മലയാളം വാരിക

കേരളത്തില്‍ പടരുന്ന ലൈംഗിക പട്ടിണി

റവ. തോമസ് ജോണ്‍

ആണ്‍–പെണ്‍ ബന്ധങ്ങളെ ലൈംഗികതയുടെ കണ്ണുകളിലൂടെയല്ലാതെ കാണാന്‍ കേരളസമൂഹത്തിനു പൊതുവെ കഴിയുന്നില്ല. സദാചാരം സമം ലൈംഗികതയുമായി ബന്ധപ്പെട്ട ആചാരം എന്ന സമവാക്യത്തില്‍ നാം എത്തിച്ചേര്‍ന്നിരിക്കുന്നു. ആണും പെണ്ണുമായുള്ള എല്ലാ ബന്ധങ്ങളിലും ലൈംഗികത ദര്‍ശിക്കുന്നു; അവരുടെ സൗഹൃദങ്ങള്‍ക്കും സ്‌നേഹത്തിനുതന്നെയും അതിരുകല്‍പ്പിക്കുന്നു.
വളരെ പ്രകടമായ സദാചാര പൊലീസിങ്ങിനും ഗുണ്ടായിസത്തിനുമപ്പുറത്ത് പൊലീസുകാരും അദ്ധ്യാപകരും എന്നുവേണ്ട ബഹുഭൂരിപക്ഷം കേരളീയരും എല്ലാ സ്ത്രീപുരുഷ ബന്ധങ്ങളേയും ഈ സമവാക്യത്തിലാണ് കാണുന്നത്. അതുകൊണ്ടുതന്നെ ലൈംഗികത എന്നത് ഒരു തുറന്ന ചര്‍ച്ചയ്ക്കു വിഷയമാകുന്നില്ല. കഌസ്സ്മുറികളില്‍ ലൈംഗിക വിദ്യാഭ്യാസത്തിനുള്ള പാഠ്യപദ്ധതി എന്‍.സി.ഇ.ആര്‍.ടി പ്രസിദ്ധപ്പെടുത്തി. പക്ഷേ, അതു വെളിച്ചം കണ്ടില്ല. യാഥാസ്ഥിതിക മതസമൂഹങ്ങള്‍ അതിനെ കോള്‍ഡ് സ്റ്റോറേജിലാക്കിയിരിക്കുന്നു. അങ്ങനെ ലൈംഗികതയിലെ സദാചാരം മതബോധനവുമായി ബന്ധപ്പെട്ടോ പൊതുവിദ്യാഭ്യാസവുമായി ബന്ധപ്പെട്ടോ കൈകാര്യം ചെയ്യപ്പെടുന്നില്ല. ലൈംഗികതയെ സംബന്ധിച്ച എല്ലാ തുറന്ന സംസാരങ്ങളേയും സംവാദങ്ങളേയും അടിച്ചമര്‍ത്തുന്ന നിലപാടാണ് കേരളത്തിലെ ഒട്ടുമിക്ക മതസമൂഹങ്ങളും സ്വീകരിച്ചത്.

ദമനം ചെയ്യപ്പെടുന്ന 
ലൈംഗികാവേഗങ്ങള്‍    

ലൈംഗികതയേയും ലൈംഗികാവേഗങ്ങളേയും അധമമായി കാണുകയും അങ്ങനെ നിര്‍വ്വചിക്കപ്പെടുകയും ചെയ്യുന്നിടത്തുനിന്നാണ് പ്രശ്‌നം ആരംഭിക്കുന്നത്. ലൈംഗികാവേഗത്തെ നിയന്ത്രിക്കാന്‍ തങ്ങള്‍ക്കു കഴിയുമോ എന്നു ഭയപ്പെടുന്നു. ലൈംഗികാഭിനിവേശങ്ങള്‍ സൃഷ്ടിക്കുന്നത് അതിയായ കുറ്റബോധവും ഉത്കണ്ഠയുമാണ്. ലൈംഗികമായ വികാരങ്ങളെ ആരോഗ്യപരമായി മനസ്സിലാക്കിയും അംഗീകരിച്ചും പോകാന്‍ കഴിയുന്നില്ലെങ്കില്‍ അവയെ അബോധമനസ്സിലേക്കു ദമനം ചെയ്യുക (repress) എന്നതു മാത്രമായിത്തീരുന്നു പോംവഴി. ദമനം ചെയ്യുക എന്നത് ഒരു അബോധപ്രക്രിയയാണ്. ദമനം ചെയ്യുന്ന ആവേഗങ്ങള്‍ അബോധമനസ്സില്‍ നിഷ്‌ക്രിയമായി ഇരിക്കുന്നില്ല. അവ നമ്മെ സ്വാധീനിക്കുന്ന, അലട്ടുന്ന ഒരുതരം വിട്ടുമാറാത്ത വികാര–വിചാരമായി മാറുന്നു (obsession). അങ്ങനെ കേരളസമൂഹം ലൈംഗികമായി ദമനത്തില്‍ കഴിയുന്ന സമൂഹമായി തീര്‍ന്നിരിക്കുന്നു. സ്ത്രീപുരുഷബന്ധങ്ങളെ ലൈംഗികമായ കണ്ണുകളിലൂടെ മാത്രമേ നമുക്കു കാണാന്‍ കഴിയുന്നുള്ളൂ. സ്വാഭാവികമായി, നാം ദമനത്തിന്റെ പ്രത്യാഘാതമായ അഹം പ്രതിരോധതന്ത്രങ്ങളിലേക്കു (ego defense mechanisms) ചേക്കേറുന്നു. ബോധമനസ്സിന് അംഗീകരിക്കാന്‍ കഴിയാത്ത ആവേഗങ്ങള്‍, അബോധ അഹം പ്രതിരോധതന്ത്രങ്ങളിലൂടെ പ്രകാശം തേടുന്നു. ഇത്തരത്തിലുള്ള വികലമായ അഹം പ്രതിരോധതന്ത്രങ്ങളാണ് ലൈംഗികതയോടു ബന്ധപ്പെട്ടു നാം നേരിടുന്നത്. ഇതുതന്നെയാണ് സദാചാര പൊലീസിങ്ങിലും പ്രകടമാകുന്നത്. ഇവിടെ പ്രധാനമായും സംഭവിക്കുന്നതു നിഷേധമാണ്. ഒരാള്‍ തന്നില്‍ത്തന്നെയുള്ള ലൈംഗികാസക്തിയെ നിഷേധിക്കുന്നു. ഈ നിഷേധിക്കപ്പെട്ട ലൈംഗികാസക്തി അപരനില്‍ സാക്ഷാല്‍കരിക്കപ്പെടുന്നതിന്റെ ചെറിയ സൂചനകള്‍പോലും അയാള്‍ക്കു സഹിക്കാന്‍ കഴിയുന്നില്ല. 

മന്ത്രവാദിനിവേട്ടയുടെ 
മനശ്ശാസ്ത്രം 
   
ദമനം ചെയ്യപ്പെടുന്ന ലൈംഗികതയുമായി ബന്ധപ്പെട്ട ചില അഹം പ്രതിരോധതന്ത്രങ്ങള്‍ ഇവിടെ വ്യക്തമാക്കപ്പെടേണ്ടതുണ്ട്. ഒരു പുരുഷമേധാവിത്വ സമൂഹത്തില്‍ ലൈംഗികാവേഗങ്ങള്‍ ഉണ്ടാകുമ്പോള്‍ത്തന്നെ അതിനെ അധമമായും നിന്ദ്യമായും നിര്‍വ്വചിക്കുന്നതുകൊണ്ടു പുരുഷന്‍മാര്‍ ഈ വികാരങ്ങളെ നിഷേധിക്കുകയും അതിനെ സ്ത്രീകളിലേക്കു വിക്ഷേപിക്കുകയും (project) അവരില്‍ ആരോപിക്കുകയും ചെയ്യുന്നു; അങ്ങനെ സ്ത്രീകളെ വിഷയാസക്തകളായും ലൈംഗികമായി വശീകരിക്കുന്നവരായും പുരുഷന്മാരെ അപകടപ്പെടുത്തുന്ന പാപിനികളായും മനസ്സിലാക്കുന്നു. 
എല്ലാ ധാര്‍മ്മികതയേയും അപകടപ്പെടുത്തുന്നവരായി സ്ത്രീകള്‍ വ്യാഖ്യാനിക്കപ്പെടുന്നു. ഈ അഹം പ്രതിരോധതന്ത്രത്തിനു മനഃശാസ്ത്രത്തില്‍ 'പ്രൊജക്ഷന്‍' എന്നാണ് പറയുക. തന്നില്‍ നിഷേധിക്കപ്പെട്ടിട്ടുള്ള വികാരം അപരനിലേക്കു വിക്ഷേപിക്കുന്നു; അത് അപരനില്‍ കാണുന്നു. ഒരേ സമയത്തുതന്നെ സ്ത്രീയെ ഭയപ്പെടുകയും അതിനാല്‍ത്തന്നെ അവളെ അടിച്ചമര്‍ത്തുകയും ചെയ്യുന്നു. സ്ത്രീ പൊതുസ്ഥലങ്ങളില്‍നിന്നു മാറ്റിനിര്‍ത്തപ്പെടേണ്ടവളായി തീരുന്നു; പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെട്ടാല്‍ത്തന്നെ പര്‍ദ്ദ അണിയിച്ചു മൂടിവെയ്ക്കപ്പെടേണ്ടവളാക്കുന്നു. ചരിത്രത്തിലെ മന്ത്രവാദിനിവേട്ടയുടെ പിന്നിലെ മനഃശാസ്ത്രവും ഇതുതന്നെയാണ്. പുരുഷനെ വശീകരിക്കുകയും അപകടപ്പെടുത്തുകയും ചെയ്യുന്നവളാണ് സ്ത്രീ എന്ന സങ്കല്പം മിക്ക മതസമൂഹങ്ങളിലും പ്രബലമാണ്. 
അങ്ങനെ പുരുഷന്‍ ലൈംഗികതയുമായി ബന്ധപ്പെട്ട തന്റെ ധാര്‍മ്മിക ഉത്തരവാദിത്വങ്ങളില്‍നിന്നു വിമുക്തനാകുന്നു; എല്ലാ ഉത്തരവാദിത്വവും സ്ത്രീയില്‍ കെട്ടിവയ്ക്കുന്നു; അവളെ മൂടിവെയ്ക്കുന്നു. ഈ മാനസികനിലപാടില്‍ നിന്നുകൊണ്ടാണ് സ്ത്രീയുടെ വസ്ത്രധാരണത്തെ കുറ്റപ്പെടുത്തുകയും ബലാല്‍സംഗത്തെ ന്യായീകരിക്കുകയും ചെയ്യുന്നത്. ഇത്തരത്തിലുള്ള സ്ത്രീവിരോധം എല്ലാ മതവിഭാഗങ്ങളിലും വളരെ പ്രബലമായി നിലകൊള്ളുന്നുണ്ട്.

