ലേഖനം

കൊറോണ വൈറസല്ല, വിശപ്പാണ് ഇവര്‍ക്കു വില്ലന്‍

രേഖാചന്ദ്ര

പേടിക്കേണ്ടത് കൊറോണയെ ആണോ പട്ടിണിയെ ആണോ. വൈറസ് വ്യാപനത്തില്‍ ലോകം അടച്ചിടപ്പെട്ടതോടെ ആഗോളതലത്തില്‍ ഇപ്പോള്‍ ഉയരുന്ന പ്രധാന ചോദ്യം ഇതാണ്. വൈറസിനെക്കാള്‍ വിശപ്പാണ് തങ്ങളെ കൊല്ലുക എന്നു ലക്ഷകണക്കിനു സാധാരണക്കാര്‍ ലോകത്തോട് വിളിച്ചുപറയുകയാണ്.

ലോക്ഡൗണും സാമൂഹിക അകലവും ദരിദ്രരല്ലാത്തവര്‍ക്കു വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ഒന്നല്ല. എന്നാല്‍, ദിവസവേതനക്കാരുടേയും കുടിയേറ്റക്കാരുടേയും അഭയാര്‍ത്ഥികളുടേയും കാര്യത്തില്‍ അതല്ല സ്ഥിതി. വൈറസല്ല, വിശപ്പാണ് ഇവര്‍ക്കു വില്ലന്‍. കൊറോണയെ പ്രതിരോധിച്ച് വീട്ടിലിരിക്കാന്‍ നമുക്കുചുറ്റുമുള്ള ഭൂരിഭാഗം മനുഷ്യര്‍ക്കും സാധ്യമല്ല.

ലോകം ഇതുപോലൊരു ഭക്ഷ്യഅടിയന്തരാവസ്ഥ ഇതുവരെ നേരിട്ടിട്ടില്ല. ഭക്ഷണത്തിനു വേണ്ടി കലാപങ്ങളും സംഘര്‍ഷങ്ങളും പലയിടങ്ങളിലും ഉണ്ടാകുന്നു. ലോകം ലോക്ഡൗണിലായതോടെ സര്‍ക്കാര്‍ സംവിധാനങ്ങളും സംഘടനകളും വിതരണം ചെയ്യുന്ന ഭക്ഷണത്തിനായി മണിക്കുറുകളോളം വരിനില്‍ക്കുന്ന ജനതയാണ് കൊറോണക്കാലത്തെ ദയനീയമായ കാഴ്ച. ഇന്ത്യയിലും രൂക്ഷമാണ് ജനങ്ങളുടെ പട്ടിണി. വിശപ്പടക്കാന്‍ ദിവസത്തില്‍ രണ്ടുതവണയായി മണിക്കൂറുകള്‍ ക്യൂവിലാണ് പല ഇന്ത്യന്‍ സംസ്ഥാനങ്ങളിലേയും ജനങ്ങള്‍. കെനിയയുടെ തലസ്ഥാനമായ നെയ്‌റോബിയില്‍ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്നതിനിടെയുണ്ടായ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ മരിച്ചു. ആളുകള്‍ ഭക്ഷണത്തിനു വേണ്ടി മത്സരിച്ചതോടെ പൊലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചും ലാത്തിവീശിയും നേരിട്ടു. ഒട്ടേറെപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പല ആഫ്രിക്കന്‍ രാജ്യങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. നിലവില്‍ പട്ടിണിയുള്ള രാജ്യങ്ങളില്‍ കൊറോണ കൂടി എത്തിയതോടെ സ്ഥിതി അതിവഷളായി.

