മലയാളം വാരിക

മൂന്നാറില്‍ കണ്ടതു മാത്രല്ല സുരേഷ് കുമാര്‍

പി.എസ്. റംഷാദ്

തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ ആരംഭിച്ച അനന്തമൂര്‍ത്തി ഫൗണ്ടേഷന്‍ സ്‌കൂളിന്റെ പ്രഥമപ്രധാന സവിശേഷത കെ. സുരേഷ് കുമാറാണ്. സര്‍ക്കാര്‍ സര്‍വ്വീസില്‍നിന്ന് ഒന്നര വര്‍ഷം മുന്‍പ് സ്വയം വിരമിച്ചതു മുതല്‍ അദ്ദേഹം ഈ സ്‌കൂളിനും അതിലെ കുട്ടികള്‍ക്കും ഒപ്പമാണ്. വാര്‍ത്തകളില്‍ നിറഞ്ഞുതുളുമ്പിനിന്ന കാലത്തിന് ഇടവേള നല്‍കിയ ശേഷമുള്ള കെ. സുരേഷ് കുമാര്‍ ഐ.എ.എസ്സിന്റെ രണ്ടാം വരവ് എന്ന് വേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാം. പക്ഷേ, 29 വര്‍ഷത്തെ സര്‍ക്കാരുദ്യോഗത്തിന്റെ 14 വര്‍ഷവും സ്‌കൂള്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട തസ്തികകളിലായിരുന്നു കെ. സുരേഷ് കുമാര്‍. അക്കാലത്തെ അനുഭവങ്ങളുടെ സമ്പത്ത് ചെറുതല്ല. പ്രത്യേകിച്ചും ഡി.പി.ഇ.പി ഡയറക്ടറായിരുന്ന് പുതിയ ഒരു പാഠ്യപദ്ധതിതന്നെ തയ്യാറാക്കി നടപ്പാക്കാനാണ് അദ്ദേഹം നേതൃത്വം നല്‍കിയത്. അനുകൂലിച്ചും എതിര്‍ത്തും കേരളം ഇഴകീറി ചര്‍ച്ച ചെയ്ത ഡി.പി.ഇ.പി (ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പദ്ധതി) 1992-ലാണ് തുടങ്ങിയത്. കാല്‍നൂറ്റാണ്ടിനിപ്പുറം തുടക്കമിട്ടിരിക്കുന്ന അനന്തമൂര്‍ത്തി അക്കാദമി സി.ബി.എസ്.ഇ സ്‌കൂള്‍ ആ കാലത്തുനിന്ന്  ഊര്‍ജ്ജം സ്വീകരിക്കുന്നുണ്ട്.
ഡോ. യു.ആര്‍. അനന്തമൂര്‍ത്തിയുമായി ഉണ്ടായിരുന്ന അടുപ്പമാണ് ആ പേരില്‍ത്തന്നെ സ്‌കൂള്‍ തുടങ്ങാനുള്ള പ്രേരണ. കേരളത്തിലെ സ്‌കൂള്‍ വിദ്യാഭ്യാസം ഗുണനിലവാരമുള്ളതാക്കാനുള്ള ശുപാര്‍ശകള്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ കമ്മിഷന്‍ അധ്യക്ഷനായിരുന്നു അനന്തമൂര്‍ത്തി. അപ്പോഴേയ്ക്കും സുരേഷ് കുമാര്‍ ഡി.പി.ഇ.പിയുടെ തലപ്പത്തുനിന്ന് മാറിയിരുന്നു. എങ്കിലും പുതിയ പാഠ്യപദ്ധതി നിര്‍മ്മാണത്തിന്റേയും നടപ്പാക്കലിന്റേയും ഭാഗമായിരുന്ന അധ്യാപകരുള്‍പ്പെട്ട ഒരു വിഭാഗം കേരളത്തിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തെക്കുറിച്ച് അടുക്കിലും ചിട്ടയിലും കമ്മിഷനോടു വിശദീകരിക്കാന്‍ മുന്നില്‍ നിര്‍ത്തിയത് അദ്ദേഹത്തെയാണ്. അനന്തമൂര്‍ത്തിയുമായി അന്ന് തുടങ്ങിയ ബന്ധം വിദ്യാഭ്യാസമേഖലയോട് രണ്ടുപേരും പുലര്‍ത്തിയ കലര്‍പ്പില്ലാത്ത പ്രതിബദ്ധതയില്‍ ഉറച്ചു. അനന്തമൂര്‍ത്തിയുടെ വിയോഗം വരെ അത് ഉലഞ്ഞുമില്ല. അവരൊന്നിച്ച് പങ്കുവച്ച വിദ്യാഭ്യാസ സങ്കല്‍പ്പത്തിനൊപ്പിച്ച് ഒരു സ്‌കൂള്‍ തുടങ്ങാന്‍ അവസരം ഒത്തുവന്നപ്പോള്‍ മറ്റൊരു പേര് ആലോചിക്കേണ്ടിവന്നുമില്ല. ഇപ്പോള്‍ ഏഴാം ക്ലാസ്സ് വരെയാണുള്ളത്. ഒന്നു മുതല്‍ ഏഴ് വരെയായി 31 കുട്ടികള്‍. അവരുടെ രക്ഷിതാക്കള്‍ ഉള്‍പ്പെട്ട സൊസൈറ്റിയാണ് ആദ്യം രൂപീകരിച്ചത്. അനന്തമൂര്‍ത്തി അക്കാദമി എജുക്കേഷണല്‍ സൊസൈറ്റി. എന്നാല്‍, സ്വന്തം കുട്ടികള്‍ പഠിച്ചു പോയിക്കഴിഞ്ഞാല്‍ രക്ഷിതാക്കള്‍ക്ക് സ്‌കൂളിന്റെ പ്രവര്‍ത്തനത്തില്‍ താല്‍പ്പര്യമുണ്ടാകില്ല. ഈ സാഹചര്യത്തിലാണ് സൊസൈറ്റി എന്നതില്‍നിന്നു മാറി ഇതൊരു ട്രസ്റ്റാകുന്നത്. തുടര്‍ന്നാണ് സുരേഷ് കുമാറിന്റെ ദീര്‍ഘകാല സുഹൃത്തും അറിയപ്പെടുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ എം. താജുദ്ദീന്‍ ഇതിലേക്ക് വരുന്നതും സ്‌കൂളിനായി ഭൂമി നല്‍കുന്നതും. 

