ലേഖനം

കണ്ടല്‍ങ്കാളിയിലെ വയല്‍ക്കിളികള്‍: വയല്‍ സംരക്ഷണത്തിന് അപൂര്‍വ്വ സമരമാതൃക 

അംബികാസുതന്‍ മാങ്ങാട്

''തലോത്ത് വയലിലെ നെല്ല് മൂരാന്‍
പോരുക, പോരുക കൂട്ടുകാരെ...''

കണ്ടങ്കാളി സ്‌കൂള്‍ പരിസരത്തുനിന്നും ആരംഭിച്ച 'ക്ലൈമറ്റ്' ജാഥയുടെ ഏറ്റവും  മുന്നില്‍ നിന്ന, ചുവപ്പ് മേലങ്കിയണിഞ്ഞ, കൊയ്ത്തരിവാളേന്തിയ കര്‍ഷകന്‍ ഉറക്കെ പാടിയപ്പോള്‍ പിന്നില്‍ അണിനിരന്നവര്‍ ഏറ്റുപാടി.
കണ്ടങ്കാളി തലോത്ത് വയലിലെ കൊയ്ത്തുത്സവത്തില്‍ പങ്കെടുക്കാനുള്ള ജനകീയ സമരത്തിന്റെ പ്രകടനം വയലിലെത്തുമ്പോള്‍ ജനസമുദ്രമായിരുന്നു.
കേരളം കണ്ട ഏറ്റവും അര്‍ത്ഥവത്തായതും അപൂര്‍വ്വവുമായ സമരമാതൃകയാണ് കണ്ടങ്കാളി പെട്രോളിയം പദ്ധതിവിരുദ്ധ ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 28-ന് അരങ്ങേറിയത്.
മഴക്കാലമായിരുന്നിട്ടും വെയിലിന്റെ ചൂട് ജാഥയിലെ സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികളെ പൊള്ളിക്കുന്നുണ്ടായിരുന്നു. മഴക്കാലമാണോ? കാലമേതെന്നു പറയാനാവാത്തവിധം ഋതുക്കളുടെ താളം തെറ്റിയല്ലോ. ജീവിതം അവതാളത്തിലായി. രണ്ട് പ്രളയങ്ങള്‍ അടിച്ചേല്‍പ്പിച്ച ദുരന്തങ്ങള്‍ എത്ര വേഗമാണ് നാം മറന്നുപോകുന്നത്.

കണ്ടങ്കാളിയിലെ തലോത്ത് വയലിലാണ് 86 ഏക്കര്‍ നെല്‍വയല്‍ നികത്തി പെട്രോളിയം സംഭരണ പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ ടി.പി. പത്മനാഭന്‍ ചെയര്‍മാനായുള്ള  സമരസമിതി പദ്ധതിക്കെതിരെ നിരവധി സമരങ്ങള്‍ രണ്ടു വര്‍ഷമായി സംഘടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പയ്യന്നൂര്‍ നഗരത്തില്‍ തലേന്നു നടന്ന 'നാടകവിചാരണ' ശ്രദ്ധേയമായി. ഏറ്റവും ഒടുവിലത്തെ 'കൊയ്ത്തുത്സവ'മാണ് അന്യാദൃശ സമരമാതൃകയായിത്തീര്‍ന്നിരിക്കുന്നത്.

നിര്‍ദ്ദിഷ്ട 86 ഏക്കര്‍ പദ്ധതി പ്രദേശത്തെ വയലുകള്‍ മുഴുവന്‍ നെല്‍കൃഷിയിറക്കി അന്നമൂട്ടുന്ന വയലുകളെ സംരക്ഷിക്കാനുള്ള ആശയം മാതൃകാ സമരമായി മാറി. പുതിയ തലമുറയിലെ സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികളും നെല്ല് കൊയ്യാനും കറ്റകെട്ടാനും മെതിക്കാനും ഒപ്പം നിന്നു. 'തൗവ്വന്‍' എന്ന നാടന്‍ വിത്ത് വിതച്ച്, വലിയ മുതല്‍മുടക്കൊന്നുമില്ലാതെ, ജൈവകൃഷി രീതിയിലാണ് വിളയിച്ചത്. പ്രളയത്തില്‍ ഒരാള്‍പ്പൊക്കത്തില്‍ വെള്ളം പൊങ്ങിയിട്ടും വെള്ളം ഇറങ്ങിയപ്പോള്‍ അതിജീവനശേഷിയോടെ പൊന്നിന്‍ കതിര്‍ക്കുലകളുമായി തൗവ്വന്‍ തലയുയര്‍ത്തിനിന്നു.