ലെബനനിലെ ട്രിപ്പോളിയില്‍ പ്രതിഷേധക്കാര്‍ക്കു നേരെ നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പട്ടു. ആഭ്യന്തരകലാപം നിലനില്‍ക്കുന്ന ലെബനനില്‍ പട്ടിണി കൂടിയെത്തിയതോടെ ജനം കൂട്ടത്തോടെ തെരുവുകളിലേക്കിറങ്ങുകയായിരുന്നു. വൈറസിനേക്കാള്‍ മാരകമാണ് ഇവര്‍ക്കു വിശപ്പ്. റമദാന്‍ മാസമാണെങ്കിലും വെകുന്നേരങ്ങളിലെ കൂട്ടായ്കള്‍ വിലക്കപ്പെട്ടതോടെ പലയിടങ്ങളിലും ആളുകള്‍ ബുദ്ധിമുട്ടിലായി. കൊളംബിയയില്‍ പട്ടിണിയിലായ വീടുകളിലെ ജനലുകളില്‍ ചുവന്ന തുണി അടയാളമായി തൂക്കിയിടുകയാണ് ജനങ്ങള്‍. റോഡുകള്‍ ബ്ലോക്ക് ചെയ്തും പ്രതിഷേധം തുടരുകയാണ്. ബംഗ്ലാദേശിലും ഭക്ഷണം കിട്ടാതെ ജനങ്ങള്‍ പ്രതിഷേധത്തിനിറങ്ങിയിരുന്നു. സൗത്ത് ഏഷ്യന്‍ നെറ്റ്‌വര്‍ക്ക് ഓണ്‍ ഇക്കണോമിക് മോഡലിങിന്റെ പഠന പ്രകാരം ബംഗ്ലാദേശില്‍ കോവിഡ് കാലത്ത് പട്ടിണി ഇരട്ടിയായതായി പറയുന്നു. തുണി ഫാക്ടറികളാണ് ഇവിടുത്തെ തൊഴിലാളികളുടെ പ്രധാന വരുമാനമാര്‍ഗ്ഗം. കൊറോണക്കാലത്തിനിടയില്‍ 20 ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടമായി എന്നാണ് റിപ്പോര്‍ട്ടുകള്‍.

തൊഴില്‍ നഷ്ടവും വരുമാനമില്ലായ്മയും ഭക്ഷ്യസാധനങ്ങളുടെ വിതരണം കൃത്യമായി നടത്താന്‍ പറ്റാത്തതുമാണ് പട്ടിണി രൂക്ഷമാക്കുന്നത്. കൊറോണ വൈറസ് മനുഷ്യരെ തുല്യരായി കാണുന്നു എന്ന് ചിലപ്പോഴൊക്കെ പറയാറുണ്ട്, കാരണം പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ലാതെ രോഗം പടര്‍ത്തുന്ന വൈറസാണത്. പക്ഷേ, ഭക്ഷണത്തിന്റെ കാര്യത്തിലേക്കെത്തുമ്പോള്‍ ഈ 'തുല്യത' ഇല്ലാതാകും. വിശപ്പും പട്ടിണിയും അനുഭവിക്കേണ്ടത് ഒരു വിഭാഗം മാത്രമാണ്. എത്രമാത്രം അസമത്വത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത് എന്നതിന്റെ വ്യക്തമായ കാഴ്ചകൂടിയാണിത്. വിശക്കുന്നവരും വിശക്കാത്തവരും എന്ന രണ്ടു വിഭാഗത്തിലേക്ക് ചുരുങ്ങുകയാണ് ലോകം.

നിലവില്‍ 135 മില്ല്യണ്‍ ജനങ്ങള്‍ ലോകത്ത് പട്ടിണിയിലാണ് എന്നാണ് കണക്ക്. കൊറോണക്കാലത്തിനുശേഷം ഇത് 265 മില്ല്യണിലേക്കെത്തുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ വേള്‍ഡ് ഫുഡ് പ്രോഗ്രാം ചീഫ് ഇക്കണോമിസ്റ്റ് ആരിഫ് ഹുസൈന്‍ പറയുന്നത്. നിലവിലുള്ളത്തിന്റെയത്രയും പേര്‍കൂടി വീണ്ടും പട്ടിണിയിലേക്കെത്തുമെന്ന്.

ഇതിന് മുന്‍പും പലയിടങ്ങളിലും പട്ടിണി രൂക്ഷമായിട്ടുണ്ടായിരുന്നെങ്കിലും പലതും പ്രാദേശികമായ ഇടങ്ങളില്‍ മാത്രമായിരുന്നു. അതിന്റെ കാരണങ്ങളും വ്യത്യസ്തമായിരുന്നു. കാലാവസ്ഥ, സാമ്പത്തിക തിരിച്ചടികള്‍, യുദ്ധം, രാഷ്ട്രീയ അസ്ഥിരത അങ്ങനെ പലതും. ലോകം മുഴുവന്‍ ഒരേ കാരണത്താല്‍ വലിയൊരു വിഭാഗം പട്ടിണിയിലാകുന്നത് ഇതാദ്യമാണ്. പെട്ടെന്ന് വരുമാനം നിലച്ചതോടെ ദിവസവേതനക്കാരായ ലക്ഷകണക്കിനു മനുഷ്യരെയാണ് അതു ബാധിച്ചത്. ആളുകള്‍ പലയിടങ്ങളിലും കുടുങ്ങിപ്പോയതും ഇതിന്റെ തോത് കൂട്ടി. കുട്ടികളുടെ വലിയൊരു ആശ്വാസമായിരുന്നു സ്‌കൂളുകളിലെ ഭക്ഷണം. സ്‌കൂളുകള്‍ അടച്ചിട്ടത്തോടെ 368 മില്ല്യണ്‍ കുട്ടികള്‍ക്ക് അവിടെ നിന്നു കിട്ടികൊണ്ടിരുന്ന പോഷകാഹാരം നഷ്ടമായി.

