്യക്ഷപ്പെടാം എന്നുള്ളത് , സൈഡില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഒരു വാഹനത്തിന്റെ ഡോര്‍ തുറക്കാം എന്നോ എപ്പോള്‍ വേണമെങ്കിലും ആ വാഹനം വലത്തോട്ട് എടുക്കാം എന്നതോ ആയ 'അപ്രതീക്ഷിതമായത് പ്രതീക്ഷിക്കുക' (Expect the Unexpected) എന്ന ഡിഫന്‍സ് ഡ്രൈവിംഗിന്റെ അടിസ്ഥാനതത്വം മനസ്സിലാക്കി വേണം വാഹനം ഓടിക്കുന്നത്.

സാധാരണയായി ഒരു വാഹനം മുന്നോട്ട് സഞ്ചരിക്കുമ്പോള്‍ ഐ പി ഡി ഇ (Identify - predict- Decide- and Execute) രീതിയിലാണ് ഡ്രൈവ് ചെയ്യുന്നത് അതായത് മുന്നിലുള്ള വാഹനത്തിന്റെയോ ആളുകളുടെയോ ചലനങ്ങള്‍ മുന്‍കൂട്ടി പ്രതീക്ഷിച്ചുകൊണ്ട് അതിനനുസരിച്ച് സ്വന്തം വാഹനത്തെ ഗതി മാറ്റുകയോ നിര്‍ത്തുകയോ ചെയ്യണമെന്ന് തീരുമാനിക്കുകയും അത് നടപ്പിലാക്കുകയുമാണ് നിരന്തരമായി ഡ്രൈവിങ്ങില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

മറ്റ് ഡ്രൈവര്‍മാരുടെയോ നമ്മുടെ നിയന്ത്രണത്തിനപ്പുറമുള്ള ഘടകങ്ങളൊ ഉണ്ടെങ്കില്‍പ്പോലും അപകടകരമായ അത്തരം അപ്രതീക്ഷിത സാഹചര്യങ്ങള്‍ മുന്‍കൂട്ടി കാണുകയും പ്രതികരിക്കുകയും ചെയ്യുന്നിടത്താണ് പ്രതിരോധ ഡ്രൈവിംഗ് പ്രാവര്‍ത്തികമാകുന്നത്.

അപ്രതീക്ഷിത സാഹചര്യങ്ങള്‍, മറ്റ് വാഹനങ്ങള്‍, റോഡ് ഉപയോക്താക്കള്‍ എന്നിവ മൂലം അപകടത്തിന് കാരണമാവുകയോ അതില്‍ ഉള്‍പ്പെടുകയോ ചെയ്യാതിരിക്കാനുള്ള നടപടികളാണ് ഇതില്‍ ഇതില്‍പ്പെടുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പ്രതിരോധ ഡ്രൈവിംഗ് ഘട്ടങ്ങള്‍

1.അവബോധം: ചുറ്റുപാടുകളെക്കുറിച്ചും റോഡിലെ അപകടസാധ്യതകളെക്കുറിച്ചും മനസ്സിലാക്കുക എന്നതാണ് ആദ്യ ഘട്ടം. സ്വന്തം വേഗതക്ക് അനുസരിച്ച് മുന്നിലുള്ള റോഡില്‍ 12 സെക്കണ്ട് കൊണ്ട് എത്തിച്ചേരാന്‍ സാധ്യതയുള്ള അകലം സ്‌കാന്‍ ചെയ്യുകയും പിന്നിലുള്ള റോഡ് എല്ലാ കണ്ണാടികളും വഴി പരിശോധിക്കുകയും ചെയ്യുകയും അപകടകാരികളായ ഡ്രൈവര്‍മാര്‍, കാല്‍നടയാത്രക്കാര്‍, മൃഗങ്ങള്‍, അല്ലെങ്കില്‍ റോഡിലുണ്ടാവുന്ന മാറ്റങ്ങള്‍ തുടങ്ങിയ നിരന്തരം നിരീക്ഷിക്കുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യുക.

2. തിരിച്ചറിയല്‍ (ഐഡന്റിഫിക്കേഷന്‍): ഈ ഘട്ടത്തില്‍, ശേഖരിച്ച വിവരങ്ങളെ അടിസ്ഥാനമാക്കി സാധ്യതയുള്ള അപകടങ്ങളോ അപകടസാധ്യതകളോ തിരിച്ചറിയുന്നു. നിങ്ങളുടെ ലെയ്നിലേക്ക് ഒരു വാഹനം വശങ്ങളിലൂടെ വരുന്നത്, റോസ് മുറിച്ചുകടക്കാന്‍ പോകുന്ന ഒരു കാല്‍നടയാത്രക്കാരനോ ഒരു മൃഗമോ ശ്രമിക്കുന്നത് , അല്ലെങ്കില്‍ ഒരു വാഹനം ഇന്റിക്കേറ്റര്‍ ഇടുന്നത് തിരിച്ചറിയുന്നത് എല്ലാം ഉള്‍പ്പെടാം.

3. പ്രവചനം (Prediction): അപകടസാധ്യതകള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞാല്‍, അവ എങ്ങനെ പരിണമിച്ചേക്കാമെന്നോ മറ്റ് ഡ്രൈവര്‍മാര്‍ എങ്ങനെ പെരുമാറും എന്നോ മുന്‍കൂട്ടി കാണുക എന്നതാണ് അടുത്ത ഘട്ടം.