പഴങ്കഥയല്ലാത്ത അനുഭവക്കരുത്ത്

29 വര്‍ഷത്തെ സര്‍ക്കാര്‍ സര്‍വ്വീസിനിടയില്‍ 29 ദിവസം മാത്രമാണ് മൂന്നാറിലെ ഭൂമി കയ്യേറ്റം ഒഴിപ്പിക്കാന്‍ പോയതെങ്കിലും അതിന്റെ പേരില്‍ അറിയപ്പെടുന്നതിനെക്കുറിച്ച് അല്‍പ്പം തമാശയോടെയാണ് വി.എസ്. അച്യുതാനന്ദന്റെ പഴയ ദൗത്യസംഘത്തലവന്‍ ഇപ്പോള്‍ സംസാരിക്കുക. എന്നാല്‍, ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍, വി.എച്ച്.എസ്.ഇ ഡയറക്ടര്‍, എസ്.ഇ.ആര്‍.ടി ഡയറക്ടര്‍, ഡി.പി.ഇ.പി ഡയറക്ടര്‍ തുടങ്ങിയ പദവികള്‍ വഹിച്ചതാണ് തന്നെ രൂപപ്പെടുത്തിയതെന്ന് പറയാന്‍ മടിയുമില്ല. ഡി.പി.ഇ.പിയില്‍ കേന്ദ്രസര്‍ക്കാര്‍ ഒരേസമയം ആറ് സംസ്ഥാനങ്ങളുടെ ചുമതല നല്‍കിയിരുന്നു. അവിടുത്ത പൊതുവിദ്യാഭ്യാസത്തിന്റെ രൂപകല്‍പ്പന തന്നെ നിര്‍ണ്ണയിക്കുന്ന സുപ്രധാന ചുമതല. സ്‌കൂള്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ലോകബാങ്ക് ആസ്ഥാനത്ത് എട്ടു മാസം പ്രത്യേക പരിശീലനം. ഗൗരവതരമായ അവസരമാണ് വിദ്യാഭ്യാസരംഗത്ത് ലഭിച്ചത്. അതു പ്രാവര്‍ത്തികമാക്കാനുള്ള അവസരമായിക്കൂടിയാണ് അനന്തമൂര്‍ത്തി സ്‌കൂളിനെ കാണുന്നത്. ഈ വര്‍ഷവും അടുത്ത വര്‍ഷവും വട്ടിയൂര്‍ക്കാവില്‍ തന്നെ പ്രവര്‍ത്തിക്കും. പുതിയ സ്‌കൂള്‍ നിര്‍മ്മാണം പൂര്‍ത്തിയാകാന്‍ രണ്ടു വര്‍ഷമെങ്കിലും എടുക്കും. പരമാവധി 200 കുട്ടികളുള്ള സ്‌കൂളാണ് ഉദ്ദേശിക്കുന്നത്. ഉദ്ദേശിക്കുന്ന സ്‌കൂളിന്റെ ഹൃദയതാളത്തെക്കുറിച്ച് പറയണമെങ്കില്‍ സര്‍വ്വീസ് കാലത്തെ തന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍നിന്നു തുടങ്ങണം എന്നും അദ്ദേഹം കരുതുന്നു. പ്രത്യേകിച്ചും ഡി.പി.ഇ.പി ഡയറക്ടറായിരുന്ന കാലത്തുനിന്ന്. 
രാജ്യത്തെ പ്രൈമറി സ്‌കൂള്‍ വിദ്യാഭ്യാസം ഗുണപരമായി മെച്ചപ്പെടുത്തുന്നതിനുള്ള ലോകബാങ്ക് പദ്ധതിയായിരുന്ന ഡി.പി.ഇ.പിയുടെ തുടക്കം ഏഴ് സംസ്ഥാനങ്ങളിലായിരുന്നു. പിന്നീട് 18 സംസ്ഥാനങ്ങളിലായി. സംസ്ഥാനങ്ങളെ തെരഞ്ഞെടുക്കുന്നതിനു മാനദണ്ഡമായത് സാക്ഷരതയിലെ പിന്നാക്കാവസ്ഥ. വനിതാ സാക്ഷരതയിലെ കുറവു മറികടക്കുക കൂടിയായിരുന്നു ഉന്നം. കേരളം സാക്ഷരതയില്‍ പൊതുവേയും സ്ത്രീസാക്ഷരതയില്‍ പ്രത്യേകിച്ചും മുന്നിലാണ് എന്നതുകൊണ്ട് കേരളത്തിനു സാധ്യതയില്ല. അത് മറികടക്കാന്‍, അതുവഴി കേരളത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയെടുക്കാന്‍ കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി വൈദ്യനാഥ അയ്യര്‍ ഒരുപാധി വച്ചു. വനിതാ സാക്ഷരതാ നിരക്ക് സംസ്ഥാന ശരാശരിയെക്കാള്‍ താഴെയുള്ള ജില്ലകളെ ഉള്‍പ്പെടുത്തുക. അതോടെ മലപ്പുറം, കാസര്‍കോട്, വയനാട് ജില്ലകളെ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞു. 