കേരളത്തിലെ പരിസ്ഥിതി സമരത്തിലെ മുഖ്യ നാഴികക്കല്ലായ സൈലന്റ്വാലി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരളത്തില്‍ ആദ്യമായി പരിസ്ഥിതി പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി പ്രകടനം നയിച്ചത് പയ്യന്നൂര്‍ നഗരത്തിലായിരുന്നു. ജോണ്‍സിയുടേയും സീക്കിന്റേയും നേതൃത്വത്തില്‍ 1978-ല്‍ ആയിരുന്നു ആ ജാഥ സംഭവിച്ചത്. അതേ പയ്യന്നൂര്‍ നഗരസഭയുടെ പരിധിയിലാണ് ഈ എണ്ണ സംഭരണി വരുന്നത്. തലോത്ത് വയലിലെ 86 ഏക്കര്‍ നെല്‍വയലുകള്‍ മണ്ണിട്ട് നികത്തി ഏഴ് കോടി ലിറ്റര്‍ പെട്രോളിയം ഉല്പന്നങ്ങള്‍ 20 ടാങ്കുകളിലായി ശേഖരിച്ചു വെച്ച് കാസര്‍ഗോഡ് മുതല്‍ തൃശൂര്‍ വരെയുള്ള നാന്നൂറിലധികം ഔട്ടുലെറ്റുകള്‍ വഴി വിതരണം ചെയ്യാനുള്ള പി.ഒ.എല്‍. എന്ന ബൃഹദ് സംരംഭത്തിനാണ് അരങ്ങൊരുങ്ങുന്നത്. പൊതുമേഖല എണ്ണക്കമ്പനികളായ HPCL, BPCL എന്നിവയുടെ ഓഹരികള്‍ സൗദിയിലെ ബഹുരാഷ്ട്ര കുത്തകയായ അരാംകോ കമ്പനിക്ക് കൈമാറാനുള്ള നീക്കം അണിയറയില്‍ നടക്കുന്നു.

ഈ പദ്ധതിക്കെതിരെ നിരവധി സമരങ്ങള്‍ നടന്നു. 2018 ജനുവരി 22-ന് കണ്ണൂര്‍ ജില്ലാ കളക്ടര്‍ പബ്ലിക് ഹിയറിംഗ് നടത്തി. ഇതില്‍ പങ്കെടുത്ത 1500-ല്‍ അധികം ആളുകള്‍ എല്ലാവരും തന്നെ പദ്ധതിക്കെതിരായിട്ടാണ് സംസാരിച്ചതെന്ന് കളക്ടര്‍ റിപ്പോര്‍ട്ട് കൊടുക്കുകയും ചെയ്തതാണ്. പിന്നെ ആര്‍ക്കുവേണ്ടിയാണ് ഈ പദ്ധതി?

പദ്ധതി ആര്‍ക്ക് വേണ്ടി
പദ്ധതി നടപ്പിലായാല്‍ ഉണ്ടാകാന്‍ പോകുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഭയാനകമായിരിക്കും. ഈ വയലുകള്‍ മണ്ണിട്ടു നികത്താന്‍ നിരവധി കുന്നുകള്‍ ഇടിച്ചുനിരത്തേണ്ടിവരും. പത്ത് മീറ്റര്‍ ഉയരത്തില്‍ 86 ഏക്കറില്‍ മണ്ണിട്ട് നികത്തണം. എന്നിട്ട് അതിസമ്മര്‍ദ്ദമുപയോഗിച്ച് മൂന്ന് മീറ്റര്‍ ഉയരമാക്കി മാറ്റും. അന്നേരം ഭൗമഘടനയിലും പുഴ-കായല്‍ അന്തര്‍ഭാഗത്തും ഉണ്ടാകുന്ന ആഘാതങ്ങള്‍ പ്രവചനാതീതമായിരിക്കും. രണ്ട് പ്രളയത്തിലും ജലത്തില്‍ മുങ്ങിപ്പോയ വയലുകളാണെന്നോര്‍ക്കണം.

പെരുമ്പപ്പുഴ, രാമപുരം പുഴ എന്നിവ ചേര്‍ന്ന് ഒഴുകി കവ്വായിക്കായലായി പരിസരത്തിലാണ് ഈ വയല്‍ സ്ഥിതിചെയ്യുന്നത്. ഉത്തര കേരളത്തിലെ ഏറ്റവും വലിയ കായലായ കവ്വായിക്കായല്‍ പോലെ ഈ പ്രദേശങ്ങളും ജൈവവൈവിധ്യങ്ങളുടെ കലവറയാണ്. പദ്ധതിപ്രദേശത്ത് മാത്രമല്ല, അതിനു ചുറ്റുമുള്ള വലിയ പ്രദേശങ്ങളെ ജീവജാലങ്ങളേയും മനുഷ്യരേയും കണ്ടല്‍ക്കാടുകളേയും ഈ പദ്ധതി ബാധിക്കുമെന്ന് സമരസമിതി പറയുന്നു.

