കേരളം

ഒരേ ഒരുതവണ മാത്രം സിപിഎം; അടിയൊഴുക്കുകളുടെ കോഴിക്കോട്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് ലോക്‌സഭാ മണ്ഡലംഎങ്ങിനെ മുറിച്ചാലും മണ്ഡലത്തിന്റെ നിറം കടുംചുവപ്പ്. പക്ഷെ വോട്ടെണ്ണിയാല്‍ വലതിന്റെ ഉറച്ച കോട്ട. പോരാട്ടങ്ങള്‍ക്കൊപ്പം അക്ഷരങ്ങളെയും നെഞ്ചോടു ചേര്‍ത്ത മണ്ണ്. നന്മയുടെയും സത്യസന്ധതയുടെയും ഈറ്റില്ലമെന്നാണ് വിളിപ്പേര്. സ്വാതന്ത്ര്യസമരത്തിന്റെയും അധിനിവേശ വിരുദ്ധ പോരാട്ടങ്ങളുടെയും രണഭൂമിയായ കോഴിക്കോട് ഇത്തവണ പോരാട്ടം പൊടിപാറും

നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റുകളുടെ എണ്ണത്തില്‍ ജില്ലയിലെ ഏഴ് മണ്ഡലങ്ങളില്‍ ആറിടത്തും എല്‍ഡിഎഫിനാണ് മേല്‍ക്കെ. കോഴിക്കോട് മണ്ഡലം രൂപീകരിച്ചതിനുശേഷം ആദ്യമായി ഹാട്രിക് വിജയം നേടിയതിന്റെ പിന്‍ബലത്തിലാണ് യുഡിഎഫ്. നിയമസഭാ തെരഞ്ഞെടുപ്പിലെ മുന്നേറ്റമാണ് എല്‍ഡിഎഫിന്റെ കരുത്ത്. ഒരേ ഒരു തവണ മാത്രമാണ് മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥി ജയിച്ചുകയറിയത്. അതാവട്ടെ1980ല്‍ ഇകെ ഇമ്പിച്ചിബാവയും. 2009ല്‍ യുവനേതാവ് റിയാസിന് കൈയെത്തും അകലെ നഷ്ടമായ വിജയം ഇത്തവണ നേടാനാകുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഏതെങ്കിലും മുന്നണിക്കോ നേതാവിനോ കുത്തക അവകാശപ്പെടാന്‍ പറ്റാത്തിടമെന്ന് പൊതുവെ മണ്ഡലത്തെ വിശേഷിപ്പിക്കാം. അങ്ങനെ തന്നെയാണ് തെരഞ്ഞെടുപ്പ് ചരിത്രവും. നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം നിലനിര്‍ത്താനായാല്‍ ഇടതുമുന്നണിക്ക് മണ്ഡലത്തില്‍ അനായാസം വിജയിക്കാം. എന്നാല്‍ കുറെക്കാലമായി ലോക്‌സഭയിലേക്ക് യുഡിഎഫിനൊപ്പം നില്‍ക്കുന്നതാണ് കാണുന്നത്. ഇത്തവണ ഇരുമുന്നണികള്‍ക്കും വിജയം നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. നാലാം ജയത്തിന് കച്ചമുറുക്കിയ സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ എല്ലാ സാധ്യതകളും എല്‍ഡിഎഫ് ഉപയോഗിക്കും.

ബാലുശ്ശേരി, എലത്തൂര്‍, കോഴിക്കോട് സൗത്ത്, കോഴിക്കോട് നോര്‍ത്ത്, ബേപ്പൂര്‍, കുന്ദമംഗലം, കൊടുവള്ളി മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് കോഴിക്കോട് ലോക്‌സഭാ മണ്ഡലം. 25,83,119 വോട്ടര്‍മാരില്‍ 13,33,052 പേര്‍ സ്ത്രീകളും 12,50,018 പേര്‍ പുരുഷന്മാരും 49 പേര്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സുമാണ്.2009ലെ മണ്ഡലപുനര്‍നിര്‍ണയം ഇടതിന് ഏറെ പ്രതീക്ഷനല്‍കിയെങ്കിലും വിജയം മാത്രം ഒപ്പം നിന്നില്ല. പുനര്‍നിര്‍ണയത്തിന് ശേഷം ജനതാദളില്‍ നിന്ന് സീറ്റ് സിപിഎം പിടിച്ചെടുത്തു. ഇതേതുടര്‍ന്ന് വീരേന്ദ്രകുമാര്‍ യുഡിഎഫിലേക്ക് മറുകണ്ടംചാടി. മണ്ഡലം പിടിച്ചെടുക്കാന്‍ സിപിഎം നിര്‍ത്തിയത് യുവനേതാവ് മുഹമ്മദ് റിയാസിനെ. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകട്ടെ കണ്ണൂര്‍ സ്വദേശി എംകെ രാഘവനും. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ വിജയത്തിന്റെ തുണ രാഘവന്. 838 വോട്ടിന് റിയാസ് പരാജയപ്പെട്ടു. സിപിഎം വിഭാഗീയതയും ആര്‍എംപി സ്ഥാനാര്‍ഥിയും റിയാസിന്റെ തോല്‍വിക്ക് കാരണമായി വിലയിരുത്തപ്പെട്ടു. മണ്ഡലത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷവും ഇതായിരുന്നു.