എല്ലായിടത്തും സ്‌കൂളുകള്‍ സ്ഥാപിക്കുക, പഠിക്കാന്‍ പ്രായമായവരെ മുഴുവന്‍ സ്‌കൂളുകളില്‍ എത്തിക്കുക, പഠന ഗുണനിലവാരം ഉയര്‍ത്താന്‍ വേണ്ടത് ചെയ്യുക എന്നിവ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളായി. ഇതില്‍ ആദ്യത്തെ രണ്ടു കാര്യങ്ങളും കേരളത്തില്‍ നടപ്പായിക്കഴിഞ്ഞതാണ്. കേരളത്തില്‍ എല്ലാ ഗ്രാമങ്ങളിലും സ്‌കൂളുകളുണ്ട്, കുട്ടികള്‍ സ്‌കൂളില്‍ പോകുന്നുമുണ്ട്. മറ്റു സംസ്ഥാനങ്ങളൊന്നും ഡി.പി.ഇ.പിയുടെ ഏഴ് വര്‍ഷക്കാലത്തിനുള്ളില്‍ ഈ നേട്ടത്തിലേക്ക് എത്തുക എളുപ്പവുമല്ല. ഫലത്തില്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരവുമായി ബന്ധപ്പെട്ട് ചൂണ്ടിക്കാണിക്കാവുന്ന ഒരേയൊരു സംസ്ഥാനമായി കേരളം മാറുമെന്നതായി സ്ഥിതി. ഡി.പി.ഇ.പി നടപ്പാക്കിയ സംസ്ഥാനങ്ങളില്‍ പുതിയ പാഠ്യപദ്ധതി ഉണ്ടാക്കി നടപ്പാക്കിയ ഒറ്റ സംസ്ഥാനവും കേരളം മാത്രം. കേരളം അതിനു തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യം നടന്നത് മാനവവിഭവശേഷി വികസന മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ ഒരു അടിസ്ഥാന മൂല്യനിര്‍ണ്ണയം സംഘടിപ്പിക്കുകയായിരുന്നു. ഓരോ സംസ്ഥാനത്തും വിദ്യാഭ്യാസനില എവിടെ നില്‍ക്കുന്നു, എന്താണ് തല്‍സ്ഥിതി എന്ന വിലയിരുത്തല്‍. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ എജുക്കേഷന്‍ പ്ലാനിങ് ആന്റ് അഡ്മിനിസ്ട്രേഷന്‍ (നീപ) ആണ് അത് ഏകോപിപ്പിച്ചത്. കേരളത്തിലെ പഠനം നീപ നേരിട്ടു നടത്തുകയായിരുന്നു. ആ പഠനമാണ് ഡി.പി.ഇ.പിയുടെ അടിസ്ഥാന ഉള്ളടക്കമായി മാറിയത്. അവര്‍ അതില്‍ വ്യക്തമായി പറഞ്ഞു, കേരളത്തിലെ കുട്ടികളുടെ പഠന നിലവാരം ബിഹാര്‍, ബംഗാള്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ കുട്ടികളുടെ നിലവാരത്തെക്കാള്‍ താഴെയാണ്. വിജ്ഞാന നേട്ടത്തിന്റെ കാര്യത്തില്‍ ദേശീയതലത്തില്‍ നമ്മുടെ സ്ഥാനം പതിനാറാമതാണ്. എന്തുകൊണ്ടാണ് നമ്മുടെ നിലവാരം താഴുന്നത് എന്ന വ്യക്തമായിരുന്നു. നീപ പറഞ്ഞത്, നമുക്കൊരു പാഠ്യപദ്ധതിയേ ഇല്ല എന്നാണ്. സംവേദനാത്മകമായ ഒന്നും നമ്മുടെ പഠനരീതിയില്‍ ഇല്ല. പ്രസംഗരൂപത്തിലുള്ള ഏകപക്ഷീയ ബോധനമാണ് പിന്തുടരുന്നത്. പാഠപുസ്തകങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത് വളരെ അശാസ്ത്രീയമായാണ്. അധ്യാപകര്‍ക്ക് വല്ലപ്പോഴും പരിശീലനം നല്‍കുന്ന സംവിധാനങ്ങളാകട്ടെ,, ദുര്‍ബ്ബലവുമാണ്.
ഡി.പി.ഇ.പിക്ക് മേല്‍നോട്ടം വഹിക്കുന്നത് സംയുക്ത സമിതികളായിരിക്കും എന്ന് ആദ്യമേ നിശ്ചയിച്ചിരുന്നു. ആറ് മാസത്തിലൊരിക്കല്‍ ലോകബാങ്ക് പ്രതിനിധിയും കൂടി ഉള്‍പ്പെട്ട സംഘം എല്ലാ സംസ്ഥാനങ്ങളിലും പോയി വിലയിരുത്തും. അന്ന് കണ്ടെത്തി ചൂണ്ടിക്കാട്ടുന്ന പ്രശ്‌നങ്ങള്‍ അടുത്ത ആറ് മാസം കഴിഞ്ഞ് ചെല്ലുമ്പോള്‍ പരിഹരിച്ചിരിക്കണം. ഇല്ലെങ്കില്‍ സാമ്പത്തിക സഹായം നിര്‍ത്തും. 
ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന വിദ്യാഭ്യാസ വിദഗ്ദ്ധരെയാണ് പരിശോധനയ്ക്ക് കൊണ്ടുവരിക. ഒരു തവണ വന്നവരായിരിക്കില്ല അടുത്ത തവണ വരിക. വളരെ ശക്തമായ നിരീക്ഷണ, മേല്‍നോട്ട സംവിധാനം. ആദ്യ വിലയിരുത്തലില്‍ത്തന്നെ ഏറ്റവും നന്നായി പദ്ധതി മുന്നോട്ടു പോകുന്നത് കേരളത്തിലാണെന്ന് ബോധ്യമായി. അതിന്റെയൊരു പാരിതോഷികമായിട്ടുകൂടിയാണ് സുരേഷ് കുമാറിനെ കൂടുതല്‍ പരിശീലനത്തിന് അയച്ചതും. കേരളമാണ് നന്നായി ചെയ്യുന്നത് എന്ന് വിലയിരുത്തിയതിനൊപ്പം തന്നെ, ഇവിടുത്തെ ഗുണപരമായ നിലവാരം എന്താണ് എന്നും അത് പ്രാവര്‍ത്തികമാക്കേണ്ടത് എങ്ങനെയാകണം എന്നും എസ്.ഇ.ആര്‍.ടിയുടേയും ഡയറ്റിന്റേയും അധ്യാപകരുടെ ധാരണകള്‍ ശരിയല്ല എന്നും നിലവാരം പോരാ എന്നും അവലോകന റിപ്പോര്‍ട്ടില്‍ എഴുതി. അക്കാദമിക കാര്യങ്ങളില്‍ നേരിട്ട് ഇടപെട്ട് മേല്‍നോട്ടം വഹിക്കേണ്ടി വരും എന്നു വന്നതോടെ ഡയറക്ടര്‍ കൂടുതല്‍ ആഴത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിതന്നെ ആയി മാറിയെന്നും ആ പഠനം ചെലുത്തിയത് വലിയ സ്വാധീനവും നല്‍കിയത് വലിയ അനുഭവങ്ങളാണെന്നും  സുരേഷ് കുമാര്‍.