സ്പെയിനിൽ ലോക്ക്ഡൗണിനെതിരെ നടന്ന പ്രകടനം

പലകാലങ്ങളില്‍ ഉണ്ടായതുപോലെ ഭക്ഷ്യക്ഷാമം കൊണ്ടല്ല ഇപ്പോഴത്തെ പട്ടിണി. ആളുകള്‍ പട്ടിണിയിലാണെങ്കിലും ആഗോളതലത്തില്‍ ഭക്ഷ്യക്ഷാമം ഇല്ല എന്നത് പ്രധാനമാണ്. വരുമാനം നിലച്ചതോടെ വാങ്ങാന്‍ കഴിയാതെയായി. ഒപ്പം ഭക്ഷ്യ വിതരണശൃംഖല തകിടം മറിഞ്ഞു. കാര്‍ഷിക വിളകള്‍ കൃത്യമായി വിളവെടുക്കാനോ ആവശ്യക്കാരിലെത്തിക്കാനോ കഴിയാതെ വരുന്നു. പലതരത്തിലുള്ള നിരോധനം കാരണം കയറ്റുമതിയും ഇറക്കുമതിയും ചുരുങ്ങി. കോവിഡിനെതിരെയുള്ള പോരാട്ടത്തിനിടയില്‍ ജനങ്ങളുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതില്‍ പല രാജ്യങ്ങളും പരാജയപ്പെട്ടു. നിലവില്‍ വലിയ തോതില്‍ പട്ടിണിയനുഭവിക്കുന്ന സിംബാവെ, സുഡാന്‍പോലുള്ള രാജ്യങ്ങളില്‍ സ്ഥിതി അതിരൂക്ഷമാകുകയും ചെയ്തു. എണ്ണവരുമാനത്തെ ആശ്രയിക്കുന്ന ഇറാന്‍ പോലുള്ള രാജ്യങ്ങളിലും സ്ഥിതി ഗുരുതരമായി. വളരെ പെട്ടെന്നു സാധാരണഗതിയിലേക്ക് മടങ്ങിവരാവുന്നതരത്തിലല്ല നിലവിലെ കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്.

കൊറോണയ്‌ക്കെതിരെ പോരാടുവാന്‍ വീടിന്റെ ലക്ഷ്മണരേഖയ്ക്ക് അപ്പുറം പോകരുത് എന്നു ഭരണാധികാരികള്‍ പറയുമ്പോള്‍ ഒരുനേരത്തെ ഭക്ഷണംപോലും കിട്ടാത്ത ആയിരക്കണക്കിനു മനുഷ്യര്‍ നമ്മുടെ നയരൂപീകരണത്തിനു പുറത്തായിരുന്നു എന്നത് ചിന്തിക്കേണ്ടതാണ്. തൊഴിലും വരുമാനവും നിലച്ച ആയിരക്കണക്കിനു മനുഷ്യരാണ് നമ്മുടെ രാജ്യത്ത് സ്വന്തം നാടുകളിലേക്കു പോകാന്‍ തെരുവുകളിലേക്കിറങ്ങിയത്. വൈറസിന്റെ പകര്‍ച്ചയെക്കുറിച്ചു ധാരണയില്ലാത്തതു കൊണ്ടാണെന്ന മധ്യവര്‍ഗ്ഗ ന്യായീകരണത്തിനപ്പുറത്താണ് അവരുടെ മുന്നിലുള്ള പട്ടിണി. അധ്വാനിച്ചു ജീവിച്ചിരുന്ന അവരില്‍ പലരും സംഘടനകളുടെ ഭക്ഷണം വരുന്നതും കാത്ത് പാത്രങ്ങളുമായി മണിക്കുറുകളോളം വരി നില്‍ക്കേണ്ടി വരുന്നതിന്റെ ഗതികേടുകൂടി ഓര്‍ക്കേണ്ടതാണ്. ലോക്ഡൗണില്‍ ഞങ്ങളുടെ അന്തസുകൂടി ഇല്ലാതായി എന്നാണ് ഡല്‍ഹിയിലെ കുടിയേറ്റത്തൊഴിലാളിയായ നിശാല്‍ സിങ് പറയുന്നത്. 'ഭക്ഷണത്തിനുവേണ്ടി യാചിക്കേണ്ടി വരുന്നതില്‍ നാണക്കേടുണ്ട്. പക്ഷേ, മുന്നില്‍ മറ്റ് വഴികളുമില്ല'  അദ്ദേഹം പറയുന്നു.