വിജയം തിരിച്ചുപിടിക്കാനാകുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു മണ്ഡലത്തില്‍ എല്‍ഡിഎഫ് 2014ല്‍ ഇറങ്ങിയത്. സ്ഥാനാര്‍ഥിയായി കേന്ദ്രകമ്മറ്റി അംഗവും മുന്‍ ലോക്‌സഭാ അംഗവുമായ എ വിജയരാഘവന്‍. രാഘവനും വിജയരാഘവനും ഏറ്റുമുട്ടിയപ്പോള്‍ വിജയരാഘവനെ വിജയം കൈവിട്ട് രാഘവനൊപ്പം വിജയം നിന്നു. 2009ലെ 838ല്‍ നിന്നും എംകെ രാഘവന്റെ ലീഡ് 16,883 ആയി ഉയര്‍ന്നു. മണ്ഡലത്തില്‍ നിറഞ്ഞുനിന്ന പ്രവര്‍ത്തനം രാഘവന്റെ ജനപ്രീതി വര്‍ധിപ്പിച്ചു.2019ല്‍ രാഘവനെ തോല്‍പ്പിക്കുകയെന്നത് സിപിഎമ്മിന് അഭിമാനപ്രശ്‌നമായി. ജില്ലയിലെ ജനകീയ മുഖമായ നിയമസഭാ അംഗം എ പ്രദീപ് കുമാറിനെ കളത്തിലിറക്കി. അത്തവണയും ജില്ലയിലെ ആറ് നിയമസഭാ മണ്ഡലങ്ങള്‍ എല്‍ഡിഎഫിനൊപ്പമായിരുന്നതിനാല്‍ 2014ലെക്കാള്‍ വിജയപ്രതീക്ഷയിലായിരുന്നു എല്‍ഡിഎഫ്. എന്നാല്‍ എല്‍ഡിഎഫിന്റെ കണക്കൂകൂട്ടലുകളെയെല്ലാം തെറ്റിച്ച് രാഘവന്‍ മണ്ഡലത്തിലെ തുടര്‍ച്ചയായ മൂന്നാം വിജയം നേടി. ഇത്തവണ ഭൂരിപക്ഷം 85,000 കടന്നു. കേരളത്തില്‍ മത്സരിക്കാനെത്തിയ രാഹുല്‍ ട്രെന്‍ഡും രാഘവന് തുണയായി.

ഐക്യകേരളത്തിന് മുന്‍പ് രണ്ടുതവണ കോഴിക്കോട് മണ്ഡലത്തില്‍ നടന്ന പൊതുതെരഞ്ഞടുപ്പില്‍1951ല്‍ കിസാന്‍ മസ്ദൂര്‍ പ്രജ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായിരുന്ന അച്യുതന്‍ ദാമോദര മേനോനും 1957ല്‍ കോണ്‍ഗ്രസിലെ കെപി കുട്ടികൃഷ്ണന്‍ നായരും വിജയിച്ചു. സംസ്ഥാന രൂപീകരണ ശേഷം നടന്ന 62ലെ അദ്യതെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിലെ സിഎച്ച് മുഹമ്മദ് കോയ വിജയിച്ചു. 1967ലും 1971ലും മുസ്ലിം ലീഗിലെ ഇബ്രാഹിം സുലൈമാന്‍ വിജയിച്ചു. 1977ല്‍ ലീഗിന് പകരം മണ്ഡലത്തില്‍ മത്സരിക്കാനെത്തിയത് കോണ്‍ഗ്രസ്. വിജയം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബിഎസ് സെയ്ത് മുഹമ്മദിനായിരുന്നു.