സ്ത്രീകര്‍ത്തൃത്വം     
സ്വകാര്യതയില്‍ പുരുഷന്റെ കാമം തീര്‍ക്കാനുള്ള ഉപകരണമായി സ്ത്രീ മാറ്റപ്പെടുന്നു. ഒരു പുരുഷമേധാവിത്ത്വ സമൂഹത്തില്‍ ലൈംഗികബന്ധത്തില്‍ സ്ത്രീ ഒരു തുല്യപങ്കാളിയല്ല. പുരുഷന്റെ കാമാസക്തിക്കു തൃപ്തി നല്‍കേണ്ടവളാണ് എന്ന മാനസിക–സാമൂഹ്യനിര്‍മ്മിതി സ്ത്രീ സ്വയം ഏറ്റെടുക്കുന്നു. പുരുഷന്റെ കാമാസക്തിക്കു തൃപ്തി നല്‍കുകയും പുരുഷനുവേണ്ടി കുട്ടികളെ ഉല്‍പ്പാദിപ്പിക്കുകയും ചെയ്യുന്ന ഉപകരണമായി സ്ത്രീ മാറ്റപ്പെടുന്നു. ലൈംഗികതയില്‍ സ്ത്രീയുടെ കര്‍ത്തൃത്വവും പങ്കാളിത്തവും നിഷേധിക്കപ്പെടുന്നു; അവള്‍ കിടന്നുകൊടുക്കപ്പെടേണ്ടവളായി, വിധേയപ്പെടേണ്ടവളായി തീരുന്നു. ഈ പുരുഷപരികല്‍പ്പന സ്വയം സ്വീകരിക്കുന്ന സ്ത്രീ ലൈംഗികാസ്വാദനത്തെ പാപമായി കരുതുന്നു. തങ്ങളാണ് ലൈംഗിക സദാചാരത്തിന് ഉത്തരവാദികള്‍ എന്ന ബോദ്ധ്യത്തിലേക്കു സ്ത്രീയുടെ മനസ്സ് പാകപ്പെടുത്തപ്പെടുന്നു. ആദിപാപത്തിനു സ്ത്രീയാണ് ഉത്തരവാദി എന്നും സ്ത്രീയെ തൊടാതിരിക്കുന്നതു പുരുഷനു നല്ലത് (കൊരിന്ത്യര്‍. 7:1) എന്നും മറ്റുമുള്ള വേദപുസ്തകപാഠങ്ങള്‍ സ്ത്രീകളില്‍ ലൈംഗികതയുമായി ബന്ധപ്പെട്ട കുറ്റബോധം സൃഷ്ടിക്കുന്നു. 
സ്വാഭാവികമായും അതു ദമനത്തിലേക്കു വഴിതെളിക്കും. ദമനം ചെയ്യപ്പെടുന്ന ലൈംഗികത സ്ത്രീകളില്‍ പ്രകടമാകുന്നതു പലപ്പോഴും വിപരീത രൂപീകരണം എന്ന അഹം പ്രതിരോധതന്ത്രത്തിലൂടെയാണ്. ലൈംഗികവികാരത്തിന്റേയും ആസ്വാദനത്തിന്റേയും സ്ഥാനത്ത് അതിനെല്ലാം വിപരീതമായ തീവ്രവിരക്തിയുടേയും സുഖഭോഗ നിഷേധത്തിന്റേയും ആചാരാനുഷ്ഠാനബദ്ധമായ ആത്മീയതയുടേയും പെരുമാറ്റശൈലിയിലേക്ക് അവര്‍ ചേക്കേറുന്നു. ആസ്വാദനവിരുദ്ധമായ തീവ്രസദാചാരനിഷ്ഠ അങ്ങനെ പ്രബലപ്പെടുന്നു.

വഴിതിരിച്ചുവിടപ്പെടുന്ന 
ലൈംഗികോര്‍ജ്ജം  
 
സിഗ്മണ്ട് ഫ്രോയിഡ് മതത്തെ വഴിതിരിച്ചുവിടപ്പെടുന്ന ലൈംഗികോര്‍ജ്ജമായിട്ടാണ് വിവരിക്കുന്നത്. മതവും അതിനെ ചുറ്റിപ്പറ്റിയുള്ള ആചാരാനുഷ്ഠാനങ്ങളും ലൈംഗികബന്ധത്തിന് ഒരു ബദലായി മാറുന്നു. ഇങ്ങനെ ലൈംഗികാസ്വാദനം എന്നതു സ്ത്രീക്കും പുരുഷനും അപ്രസക്തമായി മാറും. അത് അനിവാര്യമായ തിന്മയായി തീരുന്നു. ലൈംഗികത മനുഷ്യന്റെ കേവലമായ ആദിപാപമായും അതിനെല്ലാം ഉത്തരവാദി സ്ത്രീയായും വ്യാഖ്യാനിക്കപ്പെടുന്നു. ക്രമേണ, സദാചാരം സമം ലൈംഗികസദാചാരം എന്ന നിലയിലേക്ക് ഇതു ചുരുക്കപ്പെടുന്നു.
ലൈംഗികതയോടുള്ള ഈ വികലസമീപനവും അതുളവാക്കുന്ന ലൈംഗികദമനവും ലൈംഗികതയുടെ ആസ്വാദ്യതയെ നശിപ്പിക്കുകയും ഭാര്യാഭര്‍ത്താക്കന്മാരെ വരെ ഒരുതരം ലൈംഗികമായ വിശപ്പില്‍ നിലനിര്‍ത്തുകയും ചെയ്യുന്നു. വയസ്സ് 55 ആകുന്നതോടുകൂടെ പുരുഷന്‍ (സ്ത്രീയും) പെന്‍ഷന്‍ പറ്റുകയും സ്ത്രീകള്‍ ആര്‍ത്തവവിരാമത്തിന്റെ ശാരീരികവും മാനസികവുമായ സംഘര്‍ഷങ്ങളെ നേരിടുകയും ചെയ്യുന്നതോടുകൂടെ ലൈംഗികജീവിതം തീര്‍ത്തും അവസാനിച്ച മട്ടാകും. ഈ ഘട്ടത്തില്‍ സ്ത്രീകള്‍ ആത്മീയതയെ വാരിപ്പുണര്‍ന്നു നിര്‍വൃതി തേടുമ്പോള്‍ പുരുഷന്‍മാര്‍ മദ്യത്തിലും തത്തുല്യമായ സംതൃപ്തികളിലും അഭയം തേടുന്നു. ലൈംഗികബന്ധത്തിനു പ്രായപരിധിയില്ല എന്നതു വിസ്മരിക്കപ്പെടുന്നു. ലൈംഗികമായ കഴിവുകള്‍ അസ്തമിക്കുമ്പോഴും ആയുഷ്‌ക്കാലമുള്ള സൗഹൃദത്തിന്റെ അവിഭാജ്യഘടകമായി ലൈംഗികബന്ധം നിലനില്‍ക്കുന്നു. ഇതാണ് യാഥാര്‍ത്ഥ്യമെങ്കിലും കേരളത്തില്‍ ഒരു വലിയ വിഭാഗം ലൈംഗികമായ പട്ടിണിയിലാണ് കഴിയുന്നത്. 
ലൈംഗികാവേഗത്തിന്റെ തിരതള്ളല്‍ അനുഭവപ്പെടുന്ന കൗമാര–യൗവനപ്രായത്തിലും ലൈംഗികതയുടെ ആരോഗ്യപരമായ പ്രകാശനത്തിനുള്ള സാദ്ധ്യതകള്‍ നിഷേധിക്കപ്പെടുന്നു. ഒളിച്ചും പതുങ്ങിയും വികലമായ ദിവാസ്വപ്‌നം കണ്ടും കുറ്റബോധത്തോടെ സംതൃപ്തി കണ്ടെത്താന്‍ അവര്‍ നിര്‍ബന്ധിതരാകുന്നു. യൗവ്വനത്തിലും വാര്‍ദ്ധക്യത്തിലും നമ്മുടെ സമൂഹം ലൈംഗികമായ ആസ്വാദനത്തിനു കഴിവില്ലാത്തവരായി മാറുന്നു.