ദിവസവേതനക്കാരായ ആളുകളുടെ ജീവിതത്തിനും മരണത്തിനുമിടയിലെ ഈ പോരാട്ടത്തില്‍ സര്‍ക്കാരുകളുടെ സഹായം അടിയന്തിരമാണ്. ഒരാഴ്ച പോലും ലോക്ഡൗണില്‍ കഴിയുക എന്നത് അസാധ്യമായ അവര്‍ക്കു മുന്നിലാണ് മാസങ്ങളോളം അത് തുടരുന്നത്. സാമൂഹിക അകലം, വര്‍ക്ക് അറ്റ് ഹോം എന്നതൊക്കെ അവരവരുടെ ജനതയില്‍ എത്ര പേര്‍ക്ക് പ്രാവര്‍ത്തികമാക്കാവുന്നതാണ് എന്നത് ഭരണാധികാരികളുടെ ചിന്തയില്‍ വരുന്നില്ല എന്നുവേണം കരുതാന്‍. ഇന്ത്യയിലെ കാര്യമെടുത്താല്‍ 80 ശതമാനത്തോളം തൊഴിലാളികളും അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്നവരാണ്. വേള്‍ഡ് ലേബര്‍ ഓര്‍ഗനൈസേഷന്റെ കണക്ക് പ്രകാരം ആഗോളതലത്തില്‍ 50 ശതമാനം തൊഴിലാളികള്‍ക്കും അവരുടെ ഉപജീവനം നഷ്ടപ്പട്ടു. 25 മില്ല്യണ്‍ ആളുകള്‍ക്ക് തൊഴില്‍ നഷ്ടമുണ്ടാകും എന്നതാണ് അവരുടെ കണക്ക്. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ദ ഇന്ത്യന്‍ ഇക്കണോമിയുടെ കണക്കുപ്രകാരം 27.1 ശതമാനത്തിലേക്കെത്തി ഇന്ത്യയിലെ തൊഴിലില്ലായ്മ. അമേരിക്കയില്‍ 14.7 ശതമാനവും. ലോകത്ത് എല്ലാ വര്‍ഷവും ഒന്‍പത് മില്ല്യണ്‍ ജനങ്ങള്‍ പട്ടിണികാരണം മരിക്കുന്നുണ്ട്. കൊറോണ കൂടി എത്തിയതോടെ ഈ കണക്കുകള്‍ എത്രത്തോളം ഉയരുമെന്ന് കണ്ടറിയണം. പട്ടിണിമരണങ്ങള്‍ ഒരു സര്‍ക്കാരും കൃത്യമായി റിപ്പോര്‍ട്ട് ചെയ്യാറില്ല. ഭരണത്തിന്റെ നാണക്കേട് മറക്കാന്‍ അത് മറച്ചുവെക്കും. ജനങ്ങളുടെ ഭക്ഷ്യസുരക്ഷിതത്വം ഉറപ്പാക്കാന്‍ ഭരണാധികാരികള്‍ക്കു കഴിയണം. ഉള്‍കാഴ്ചയോടെയുള്ള രാഷ്ട്രീയവും ജനങ്ങളോട് പ്രതിബദ്ധതയുള്ള ഭരണാധികളുമുണ്ടെങ്കില്‍ കൊവിഡ് കാലത്തെ ഈ പ്രതിസന്ധി മറികടക്കാന്‍ കഴിയുമെന്നാണ് ഐക്യരാഷ്ട്ര സഭ തലവന്‍ അന്റോണിയോ ഗട്ടറെസിന്റെ പ്രതീക്ഷയോടെയുള്ള വാക്കുകള്‍.
...........................................

(കടപ്പാട്  ന്യൂയോര്‍ക്ക് ടൈംസ്, ടൈം മാഗസിന്‍)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