കുറച്ച് പച്ചത്തുരുത്തുകളും കുന്നുകളും മാത്രമേ കേരളത്തിലിന്ന് അവശേഷിച്ചിട്ടുള്ളൂ. അവയെ എങ്കിലും നമുക്ക് സംരക്ഷിക്കണ്ടേ? 2030 ആകുമ്പോഴേയ്ക്കും മോട്ടോര്‍ വാഹനങ്ങളെല്ലാം വൈദ്യുതീകരിക്കുമെന്നും നിലവിലുള്ള പെട്രോള്‍ ബങ്കുകളെല്ലാം വൈദ്യുതി ചാര്‍ജ്ജ് ചെയ്യാനുള്ള കേന്ദ്രങ്ങളായി മാറുമെന്നും ഭരണകൂടം തന്നെ പറയുന്നു. അങ്ങനെയെങ്കില്‍ ഈ തരത്തിലുള്ള പദ്ധതികള്‍ക്ക് ഒരു പ്രസക്തിയുമില്ല. മാത്രമല്ല, ആഗോളതാപനത്തിന് പ്രധാന കാരണമാകുന്ന ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറക്കണമെന്നും പാരീസ് ഉച്ചകോടിയിലെ തീരുമാനങ്ങള്‍ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് ലോകം മുഴുവന്‍ സമരങ്ങള്‍ നടക്കുമ്പോഴാണ് നമ്മള്‍ പെട്രോളിയം സംഭരണശാല സ്ഥാപിക്കാന്‍ ഒരുങ്ങുന്നത്! കഷ്ടം എന്നല്ലാതെ എന്തു പറയാന്‍!

ഗ്രേറ്റ തുന്‍ബെര്‍ഗ് എന്ന സ്വീഡിഷ് പെണ്‍കുട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരം ലോകം മുഴുവന്‍ അലയടിച്ചുകൊണ്ടിരിക്കുമ്പോള്‍ എങ്ങനെ പെട്രോളിയം സംഭരണി പദ്ധതി നടപ്പിലാക്കാനാവും? കൊയ്ത്തുത്സവത്തിന് മുന്നോടിയായി നടന്ന ക്ലൈമറ്റ് മാര്‍ച്ചില്‍ ഗ്രേറ്റയുടെ പ്രായമുള്ള കുറേ പെണ്‍കുട്ടികള്‍ ഗ്രേറ്റയ്ക്ക് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നതും ശ്രദ്ധേയമായി.
കൊയ്ത്തു കറ്റകള്‍ ഉയര്‍ത്തിപ്പിടിച്ച് പ്രതിജ്ഞ ചൊല്ലുമ്പോഴും ഈ കുട്ടികള്‍ മുന്നിലുണ്ടായിരുന്നു.

''അന്നം വിളയുന്ന തലോത്ത് വയലുകള്‍ എണ്ണ സംഭരണി സ്ഥാപിക്കാന്‍ വിട്ടുതരില്ലെന്ന് വയലില്‍ വിളഞ്ഞ് നിറഞ്ഞ് നില്‍ക്കുന്ന നെല്‍ക്കതിരുകളെ സാക്ഷിനിര്‍ത്തി ഞങ്ങള്‍ പ്രതിജ്ഞ ചെയ്യുന്നു.'' പ്രതിജ്ഞാനേരത്ത് കുട്ടികളുടെ ശബ്ദം വേറിട്ട് കേള്‍ക്കാമായിരുന്നു. അത് ഭാവിയുടെ പ്രതീക്ഷാനിര്‍ഭരമായ ശബ്ദമായി അവിടെ മുഴങ്ങിക്കൊണ്ടിരുന്നു. മാടക്ക ജാനകി, എം. കമലം, പത്മിനി കണ്ടങ്കാളി, കെ.കെ. ഉഷ, എം. സജിത, കെ. സുനീത തുടങ്ങി നിരവധി സ്ത്രീകള്‍ കൊയ്ത്തുത്സവത്തിന്  നേതൃത്വം നല്‍കി. ഡോ. ഡി. സുരേന്ദ്രനാഥ്, ടി.പി. പത്മനാഭന്‍, അപ്പുക്കുട്ടന്‍ കാരയില്‍, എന്‍. സുബ്രഹ്മണ്യന്‍, വിജയന്‍, കെ.പി. വിനോദ്, കെ. രാമചന്ദ്രന്‍, മാധവന്‍ പുറച്ചേരി, ഡോ. ഇ. ഉണ്ണിക്കൃഷ്ണന്‍ തുടങ്ങി നിരവധി പരിസ്ഥിതി പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കി.