സ്‌നേഹം, ലൈംഗികത
സ്‌നേഹത്തിന്റെ ഏറ്റവും ഉദാത്തമായ പ്രകാശനമായി വേണം നാം ലൈംഗികതയെ മനസ്സിലാക്കേണ്ടത്. അതിനെ ഏറ്റവും ആസ്വാദ്യമാക്കുന്നത് ഇണകള്‍ തമ്മിലുള്ള പാരസ്പര്യമാണ്, സൗഹൃദമാണ്. സമത്വവും പരസ്പര ബഹുമാനവും അപരന്റെ സ്ഥാനത്തുനിന്നുള്ള മനസ്സിലാക്കലും (empathy) അതിന്റെ അടിസ്ഥാനത്തിലുള്ള കരുതലുമാണ് സ്‌േനഹം. സ്‌നേഹത്തില്‍നിന്നു വ്യതിരിക്തമായി ലൈംഗികതയെ കാണുന്നിടത്താണ് പ്രശ്‌നം സ്ഥിതിചെയ്യുന്നത്. അപരനെ സ്വന്തം സുഖത്തിനുള്ള വസ്തുവായി കാണുന്നിടത്തു ലൈംഗികബന്ധം വെറും ശാരീരിക പ്രക്രിയയായി, കാമം മാത്രമായി തീരുന്നു. അപരന്റെ വ്യക്തിത്വത്തെ ആദരിച്ചുകൊണ്ടുള്ള ലൈംഗികത ആത്മീയഭാവം കൈക്കൊള്ളുന്നു; അതു സ്‌നേഹത്തിന്റെ നിര്‍വൃതിയായിത്തീരുന്നു. 
സ്‌നേഹത്തില്‍നിന്നു വിച്ഛേദിക്കപ്പെട്ട, സ്ത്രീയെ വസ്തുവല്‍ക്കരിക്കുന്ന ലൈംഗികതയാണ് ബലാല്‍സംഗം. പുരുഷമേധാവിത്വ സംസ്‌കാരത്തില്‍ വിവാഹത്തിനുള്ളില്‍ പലപ്പോഴും സംഭവിക്കുന്നതും ബലാല്‍സംഗമാണ്. ഭാര്യയെ പീഡിപ്പിക്കാനും ഉപയോഗിക്കാനുമുള്ള ഇടമായി, അതിനുള്ള നിയമപരമായ അനുവാദമായി വിവാഹം മാറിത്തീരുന്നു. ലൈംഗികവികാരങ്ങള്‍ ദമനം ചെയ്യപ്പെടുന്നിടത്ത് ലൈംഗിക ബന്ധത്തെ സ്‌നേഹവുമായി സംയോജിപ്പിക്കാന്‍ കഴിയാതെ വരുന്നു. അതു നല്‍കുന്നതു കുറ്റബോധം മാത്രമാവും.

ഫ്രോയിഡും ലൈംഗികതയും
ഫ്രോയിഡിന്റെ ലൈംഗികതയെക്കുറിച്ചുള്ള പരിപ്രേക്ഷ്യം ഇവിടെ പ്രസക്തമായിവരുന്നു. ലൈംഗികതയെ ഫ്രോയിഡ് മനസ്സിലാക്കിയതു ജീവോര്‍ജ്ജമായാണ്. മനുഷ്യനിലെ സൃഷ്ടിപരമായ എല്ലാ പ്രവര്‍ത്തനത്തിന്റേയും പ്രചോദനമായിത്തീരുന്ന പ്രേരകശക്തിയാണത്. ലൈംഗികതയാകുന്ന അടിസ്ഥാന ഘടനയുടെ ഉപരിഘടനയാണ് കലയും മതവും സംസ്‌കാരവും എല്ലാം. ലൈംഗികതയുടെ വഴിതിരിച്ചുവിടപ്പെട്ടതും എന്നാല്‍, വ്യക്തിക്കു തൃപ്തിയും സമൂഹത്തിനു സ്വീകാര്യവും ഗുണപ്രദവുമായ പ്രകാശനങ്ങളാണ് കലയും സംസ്‌കാരവും എന്നതാണ് ഫ്രോയിഡിന്റെ പക്ഷം. ലൈംഗികതയെ ശരീരസംബന്ധിയായ പ്രേരണയും പെരുമാറ്റവും ആയിട്ടു മാത്രമല്ല അദ്ദേഹം മനസ്സിലാക്കിയത്. ജനിച്ചുവീഴുമ്പോള്‍ ഒരു മനുഷ്യന്‍ സ്വന്തസുഖം മാത്രം നോക്കുന്നവനാണ് (നാര്‍സിസ്‌സിറ്റിക്ക്/ആത്മരതി). മനുഷ്യനില്‍ നിക്ഷേപിക്കപ്പെട്ടിരിക്കുന്ന ജീവോര്‍ജ്ജത്തിന്റെ സ്വഭാവം ലൈംഗികമാണ് എന്ന് ഓര്‍ക്കേണ്ടതുണ്ട്. ഈ ജീവോര്‍ജ്ജം വായ്, മലദ്വാരം, ജനനേന്ദ്രിയം മുതലായ സുഖോത്തേജകങ്ങളായ ശരീഭാഗങ്ങളില്‍ ഒന്നിനു പുറകെ ഒന്നായി നിക്ഷേപിക്കപ്പെടുന്നു. 
ഈ ശരീരഭാഗങ്ങള്‍ ഒരോന്നായി (രതി) സുഖം നല്കുന്ന മേഖലകളായി തീരുന്നു. പിന്നീട് അതു ബാഹ്യവസ്തുക്കളിലേക്കും ഒടുവില്‍ വിപരീതലിംഗത്തിലുള്ള മറ്റൊരു വ്യക്തിയിലും നിക്ഷേപിക്കപ്പെടുന്നു. ഇങ്ങനെ അമിതമായ തന്നോടുതന്നെയുള്ള സ്‌നേഹത്തില്‍നിന്നും ആത്മരതിയില്‍നിന്നും പരക്ഷേമാകാംക്ഷയിലേക്കുള്ള വളര്‍ച്ചയ്ക്കു ലൈംഗിക–ജീവോര്‍ജ്ജം കാരണമാകുന്നു. ഫ്രോയിഡിന്റെ ഉദാത്തമായ ഈ ലൈംഗിക സങ്കല്‍പ്പമാണ് യഥാര്‍ത്ഥത്തില്‍ സ്‌നേഹമായി നാം മനസ്സിലാക്കേണ്ടത്. മനുഷ്യന്റെ വ്യക്തിത്വ വികാസത്തെക്കുറിച്ചുള്ള ഫ്രോയിഡിന്റെ പരിപ്രേക്ഷ്യം അപ്പാടെ സ്വീകരിക്കുന്നില്ലെങ്കില്‍ക്കൂടി, ലൈംഗികതയെ ജഡികതയുടേയും ആത്മസുഖത്തിന്റേയും ചെളിക്കുണ്ടില്‍നിന്നും ഉയര്‍ത്തി പരസുഖകാംക്ഷയുടെ ഔന്നത്യത്തിലേക്ക് ഉയര്‍ത്താന്‍ കഴിഞ്ഞു എന്നതാണ് അദ്ദേഹത്തിന്റെ വലിയ സംഭാവന. 

കാമത്തില്‍നിന്നു 
സ്‌നേഹത്തിലേക്ക്    

ക്രൈസ്തവ വേദശാസ്ത്രത്തില്‍ ക്രിസ്തുവിന്റെ ദൗത്യമായി വ്യക്തമാക്കപ്പെടുന്നതും ഇതുതന്നെയാണ്. കാമത്തില്‍നിന്നും (Eros) നിസ്വാര്‍ത്ഥമായ സ്‌നേഹത്തിലേക്കുള്ള (agape) പരിണാമം. ക്രിസ്തുവിന്റെ ക്രൂശില്‍ കാണുന്നത് ഈ നിസ്വാര്‍ത്ഥമായ സ്‌നേഹമാണ്. ലൈംഗികതയെ ഈ നിസ്വാര്‍ത്ഥ സ്‌നേഹത്തില്‍നിന്നു വ്യതിരിക്തമായി കാണുന്നിടത്തുനിന്നാണ് പ്രശ്‌നങ്ങളെല്ലാം തുടങ്ങുന്നത്. ലൈംഗികതയെ സ്‌നേഹത്തിന്റെ അവിഭാജ്യഘടകമായി കാണാന്‍ മതസമൂഹങ്ങള്‍ക്കു കഴിയുന്നില്ല; അതിനെ പാപമായി (ആദിപാപമായി) കാണുകയും പഠിപ്പിക്കുകയും ചെയ്യുന്നു. സ്‌നേഹത്തില്‍ പരസ്പരം സ്വയം മറന്നു നല്‍കുന്നതിന്റെ ഉദാത്തമായ ഭാവമാണ് ലൈംഗികബന്ധം.
ലൈംഗികബന്ധം ആസ്വദിക്കേണ്ടതല്ലെന്നും അതു സന്താനോല്‍പ്പാദനത്തിനുള്ള ഒരു മാര്‍ഗ്ഗം മാത്രമാണെന്നും പഠിപ്പിക്കുന്ന സഭാവിഭാഗങ്ങള്‍ ഉണ്ട്; അതുകൊണ്ടുതന്നെ സന്താനോല്‍പ്പാദനത്തിലേക്കു നയിക്കാത്ത ലൈംഗികബന്ധം പാപമാണ് എന്നു പഠിപ്പിക്കുന്നു. എന്നാല്‍, സൗഹൃദത്തിന്റെ ഊഷ്മളതയ്ക്കും സ്‌നേഹത്തിന്റെ പൂര്‍ത്തീകരണത്തിനും ആയുഷ്‌ക്കാല സഖിത്വത്തിനും ഈശ്വരന്‍ നല്‍കിയിരിക്കുന്ന വരദാനമായി ലൈംഗികതയെ കാണാന്‍ കഴിയുന്നില്ല. ഒരു മനുഷ്യന്റെ (ഭക്തന്റെ) ഈശ്വരനെ പ്രാപിക്കാനുള്ള അഭിനിവേശത്തിനും ഉപയോഗിക്കപ്പെടുന്ന ഗ്രീക്ക് പദവും ഈറോസ് (കാമം) എന്നുതന്നെയാണ്. സഹോദരസ്‌നേഹത്തിന് ഉപയോഗിക്കുന്ന ഗ്രീക്ക് പദമാണ് ഫീലിയ (Philia). സ്‌നേഹത്തിന്റെ പരമകാഷ്ഠയായ അപരനുവേണ്ടിയുള്ള ആത്മപരിത്യാഗപരമായ സമര്‍പ്പണത്തിന് ഉപയോഗിക്കുന്ന പദമാണ് അഗാപ്പെ. ഇവ മൂന്നും സ്‌നേഹത്തില്‍ അടങ്ങിയിരിക്കുന്നു. കാമത്തിന്റെ ഊഷ്മളതയും വൈകാരികപ്രകടനങ്ങളും നിഷേധിക്കുന്നതു സ്‌നേഹത്തെ നിഷേധിക്കുന്നതിനു തുല്യംതന്നെയാണ്. സ്‌നേഹത്തിന്റേയും സൗഹൃദത്തിന്റെ വളരെ ചെറുതും ശാരീരികവുമായ പ്രകാശനങ്ങളേയും അംഗീകരിക്കാനും അതില്‍ നന്മയെ കാണാനും നമുക്കു കഴിയണം. അതിന്റെ പേരില്‍ ഹിംസാത്മകത സ്വീകരിക്കുന്നവരാണ് സദാചാരവിരോധികള്‍.