നിലവിലുള്ള പാഠ്യപദ്ധതിയെ ആശ്രയിക്കാന്‍ പറ്റില്ല എന്നുറപ്പായിരുന്നു. ഈ മാറ്റല്‍ പ്രക്രിയയ്ക്ക് ദേശീയ തലത്തിലുള്ള വിദഗ്ദ്ധരെ ആശ്രയിക്കാനാണ് തീരുമാനിച്ചത്. രമാകാന്ത് അഗ്‌നിഹോത്രി, എച്ച്.കെ. ദിവാന്‍, സുബീര്‍ ശുക്ല തുടങ്ങിയ അതിവിദഗ്ദ്ധര്‍. നിലവിലെ എസ്.ഇ.ആര്‍.ടിയേയും ഡയറ്റിനേയും കൊണ്ട് പദ്ധതി നടപ്പാക്കാന്‍ പറ്റില്ലെന്ന് കേരളം മാത്രമല്ല, മറ്റു സംസ്ഥാനങ്ങളും പറഞ്ഞിരുന്നു. ആവശ്യമുള്ള വിദഗ്ദ്ധരെ ഉള്‍പ്പെടുത്തി സംസ്ഥാനതലത്തില്‍ ഒരു റിസോഴ്സ് ഗ്രൂപ്പ് രൂപീകരിക്കാന്‍ കേന്ദ്രം അനുമതി നല്‍കുകയും ചെയ്തു. അതിലും മറ്റു സംസ്ഥാനങ്ങള്‍ സര്‍വ്വീസില്‍നിന്നു വിരമിച്ചവരെ ആശ്രയിച്ചപ്പോള്‍ കേരളം പ്രൈമറി സ്‌കൂളുകളിലെ മിടുമിടുക്കരെയാണ് കണ്ടെത്തിയത്. അവരുള്‍പ്പെട്ട റിസോഴ്സ് ഗ്രൂപ്പുണ്ടാക്കി. 
''ലോകത്തെമ്പാടുമുള്ള പാഠ്യപദ്ധതികളും പാഠപുസ്തകങ്ങളും വരുത്തിച്ചു. ഇന്ത്യയിലെത്തന്നെ നല്ല സ്‌കൂള്‍ വിദ്യാഭ്യാസം നടക്കുന്ന സ്‌കൂളുകളുടെ പ്രവര്‍ത്തനം കണ്ടുപഠിക്കാന്‍ കേരളത്തിലെ ഗ്രൂപ്പ് അംഗങ്ങളെ അയച്ചു. ഏകലവ്യ സ്‌കൂളിനെ കണ്ടുപഠിക്കാന്‍ മധ്യപ്രദേശിലേക്ക് 35 പേരുടെ സംഘവും ക്യാമറ ക്രൂവുമാണ് പോയത്. ആന്ധ്ര ചിറ്റൂരിലെ ജിദ്ദു കൃഷ്ണമൂര്‍ത്തിയുടെ ട്രസ്റ്റ് നടത്തുന്ന ഋഷിവാലി സ്‌കൂളിലുള്‍പ്പെടെ പോയി പഠിച്ചു. അതോടെ വേറൊരു തലത്തില്‍ വിദ്യാഭ്യാസത്തെ മനസ്സിലാക്കാനും അതില്‍നിന്ന് ഉള്‍ക്കൊള്ളാനും സാധിച്ചു.''
പുതിയ പാഠ്യപദ്ധതി തയ്യാറാക്കാന്‍ സര്‍ക്കാര്‍ ഡി.പി.ഇ.പിയെ ഏല്‍പ്പിച്ചു. സാങ്കേതിക വൈദഗ്ദ്ധ്യം കൊടുക്കുന്നത് ഉത്തരേന്ത്യയില്‍നിന്നുള്ള വിദഗ്ദ്ധരാണെങ്കിലും പ്രായോഗികമായി നടത്തുന്നത് റിസോഴ്സ് ഗ്രൂപ്പിലെ അധ്യാപകര്‍. സ്‌കൂള്‍ അധ്യാപകര്‍തന്നെ നേരിട്ട് പാഠ്യപദ്ധതി തയ്യാറാക്കി എന്നത് വലിയ പ്രത്യേകതയായി. അതിനു മുന്‍പ് ഒരു സര്‍വ്വേയാണ് നടത്തിയത്. സംസ്ഥാനത്ത എല്ലാ സബ് ജില്ലകളിലും പൊതുജനങ്ങളുടെ അഭിപ്രായം അറിയാന്‍ സെമിനാറുകളും മറ്റും നടത്തി, ജില്ലാ തലത്തില്‍ അവയുടെ ശുപാര്‍ശകള്‍ ക്രോഡീകരിച്ചു. പാഠ്യപദ്ധതിയും അതിന് അനുസൃതമായ പാഠപുസ്തകങ്ങളും തയ്യാറാക്കി. ഇത് രണ്ടും ഉപയോഗിക്കാനുള്ള ഒരു സമ്പൂര്‍ണ്ണ പാക്കേജാണ് പ്രത്യേകത. പുതിയ പാഠ്യപദ്ധതി വന്നതോടെ കുട്ടികള്‍ വിജ്ഞാനം സ്വയം നേടണം എന്ന തിരിച്ചറിവിലേക്കാണ് കേരളവും പ്രവേശിച്ചത്. യഥാര്‍ത്ഥത്തില്‍ ശിശുകേന്ദ്രീകൃതവും പ്രവര്‍ത്തനാധിഷ്ഠിതവുമാകണം പഠനം എന്ന് മുന്‍പേ ദേശീയ തലത്തിലൊക്കെ എഴുതിവച്ചിട്ടുണ്ട്. പക്ഷേ, അതെന്താണ് എന്ന് അറിഞ്ഞിട്ടല്ല പറയുന്നത്. പ്രാവര്‍ത്തികമാകുമ്പോള്‍ എങ്ങനെയിരിക്കും എന്നും അറിയുമായിരുന്നില്ല. സിദ്ധാന്തം മാത്രം. 
''പാഠപുസ്തകം ഉന്മൂലനം ചെയ്യുക എന്നതാണ് ഇതിന്റെ തുടര്‍ച്ചയായി ഞാന്‍ മനസ്സിലാക്കിയത്. കാണാപ്പാഠം പഠിക്കുന്നത് പുസ്തകത്തിലുള്ളതാണെങ്കില്‍ ആ പുസ്തകമേ ഇല്ലെങ്കിലോ. ഡോ. യശ്പാലിന്റെ പ്രശസ്തമായ പുസ്തകം, ലേണിങ് വിത്തൗട്ട് ബേര്‍ഡന്‍ (ഭാരമില്ലാത്ത പഠനം), പറയുന്നത് ശാരീരികമായി കുട്ടികള്‍ വഹിക്കേണ്ടിവരുന്ന ഭാരത്തെക്കുറിച്ചാണ്. നാഷണല്‍ സ്റ്റിയറിംഗ് കമ്മിറ്റി ചെയര്‍മാന്‍ അദ്ദേഹമായിരുന്നു. അന്നുതന്നെ അദ്ദേഹം പറഞ്ഞ ഒരു കാര്യം, ഈ ഭാരം ശരിയാണെങ്കിലും അതിലും വലുത് കുട്ടികള്‍ക്ക് ആ പുസ്തകങ്ങളിലുള്ളത് മനസ്സിലാക്കാത്തതിന്റെ ഭാരമാണ് എന്നാണ്. മനസ്സിലാക്കാതെ കാണാപ്പാഠം പഠിപ്പിക്കുന്നതിന്റെ ഭാരം.''