80ലെ തെരഞ്ഞെടുപ്പില്‍ ലീഗിനെയും കോണ്‍ഗ്രസിനെയും മാറി മാറി തുണച്ച മണ്ഡലം സിപിഎമ്മിനൊപ്പം നിന്നു. മണ്ഡലത്തിലെ ആദ്യ അട്ടിമറി. ജനതാപാര്‍ട്ടി നേതാവ് അരങ്ങില്‍ ശ്രീധരനെ 40,695 വോട്ടിനാണ് ഇമ്പിച്ചിബാവ പരാജയപ്പെടുത്തിയത്. 1984ല്‍ കോണ്‍ഗ്രസിലെ കെജി അടിയോടി സീറ്റ് തിരിച്ചുപിടിച്ചു.1989ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ മുരളീധരന്‍. മണ്ഡലം തിരിച്ചുപിടിക്കാന്‍ സിപിഎം ഇമ്പിച്ചിബാവയെ തന്നെ രംഗത്തിറക്കി. കന്നിപ്പോരാട്ടത്തില്‍ വിജയം കെ കരുണാകരന്റെ മകന്‍ മുരളീധരനൊപ്പം നിന്നു. 91ലെ തെരഞ്ഞെടുപ്പിലും വിജയം മുരളീധരനായിരുന്നു. ജനതാദള്‍ സ്ഥാനാര്‍ഥി എംപി വീരേന്ദ്രകുമാറിനെ പരാജയപ്പെടുത്തി മുരളീധരന്‍ രണ്ടാം തവണയും പാര്‍ലമെന്റിലെത്തി.96ലെ തെരഞ്ഞെടുപ്പില്‍ ഹാട്രിക് വിജയം തേടിയിറങ്ങിയ മുരളീധരനെ വീരേന്ദ്രകുമാര്‍ പൂട്ടി. രണ്ടാം വിജയം തേടിയിറങ്ങിയ വീരേന്ദ്രകുമാറില്‍ നിന്ന് 98ല്‍ മണ്ഡലം കോണ്‍ഗ്രസ് തിരിച്ചുപിടിച്ചു. കരുണാകരന്റെ വിശ്വസ്തനായ പി ശങ്കരനായിരുന്നു വിജയം. 1999ല്‍ കെ മുരളീധരന്‍ തെരഞ്ഞെടുക്കപ്പെട്ടു. 2004ല്‍ ജനതാദള്‍ സെക്കുലര്‍ സ്ഥാനാര്‍ഥിയായി എംപി വീരേന്ദ്രകുമാര്‍ വീണ്ടും വിജയിച്ചു.

ഇരുമുന്നണികളെയും മാറ്റിനിര്‍ത്തിയാല്‍ മണ്ഡലത്തില്‍ ബിജെപിക്കും നല്ല വേരോട്ടമുണ്ട്. 2019ല്‍ ബിജെപി സ്ഥാനാര്‍ഥി അഡ്വ. പ്രകാശ് ബാബു നേടിയത് 1,61,216 വോട്ടുകളാണ്. ഇത്തവണ അത് രണ്ട് ലക്ഷമാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. മണ്ഡലത്തിലെ പ്രധാനമത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണെങ്കിലും ബിജെപി സാന്നിധ്യം നിര്‍ണായകം തന്നെയാണ്. മോദിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് എന്‍ഡിഎയുടെ പ്രചാരണം. ദേശീയപാതാ വികസനവും റെയില്‍വേയും ഉള്‍പ്പെടെയുള്ള കാര്യങ്ങളും ഉയര്‍ത്തിക്കാണിക്കുന്നു.

ഇത്തവണ ഇരുമുന്നണികളും തുല്യപ്രതീക്ഷയിലാണ്. ഇമ്പിച്ചിബാവയ്ക്ക് ശേഷം മണ്ഡലത്തില്‍ ചെങ്കൊടി പാറിക്കുമെന്ന് സിപിഎമ്മും മണ്ഡലത്തില്‍ നാലാം തവണയും ജയം നേടി ചരിത്രം സൃഷ്ടിക്കാനാകുമെന്ന് കോണ്‍ഗ്രസും കരുതുന്നു. സംസ്ഥാനത്തെ ഭരണനേട്ടങ്ങളും പൗരത്വഭേദഗതി ഉള്‍പ്പടെയുള്ള വിഷയങ്ങളും തുണയാകുമെന്ന പ്രതീക്ഷയില്‍ എല്‍ഡിഎഫും മണ്ഡലത്തിലെ വികസനനേട്ടങ്ങള്‍ കരുത്താകുമെന്ന് യുഡിഎഫും പ്രതീക്ഷിക്കുന്നു. അടിയൊഴുക്കുകള്‍ക്കു നല്ല സാധ്യതയുള്ള മണ്ഡലമായതിനാല്‍ വിജയം പ്രവചിക്കുക അസാധ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

പ്രബീര്‍ പുര്‍കായസ്ത ജയില്‍ മോചിതനായി; വീഡിയോ

കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