ക്രിസ്തുവും 
സ്ത്രീകളും

പെസഹാ വ്യാഴാഴ്ചയിലെ കാല്‍കഴുകല്‍ ശുശ്രൂഷയില്‍ പുരുഷന്‍മാരുടെ കാലു മാത്രമല്ല, എല്ലാവരുടേയും–സ്ത്രീകളുടേയും പെണ്‍കുട്ടികളുടേയും രോഗികളുടേയും ഒക്കെ കാലുകള്‍ കഴുകണമെന്ന് പോപ്പ് ഫ്രാന്‍സിസ് നിര്‍ദ്ദേശിക്കുകയുണ്ടായി. എന്നാല്‍, സീറോ മലബാര്‍ സഭ പൗരസ്ത്യസഭയുടെ പാരമ്പര്യം അനുസരിച്ചു പുരുഷന്‍മാരുടെ കാലുകള്‍ മാത്രം കഴുകിയാല്‍ മതിയാകും എന്ന തീര്‍പ്പാണ് നല്‍കിയിട്ടുള്ളത്. ഇതിലെ സ്ത്രീവിവേചനവും വിരുദ്ധതയും പ്രകടമാണ്. പാരമ്പര്യങ്ങളെയാണ് ക്രിസ്തു തിരുത്തിക്കുറിക്കുകയും അവയ്ക്കു പുതിയ അര്‍ത്ഥം നല്‍കുകയും ചെയ്തത്. സ്ത്രീകളുടെ കാലുകഴുകിയാല്‍ അച്ചന്‍മാരുടെ ബ്രഹ്മചര്യവ്രതം നഷ്ടമാകുമോ? ബ്രഹ്മചര്യം വ്രതമായി സ്വീകരിച്ചാലും ആരുടേയും ലൈംഗികത ഇല്ലാതെയാകുന്നില്ല. സ്ത്രീയെ നികൃഷ്ടജീവിയായി പരിഗണിച്ചു പൊതുഇടങ്ങളില്‍നിന്നുവരെ അകറ്റിനിര്‍ത്തിയിരുന്ന സമൂഹത്തിലാണ് രക്തസ്രാവമുള്ള സ്ത്രീയുടെ സ്പര്‍ശനത്തെ ക്രിസ്തു പൊതുസമൂഹത്തില്‍ അംഗീകരിക്കുന്നതും പന്ത്രണ്ടു വയസ്സുള്ള പെണ്‍കുട്ടിയെ കൈയ്ക്കുപിടിച്ച് എഴുന്നേല്‍പ്പിക്കുന്നതും. 
പാപിയായ ഒരു സ്ത്രീ ഒരു പരീശന്‍ ഒരുക്കിയ വിരുന്നില്‍ കണ്ണുനീര്‍കൊണ്ട് ക്രിസ്തുവിന്റെ കാല്‍ നനച്ചു തുടങ്ങി; തലമുടികൊണ്ടു തുടച്ചു; കാല്‍ ചുംബിച്ചു; തൈലം പൂശി. 'സദാചാരത്തിന്റെ പരിരക്ഷകരായ പരീശന്‍മാര്‍ വിമര്‍ശിക്കുമ്പോഴും ആ സ്ത്രീയുടെ സ്‌നേഹാതിരേകത്തേയും അതിന്റെ ബാഹ്യപ്രകാശനങ്ങളായ, നാം ലൈംഗികചേഷ്ടകള്‍ എന്നു വിശേഷിപ്പിക്കുന്ന പെരുമാറ്റങ്ങളേയും ക്രിസ്തു ശ്‌ളാഘിക്കുകയും അഭിനന്ദിക്കുകയുമാണ് ചെയ്തത്. ക്രിസ്തുവില്‍ കാണുന്ന ഈ സ്‌നേഹത്തിന്റെ ഉദാത്തഭാവം കൈക്കൊള്ളാന്‍ കഴിയില്ലെങ്കില്‍ അച്ചന്‍മാരും കന്യാസ്ത്രീകളും എന്തിനു ബ്രഹ്മചര്യം വ്രതമായി സ്വീകരിക്കണം?

കപട സദാചാരബോധം
സ്‌നേഹത്തില്‍ സംക്ഷേപിക്കാന്‍ കഴിയുന്ന ധാര്‍മ്മികതയുടേയും മാനവികമായ ജീവിതശൈലിയുടേയും സ്ഥാനത്ത് ഇന്നു പ്രബലമാകുന്നതും പ്രോത്സാഹിപ്പിക്കപ്പെടുന്നതും ആചാരാനുഷ്ഠാനബദ്ധമായ പൗരോഹിത്യമതമാണ് (cultic religion). അതു മനുഷ്യരെ വിഭജിക്കുന്നതും ബഹിഷ്‌കരിക്കുന്നതും വര്‍ഗ്ഗീയമായി സംഘടിപ്പിക്കുന്നതും ആണ്. സമുദായത്തിന്റെ അതിര്‍വരമ്പുകളെ അവര്‍ 'വിശുദ്ധ'മായി പരിരക്ഷിക്കുന്നു. മതപരമായ വികാരങ്ങളെ ചൂഷണം ചെയ്തുകൊണ്ടാണ് പൗരോഹിത്യ മതം സമ്പന്നമാകുന്നത്. വര്‍ഗ്ഗീയതയും പൗരോഹിത്യ മതവും പരസ്പരം പൂരകങ്ങളായി വര്‍ത്തിക്കുന്നു. അതുകൊണ്ടുതന്നെ സ്‌നേഹത്തിന്റെ സാര്‍വ്വലൗകികമായ, എല്ലാവരേയും ഉള്‍ച്ചേര്‍ക്കുന്ന, ധാര്‍മ്മികബോധത്തെ അവര്‍ ഭയപ്പെടുന്നു. 
നേരത്തെ സൂചിപ്പിക്കപ്പെട്ട ധാര്‍മ്മികതയെ ലൈംഗികതയുമായി ബന്ധപ്പെട്ട സദാചാരനിഷ്ഠയായി തുലനംചെയ്യുന്ന ഒരുതരം ആസ്വാദനവിരുദ്ധമായ 'പ്യൂരിറ്റാനിക്കല്‍ മതബോധം' പ്രോത്സാഹിപ്പിക്കപ്പെടുന്നു. ഇതു മദ്യവിരുദ്ധതയിലും പ്രകടമാണ്. മദ്യ ആസ്വാദനത്തിനു പ്രസക്തി ഇല്ലാത്ത, ഉന്മത്തനാകുക എന്നതില്‍ മാത്രം കേന്ദ്രീകരിക്കുന്ന മദ്യപാനമാണ് ഒരു സാമൂഹ്യവിപത്തായി മാറുന്നത്. ഈ സാംസ്‌കാരികമായ പ്രശ്‌നത്തെ മദ്യവര്‍ജ്ജനത്തില്‍ കേന്ദ്രീകൃതമായ പഠിപ്പിക്കലുകളിലൂടെയാണ് നേരിടേണ്ടത്. മദ്യനിരോധനത്തിനുവേണ്ടി മുറവിളികൂട്ടുന്നതും തീവ്രവാദപരമായി അതിനെ നേരിടുന്നതും യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍നിന്നു ജനശ്രദ്ധ മാറ്റുന്നതിനും ജനങ്ങളെ മാനേജ് ചെയ്തു കൂടെ നിര്‍ത്തുന്നതിനും വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമാണ്. മദ്യനിരോധനത്തിലൂടെ പ്രശ്‌നം പരിഹരിക്കപ്പെടുകയല്ല, കൂടുതല്‍ സങ്കീര്‍ണ്ണമാക്കപ്പെടുകയാണ്. വിദ്യാര്‍ത്ഥികളേയും കന്യാസ്ത്രീകളേയും ഇറക്കിയുള്ള ഈ കളി യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍നിന്നു ശ്രദ്ധതിരിക്കാനും സംഘടിത വര്‍ഗ്ഗീയശക്തി തെളിയിക്കാനുമുള്ള രാഷ്്രടീയതന്ത്രമാണ്. അതുകൊണ്ടുതന്നെ ജഡത്തിന്റെ താല്‍പ്പര്യങ്ങള്‍ എന്നു വിശേഷിപ്പിക്കുന്ന ലൈംഗികബന്ധത്തേയും തിന്നുക/കുടിക്കുക മുതലായ അടിസ്ഥാനാവശ്യങ്ങളേയും ആസ്വാദനത്തിന്റേയും ആത്മീയതയുടേയും സൗഹൃദത്തിന്റേയും ഉയര്‍ന്ന തലങ്ങളിലേക്ക് ഉയര്‍ത്താന്‍ കഴിയാതെ പോകുന്നു. 
വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഇത്തരം ഇടങ്ങളിലേക്കു തീട്ടൂരങ്ങളുമായി കടന്നുവരുമ്പോഴും സാമൂഹ്യവും ആത്മീയവുമായ ച്യുതിക്കു വളംവയ്ക്കുന്ന മട്ടില്‍ ന്യൂനപക്ഷാവകാശത്തെ ദുരുപയോഗപ്പെടുത്തി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടുപോകാന്‍ ക്രൈസ്തവ സഭകള്‍ക്കു യാതൊരു മടിയുമില്ല. തങ്ങളുടെ സംഘടിതമായ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളെ ആരും നിയന്ത്രിക്കരുത് എന്ന കപട സദാചാരബോധം സൃഷ്ടിക്കുന്ന ജീര്‍ണ്ണതയില്‍നിന്നാണ് ലൈംഗിക അതിക്രമങ്ങളുടേയും അഴിമതിയുടേയും ധൂര്‍ത്തിന്റേയും അടക്കം ഒട്ടുമിക്ക ദുര്‍ഭൂതങ്ങളും ഉണ്ടാകുന്നത്. സ്ത്രീകളെ വസ്തുവല്‍ക്കരിക്കുകയും അവരുടെ അവകാശങ്ങളേയും കര്‍ത്തൃത്വത്തേയും നിഷേധിക്കുകയും ചെയ്യുന്ന സിവില്‍ നിയമങ്ങള്‍ക്കു മതപരമായ വിശുദ്ധി കല്‍പ്പിക്കുന്നതും ഈ കപട സദാചാരത്തിന്റെ വക്താക്കളാണ്.