ഏതായാലും പാഠപുസ്തകം വേണ്ടെന്നുവച്ചു. പാഠപുസ്തകം ഇല്ലാതെ, പാഠപുസ്തകം അല്ലാത്ത ഒരു പുസ്തകമുണ്ടാക്കുക എന്നായിരുന്നു സങ്കല്‍പ്പം. ഹാര്‍വാഡ് സര്‍വ്വകലാശാല ഡി.പി.ഇ.പിയെക്കുറിച്ച് പഠിച്ച് എഴുതിയപ്പോള്‍ ഇതിനെ വിശേഷിപ്പിച്ചത് പാഠപുസ്തക വിപ്ലവം എന്നാണ്. കേരളം സ്വീകരിച്ച വേറിട്ട സമീപനമായിരുന്നു അവര്‍ക്കത് തോന്നാന്‍ കാരണം. ഉദാഹരണത്തിന്, ചുറ്റുമുള്ള മരങ്ങളേയും ചെടികളേയും കുറിച്ച് കുട്ടികള്‍ പഠിക്കുന്നു. പരമ്പരാഗത പുസ്തകത്തില്‍ കുറേ മരങ്ങളുടെ പടങ്ങളും അവയെക്കുറിച്ചുള്ള രണ്ടോ മൂന്നോ ഖണ്ഡികയും. അത് കാണാപ്പാഠം പഠിച്ചിരിക്കണം. ''ഇതേ പഠനലക്ഷ്യം വച്ച് ഞങ്ങള്‍ മരങ്ങളേയും സസ്യങ്ങളേയും അവയുടെ വൈവിധ്യങ്ങളേയും കുറിച്ച് പറഞ്ഞു പഠിപ്പിക്കുകയും നിങ്ങളുടെ സ്‌കൂളിനു ചുറ്റുമുള്ള ചെടികളേയും മരങ്ങളേയും കുറിച്ച് നിങ്ങളുടെ അധ്യാപകന്‍/ അധ്യാപിക നിങ്ങള്‍ക്ക് പഠിപ്പിച്ചു തരും എന്ന് പറയുകയുമാണ് ചെയ്യുക.'' സുരേഷ്‌കുമാര്‍ വിശദീകരിക്കുന്നു. സുരേഷ് കുമാറിന്റെ വാക്കുകള്‍ ശ്രദ്ധിക്കാം: ''ഈ പറഞ്ഞതിലെ അവസാനവരി അധ്യാപകര്‍ ഏറ്റെടുക്കുന്ന ഉത്തരവാദിത്ത്വമാണ്. വയനാട്ടിലെ സ്‌കൂളിനടുത്തുള്ള ചെടിയും മരവുമല്ലല്ലോ പൂന്തുറയിലുള്ളത്. അപ്പോള്‍ പ്രാദേശികമായി സ്വന്തം ചുറ്റുപാട് തന്നെ കുട്ടി പഠിക്കുന്നു. പഠനരീതി എങ്ങനെയാകണം എന്നത് സംബന്ധിച്ച് അധ്യാപകര്‍ക്ക് കൈപ്പുസ്തകം നല്‍കുന്നു. അതില്‍ പറയുന്ന രീതിയില്‍ പഠിപ്പിക്കാന്‍ തുടര്‍ച്ചയായ പരിശീലനം നല്‍കുന്നു. ഇംഗ്ലീഷ് മീഡിയം സിനിമയില്‍ ശ്രീനിവാസന്‍ പറഞ്ഞതുപോലെ മരത്തില്‍ കയറി കെട്ടിമറിഞ്ഞു വീഴലൊന്നുമല്ല അത്. പിന്നെ, കുട്ടികള്‍ വിജ്ഞാനം സ്വയം നേടുന്നു. ചുറ്റുപാടുകളെ എങ്ങനെ മനസ്സിലാക്കാം, മരങ്ങളേയും ചെടികളേയും എങ്ങനെ വിഭജിക്കാം, ചെടികളേയും ഇലകളേയും കുറിച്ചു മാത്രം പ്രത്യേകം പഠിപ്പിക്കുന്നു. വിഷയത്തിലൂന്നിത്തന്നെ കുട്ടിയെ അനുഭവങ്ങളിലൂടെ സ്വയം ധാരണകളുണ്ടാക്കി പഠിക്കാന്‍ സഹായിക്കുന്നു. പ്രായോഗികമായി പാഠപുസ്തകമില്ല. വര്‍ഷത്തില്‍ രണ്ടു ഘട്ടമായി 22 ദിവസ പരിശീലനം. പുറമേ മാസത്തില്‍ ഒരിക്കല്‍ ക്ലസ്റ്റര്‍ യോഗങ്ങള്‍. അതില്‍ പരിശീലനരീതി അവര്‍ പരസ്പരം പങ്കുവയ്ക്കുന്നു. അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നവര്‍ അവരത് അങ്ങനെതന്നെയാണോ പഠിപ്പിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ വരുന്നു എന്ന ഭാവേന സൂക്ഷ്മമായ വിലയിരുത്തലിന് എത്തുന്നു എന്ന പ്രത്യേകതയുമുണ്ടായിരുന്നു. ഏകപക്ഷീയമായി കെട്ടിയേല്‍പ്പിക്കുകയല്ല, നടന്നുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ അതിന്റെ ഫലപ്രാപ്തി വിലയിരുത്തുകയും ചെയ്യുന്നു. ജൂണില്‍ പരിശീലനം കൊടുത്ത് ആഗസ്റ്റായപ്പോള്‍ അധ്യാപകര്‍ പറയുന്നു, പരീക്ഷയില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ വീണ്ടും കുട്ടികള്‍ പഴയതിലേക്കു പോകും. കാണാപ്പാഠം. അങ്ങനെ പരീക്ഷാ സമ്പ്രദായത്തില്‍ മാറ്റം വരുത്തി പ്രൈമറി ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് ആദ്യമായി ഗ്രേഡിംഗ് സമ്പ്രദായം കൊണ്ടുവന്നു.''
കണ്ണൂര്‍, കാസര്‍കോട്, വയനാട്, പാലക്കാട്, ഇടുക്കി, തിരുവനന്തപുരം എന്നീ ആറ് ജില്ലകളിലാണ് ആദ്യം നടപ്പാക്കിയത്. ഇവിടങ്ങളില്‍ നന്നായിത്തന്നെ നടന്നു. ബാക്കി എട്ട് ജില്ലകളില്‍ പഴയ പാഠ്യപദ്ധതിയും പാഠപുസ്തകവും നടക്കുകയായിരുന്നു. ഒന്നാം വര്‍ഷം തന്നെ ഇവ രണ്ടും തമ്മിലുള്ള വ്യത്യാസവും പുതിയതിന്റെ നിര്‍വ്വഹണവും വിലയിരുത്താന്‍ എന്‍.സി.ഇ.ആര്‍.ടിയോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. അവര്‍ നേരിട്ടു വന്ന് വിശദമായി പഠിച്ച് റിപ്പോര്‍ട്ട് ചെയ്തത്, ലോകോത്തരം എന്നാണ്. പാഠ്യപദ്ധതി തയ്യാറാക്കാന്‍ ഉപയോഗിച്ച തന്ത്രങ്ങള്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ് എന്നും. ക്ലാസ്സ്മുറികളില്‍ കുട്ടികള്‍ വളരെ ഊര്‍ജ്ജസ്വലരായി പഠനപ്രക്രിയയില്‍ ഏര്‍പ്പെടുന്നത് കണ്ടു എന്നും അവര്‍ എഴുതി. ''കേരളത്തില്‍ പ്രാഥമിക വിദ്യാഭ്യാസ നിലവാരം മോശമാണെന്ന് നേരത്തേ ഒരു കേന്ദ്ര ഏജന്‍സിയാണ് പഠിച്ചു പറഞ്ഞത്. കൃത്യം ഒരു വര്‍ഷം കഴിഞ്ഞ് മറ്റൊരു കേന്ദ്ര ഏജന്‍സി തീവ്രമായി അതിനെ പ്രകീര്‍ത്തിക്കുന്നു. ഏറെ സംതൃപ്തി തോന്നി.'' കേന്ദ്രം ഇത് വളരെ വലിയ വിജയമായി എടുത്തു. വിവിധ സംസ്ഥാനങ്ങളില്‍നിന്നും പല വിദേശ രാജ്യങ്ങളില്‍നിന്നും ഇത് കണ്ടു പഠിക്കാന്‍ സംഘങ്ങള്‍ വന്നു. 
പഠന നിലവാരം ഉയര്‍ന്നിട്ടുണ്ടോ എന്ന് പഠിക്കാന്‍ കേരള സര്‍വ്വകലാശാലയെ കേന്ദ്രസര്‍ക്കാര്‍ ചുമതലപ്പെടുത്തി. അവര്‍ ആറ് ജില്ലകളിലും വിശദമായ പഠനം നടത്തി. കുട്ടികളുടെ ഗംഭീര പ്രകടനത്തെക്കുറിച്ചാണ്  അവരും റിപ്പോര്‍ട്ട് ചെയ്തത്. 