4. തീരുമാനങ്ങള്‍ എടുക്കല്‍( Decision Making): പ്രവചനങ്ങളെ അടിസ്ഥാനമാക്കി, അപകടസാധ്യതകളോട് പ്രതികരിക്കുന്നതിന് പെട്ടെന്ന് തീരുമാനങ്ങള്‍ എടുക്കേണ്ടതുണ്ട്. വേഗത കുറയ്ക്കാനോ നിര്‍ത്താനോ പാതകള്‍ മാറ്റാനോ റോഡിലുള്ള നമ്മുടെ പൊസിഷന്‍ മാറ്റലോ എല്ലാം ഇതില്‍ ഉള്‍പ്പെടാം. ഏതാണ് മികച്ച നടപടിയെന്ന് തീരുമാനിക്കണം അത് അപകടസാധ്യതകള്‍ ഒഴിവാക്കുന്നതിനോ കുറയ്ക്കുന്നതിനോ ആയിട്ടുള്ള നടപടികള്‍ കൈക്കൊള്ളുക എന്ന ലക്ഷ്യം വച്ചാകണം.

5. നടപ്പിലാക്കല്‍ (Action): എടുത്ത തീരുമാനം നടപ്പിലാക്കുക എന്നതാണ് അടുത്ത ഘട്ടം, ബ്രേക്കിംഗ്, വേഗം കൂട്ടല്‍ ഗതിമാറില്‍ അല്ലെങ്കില്‍ സിഗ്‌നലുകള്‍ നല്‍കല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും , സുരക്ഷിതമായും കൃത്യമായും അവ നടപ്പിലാക്കുക.

6. വിലയിരുത്തല്‍: ചെയ്ത പ്രവര്‍ത്തിയുടെ ഫലപ്രാപ്തി വിലയിരുത്തുക. തീരുമാനങ്ങളും പ്രവര്‍ത്തനങ്ങളും അപകടസാധ്യതകളെ വിജയകരമായി പൂര്‍ത്തീകരിച്ചിട്ടുണ്ടോ എന്ന് വിലയിരുത്തുക. വ്യത്യസ്തമായോ കൂടുതല്‍ കാര്യക്ഷമമായോ നിര്‍വഹിക്കാന്‍ കഴിയുമായിരുന്നോ എന്ന് പരിശോധിക്കുക.

7. തുടര്‍ച്ചയായ മെച്ചപ്പെടുത്തല്‍( Continual monitoring):

ഡിഫന്‍സീവ് ഡ്രൈവിംഗ് ഒരു തുടര്‍ച്ചയായ പ്രക്രിയയാണ്. യാത്രയിലുടനീളം, ചുറ്റുപാടുകള്‍ നിരന്തരം നിരീക്ഷിച്ചു കൊണ്ടും, അപകടസാധ്യതകള്‍ വീണ്ടും വിലയിരുത്തുകയും ചെയ്യുക. അവബോധം, തിരിച്ചറിയല്‍, പ്രവചനം, തീരുമാനമെടുക്കല്‍, പ്രവര്‍ത്തനം വിലയിരുത്തല്‍ എന്നീ ഘട്ടങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടേ ഇരിക്കണം. തെറ്റായ ശീലങ്ങളിലേക്ക് (heuristics) നമ്മുടെ ഡ്രൈവിംഗ് മാറുന്നത് ഒഴിവാക്കുന്നതിന് ഇത് അത്യന്താപേക്ഷിതമാണ്.

പ്രതിരോധ ഡ്രൈവിംഗിന്റെ ഘടകങ്ങള്‍

പ്രതിരോധ ഡ്രൈവിങ്ങില്‍ ഏറ്റവും പ്രധാനം കൃത്യമായ അറിവുകളും(cognizant), കാഴ്ചയും (Visual), കേള്‍വിയും ( Audial) ഇതിനാവശ്യമായ പ്രവര്‍ത്തി(Manual action) യുമാണ്. ഇവയില്‍ പ്രധാന ഘടകങ്ങള്‍ താഴെപ്പറയുന്നവയാണ്.

മറ്റു വാഹനങ്ങളുമായി കൃത്യമായ അകലം പാലിക്കല്‍

ഉചിതമായ വേഗത

മറ്റ് റോഡ് ഉപയോക്താക്കളെ കുറിച്ചുള്ള ബോധം

കണ്ണാടികളുടെ ഫലപ്രദമായ ഉപയോഗം.

കൃത്യമായ സിഗ്‌നലുകളും ആശയവിനിമയവും

എപ്പോഴും അപ്രതീക്ഷിതമായത് പ്രതീക്ഷിക്കല്‍

നിതാന്ത ജാഗ്രത

ട്രാഫിക് നിയമങ്ങളുടെ അവബോധവും പാലിക്കുകയും ചെയ്യല്‍.

തുടരും.......

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കനത്ത മഴ, മൂവാറ്റുപുഴയിൽ 3 കാറുകൾ കൂട്ടിയിടിച്ചു; 10 പേർക്ക് പരിക്ക്, 4 പേരുടെ നില ​ഗുരുതരം

മഴ മാറി, കളി 16 ഓവര്‍; കൊല്‍ക്കത്ത- മുംബൈ പോരാട്ടം തുടങ്ങി

കിടപ്പുരോഗിയായ അച്ഛനെ ഉപേക്ഷിച്ച മകനെതിരെ കേസ്; റിപ്പോര്‍ട്ട് തേടി മന്ത്രി

കാറിൽ കടത്താൻ ശ്രമം; കാസർക്കോട് വൻ സ്വർണ വേട്ട

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാറാണ്, ക്ഷണം സ്വീകരിച്ച് രാഹുല്‍ ഗാന്ധി