സദാചാര പോലീസിങ്ങിനെതിരെ എറണാകുളം മറൈന്‍ ഡ്രൈവില്‍ നടന്ന പ്രതിഷേധം

ആഡംബരത്തിന്റെ 
ലോകം

സ്വാശ്രയ കോളേജുകളുടെ നടത്തിപ്പിലൂടെയും മറ്റും അനധികൃതമായി/നിയമവിരുദ്ധമായി ലഭിക്കുന്ന വലിയ സമ്പത്ത് സൃഷ്ടിക്കുന്ന ആഡംബരത്തിന്റേയും സുഖലോലുപതയുടേയും ലോകം ബ്രഹ്മചര്യത്തിന്റേയും ദാരിദ്ര്യത്തിന്റേയും അനുസരണത്തിന്റേയും വ്രതവിശുദ്ധിയെ കളങ്കപ്പെടുത്തുന്നതായി പലപ്പോഴും മാറിയിരിക്കുന്നു. നീതിയുക്തവും ന്യായയുക്തവും അല്ലാത്ത ഇത്തരം പണസമാഹരണ മാര്‍ഗ്ഗങ്ങളും പണത്തിന്റെ ഉപയോഗവും സൃഷ്ടിക്കുന്ന ദൂഷിതവലയത്തിന്റെ ഭാഗമാണ് ലൈംഗികാതിക്രമങ്ങളും. അവയെ പരിപോഷിപ്പിക്കുന്ന മതസമൂഹങ്ങള്‍ക്ക് എങ്ങനെ സാദാചാരവക്താളാകാന്‍ കഴിയും? 
സ്വന്തം ലൈംഗികതയെ ആരോഗ്യപരമായി മനസ്സിലാക്കാന്‍ കഴിയാത്ത, സാംസ്‌കാരികമായ പക്വത ഇല്ലാത്ത, ആസ്വാദനപരമായ കഴിവ് നഷ്ടപ്പെട്ട ഒരു സമൂഹത്തിനു മുന്‍പില്‍ തുറന്നിടുന്നത് ആഗോളീകരണത്തിന്റെ ഉപോല്‍പ്പന്നങ്ങളായ ഭോഗതൃഷ്ണയുടേയും ഉടനടിയുള്ള സംതൃപ്തിയുടേയും (instant satisfaction) ഉദ്ദീപനത്തിന്റേയും പ്രോണോഗ്രഫിയുടേയും ലോകമാണ്. ഈ ലോകം മനുഷ്യരെ മനുഷ്യരല്ലാതാക്കുന്നു.
കേരള സമൂഹം ഇന്നും ഫ്യൂഡല്‍ മനഃസ്ഥിതിയില്‍ത്തന്നെയാണ് നിലനില്‍ക്കുന്നത്. മേലാള–കീഴാള വിഭജനമാണ് (ജന്മി–കുടിയാന്‍) അതില്‍ പ്രധാനം. പുരോഹിതന്‍മാരും ജന്മിവര്‍ഗ്ഗത്തില്‍ ഉള്‍പ്പെടും. എല്ലാ അധികാരവും ഇവരില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. സദാചാരം എന്നതു മേലാളരുടെ സൃഷ്ടിയാണ്. അവരുടെ സ്ഥാപിതതാല്‍പ്പര്യങ്ങളും അധികാരവും നിലനിര്‍ത്താനായി കീഴാളര്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്ന ആചാരമാണ് സദാചാരം. വ്യക്തിസ്വാതന്ത്ര്യം എന്നത് അവര്‍ക്ക് അന്യമാകുന്നു. നവോത്ഥാനത്തിന്റെ സംഭാവനയായ മനുഷ്യാവകാശങ്ങളെ സംബന്ധിച്ചും വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ചുമുള്ള സങ്കല്‍പ്പങ്ങള്‍ ഇന്നും കേരളീയ സമൂഹത്തിന് അന്യമാണ്. സമൂഹത്തെ ശ്രേണിയായി ക്രമീകരിക്കുന്ന ജാതിവ്യവസ്ഥയുടെ നീരാളിപ്പിടുത്തവും കേരളത്തിന്റെ സാമൂഹ്യജീവിതത്തെ സങ്കീര്‍ണ്ണമാക്കുന്നുണ്ട്. ഇതിനെല്ലാം ഉപരിയായി പുരുഷമേധാവിത്വവും ഇവിടെ കൊടികുത്തിവാഴുന്നു. ഇത്തരത്തിലുള്ള മേധാവിത്വത്തിന്റേയും ചൂഷണത്തിന്റേയും ബന്ധങ്ങളേയും വേര്‍തിരിവുകളേയും നിലനിര്‍ത്തുന്നതില്‍ മതസമൂഹങ്ങള്‍ നിര്‍ണ്ണായകമായ പങ്കാണ് വഹിക്കുന്നത്. 
ജന്മി–മുതലാളി വ്യവസ്ഥ, വര്‍ണ്ണവ്യവസ്ഥ, പുരുഷമേധാവിത്വ വ്യവസ്ഥ, വര്‍ഗ്ഗീയത എന്നിവ നിലനിര്‍ത്തണമെങ്കില്‍ പ്രണയത്തേയും പ്രണയവിവാഹങ്ങളേയും തടയണം. സ്‌നേഹത്തിന് അതിരുകള്‍ സൃഷ്ടിക്കണം. പ്രണയങ്ങള്‍തന്നെ എതിര്‍ക്കപ്പെടണം. അതുകൊണ്ടാണ് മതസമൂഹങ്ങളെല്ലാം ആലോചിച്ചുള്ള വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്നത്. വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കും സ്വതന്ത്രമായ തെരഞ്ഞെടുപ്പിനും പ്രസക്തിയില്ലാതായിത്തീരുന്നു. കമ്പോള സംസ്‌കാരത്തില്‍ പ്രയോജനത്താല്‍ ഗുണനിര്‍ണ്ണയം ചെയ്യപ്പെടുന്ന, ലാഭേച്ഛയാല്‍ നിയന്ത്രിക്കപ്പെടുന്ന വിലപേശലിന്റേയും കൊടുക്കല്‍വാങ്ങലുകളുടേയും ഇടമായി വിവാഹം മാറിത്തീരുന്നു. വ്യക്തിസ്വാതന്ത്ര്യവിരുദ്ധ, സ്‌നേഹവിരുദ്ധ, ഫ്യൂഡല്‍–കമ്പോളശക്തികളെല്ലാം പ്രണയത്തിന്റെ ശത്രുക്കളായി തീരുന്നു. റോമിയോ വിരുദ്ധ സ്‌ക്വാഡുകള്‍ രൂപപ്പെടുന്നു. മതദേശീയവാദികളുടെ സദാചാരവും ഇപ്രകാരം തന്നെ. അതുകൊണ്ട് ഈവക ദുര്‍ഭൂതങ്ങളെ ഒഴിപ്പിച്ചുകൊണ്ടു മാത്രമേ സ്‌നേഹത്തെ ലോകത്തില്‍ നിലനിര്‍ത്താന്‍ കഴിയൂ.     