അനന്തമൂര്‍ത്തി സ്‌കൂളിനെക്കുറിച്ച്

കാണാപ്പാഠം പഠിക്കുന്ന രീതി അനന്തമൂര്‍ത്തി സ്‌കൂളിലുമില്ല. സിലബസില്‍ പറയുന്നതും ദേശീയ കരിക്കുലം ഫ്രെയിം വര്‍ക്കില്‍ത്തന്നെ പറയുന്നതും സാമൂഹിക നിര്‍മ്മാണാത്മതയെക്കുറിച്ചാണ്. അതായത് വിജ്ഞാനം കുട്ടി സ്വയം നിര്‍മ്മിക്കണം, അതിന് കുട്ടിക്ക് അവസരങ്ങള്‍ നല്‍കുക മാത്രമേ അധ്യാപകര്‍ ചെയ്യാന്‍ പാടുള്ളു എന്നാണ്. ചുറ്റുപാടുകളെ പഠിപ്പിക്കുന്നത് അതിന്റെ ഭാഗമാണ്. ഉദാഹരണത്തിന്, നദികള്‍ എങ്ങനെ മലിനമാകും എന്ന പാഠഭാഗം അഞ്ചാം ക്ലാസ്സിലെ സി.ബി.എസ്.ഇ പുസ്തകത്തിലുണ്ട്. രാജ്യത്തെ ബഹുഭൂരിപക്ഷം സ്‌കൂളുകളിലും ഈ അധ്യായം പഠിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. എന്നാല്‍, ഇവിടെ ചെയ്യുന്നത് സിലബസ് പിന്തുടരുമ്പോള്‍ത്തന്നെ, അതില്‍ വിട്ടുവീഴ്ചയില്ലാതിരിക്കുമ്പോള്‍ത്തന്നെ നദീ മലിനീകരണത്തെക്കുറിച്ച് ലോകത്തിനു മുന്നിലുള്ളതെല്ലാം പരിശോധിക്കുന്നു. ഇക്കാര്യത്തില്‍ ലോകാരോഗ്യ സംഘടന പറയുന്നതെന്താണ്, റൈന്‍ നദി എങ്ങനെ മലിനമായി, എങ്ങനെ അത് തിരിച്ചുകൊണ്ടുവന്നു തുടങ്ങിയ കാര്യങ്ങള്‍ പഠിച്ച് മനസ്സിലാക്കി അധ്യാപകര്‍ കുറിപ്പ് തയ്യാറാക്കും. അപ്പോഴത് ഏറ്റവും പുതിയ വിവരങ്ങള്‍ ഉള്‍പ്പെട്ടതാകും.
ഈ സ്‌കൂളിന്റെ പ്രത്യേകതയായി അവകാശപ്പെടുന്ന ഒരു കാര്യം, സഹകരണാത്മക പഠനം എന്ന രീതിയിലേക്കുള്ള മാറ്റമാണ്. മുന്‍പൊക്കെ ഗ്രൂപ്പ് പഠനം ഉണ്ടായിരുന്നു. ലോകവ്യാപകമായി ആ രീതി തകര്‍ന്നു. ഗ്രൂപ്പുകളിലെ പല കുട്ടികളും വ്യത്യസ്ത ബൗദ്ധിക, ഊര്‍ജ്ജ നിലവാരത്തിലുള്ളവരായിരിക്കും എന്നതാണ് കാരണം. ചിലര്‍ അതില്‍ മേധാവിത്വം നേടുകയും ചിലര്‍ മടിയന്മാരായി മറ്റുള്ളവരെ പിന്തുടരുകയും ചെയ്യും. ഇതിന്റെ പരിഹാരം എന്ന നിലയില്‍, ഗ്രൂപ്പിലെ എല്ലാ അംഗങ്ങളുടേയും പങ്കാളിത്തം എങ്ങനെ ഉറപ്പാക്കാം എന്ന പരീക്ഷണങ്ങള്‍ ലോകവ്യാപകമായി നടക്കുന്നു. അതില്‍ നിന്നുണ്ടായതാണ് സഹകരണാത്മക പഠനരീതി. നദി മലിനീകരണം തന്നെ എടുത്താല്‍, തയ്യാറാക്കപ്പെട്ട കുറിപ്പ് പ്രകാരം ദൃശ്യ സഹായത്തോടെ അധ്യാപകര്‍ പഠിപ്പിച്ച ശേഷം നാല് പേര്‍ വീതമുള്ള മേശയിലെ കുട്ടികളോട് ചോദിക്കുന്നു:  ''നദികള്‍ എങ്ങനെയാണ് മലിനമാകുന്നത്?'' ഓരോരുത്തരും കുറിപ്പിലൂടെ മനസ്സിലാക്കിയതും സ്വന്തം അനുഭവങ്ങളുടെ അടിസ്ഥാനത്തിലും ഓരോ കുട്ടിയും മനസ്സിലാക്കിയ കാര്യങ്ങള്‍ എഴുതി വയ്ക്കുന്നു. ചിലര്‍ അഞ്ച് കാര്യങ്ങളാകാം, ചിലര്‍ ഏഴും ചിലര്‍ പത്തുമാകാം. ഒരാള്‍ എഴുതിയ കാര്യങ്ങള്‍ മറ്റുള്ളവരെ ബോധ്യപ്പെടുത്തണം. അവിടെയാണ് സഹകരണാത്മക പഠനം തുടങ്ങുന്നത്. മൂന്നു പേരും നാലാമത്തെ കുട്ടിയുടെ പോയിന്റുകളെ കാര്യകാരണ സഹിതം നിരാകരിച്ചാല്‍ ആ കാര്യം ഉപേക്ഷിക്കേണ്ടിവരും. അതല്ല, ചില മാറ്റങ്ങളോടെയേ ആ വാദങ്ങള്‍ സ്വീകരിക്കാന്‍ പറ്റുകയുള്ളു എന്ന് ബോധ്യപ്പെടുത്തിയാല്‍ ആ മാറ്റം വരുത്തേണ്ടിവരും. ആരോഗ്യകരമായ സംവാദമാണ് നടക്കുക. യുക്തിഭദ്രമായി പരസ്പരം ബോധ്യപ്പെടുത്താന്‍ പറ്റണം. ഓരോ കുട്ടിക്കും തുല്യ അവസരം നല്‍കുന്നു. ഉത്തരമെഴുത്ത് യാന്ത്രികമായാല്‍ പോരെന്നു വരുന്നു. പിന്നീട് ഈ നാലു പേരുടെ ഗ്രൂപ്പ് അംഗീകരിച്ച കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ ശക്തമായ ഒരു കാര്യകാരണക്കുറിപ്പായി അത് മാറുന്നു. ഈ റിപ്പോര്‍ട്ട് മറ്റുള്ളവര്‍ക്കു മുന്നില്‍ അവതരിപ്പിക്കേണ്ട ചുമതല ആര്‍ക്കായിരിക്കും എന്ന് അധ്യാപകര്‍ നേരത്തേ പറയില്ല. ആ സമയത്തായിരിക്കും പറയുക. അതുകൊണ്ട് എല്ലാവരും അവതരിപ്പിക്കാന്‍ തയ്യാറായിരിക്കുന്നു. ഓരോരുത്തരുടേയും സ്വന്തം പോയിന്റുകളും ഗ്രൂപ്പിലെ മറ്റുള്ളവരില്‍നിന്നു മനസ്സിലാക്കിയ പോയിന്റുകളും വച്ച് തയ്യാറാകുന്നു. ആരാണോ അവതരിപ്പിക്കുന്നത് ആ കുട്ടി തങ്ങളുടെ പോയിന്റുകള്‍ വിട്ടുപോകാതിരിക്കാന്‍ മറ്റുള്ളവര്‍ ഓരോരുത്തരേയും പരസ്പരം കൂടുതലായി ബോധ്യപ്പെടുത്തുന്നു. ഗ്രൂപ്പിലെ നാലുപേരും ഗംഭീര തയ്യാറെടുപ്പിലാകുന്നു. ഒരാള്‍ക്ക് ഒന്നാമതാകാന്‍ മറ്റുള്ളവര്‍ തനിക്കു പിന്നിലാകണം എന്ന് ആഗ്രഹിക്കുകയല്ല, മറിച്ച് മറ്റുള്ളവരും തന്നെപ്പോലെ മികച്ചതാകണം എന്നായി മാറുന്നു കുട്ടിയുടെ മനസ്സ്. ഇതിനു പുറമേ കുട്ടികളെ പുറത്തുകൊണ്ടുപോയും പ്രായോഗികമായി നദിയും മലിനീകരണവും മറ്റും കാണിച്ചുകൊടുക്കുന്നു. ''തങ്ങളെപ്പോലെ സ്‌കൂളില്‍ നിന്നെത്തുന്ന കുട്ടി സ്വന്തം വീട്ടിലേക്ക് മൂക്കുപൊത്തി കടന്നുപോകേണ്ട ദുരവസ്ഥ സൃഷ്ടിക്കുന്ന വിധത്തിലുള്ള മലിനീകരണം അവര്‍ നേരിട്ടു കാണേണ്ടിവരുന്നു. ഇതു പരിഹരിക്കാന്‍ എന്തെങ്കിലും ചെയ്യേണ്ടേ എന്നു ചിന്തിക്കാനും ചോദിക്കാനും അവര്‍ തയ്യാറാകുന്നു. ഏതു പരീക്ഷയിലും ആ ചോദ്യം വന്നാല്‍ അവര്‍ ആ അനുഭവം എഴുതും. ഇതാണ് യഥാര്‍ത്ഥ പഠനവും പാഠപുസ്തകത്തെ മാത്രം ആശ്രയിക്കുന്ന പഠനവും തമ്മിലുള്ള വ്യത്യാസം. ഈ യഥാര്‍ത്ഥ സാമൂഹിക പ്രതിബദ്ധത കുട്ടികളിലുണ്ടാക്കാന്‍ സാധിക്കും എന്നുള്ളതുകൊണ്ടാണ് പുതിയ സ്‌കൂള്‍ തുടങ്ങാന്‍ ഇറങ്ങിത്തിരിച്ചത്'' -കെ. സുരേഷ് കുമാര്‍ നയം വ്യക്തമാക്കുന്നു.
പാഠപുസ്തകത്തിലൂന്നി പഠിച്ചാല്‍ മാത്രമേ പഠനം ശരിയാകൂ എന്നത് തെറ്റായ ധാരണയാണ് എന്ന് വാദിക്കാന്‍ അനുഭങ്ങളുടേയും റിസല്‍റ്റിന്റേയും പിന്തുണയുണ്ട് അദ്ദേഹത്തിന്. ഇപ്പോള്‍ ഏഴു വരെ മിക്ക ക്ലാസ്സുകളിലും എല്ലാ ചോദ്യങ്ങള്‍ക്കും ഒറ്റ ശരി ഉത്തരമേ ഉള്ളു. അതു കഴിഞ്ഞാല്‍പ്പിന്നെ പ്രവേശന പരീക്ഷയുടെ പേരില്‍ കുറേ ഉത്തരങ്ങള്‍ കൊടുത്തിട്ട് അതില്‍നിന്നു തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെടുകയാണ്. അത് ഒന്നാം ക്ലാസ്സ് മുതല്‍ത്തന്നെ ചെയ്തുകൂടേ എന്ന് സുരേഷ് കുമാര്‍ ചോദിക്കുന്നു. ''ഒരു യാഥാര്‍ത്ഥ്യത്തെ വിവിധ ദൃഷ്ടികോണില്‍നിന്ന് കാണാന്‍ കുട്ടി പഠിച്ചാല്‍ എന്തു കുഴപ്പം?'' എന്ന ചോദ്യത്തിനു നല്ല ഉത്തരം കാലമാണ് തരേണ്ടത്.
കുട്ടികളെ ചുറ്റുപാടുകളിലേക്ക് അഴിച്ചുവിടുകയല്ല. എഴുത്തും വായനയുമെല്ലാം കൃത്യമായി നിരീക്ഷിക്കുന്നുമുണ്ട്. പഠനമാധ്യമം ഇംഗ്ലീഷാണെങ്കിലും ഈ സ്‌കൂളില്‍ മലയാളത്തിന് പ്രത്യേകിച്ചൊരു ഊന്നലുണ്ട്. കേരളത്തിലെ ഒരു സി.ബി.എസ്.ഇ സ്‌കൂളിലും നല്ല മലയാളവും കേരളചരിത്രവും പഠിപ്പിക്കുന്നില്ല എന്ന അഭിപ്രായമാണ് കാരണം.