കഴിഞ്ഞ മാസം മാധവ് ഗാഡ്ഗില്‍ കണ്ടങ്കാളി സന്ദര്‍ശിച്ചത് ജനങ്ങള്‍ക്ക് വലിയ ആവേശം പകര്‍ന്നിട്ടുണ്ട്. സാമന്ത റായ്, രാജേന്ദ്രസിംഗ്, ഡോ. എസ്. ശങ്കര്‍, ചെറുവയല്‍ രാമന്‍, സി. കുഞ്ഞിക്കണ്ണന്‍, സി.ആര്‍. പരമേശ്വരന്‍, പുരുഷന്‍ ഏലൂര്‍ തുടങ്ങി നിരവധി പ്രമുഖരും സ്ഥലം സന്ദര്‍ശിക്കുകയുണ്ടായി.
ഈ പ്രദേശത്തിന് അധികം ദൂരെയല്ലാതെ കിടക്കുന്ന ഏഴിമല പ്രദേശത്തിനരികിലാണ് പണ്ട് പണ്ട് മരക്കലത്തില്‍ അന്നപൂര്‍ണ്ണേശ്വരിയും നിരവധി തെയ്യങ്ങളും ഇറങ്ങി ഉത്തരകേരളത്തിലേയ്ക്ക് വന്നതെന്നാണ് വിശ്വാസം. ആരിയര്‍ നാട്ടില്‍നിന്നും അന്നപൂര്‍ണ്ണേശ്വരി യാത്ര പുറപ്പെടുമ്പോള്‍ കപ്പലില്‍ ആദ്യം  നിറക്കുന്നത് ചെന്നെല്ല് വിത്താണ്. ദേവി അന്നത്തിന്റെ ദേവതയാണല്ലോ. കൂടെ വന്നിറങ്ങിയ അമ്മ ദൈവങ്ങളെല്ലാം കാരുണ്യത്തിന്റെ തെയ്യങ്ങളാണ്. വലിയ വളപ്പില്‍ ചാമുണ്ഡി തൊട്ട് കുറത്തിയമ്മ വരെ വയലില്‍ വിത്തിടുന്ന തെയ്യങ്ങളുണ്ട്. എണ്ണപ്പാടങ്ങള്‍ വന്നു കഴിഞ്ഞാല്‍ വിത്ത് എവിടെ ഇടും?

'പുത്തന്‍ കലവും അരിവാളും' എന്ന 1948-ല്‍ ഇടശ്ശേരി എഴുതിയ കവിത ഓര്‍മ്മവരുന്നു. കോമന്‍ വിയര്‍പ്പൊഴുക്കി നെല്‍കൃഷിയിറക്കി. നെല്ല് വളരുന്നതിനൊപ്പം കോമന്റെ സ്വപ്നങ്ങളും വളര്‍ന്നു. പക്ഷേ, കൊയ്യാനിറങ്ങിയപ്പോള്‍ ജന്മി തടയുന്നു. നിയമത്തിന്റെ പരിരക്ഷ ജന്മിക്ക് കിട്ടുന്നു. കോമന്റെ സ്വപ്നങ്ങള്‍ കത്തിക്കരിയുന്നു. അപ്പോഴാണ് കോമന്റെ നേതൃത്വത്തില്‍ അരിവാളേന്തിയ കര്‍ഷകര്‍ ഒന്നിച്ച് മുദ്രാവാക്യം മുഴക്കുന്നത്:
''അധികാരം കൊയ്യണമാദ്യം നാം
അതിനു മേലാകട്ടെ പൊന്നാര്യന്‍!''

സ്വാതന്ത്ര്യം കിട്ടി മുക്കാന്‍ നൂറ്റാണ്ട് കഴിയുമ്പോള്‍ നാടന്‍ ജന്മിയല്ല ബഹുരാഷ്ട്ര കുത്തക ജന്മിയാണ് വരുന്നത്. കൊയ്യാനല്ല, ഇനി ഒരിക്കലും അന്നം വിളയാതിരിക്കാനാണ്. കതിരല്ല, വയല് തന്നെ കൊണ്ടുപോകാനാണ്. 'അരാംകോ' വരുന്നത് ഭരണകൂടങ്ങള്‍ വിരിച്ച പരവതാനിയിലൂടെ നെല്‍വയലുകള്‍ക്ക് തൂക്കുകയറുമായി.
കൊയ്ത്തുത്സവം മുറുകുമ്പോള്‍ എനിക്ക് കേള്‍ക്കാമായിരുന്നു, കുറച്ച് പെണ്‍കുട്ടികള്‍ പാടുകയാണ്:
''നമ്മള് കൊയ്യും വയലെല്ലാം
നമ്മുടേതാകും പൈങ്കിളിയേ!''

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്