ആസ്വാദനത്തിന്റെ 
അഭാവം

ലൈംഗികാസ്വാദനം മദ്യ ആസ്വാദനംപോലെതന്നെ മലയാളിക്ക് അന്യമായിരിക്കുന്നു. കുറ്റബോധമില്ലാത്ത, തന്നിലുളവാകുന്ന വികാരങ്ങളെ അംഗീകരിക്കാന്‍ കഴിയുന്ന, ഒരു മനസ്സാണ് ആസ്വാദനത്തിനുവേണ്ടത്. ആസ്വാദനത്തിനു പാരസ്പര്യത്തിന്റേയും കൂട്ടായ്മയുടേയും ഒരു പരിസരം ഉണ്ടാകണം. സ്വയം ഉന്മത്തനാകുക എന്നതല്ല ലക്ഷ്യം. ശരീരത്തിന്റേയും മനസ്സിന്റേയും ആത്മാവിന്റേയും ഒത്തുചേരലിലൂടെ സൃഷ്ടിക്കപ്പെടുന്ന ആത്മനിര്‍വൃതിയുടെ അനുഭവമാണ് ആസ്വാദനം. ഭക്ഷണം കഴിക്കുന്നതു വിശപ്പടക്കാന്‍ വേണ്ടി മാത്രമല്ല. അതിലുമുണ്ട് ആസ്വാദനം. ഭക്ഷണത്തിന്റെ ചേരുവകളോടൊപ്പം അതിന്റെ നിറം, മണം, അവതരണം ഇവയൊക്കെ ആസ്വാദ്യതയെ വര്‍ദ്ധിപ്പിക്കുന്നു. കൂട്ടായ്മയുടേയും പങ്കുവയ്ക്കലിന്റേയും പാരസ്പര്യത്തിന്റേയും പരിസരങ്ങള്‍ അതിന്റെ ആസ്വാദ്യതയ്ക്കു മാറ്റുകൂട്ടും. അത്തരം ഒരു വിരുന്നാണ് ക്രിസ്തീയാരാധനയുടെ ഭാഗമായ കര്‍ത്താവിന്റ അത്താഴം. 
ആസ്വാദ്യതയ്ക്കു പ്രസക്തിയില്ലാത്ത, കേവലം ശാരീരികമായ, വൈയക്തികമായ ആവേഗങ്ങളുടെ പൂര്‍ത്തീകരണം മൃഗീയമാണ്. മൃഗങ്ങളില്‍ ആസ്വാദ്യതയ്ക്കു പ്രസക്തിയില്ല. നിയതമായ, സഹജവാസനാബദ്ധമായ ആവേഗപൂരണത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ അവരില്‍ മാത്രമാണുള്ളത്. അത് ഒരര്‍ത്ഥത്തില്‍ കംപ്യൂട്ടറിലെ പ്രോഗ്രാം പോലെയാണ്. ബാഹ്യചോദനയോടുള്ള പ്രതികരണമായി നിയതമായ ആന്തരിക പൂരണമാര്‍ഗ്ഗങ്ങള്‍ തുറന്നുവിടപ്പെടുന്നു. ചുരുക്കത്തില്‍ വെറും ലിംഗസുഖം മാത്രമായിത്തീരുന്ന കാമവും ഭോജനസുഖം മാത്രമായിത്തീരുന്ന വിശപ്പും ഉന്മത്തതയായി മാത്രം തീരുന്ന മദ്യപാനവും മൃഗീയമാണ്. അവിടെയൊന്നും ആസ്വാദ്യതയില്ല. ആസ്വാദ്യത എന്നതു മനുഷ്യനു മാത്രം സാദ്ധ്യമായിട്ടുള്ളതാണ്. ആസ്വാദ്യത ഇല്ലാത്തിടത്തു കലയില്ല; കലയില്ലാത്തിടത്തു സംസ്‌കാരമില്ല. ഇത്തരം സാംസ്‌കാരികമായ പ്രതിസന്ധിയാണ് നാം നേരിടുന്നത്. ഈ പ്രതിസന്ധി സൃഷ്ടിക്കുന്നതില്‍ മതസമൂഹങ്ങളുടെ പങ്ക് ചെറുതല്ല. അവയ്ക്ക് അടിസ്ഥാന ആവേഗങ്ങളെ അംഗീകരിക്കാന്‍ കഴിയുന്നില്ല. അവയുടെ ആസ്വാദ്യത അവര്‍ക്കു പാപമാണ്. 

കാല്‍കഴുകല്‍ ശുശ്രൂഷ

ലൈംഗിക പട്ടിണിയും 
വിരസതയും    

ദമനം ചെയ്യപ്പെട്ട ലൈംഗികതയുടെ ഭാരമുള്ള ഭാണ്ഡം ചുമക്കുന്ന, ലൈംഗികതയെപ്പറ്റി അതിരൂക്ഷമായ ധാര്‍മ്മിക സദാചാബോധം പുലര്‍ത്തുന്ന, എന്നാല്‍, ലൈംഗികത വിട്ടുമാറാത്ത വികാരവിചാരമായി കൊണ്ടുനടക്കുന്ന (sexually obsessed) നാടായി കേരളം മാറിത്തീര്‍ന്നിരിക്കുന്നു. മാത്രമല്ല, ലൈംഗികമായ പട്ടിണിയിലും വിരസതയിലും മനോരാജ്യത്തില്‍ വിചിത്ര കല്‍പ്പന (fantasy) മെനയുകയും അതില്‍ ലൈംഗികസംതൃപ്തി കണ്ടെത്തുകയും ചെയ്യുന്ന ഒരു വലിയ വിഭാഗം ജനങ്ങള്‍ ഇവിടെയുണ്ടാകുന്നു. മനോരാജ്യത്തിലെ വിചിത്രകല്‍പ്പനകള്‍ യഥാര്‍ത്ഥ ലോകത്തില്‍ ആവിഷ്‌കരിക്കപ്പെടുമ്പോഴാണ് അതു ലൈംഗികവൈകൃതങ്ങളായും അതിക്രമങ്ങളായും തീരുന്നത്. പലപ്പോഴും ഇവയുടെ ഉന്നം സമൂഹത്തിലെ ബലഹീന ജനവിഭാഗമായിത്തീരുന്നു. സ്ത്രീ എന്നതിനുമപ്പുറം കുട്ടികളും (ലിംഗവിവേചനം ഇല്ലാതെ) വൃദ്ധകളും എല്ലാം ഇവയുടെ ഇരകളായിത്തീരുന്നു.
ലൈംഗികമായ പട്ടിണിയില്‍ ജീവിക്കുന്ന ഒരു വലിയ മറുനാടന്‍ സമൂഹവും ഇന്നു കേരളത്തിലുണ്ട്. 'അന്യസംസ്ഥാന തൊഴിലാളികള്‍' എന്നു വിളിക്കപ്പെടുന്ന ഇവരുടെ ലോകം മുഖ്യധാരാസമൂഹത്തിന് അന്യമാണ്; അപരിചിതമാണ്. അവരുടെ ജീവിതസാഹചര്യങ്ങള്‍ മനുഷ്യത്വത്തിന്റെ അധമതലങ്ങളിലാണ്. കഠിനമായ അദ്ധ്വാനത്തിനുമപ്പുറം ജീവിതം ആഘോഷിക്കാന്‍, ആത്മപ്രകാശനത്തിന്, വൈകാരികമായ സംതൃപ്തിക്കു മാര്‍ഗ്ഗങ്ങളൊന്നും അവരുടെ മുന്‍പിലില്ല. മൃഗങ്ങളെപ്പോലെ അവജ്ഞയോടെ കാണുന്ന ഒരു സമൂഹത്തില്‍ അവര്‍ മൃഗങ്ങളായി മാറുന്നതില്‍ അത്ഭുതപ്പെടാനില്ല. അന്യസംസ്ഥാനങ്ങളില്‍നിന്നു വന്നവരാണ് പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം എന്നു സൂചിപ്പിക്കുകയല്ല. ലൈംഗിക കുറ്റവാളികളെ അവരുടെ സാമൂഹ്യ സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ചു മനസ്സിലാക്കേണ്ടതുണ്ട്. ലൈംഗിക കുറ്റവാളികളില്‍ ഒരു വിഭാഗം മാനസികരോഗികളാണ്; പതിവു കുറ്റവാളികളാണ് (habitual offenders). മറ്റൊരു വിഭാഗം തങ്ങളുടെ അധികാരം ദുര്‍വ്വിനിയോഗം ചെയ്യുന്നവരാണ്–അദ്ധ്യാപകര്‍, വൈദികര്‍, മേലധികാരികള്‍, മുതിര്‍ന്നവര്‍ എന്നിവരൊക്കെ ഈ ഗണത്തില്‍പ്പെടും. മൂന്നാമത് ഒരു വിഭാഗം താഴ്ന്ന സാമൂഹ്യ–സാമ്പത്തിക –സാംസ്‌കാരിക സാഹചര്യങ്ങളില്‍ നിന്നും വരുന്നവരാണ്. 
പതിവു കുറ്റവാളികള്‍ മനോരോഗികളാണ്. അവര്‍ എപ്പോഴും എല്ലാ സമൂഹത്തിലും ഉണ്ടായിരിക്കും; അവര്‍ കൃത്യമായി അടയാളപ്പെടുത്തപ്പെടേണ്ടവരും വേര്‍തിരിച്ചു കാണേണ്ടവരും ചികിത്സ നല്‍കേണ്ടവരുമാണ്. ഇവരെ തൂക്കിലിടണമെന്നും കൊല്ലണമെന്നുമൊക്കെ ആക്രോശിക്കുന്നവര്‍ രോഗികള്‍ക്കു വേണ്ടതു ചികിത്സയാണെന്ന് ഓര്‍ക്കേണ്ടതുണ്ട്. ഇങ്ങനെയുള്ളവരെ തിരിച്ചറിയാനുള്ള ശ്രദ്ധയും ഇടപെടലുമാണ് നിയമപാലകരില്‍നിന്ന് ഉണ്ടാകേണ്ടത്. 
സമ്പത്തും അധികാരവും കയ്യാളുന്നവര്‍ കാട്ടുന്ന ലൈംഗികാതിക്രമങ്ങള്‍ പലപ്പോഴും വര്‍ദ്ധിക്കുന്നതു കീഴാളവിധേയത്വത്തിന്റെ പശ്ചാത്തലത്തിലാണ്. സാംസ്‌കാരികമായും വിദ്യാഭ്യാസപരമായും പുരോഗതി പ്രാപിച്ച പല രാജ്യങ്ങളിലും പ്രാഥമികമായ ക്‌ളാസ്‌സ് മുതല്‍ കുട്ടികളെ 'ചീത്ത സ്പര്‍ശനം' മനസ്സിലാക്കാനും അതിനോട് എങ്ങനെ പ്രതികരിക്കണം എന്നു പഠിപ്പിക്കാനും സ്‌കൂളുകള്‍ ജാഗ്രത കാണിക്കുന്നു. ഇവിടെ ഇരകള്‍ മാനഹാനി ഭയന്ന് ഇത്തരം ഇടപെടലുകളെ തുറന്നുകാട്ടാന്‍ സന്നദ്ധത കാട്ടാതിരിക്കുന്നു. മാത്രമല്ല, തുറന്നു കാട്ടപ്പെട്ടാലും അധികാരം ഉപയോഗിച്ച് അവയെ തേച്ചുമാച്ചു കളയാനും വേട്ടക്കാര്‍ക്കു കഴിയുന്നു. അതിലുപരി 'സ്ഥാപനത്തിനു പേരുദോഷം ഉണ്ടാകും' എന്ന വാദഗതിയില്‍ സ്ഥാപനമായിത്തന്നെ ഒതുക്കിത്തീര്‍ക്കാനും ശ്രമിക്കും. ഇതില്‍ പൊലീസും കൂട്ടുപ്രതികളായിത്തീരുന്നു. ലൈംഗികപീഡനങ്ങള്‍ അന്വേഷിക്കാനുള്ള പരാതി പരിഹാര കമ്മിറ്റികള്‍ (complaints committee) എല്ലാ സ്ഥാപനങ്ങളിലും വേണമെന്നു നിഷ്‌കര്‍ഷിക്കുമ്പോഴും പലയിടത്തും ഇവയില്ലെന്നു മാത്രമല്ല, ഉള്ളവ സജീവമായി പ്രവര്‍ത്തിക്കാറുമില്ല. ക്രൈസ്തവസഭയുടെ ഇടങ്ങളില്‍ ഇത്തരം പരാതി പരിഹാര കമ്മിറ്റികള്‍ ഇന്നു നിലനില്‍ക്കുന്നില്ല. അവിടേയും കമ്മിറ്റികള്‍ നിര്‍ബന്ധമാക്കേണ്ടതുണ്ട്.

നിര്‍ഭയയുടെ 
കൊലപാതകര്‍  
 
മുഖ്യധാരയില്‍ ജീവിക്കുന്നവര്‍ക്കു തികച്ചും അപരിചിതമാണ് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ലോകം. ജനനിബിഡമായ, സ്വകാര്യതയില്ലാത്ത, ജീവിതസാഹചര്യങ്ങളിലാണ് അവര്‍ കഴിയുന്നത്. പലര്‍ക്കും ഒരു കൂരയോ കിടപ്പാടമോ ഇല്ല. അവര്‍ വാഹനങ്ങളിലും നിരത്തുകളിലും റെയില്‍വേ സ്റ്റേഷന്‍ പോലുള്ള പൊതുസ്ഥലങ്ങളിലോ ആണ് അന്തിയുറങ്ങുന്നത്. അവരില്‍ അധികംപേരും ഗ്രാമങ്ങളില്‍നിന്നും പട്ടണങ്ങളിലേക്കും നഗരങ്ങളിലേക്കും കുടിയേറിയവരാണ്. കണ്ണഞ്ചിപ്പിക്കുന്ന ആഡംബരത്തിന്റേയും ധൂര്‍ത്തിന്റേയും ലൈംഗികതയുടേയും ലോകം അവര്‍ക്ക് അപരിചിതമല്ല; പക്ഷേ, അപ്രാപ്യമായി തുടരുന്നു. കുടുംബജീവിതത്തിന്റെ ഊഷ്മളത അവര്‍ക്ക് അന്യമാണ്. അവരെ പലപ്പോഴും മുഖ്യധാരാസമൂഹവും അതിലെ ക്രിമിനലുകളും രാഷ്ട്രീയക്കാരും അവരുടെ ദുഷ്‌ചെയ്തികള്‍ക്കായി ഉപയോഗിക്കുന്നു. പിടിച്ചുപറിച്ചു മാത്രമേ അവര്‍ ജീവിതത്തില്‍ എന്തെങ്കിലും നേടിയിട്ടുള്ളൂ; പ്രത്യേകിച്ചും ജീവിതസുഖങ്ങള്‍. മദ്യവും മയക്കുമരുന്നും അവര്‍ക്കു താല്‍ക്കാലികാശ്വാസത്തിന് അഭയമായിത്തീരുന്നു. ഇങ്ങനെ ക്രിമിനലുകളാക്കപ്പെട്ടവര്‍ക്കു ലൈംഗികസംതൃപ്തി എന്നതും ബലപ്രയോഗംമൂലം കീഴ്‌പ്പെടുത്തി അനുഭവിക്കേണ്ട ഒന്നായിത്തീരുന്നു. നിര്‍ഭയ എന്ന യുവതി ഡല്‍ഹിയില്‍ ഇരയായിത്തീര്‍ന്നത് ഇത്തരം കൂട്ടരുടെ കരങ്ങളിലാണ്. നിര്‍ഭയയുടെ വളരെ ക്രൂരമായ ബലാല്‍സംഗത്തിലും കൊലപാതകത്തിലും രോഷാകുലരാകുകയും പ്രതികളെ തൂക്കിക്കൊല്ലണമെന്ന് ആക്രോശിക്കുകയും ചെയ്യുമ്പോഴും മൃഗതുല്യമായി ജീവിക്കാന്‍ വിധിക്കപ്പെട്ടിട്ടുള്ള/ക്രിമിനലുകളാക്കപ്പെട്ടിട്ടുള്ള ഇത്തരം മനുഷ്യരെ മനസ്‌സിലാക്കാനും നമുക്കു സാധിക്കണം. ക്രൂരമായ, സ്‌നേഹശൂന്യമായ, മനുഷ്യത്വരഹിതമായ ഒരു സമൂഹത്തിന്റെ ഇരകളാണ് അവരും. 

ജിഷയുടെ 
സഹോദരിമാര്‍  
 
ജിഷയുടെ കൊലപാതകത്തില്‍ കേരളവും ഇന്ത്യ മുഴുവനും ഇളകി. മൃഗീയമായ കൊലപാതകത്താലാണ് അവള്‍ അറിയപ്പെട്ടത്. അവളുടെ ലോകം, അവള്‍ക്കുവേണ്ടി അറിഞ്ഞ് ആടിയ മധ്യവര്‍ഗ്ഗ സ്ത്രീവിമോചന പ്രസ്ഥാനങ്ങള്‍ക്കും ബഹുജന പ്രസ്ഥാനങ്ങള്‍ക്കും എന്‍.ജി.ഒകള്‍ക്കും തികച്ചും അപരിചിതമാണ്. കെട്ടുറപ്പില്ലാത്ത വീടുകളിലും വഴിയോരങ്ങളിലും കനാല്‍ പുറമ്പോക്കുകളിലും കൊലചെയ്യപ്പെടാതെ ബലാല്‍സംഗത്തിനിരയായിത്തീരുന്ന, ജീവിച്ചിരിക്കുന്നു എങ്കിലും മരിച്ചതിനൊക്കുന്ന എത്രയോ ജിഷമാര്‍ ഇന്നും പ്രബുദ്ധ കേരളത്തില്‍ ജീവിക്കുന്നു. ജീവിച്ചിരിക്കുന്ന ജിഷമാരുടെ ജീവിതസാഹചര്യം മനസ്‌സിലാക്കാനോ അവര്‍ക്കു സുരക്ഷിതത്വം ഉറപ്പാക്കാനോ ആരും ശ്രമിക്കുന്നില്ല. 
ജിഷയുടെ കുടുംബം ഒരു ദളിത് കുടുംബമായിരുന്നു. സ്ത്രീകള്‍ മാത്രമുള്ള കുടുംബം. പിതാവിന്റെ പിന്തുണയില്ലാതെ പ്രായപൂര്‍ത്തിയായ രണ്ടു പെണ്‍കുട്ടികളെ ആണ്‍ശല്യത്തില്‍നിന്നു സംരക്ഷിക്കാനുള്ള ഒരു മാതാവിന്റെ വേവലാതിയോടുകൂടെയുള്ള ഇടപെടലുകള്‍ എല്ലാവരും-സമീപവാസികളും നാട്ടുകാരും പൊലീസുമെല്ലാം–മനസ്സിലാക്കിയതു ഭ്രാന്തായിട്ടാണ്. അവര്‍ തികഞ്ഞ ഒറ്റപ്പെടലിലാണ് ജീവിച്ചത്. ആ വീട്ടില്‍ എന്തു നടക്കുന്നുവെന്നറിയാന്‍ സമീപവാസികള്‍ക്കുപോലും താല്പര്യമുണ്ടായിരുന്നില്ല; അവിടെ പട്ടാപ്പകല്‍ നടന്ന ഒരു ബലാല്‍സംഗത്തെപ്പറ്റിയും കൊലപാതകത്തെക്കുറിച്ചും ആരും ഒന്നും അറിഞ്ഞില്ല എന്നു പറയുമ്പോള്‍ ആ കുടുംബത്തിന്റെ ഒറ്റപ്പെടലിന്റെ അനുഭവം എത്ര ക്രൂരമായിരുന്നു എന്നതു നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഇത്തരം ദുര്‍ബ്ബലരായ കുടുംബങ്ങളെ വേര്‍തിരിച്ചു മനസ്സിലാക്കാനും ഇടപെടാനും പഞ്ചായത്തുകളും മറ്റു സാമൂഹ്യസംഘടനകളും ഗവണ്‍മെന്റ് തന്നെയും എന്തെങ്കിലും ശ്രമം നടത്തിയിട്ടുണ്ടോ? കുറ്റവാളിയെ പിടിക്കാന്‍, അവനെ വിചാരണ കൂടാതെതന്നെ വെടിവെച്ചു കൊല്ലാന്‍, ചാനല്‍ ചര്‍ച്ചകള്‍ നടത്താന്‍, വെമ്പല്‍കൊള്ളുന്ന പൊതുസമൂഹത്തിനു ജിഷയുടെ ജീവിച്ചിരിക്കുന്ന സഹോദരിമാരോട് എന്തു കടപ്പാടാണുള്ളത്? സ്‌നേഹശൂന്യമായ ഒരു സമൂഹത്തിന് ആഘോഷിക്കാനുള്ളതാണ് ഇവരുടെ ദൈന്യത. നമ്മുടെ കണക്കിനും സ്റ്റാറ്റിസ്റ്റിക്‌സിനും വെളിയില്‍ ജീവിക്കുന്ന മനുഷ്യജീവിതങ്ങള്‍ ഇന്നും കേരളത്തില്‍ ഉണ്ടെന്നും അവര്‍ നിയമപാലകരുടേയും നീതിന്യായവ്യവസ്ഥയുടേയും പരിഗണനയില്‍പ്പോലും വരുന്നില്ല എന്നും മനസ്സിലാക്കേണ്ടിയിരിക്കുന്നു.

സമൂഹത്തിന്റെ നഷ്ടം
ഇടം നഷ്ടപ്പെട്ട ഇരകളും ഹിംസ്രജന്തുക്കളും ഇവിടെ വര്‍ദ്ധിച്ചുവരുന്നു എന്നതാണ് കേരളം നേരിടുന്ന ഗുരുതരമായ യാഥാര്‍ത്ഥ്യം. സമൂഹം ഇല്ലാതായിത്തീര്‍ന്നിരിക്കുന്നു. കുടുംബങ്ങള്‍ അണുവല്‍ക്കരിക്കപ്പെടുന്നു. കുടുംബങ്ങളില്‍പ്പോലുമുള്ള ബന്ധങ്ങള്‍ വിറ്റഴിക്കലിന്റെ ബന്ധങ്ങളായിത്തീരുന്നു. അമ്മ സ്വന്തം മകളെ പരപുരുഷനു കാഴ്ചവയ്ക്കുന്നു; അച്ഛന്‍ മകളെ ബലാല്‍ക്കാരം ചെയ്യുന്നു; അച്ഛന്‍ മകളെ പീഡിപ്പിച്ചു എന്നു പറഞ്ഞ് അമ്മ കേസ് കൊടുക്കുന്നു; മുത്തച്ഛന്‍ മുത്തശ്ശിയുടെ ഒത്താശയോടെ കൊച്ചുമക്കളെ പീഡിപ്പിക്കുന്നു; ഒന്നിനു പുറകെ ഒന്നായി രണ്ടു കുരുന്നു പെണ്‍കുഞ്ഞുങ്ങള്‍ പീഡിപ്പിക്കപ്പെടുന്നു; ആത്മഹത്യ ചെയ്യുന്നു. ഒന്നും അന്വേഷിക്കപ്പെടുന്നില്ല. സംശയാസ്പദമായ സാഹചര്യങ്ങള്‍ ഉള്ളപ്പോഴും അവ ആത്മഹത്യയായി എഴുതി തള്ളപ്പെടുന്നു; പൊലീസിന്റെ അനവധാനത പോകട്ടെ, അവര്‍ക്കു ചുറ്റും അയല്‍വാസികളെന്ന സമൂഹം ഇല്ലേ? ആര്‍ക്കും ഇതൊന്നും പ്രശ്‌നമാകുന്നില്ല. നമ്മുടെ സാമൂഹ്യ ഇടങ്ങളെല്ലാം അണുവല്‍ക്കരിക്കപ്പെടുന്നു. പാരസ്പര്യം നഷ്ടപ്പെട്ട ആള്‍ക്കൂട്ടങ്ങള്‍ മാത്രമായിത്തീരുന്നു. അടുത്തവീട്ടില്‍ എന്തു സംഭവിക്കുന്നു എന്നതു നമ്മുടെ പ്രശ്‌നം അല്ലാതെ ആയിത്തീരുന്നു. എല്ലാം പൊലീസിന്റെ ചുമതലയായി മാറുന്നു. 
പ്രായം കുറഞ്ഞവരെല്ലാം പ്രായംകൂടിയവര്‍ക്കു വിധേയപ്പെടുകയും അവരെ അനുസരിക്കുകയും ചെയ്യണം, അധികാരശ്രേണിയില്‍ മുകളിലുള്ളവര്‍ക്കു താഴെയുള്ളവര്‍ കീഴ്‌പ്പെട്ടിരിക്കണം മുതലായ ഫ്യൂഡല്‍ കാഴ്ചപ്പാടുകളും ലൈംഗികാതിക്രമങ്ങള്‍ക്കു വഴിവയ്ക്കുന്നു. കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചു രക്ഷാകര്‍ത്താക്കള്‍ക്കും അദ്ധ്യാപകര്‍ക്കും വേണ്ടത്ര ബോധമില്ല. കുട്ടികളെ ശാരീരികമായും മാനസികമായും ശിക്ഷിക്കുകയും പീഡിപ്പിക്കുകയും ചെയ്യുക എന്നതു തങ്ങളുടെ അവകാശമായിട്ടാണ് അവര്‍ മനസ്സിലാക്കിയിരിക്കുന്നത്. വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഗൗരവതരമായ ബോധ്യം നമുക്കുണ്ടാകണം. ലൈംഗിക വിദ്യാഭ്യാസം വളരെ കൃത്യമായും അടിയന്തരമായും നല്‍കാനുള്ള പദ്ധതി ഉണ്ടാകണം. എന്‍.സി.ഇ.ആര്‍.ടി പ്രസിദ്ധീകരിച്ച പാഠ്യപദ്ധതി പുനരുജ്ജീവിപ്പിക്കണം. നമ്മുടെ സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തിയും അനുയോജ്യമായ പരിഷ്‌കാരങ്ങളോടുകൂടെ അതു നടപ്പിലാക്കണം. ലൈംഗികതയെക്കുറിച്ച് അതിന്റെ ഏറ്റവും മോശമായ രൂപത്തിലുള്ള അറിവിനു തങ്ങളുടെ മൊബൈലില്‍ ഒരു സ്പര്‍ശമേ വേണ്ടൂ. വികലമായ വിവരങ്ങള്‍ നൊടിയിടയില്‍ ലഭിക്കാനുള്ള സാദ്ധ്യതയുള്ളതുകൊണ്ടാണ് ശരിയായ രീതിയില്‍, ഓരോരുത്തരുടേയും പ്രായത്തിനനുസരിച്ചു ലൈംഗിക വിദ്യാഭ്യാസം നല്‍കുക എന്നത് എത്രയും അത്യന്താപേക്ഷിതമാകുന്നത്. 

മദ്യത്തിനെതിരെ

'സ്‌നേഹമാണഖിലസാരമൂഴിയില്‍'
സ്‌നേഹത്തില്‍ സംക്ഷേപിക്കാവുന്ന ധാര്‍മ്മികതയെ അവഗണിക്കുന്ന മതങ്ങളെല്ലാം ജീവനില്ലാത്ത മതങ്ങളാണ്. ഇത്തരം മതങ്ങളുടെ സദാചാരം കപട സദാചാരമാണ്. ഈ കപട സദാചാരത്തിന്റെ മുഖംമൂടികളാണ് ഇന്ന് ഓരോന്നായി അഴിഞ്ഞുവീണുകൊണ്ടിരിക്കുന്നത്. ലൈംഗികാവേഗത്തെ മാത്രമല്ല, മനുഷ്യന്റെ അടിസ്ഥാനപരവും സഹജവുമായ എല്ലാ ഉള്‍പ്രേരണകളേയും അംഗീകരിച്ചുകൊണ്ട് അവയെ സ്‌നേഹത്തിന്റെ ഉദാത്തമായ പ്രകാശനത്തിനുള്ള പ്രമാണമാക്കാന്‍ കഴിവുള്ള നല്ല മനുഷ്യരെ സൃഷ്ടിക്കാന്‍ വിദ്യാലയങ്ങള്‍ക്കും മതങ്ങള്‍ക്കും കഴിയണം. വ്യക്തിസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റങ്ങളെക്കുറിച്ചു ജാഗരൂകരായിരിക്കണം. പൗരോഹിത്യ മേധാവിത്വത്തെ അരക്കിട്ട് ഉറപ്പിക്കുന്ന, ധാര്‍മ്മികതയ്ക്കു പ്രസക്തി ഇല്ലാത്ത, അവളുടെ ലോകങ്ങളും അവയെ കേന്ദ്രീകരിച്ചു വളരുന്ന വര്‍ഗ്ഗീയ–ദേശീയവാദ–ഫാസിസ്റ്റ് ശക്തികളും കമ്പോളവ്യവസ്ഥയും ചേര്‍ന്നു സൃഷ്ടിക്കുന്ന ധാര്‍മ്മികച്യുതിയുടെ ബാഹ്യലക്ഷണങ്ങളാണ് നാം കാണുന്ന ലൈംഗികാതിക്രമങ്ങളും വൈകൃതങ്ങളും. നമ്മുടെ സമൂഹത്തേയും സാമൂഹ്യഇടങ്ങളേയും കൂടുതല്‍ മാനുഷികവും ഉത്തരവാദിത്വമുള്ളതുമാക്കുക എന്നതാണ് പ്രധാനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

സുഹൃത്തുക്കളുമായി എപ്പോഴും വിഡിയോകോൾ; ഭാര്യയുടെ കൈ വെട്ടി ഭർത്താവ്

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

തൊടുപുഴയിൽ വീണ്ടും പുലി; കുറുക്കനെയും നായയെയും കടിച്ചുകൊന്നു, കൂട് സ്ഥാപിച്ച് വനം വകുപ്പ്

മദ്യപിക്കാന്‍ പണം വേണം, ജി പേ ഇടപാടിന് വിസമ്മതിച്ചു; അതിഥി തൊഴിലാളിയെ കുത്തിക്കൊന്ന യുവാവ് അറസ്റ്റില്‍