'പഠിപ്പിക്കലല്ല, പഠിക്കലാണ് വേണ്ടത്'

കുട്ടികള്‍ ഒരു കാര്യം പഠിച്ചെടുക്കുന്നത് അഞ്ചു പ്രധാനപ്പെട്ട ചിന്താശേഷികളുടെ പ്രയോഗത്തിലൂടെയാണ്. അന്വേഷണത്തിനുള്ള കഴിവാണ് (enquiry skills) ആദ്യത്തേത്. പ്രസക്തമായ ചോദ്യങ്ങള്‍ ചോദിക്കാനും ഉത്തരങ്ങള്‍ വിശകലനം ചെയ്ത് അതനുസരിച്ച് പ്രവചനം നടത്താനുമുള്ള കഴിവുകള്‍ ഇതില്‍പ്പെടും. ശേഖരിച്ച വിവരങ്ങള്‍ ശരിയായ രീതിയില്‍ വിശകലനം ചെയ്യാനുള്ള കഴിവാണ് (information processing skill) രണ്ടാമത്തേത്. വിവരശേഖരണം, താരതമ്യം ചെയ്യല്‍, വ്യത്യാസം കണ്ടെത്തല്‍, വര്‍ഗ്ഗീകരിക്കല്‍ എന്നീ കഴിവുകളെല്ലാം ഇതില്‍ വരും. യുക്തി (reasoning skill) ഉപയോഗിക്കലാണ് അടുത്ത ശേഷി. തെളിവുകളുടേയും കാരണങ്ങളുടേയും അടിസ്ഥാനത്തില്‍ യുക്തിപൂര്‍വ്വം ശരിയായ നിഗമനങ്ങളിലെത്താനും തീരുമാനമെടുക്കാനുമുള്ള കഴിവാണിത്. വിലയിരുത്താനുള്ള ശേഷി (evaluating skill)യാണ് നാലാമത്തേത്. മാനദണ്ഡങ്ങള്‍ നിശ്ചയിക്കാനും ശേഖരിച്ച വിവരങ്ങള്‍ വിലയിരുത്താനുമുള്ള ശേഷിയാണിത്. creative skill അഥവാ സൃഷ്ടിപരമായ ശേഷിയാണ് അവസാനത്തേത്. പുതിയ ആശയങ്ങള്‍ കണ്ടെത്താനും പ്രയോഗിക്കാനും ഉള്ള ശേഷിയാണിത്.
ഈ ചിന്താശേഷികള്‍ ഓരോ കുട്ടിയിലും അന്തര്‍ലീനമാണ്. അവ പ്രയോഗിക്കപ്പെടുന്ന പഠന രീതിയാണ് സ്വാഭാവികവും നൈസര്‍ഗ്ഗികവുമായതും അര്‍ത്ഥവത്തും മറിച്ച്, ഇന്നു നടക്കുന്നത്. വിദ്യാര്‍ത്ഥിയുടെ ചിന്താശേഷികളെ യാതൊരു കാരണവശാലും ഉപയോഗിക്കാനുള്ള അവസരം നല്‍കരുത് എന്ന് വാശിയുള്ളതും ഏകപക്ഷീയവും അടിച്ചേല്പിക്കുന്നതുമായ പഠനരീതിയാണ്.

ഈ ചിന്താശേഷികള്‍ ഉപയോഗിച്ചുള്ള സ്വാഭാവിക പഠനരീതി എങ്ങനെയാണ് പ്രായോഗികമാകുക?
ക്ലാസ്സ് മുറികളില്‍ തുടര്‍ച്ചയായ ആശയവിനിമയം നടക്കണം. കുട്ടികള്‍ പരസ്പരവും കുട്ടികളും അധ്യാപകരും തമ്മിലും ഇതു നടക്കണം. സജീവമായ പഠനമാണ് ക്ലാസ്സ് മുറികളില്‍ നടക്കേണ്ടത്. അതിനായി വിദ്യാര്‍ത്ഥി കേന്ദ്രീകൃതമായ നിരവധി ആധുനിക സഹകരണ പഠന തന്ത്രങ്ങള്‍ (collaborative learning strategies) നിലവിലുണ്ട്. കുട്ടികളിലെ ചിന്താശേഷികള്‍ പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള പഠനരീതിയാണിത്. അനന്തമൂര്‍ത്തി അക്കാദമിയില്‍ ഇതാണ് ചെയ്യുന്നത്.
ഒരു വിഷയത്തെ സംബന്ധിച്ച് അധ്യാപകന്‍ കുട്ടികളുടെ മുന്നില്‍ ഒരു പ്രഭാഷണം നടത്തുന്നത് അരോചകമായി മാറുന്നത് അത് ഏകപക്ഷീയമാകുമ്പോഴാണ്. അതിനു പകരം അവരുടെ ചിന്താശേഷികള്‍ പ്രയോഗിക്കാന്‍ അവസരം കിട്ടത്തക്കവിധത്തില്‍ പരസ്പരം ആശയവിനിമയം നടത്താനും ചര്‍ച്ച ചെയ്യാനുമുള്ള അവസരങ്ങള്‍ കൂടി നല്‍കുന്നതായാല്‍ അധ്യാപകന്റെ പ്രഭാഷണം പോലും നല്ല പഠനതന്ത്രമാക്കാവുന്നതാണ്.

സ്‌കൂളുകളുടെ ഒരു ബാഹുല്യമുണ്ട് നമ്മുടെ നാട്ടില്‍. സാധാരണ സര്‍ക്കാര്‍ സ്‌കൂളുകള്‍ മുതല്‍ ഇന്റര്‍നാഷണല്‍ സ്‌കൂളുകള്‍ വരെ. ഇതിനിടയില്‍ എവിടെയാണ് അനന്തമൂര്‍ത്തി അക്കാദമി നില്‍ക്കുന്നത്?
എന്താണ് വിദ്യാഭ്യാസത്തിന്റെ ഉദ്ദേശ്യം എന്ന കാര്യത്തില്‍ ഡോ. യു.ആര്‍. അനന്തമൂര്‍ത്തി എന്നും യോജിച്ചിരുന്നത് ജോണ്‍ ഡൂയിയുടെ കാഴ്ചപ്പാടുകളോടാണ്. ''ഒരു സമൂഹത്തില്‍ ജീവിക്കാനുള്ള കഴിവുകളെ (social efficiency) വികസിപ്പിക്കലാണ് വിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ഈ ദിശയിലേയ്ക്ക് കുട്ടികളെ നയിക്കുകയും വഴികാട്ടുകയും ചെയ്യുകയാണ് സ്‌കൂളുകളുടെ കര്‍ത്തവ്യം'' - ജോണ്‍ ഡൂയി പറയുന്നു. കൂടാതെ, ''വിദ്യാഭ്യാസം ജീവിതത്തിനുവേണ്ടിയുള്ള ഒരു തയ്യാറെടുപ്പല്ല. അത് ജീവിതം തന്നെയാണ്. സമൂഹത്തില്‍ പുരോഗമനപരമായ ഒരു ജീവിതം നയിക്കാന്‍ ആവശ്യമായ attitudes-Dw disposition-kpw കുട്ടികളില്‍ വളര്‍ത്തിയെടുക്കാനുള്ള ഉത്തരവാദിത്ത്വവും  സ്‌കൂളുകള്‍ക്കുണ്ട്'' എന്നും ജോണ്‍ ഡൂയി വ്യക്തമാക്കുന്നുണ്ട്. സിലബസില്‍ പറഞ്ഞിരിക്കുന്ന അക്കാദമിക് സൂചികകള്‍ പഠിക്കുന്നതിനൊപ്പം അതിന്റെ ഭാഗമായിത്തന്നെ പൗരബോധം, സാമൂഹ്യബോധം, പരിസ്ഥിതി അവബോധം, സാംസ്‌കാരിക ബോധം എന്നിവ കുട്ടികള്‍ സ്വായത്തമാക്കണമെന്ന് ഡോ. അനന്തമൂര്‍ത്തി ഉറച്ചു വിശ്വസിച്ചിരുന്നു. കുട്ടികള്‍ ബോര്‍ഡ് പരീക്ഷകള്‍ക്കും എന്‍ട്രന്‍സ് പരീക്ഷകള്‍ക്കും തയ്യാറെടുക്കുന്നതിനൊപ്പം തന്നെ സംസ്‌കാരമുള്ള ഒരു ജീവിതം നയിക്കാനുള്ള തയ്യാറെടുപ്പും നടത്തണം. ഇതാണ് അനന്തമൂര്‍ത്തി അക്കാദമിയുടെ കാഴ്ചപ്പാട്.
കുട്ടികള്‍ക്ക് ആശയങ്ങള്‍ പരസ്പരം പങ്കുവയ്ക്കാനുള്ള അവസരം, ചോദ്യങ്ങള്‍ ചോദിക്കാനും അഭിപ്രായങ്ങള്‍ ചര്‍ച്ച ചെയ്യാനുമുള്ള;  കൂട്ടായി പരീക്ഷണങ്ങള്‍ ചെയ്യാന്‍ സാഹചര്യങ്ങള്‍ ഒക്കെ നല്‍കുമ്പോള്‍ അവരുടെ ആശയവിനിമയ ശേഷി വര്‍ദ്ധിക്കും. ഒരുമിച്ച് പഠിക്കാനും ഒരുമിച്ച് ഒരു ലക്ഷ്യത്തിലെത്താനുമുള്ള കഴിവ് എല്ലാം Collaborative learning ഉറപ്പു വരുത്തുന്നു. എല്ലാ സാമൂഹ്യ ശേഷികളും സ്വാഭാവികമായി വികസിക്കുന്ന ഈ പഠനരീതിയില്‍ അദ്ധ്യാപകന്റെ പങ്ക് നിര്‍ണ്ണായകമാണ്. വിദ്യാര്‍ത്ഥിയുടെ സുഹൃത്തും വഴികാട്ടിയുമായി അവര്‍ മാറുകയാണ്. പഠിപ്പിക്കുക എന്നതില്‍നിന്ന് പഠിക്കുന്നതിലേയ്ക്ക് അവര്‍ മാറ്റപ്പെടുന്നു.

വിദ്യാഭ്യാസരംഗത്ത്  ഇത്തരത്തിലൊരു മാറ്റം ഇവിടെ സാധ്യമാണോ? ലോക വിദ്യാഭ്യാസ ഭൂപടത്തില്‍ എവിടെയാണ് ഇന്ത്യ അല്ലെങ്കില്‍ കേരളം നില്‍ക്കുന്നത്?
നമ്മുടെ ദേശീയ പാഠ്യപദ്ധതി (NCF 2005) ലോകത്തെ ഏതൊരു പാഠ്യപദ്ധതിയോടും കിടപിടിക്കുന്നതാണ്. വിദ്യാഭ്യാസ നിലവാരത്തിന്റെ കാര്യത്തില്‍ ഇന്ന് ലോകത്ത് ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ഫിന്‍ലാന്‍ഡാണ്. നമ്മുടെ പാഠ്യപദ്ധതിയും അവരുടെ പാഠ്യപദ്ധതിയും തമ്മിലുള്ള വലിയ വ്യത്യാസം രണ്ടും നടപ്പാക്കപ്പെടുന്ന രീതിയിലാണ്. ഫിന്‍ലാന്‍ഡ് ഏറ്റവും വിജയകരമായ രീതിയിലാണ് പാഠ്യപദ്ധതി നടപ്പാക്കുന്നത്. അവരുടെ സംവിധാനം കുറ്റമറ്റതാണ്. തുടര്‍ച്ചയായുള്ള പരിശോധനകളും വിലയിരുത്തലുകളും തിരുത്തല്‍ നടപടികളും ഉള്‍പ്പെട്ട ഫലപ്രദമായ സംവിധാനമാണവിടെ. നമുക്ക് ഇതെല്ലാം അന്യമാണ്. ഇന്ത്യയിലെ 99 ശതമാനം സ്‌കൂളുകളിലും ഇന്നും നടക്കുന്നത്  'ചോക്ക് ആന്‍ഡ് ടോക്ക്' രീതി തന്നെയാണ്. പക്ഷേ, ദേശീയ പാഠ്യപദ്ധതി നിഷ്‌ക്കര്‍ഷിക്കുന്നതാവട്ടെ , മറിച്ചും. ദേശീയ പാഠ്യപദ്ധതി നിഷ്‌കര്‍ഷിക്കുന്ന വിധത്തില്‍ പൂര്‍ണ്ണമായും വിദ്യാര്‍ത്ഥി കേന്ദ്രീകൃതമായ രീതിയില്‍ അര്‍ത്ഥവത്തായ പഠനം ഉറപ്പു വരുത്തുകയാണ് അനന്തമൂര്‍ത്തി അക്കാദമിയുടെ ലക്ഷ്യം. ജോണ്‍ സൂയി പറഞ്ഞ സാമൂഹ്യശേഷികളുടെ പുരോഗമനപരമായ വളര്‍ച്ച വിദ്യാഭ്യാസത്തിലൂടെ നടപ്പിലാക്കാത്തതിന്റെ അപാകതകളാണ് ഇന്ന് എല്ലാ സമൂഹത്തിലും കാണുന്നത്.

അനന്തമൂര്‍ത്തി അക്കാദമിയില്‍ പഠനത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലാത്തപ്പോഴും പഠനം രസകരമാണെന്നാണ് കുട്ടികളും രക്ഷിതാക്കളും പറയുന്നത്. ഇതെങ്ങനെയാണ് പ്രാവര്‍ത്തികമാക്കുന്നത്?
പാഠപുസ്തകങ്ങളില്‍നിന്ന്  'വിജ്ഞാനം' യാന്ത്രികമായി കാണാപ്പാഠമാക്കുന്നത് അസ്വാഭാവികമാണ്, അതുകൊണ്ടുതന്നെ അതു കുട്ടികള്‍ക്ക് അരോചകവും വേദനാജനകവുമാണ്. വിജ്ഞാനം ഏകപക്ഷീയമായി സ്വീകരിക്കുന്ന 'ഒഴിഞ്ഞ പാത്രങ്ങള്‍' ആണ് പഠിതാക്കള്‍ എന്ന സങ്കല്‍പ്പം മാറ്റിമറിക്കാതെ, പാഠപുസ്തകത്തില്‍ മാത്രം ആശ്രയിച്ചുള്ള പഠനബോധന രീതികള്‍ വലിച്ചെറിയാതെ പഠനം രസകരമാക്കാന്‍ സാധിക്കില്ലാ എന്ന് 1993-ലെ 'Learning Without Burden' എന്ന റിപ്പോര്‍ട്ടില്‍ പ്രൊഫസര്‍ യശ്പാല്‍ പറഞ്ഞിട്ടുണ്ട്.
NCERT തയ്യാറാക്കിയ CBSE പാഠ്യപദ്ധതിയില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന പഠനലക്ഷ്യങ്ങള്‍ എല്ലാം തന്നെ കുട്ടികള്‍ നേടണം എന്ന് ശാഠ്യംപിടിക്കുമ്പോഴും ഇത് പാഠപുസ്തകങ്ങളിലൂടെയാകരുത് എന്ന് അനന്തമൂര്‍ത്തി അക്കാദമിക്ക് നിര്‍ബന്ധമുണ്ട്. നിര്‍ദ്ദിഷ്ഠ പഠനലക്ഷ്യങ്ങള്‍ക്കായി വായനാ-രേഖകള്‍ വേണ്ടപ്പോള്‍ അവ തയ്യാറാക്കുന്നത്  അദ്ധ്യാപകര്‍ തന്നെയാണ്. ആധികാരികമായ പ്രസിദ്ധീകരണങ്ങള്‍, ലേഖനങ്ങള്‍, വീഡിയോ ചിത്രങ്ങള്‍, BBC.com, Brittanica.com, hnhn[ UN AgencyIÄ, Yale-New  Haven മുതലായ സര്‍വ്വകലാശാലകളുടെ പ്രസിദ്ധീകരണങ്ങള്‍ എന്നിവയേയും ചിലപ്പോളൊക്കെ ഇന്ത്യയിലേയും വിദേശ രാജ്യങ്ങളിലെ പാഠപുസ്തകങ്ങളേയും ആശ്രയിച്ചാണ് അദ്ധ്യാപകര്‍ 'വായനാ-രേഖകള്‍' തയ്യാറാക്കുന്നത്.
ഈ രേഖകള്‍ ഒരിക്കലും ഹൃദ്യസ്ഥമാക്കാന്‍ ഉപയോഗിക്കപ്പെടുന്നില്ല. മറിച്ച് വിവിധ രൂപത്തിലുള്ള ചര്‍ച്ചകള്‍, തര്‍ക്കങ്ങള്‍ എന്നിവയ്ക്കും വിവിധ പഠനപ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കാന്‍ മാത്രമാണിവ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു

വാട്ടർ മെട്രോ: വൈപ്പിന്‍- എറണാകുളം റൂട്ടിലെ ചാര്‍ജ് കൂട്ടി

മുതലപ്പൊഴിയില്‍ വീണ്ടും അപകടമരണം; മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു