ലേഖനം

വൈവിധ്യത്തിന്റെ നിറച്ചാര്‍ത്തുകള്‍

ഡോ. അബ്ദള്ള പാലേരി

കോവിഡ്കാല നിയന്ത്രണങ്ങളില്‍ മേഘാവൃതമായ മനസ്സുമായി കഴിയുമ്പോഴാണ് സാമൂഹിക മാധ്യമങ്ങളിലും മറ്റു ദൃശ്യശ്രാവ്യ മാധ്യമങ്ങളിലും ആ വാര്‍ത്ത പ്രചരിച്ചത്. വര്‍ഷങ്ങളായി ആരും കണ്ടിട്ടില്ലാത്ത മലബാര്‍ വെരുക് (Malabar Civet) എന്ന അപൂര്‍വ്വ മൃഗം കോഴിക്കോട് ജില്ലയിലെ വിജനമായ മേപ്പയ്യൂര്‍ അങ്ങാടിയിലൂടെ ആരെയും കൂസാതെ നടന്നുപോകുന്ന ദൃശ്യങ്ങളായിരുന്നു പ്രചരിച്ചത്. ലോകത്തു പശ്ചിമഘട്ട വനങ്ങളില്‍ മാത്രം അധിവസിക്കുന്ന മലബാര്‍ വെരുകിനെ കേരളത്തില്‍ അവസാനമായി കണ്ടത് മൂന്നു പതിറ്റാണ്ടുകള്‍ക്കു മുന്‍പാണ്. അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ സമിതി (IUCN) ഗുരുതരമായി വംശനാശ ഭീഷണി നേരിടുന്നതായി കരുതുന്ന ഒരു മൃഗം പട്ടാപ്പകല്‍ റോഡിലെ സീബ്രാലൈന്‍ കടന്നുപോകുന്ന വാര്‍ത്ത മനസ്സില്‍ അളവറ്റ കൗതുകമാണ് ഉണര്‍ത്തി വിട്ടത്. ദൃശ്യങ്ങള്‍ വ്യാജമല്ലെന്നു ഉറപ്പുവരുത്തി. എന്നാല്‍, ദൃശ്യത്തിലെ മൃഗം വംശനാശം നേരിടുന്ന മലബാര്‍ വെരുകല്ലെന്നും നമ്മുടെ ഗ്രാമവനങ്ങളില്‍പ്പോലും സാധാരണയായി കണ്ടുവരുന്ന പുള്ളി വെരുകാണെന്നും(Small Indian Civet) തിരിച്ചറിയാന്‍ കഴിഞ്ഞു. കൊവിഡ് ലോക്ഡൗണ്‍ നിലവില്‍ വന്നതോടെ മനുഷ്യര്‍ പുറത്തിറങ്ങാതിരിക്കുന്നതിനാല്‍ വിജനമായ ഇടങ്ങളിലേക്ക് വന്യമൃഗങ്ങള്‍ ഇറങ്ങുന്നു എന്ന വാര്‍ത്ത ചില ദേശീയ മാധ്യമങ്ങളില്‍പ്പോലും ഇടംനേടി. വിജനത മാത്രമായിരിക്കുമോ വെരുകിനെ അങ്ങാടിയിലേക്ക് ആകര്‍ഷിച്ചത്? മനുഷ്യ ഭയമാണോ വന്യമൃഗങ്ങളെ കാട്ടില്‍ത്തന്നെ കഴിയാന്‍ പ്രേരിപ്പിക്കുന്നത്? അതോ കുടത്തില്‍ ശേഖരിച്ചുവെച്ച തെങ്ങിന്‍ കള്ള് കുടിച്ചതിന്റെ ലഹരിയില്‍ ആയിരിക്കുമോ വെരുക് റോഡിലിറങ്ങിയത്? അല്ലെങ്കില്‍ വെരുകിനു വല്ല അസുഖവും ബാധിച്ചു കാഴ്ച നഷ്ടപ്പെട്ടിരിക്കുമോ? പകല്‍സമയത്തു വെരുകിനെ അങ്ങാടിയില്‍ ഇറങ്ങാന്‍ പ്രേരിപ്പിച്ച കാരണം എന്തുമാകാം. തൊട്ടടുത്തൊന്നും വനങ്ങള്‍ ഇല്ലാത്ത ഒരിടത്ത് എങ്ങനെ ഒരു വന്യജീവി പ്രത്യക്ഷപ്പെട്ടു എന്ന അന്വേഷണം ചില പുതിയ ചോദ്യങ്ങളിലേക്കു മനസ്സിനെ നയിച്ചു.

നമ്മുടെ തൊടികളിലും ഗ്രാമങ്ങളിലെ ചെറുകാടുകളിലും വൈവിധ്യമാര്‍ന്ന പക്ഷികളും ശലഭങ്ങളും ജന്തുക്കളും അധിവസിക്കുന്നില്ലേ? മുറ്റത്തെ മുല്ലയ്ക്ക് മണമില്ലാത്തതുകൊണ്ടാകാം സ്വന്തം വീട്ടുവളപ്പിലെ ജൈവവൈവിധ്യത്തെക്കുറിച്ചു വിശദമായി പഠിക്കാന്‍ ആരും മുതിരാതിരിക്കുന്നത്. സ്വന്തം വീട്ടിനകത്തുള്ള ജീവികളെക്കുറിച്ചുപോലും മലയാളിക്ക് ഏറെ ഒന്നും അറിയില്ല എന്നതാണ് സത്യം. വീട്ടിനകത്തു നമുക്കൊപ്പം കഴിയുന്ന സഹജീവികള്‍ ഏതൊക്കെയാണ്?ചുവരില്‍ ഒട്ടിച്ചുവെച്ചിരിക്കുന്ന ചെറുപൊതികള്‍ ഏതു ജീവിയുടേതാണ്? ഏതൊക്കെ ചിലന്തികളാണ് മച്ചുകളിലും ചുവരുകളിലും വലവിരിച്ചു ഇരയെ കാത്തിരിക്കുന്നത്? ഏതു ജാതി കൊതുകുകളാണ് വീട്ടിനകത്തു മൂളിനടന്നു നമ്മെ കടിക്കുന്നത്? വീട്ടിലെ വൈദ്യുത വിളക്കുകളുടെ വെളിച്ചം തേടി എത്തുന്ന നിശാശലഭങ്ങള്‍ ഏതൊക്കെയാണ്? ഈ ജീവികള്‍ നമ്മുടെ ജീവിതത്തെ എങ്ങനെയാണ് സ്വാധീനിക്കുന്നത്? ഈ ചോദ്യങ്ങള്‍ക്കു ഒന്നും തന്നെ നമുക്കു വ്യക്തമായ ഉത്തരങ്ങള്‍ ഇല്ല. പശ്ചിമഘട്ടത്തിലെ കടുവകളുടേയും ആനകളുടേയും ഗുജറാത്തിലെ ഗിര്‍ വനത്തിലെ സിംഹങ്ങളുടേയും എണ്ണം അറിയാനുള്ള അമിതമായ കൗതുകത്തില്‍ നമുക്കു ചുറ്റുമുള്ള ജൈവവൈവിധ്യത്തേയും അവ നമ്മുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനേയും കുറിച്ചു നമ്മുടെ അറിവുകള്‍ പരിമിതപ്പെട്ടുപോയിരിക്കുന്നു. അങ്ങനെയാണ് സ്വന്തം മുരിങ്ങാച്ചോട്ടിലിരുന്നു ആകാശം കാണുന്നതിനെക്കുറിച്ച് ആലോചിച്ചത്. വീട്ടുവളപ്പിലേയും സമീപപ്രദേശങ്ങളിലേയും പക്ഷികളേയും തുമ്പികളേയും ശലഭങ്ങളേയും കുറിച്ച് പഠിക്കാന്‍ കൊവിഡ് കാലം വിനിയോഗിക്കാമെന്ന ചിന്തകള്‍ യാത്രകള്‍ സ്വപ്നങ്ങളായി മാത്രം ഒതുങ്ങിയ മനസ്സില്‍ ജിജ്ഞാസയുടെ നവപുഷ്പങ്ങള്‍ വിടര്‍ത്തി. 

വരയൻ കടുവ. ദേശാടന സ്വഭാവമുള്ള ഒരു ശലഭമാണ് ഇത്

ജൈവവലയിലെ ജീവികള്‍
 
വീട്ടുവളപ്പിനോട് ചേര്‍ന്ന് ഒരു മലയുണ്ട് മൂരികുന്നു മല. രണ്ടു പൊക്കമുള്ള പാറക്കുന്നുകളും ചുറ്റും വനങ്ങളുമുള്ള മല. പണ്ട് ഇവിടം ഒരു നിബിഢവന പ്രദേശമായിരുന്നു. നൂറു വര്‍ഷം മുന്‍പ് ഈ മലയിലെ പാറമടയില്‍ ഒരു കടുവ താമസിച്ചിരുന്നതായി പ്രായംചെന്നവര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. നാടന്‍ കുരങ്ങും ഹനുമാന്‍ കുരങ്ങും കാട്ടുപൂച്ചയും കാട്ടുമുയലും മലയിലെ അന്തേവാസികളായിരുന്നത്രെ. കാല്‍ നൂറ്റാണ്ടു മുന്‍പ് വരെ ഇവിടെ കുറുക്കന്മാരും കുറുനരികളും താവളമടിച്ചിരുന്നു. കേരളത്തിലെ മറ്റു പ്രദേശങ്ങളില്‍നിന്നെന്നപോലെ ഇവിടെനിന്നും പതിറ്റാണ്ടു മുന്‍പേ കുറുക്കന്മാര്‍ (Fox) എങ്ങോ പോയി മറഞ്ഞു. കൂര്‍ത്ത മുഖവും നിലത്തുമുട്ടുന്ന വാലും പൊക്കം കുറഞ്ഞ ശരീരവുമുള്ള കുറുക്കന്‍ ഇപ്പോള്‍ പഞ്ചതന്ത്രം കഥകളില്‍ മാത്രമാണോ അവശേഷിക്കുന്നത് എന്ന സംശയം അസ്ഥാനത്തല്ല. കഴിഞ്ഞ നാലഞ്ചു വര്‍ഷമായി ഈ മലയില്‍നിന്ന് കുറുനരികളുടെ (Jackal) ഓരിയും കേള്‍ക്കാറില്ല. മുന്‍പ് ഇടക്കിടെ കണ്ടിരുന്ന മൂര്‍ഖനും അണലിയും അപ്രത്യക്ഷമായിരിക്കുന്നു. പാറയുടെ ഒരുഭാഗം പൊട്ടിച്ചു മാറ്റിയതും വ്യാപകമായ വനനശീകരണവുമാണ് ജീവികളുടെ തിരോധാനത്തിന്റെ മുഖ്യകാരണങ്ങള്‍. നാശകാലത്തെ അതിജീവിച്ചുകൊണ്ട് ഇവിടെ വിഹരിക്കുന്ന മുള്ളന്‍പന്നിയും കീരിയും ഉടുമ്പും മരപ്പട്ടിയും ചേരയും ഇനിയെത്ര നാള്‍ കാണുമെന്ന് ഒരു നിശ്ചയവുമില്ല. മാര്‍ച്ചില്‍ ലോക്ഡൗണ്‍ നിലവില്‍വന്നതോടെ എന്നും കാലത്തു മകനോടൊപ്പം കാമറയും ബൈനോക്കുലറുമായി മല കയറാന്‍ തുടങ്ങി.

മൂരികുന്നു മലയിലെ പക്ഷികളെക്കുറിച്ചുള്ള പഠനമായിരുന്നു ലക്ഷ്യം. ഒരു ദിവസം പക്ഷിനിരീക്ഷണം അവസാനിപ്പിച്ചു തിരികെ പോരാന്‍ തുടങ്ങുകയായിരുന്നു. പെട്ടെന്നാണ് ആകാശത്ത് ഒരു പരുന്തു പ്രത്യക്ഷപ്പെട്ടത്. പരുന്തിനെ പിന്‍തുടര്‍ന്നു രണ്ടു കാക്കകളും. ഒറ്റ നോട്ടത്തില്‍ കേരളത്തില്‍ സാധാരണയായി കണ്ടുവരുന്ന തേന്‍കൊതിച്ചിപ്പരുന്തായിരിക്കുമെന്നാണ് കരുതിയത്. പക്ഷേ, വീട്ടിലെത്തി ഫോട്ടോ സൂക്ഷിച്ചു നോക്കിയപ്പോള്‍ ഇതുവരെ ഒരു തേന്‍കൊതിച്ചിപ്പരുന്തിനും കാണാത്ത വരയും കുറിയും ചിറകിലണിഞ്ഞ ഒരു പരുന്താണ് അതെന്നു മനസ്സിലായി. അതുവരെ ഇന്ത്യയില്‍ കണ്ടിട്ടില്ലാത്ത യൂറോപ്യന്‍ തേന്‍ കൊതിച്ചി പരുന്തിന്റേയും ഇന്ത്യയില്‍ കാണുന്ന തേന്‍കൊതിച്ചിപ്പരുന്തിന്റേയും നിറച്ചാര്‍ത്തുകളുള്ള ഒരു അപൂര്‍വ്വ പക്ഷി. ഇന്ത്യയിലെ ചില പ്രമുഖരായ പരുന്തു ഗവേഷകര്‍ക്ക് ഫോട്ടോ അയച്ചുകൊടുത്തെങ്കിലും പക്ഷി ഏതാണെന്നു ആര്‍ക്കും ഉറപ്പിച്ചു പറയാന്‍ കഴിഞ്ഞില്ല. ഒടുവില്‍ ഫിന്‍ലാന്റിലെ ലോകപ്രശസ്തനായ പരുന്തു ഗവേഷകന്‍ ഡിക്‌ഫോഴ്‌സ്മാന് (Dick Forsman ) ഫോട്ടോ അയച്ചുകൊടുക്കുകയും പക്ഷി യൂറോപ്പിലെ തേന്‍കൊതിച്ചിപ്പരുന്തും കിഴക്കന്‍ തേന്‍കൊതിച്ചിപ്പരുന്തും ഇണചേര്‍ന്നുണ്ടായ ഒരു സങ്കര (Hybrid) പരുന്താണെന്നു തിരിച്ചറിയുകയും ചെയ്തു. തെക്കേ ഏഷ്യയില്‍ ഈ അപൂര്‍വ്വ പരുന്തിനെ ഇതിനു മുന്‍പ് ഒരു തവണ മാത്രമേ കണ്ടിട്ടുള്ളൂ എന്നറിഞ്ഞപ്പോള്‍ പ്രാദേശിക ജൈവവൈവിധ്യപഠനം എത്രമാത്രം പ്രസക്തമാണെന്നു ബോധ്യമായി. 

കാർത്തികപ്പൂവ്

മൂരികുന്നു മലയിലെ ഒരു മുരിക്കുമരത്തെ (Indian Coral Tree) പൂക്കള്‍ അണിയിച്ചുകൊണ്ടായിരുന്നു ഏപ്രില്‍ മാസത്തിന്റെ വരവ്. ചെമ്പൂക്കള്‍ ചൂടിനില്‍ക്കുന്ന മുള്‍മുരിക്ക് നയനമനോഹരമായ കാഴ്ചയായിരുന്നു. കര്‍ഷകര്‍ കുരുമുളക് വള്ളി പടര്‍ത്താന്‍ വളര്‍ത്തുന്ന ഒരു വൃക്ഷമാണ് മുള്‍മുരിക്ക്. പക്ഷേ, കോഴിക്കോട് വയനാട് ജില്ലകളിലെ മുള്‍മുരിക്കുകള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഗണ്യമായി കുറഞ്ഞുപോയിട്ടുണ്ട്. മൊബൈല്‍ ടവറില്‍നിന്നു പുറപ്പെടുന്ന റേഡിയോ വികിരണങ്ങളാണ് മുരിക്കുമരത്തിന്റെ അന്തകന്‍ ആയതെന്ന നിഗമനത്തിനു ശാസ്ത്രീയ പിന്‍ബലമില്ല. അങ്ങനെയെങ്കില്‍ വികിരണമേറ്റു കേരളത്തിലെ മറ്റു പ്രദേശങ്ങളിലെ മുരിക്കു വൃക്ഷങ്ങളും ക്ഷയിച്ചു പോകേണ്ടതല്ലേ? മുരിക്കുകളുടെ വംശക്ഷയത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ഒരുകാലത്തു കുരുമുളക് വള്ളികളെ  വ്യാപകമായി നശിപ്പിച്ച സൂക്ഷ്മാണു രോഗമായ ദ്രുതവാട്ടം (Wilt Disease) പോലെ ഏതോ അജ്ഞാതമായ രോഗമാകാം മുരിക്കുകളുടേയും നാശത്തിനു ഹേതുവായത്. മഞ്ഞക്കിളി, ചാരത്തലക്കാളി തുടങ്ങിയ ദേശാടകര്‍ ഉള്‍പ്പെടെ 25 ജാതി പക്ഷികളാണ് നിത്യവും മുരിക്കുമരം സന്ദര്‍ശിക്കാന്‍ എത്തിയിരുന്നത്. പൂന്തേന്‍ ഉണ്ണാനും പൂക്കളിലെ തേന്‍ നുകരാന്‍ എത്തിയിരുന്ന പ്രാണികളെ പിടിച്ചു തിന്നാനും ചില്ലകളില്‍ വിശ്രമിക്കാനുമായിരുന്നു പക്ഷികള്‍ മുരിക്കുമരത്തില്‍ വിരുന്നുവന്നത്. വൃക്ഷങ്ങളുടെ പരാഗണത്തിനു പക്ഷികളുടെ പങ്ക് എത്രമാത്രം ഉണ്ടെന്നതിനെക്കുറിച്ച് വിശദമായ പഠനങ്ങള്‍ നടന്നിട്ടില്ലാത്തതുപോലെ മുരിക്കുമരത്തിന്റെ പരാഗണത്തിലും പക്ഷികളുടെ പങ്ക് എത്രയുണ്ടെന്നു നമുക്കറിയില്ല. 25 പക്ഷികളുടെ ആശ്രയ വൃക്ഷമാണ് മുരിക്ക് എന്ന കണ്ടെത്തല്‍ ഏറെ സന്തോഷം പകര്‍ന്നുതന്നു. മുരിക്കുമരവും പക്ഷികളും തമ്മിലുള്ള ബന്ധംപോലെ പ്രകൃതിയിലെ സമസ്ത ജീവജാലങ്ങളും പരസ്പരബന്ധിതമാണ്. ഈ ജൈവ വലയിലെ (Life Web) ഒരു കണ്ണി മാത്രമാണ് മനുഷ്യനും. ഏതെങ്കിലും ഒരു കണ്ണി പൊട്ടിയാല്‍ മതി മറ്റു കണ്ണികളും പൊട്ടിപ്പോകും. അത് മനുഷ്യന്റെ നിലനില്‍പ്പനെത്തന്നെ അവതാളത്തിലാക്കും. ഈ പരമസത്യത്തെക്കുറിച്ചുള്ള അജ്ഞതയാണ് പ്രകൃതിയെ നശിപ്പിച്ചും വികസനം കൊണ്ടുവരണമെന്ന കാഴ്ചപ്പാടിലേയ്ക്ക് നമ്മെ നയിക്കുന്നത്.

മലയുടെ നെറുകയില്‍ ഒരു പൊട്ടക്കിണറുണ്ട്. വെള്ളം വറ്റിയ ഈ കിണറ്റിലെ മാളത്തില്‍  ഒരു മീന്‍കൊതിച്ചാത്തന്‍  കൂടുവെച്ചത് കണ്ടു. അച്ഛനും അമ്മയും കുഞ്ഞുങ്ങള്‍ക്കു ദിവസവും പല തവണ ആഹാരം കൊണ്ടുവന്നു കൊടുത്തുകൊണ്ടിരുന്നു. ഇഴജീവികളും ഷഡ്പദങ്ങളുമാണ് മുഖ്യാഹാരം. ഒരു ദിവസം കുഞ്ഞുങ്ങള്‍ക്കു നല്‍കാന്‍ വേണ്ടി മീന്‍കൊത്തി കൊണ്ടുവന്ന ഭക്ഷണം കണ്ടു ഞാന്‍ അദ്ഭുതപ്പെട്ടുപോയി. മീന്‍കൊത്തി കൊത്തിക്കൊണ്ടുവന്നത് ഒരു കരിന്തേളിനെ (Black Scorpion) ആയിരുന്നു. മീന്‍കൊത്തി കിണറ്റിന്റെ ചുറ്റുമതിലില്‍ ഇത്തിരിനേരം ഇരുന്നു ചുറ്റുപാടും വീക്ഷിച്ചു. സമീപത്ത് ഒന്നും ശത്രുക്കള്‍ ഇല്ലെന്നു ബോധ്യപ്പെട്ടതിനുശേഷം തേളുമായി കിണറിന്റെ ആഴത്തിലേക്കു പറന്നുപോയി. അല്പനേരം കഴിഞ്ഞു പക്ഷി ഒഴിഞ്ഞ കൊക്കുമായി പുറത്തേക്കു വന്നു. മുതിര്‍ന്ന മീന്‍കൊത്തിച്ചാത്തന്‍ തേളിനെ തിന്നാറുണ്ട് എന്ന് ഡോ. സാലിം അലി രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, മീന്‍കൊത്തിക്കുഞ്ഞിനു കരിന്തേളിനെ ഭക്ഷണമായി നല്‍കുന്നത് മുന്‍പ് ആരും നിരീക്ഷിച്ചതായി കണ്ടെത്താന്‍ കഴിഞ്ഞില്ല. കരിന്തേളിനെ തിന്ന മീന്‍കൊത്തിക്കുഞ്ഞുങ്ങള്‍ ചത്തുപോയിരിക്കുമോ എന്ന ആശങ്കയോടെയാണ് അന്ന് പക്ഷിനിരീക്ഷണം കഴിഞ്ഞു വീട്ടിലേക്കു മടങ്ങിയത്. പിറ്റേന്നു കാലത്ത് അച്ഛനമ്മമാര്‍ കുഞ്ഞുങ്ങളെ തീറ്റാനുള്ള ആഹാരവുമായി വരുന്നത് കണ്ടപ്പോള്‍ ആശ്വാസമായി. കരിന്തേളുകളേയും വിഷപ്പാമ്പുകളേയും മനുഷ്യര്‍ എന്തിനാണ് കൊല്ലുന്നത്? അവയുടെ വംശപ്പെരുപ്പം നിയന്ത്രിക്കാന്‍ പ്രകൃതിതന്നെ അവയുടെ ശത്രുക്കളെ സൃഷ്ടിച്ചിട്ടുണ്ട്. തേളുകളെ മീന്‍കൊത്തികള്‍ ഭക്ഷിക്കുന്നതുപോലെ ചിലയിനം പരുന്തുകളുടെ ഇഷ്ടാഹാരമാണ് പാമ്പുകള്‍. ഒരു പൊട്ടക്കിണറ്റിലാണ് രണ്ടു മീന്‍കൊത്തികളുടെ കുടുംബസ്വപ്നം സാക്ഷാല്‍ക്കരിക്കപ്പെട്ടത്. മനുഷ്യര്‍ ഉപയോഗിക്കാത്തതുകൊണ്ട് മാത്രം ഒരു കിണര്‍ പൊട്ടക്കിണര്‍ ആകുമോ? അവ ഉപയോഗശൂന്യമെന്നു പറഞ്ഞു നികത്തപ്പെടേണ്ടവയാണോ?  

സങ്കരപ്പരുന്ത്

പശ്ചിമഘട്ടത്തില്‍ മാത്രം കാണുന്ന ഒരു വേഴാമ്പലാണ് കോഴിവേഴാമ്പല്‍ (Malabar Grey Hornbill). കൂടുകൂട്ടുന്ന കാലമായാല്‍ ഇത് ഒച്ചത്തില്‍ കരയുന്നതു ദൂരെനിന്നേ കേള്‍ക്കാം. ഗ്രാമങ്ങളില്‍ ഇതു സാധാരണമാണ്. പഴങ്ങളാണ് ഇഷ്ടഭക്ഷണമെങ്കിലും ഓന്തിനേയും അരണയേയും തവളയേയും ഭക്ഷിക്കാറുണ്ട്. ആണ്‍പക്ഷി ഇരുപതോളം ആലിന്‍പഴങ്ങള്‍ കൊണ്ടുവന്ന് കൂട്ടിലിരിക്കുന്ന പ്രിയതമയ്ക്കും കുഞ്ഞിനും നല്‍കുന്നത് വര്‍ഷങ്ങള്‍ക്കു മുന്‍പേ ഒരു സമീപഗ്രാമത്തിലെ വൃക്ഷത്തില്‍ കൂടുവെച്ച വേഴാമ്പലിനെക്കുറിച്ചു പഠിക്കുന്നതിനിടെ നിരീക്ഷിച്ചിരുന്നു. ഒരു ദിവസം രാവിലെ മലയുടെ സമീപത്തെ വൃക്ഷക്കൊമ്പില്‍ ഒരു കോഴിവേഴാമ്പല്‍ കൊക്കില്‍ ഒരു പറക്കും തവളയുമായി (Malabar Gliding Frog) ഇരിക്കുന്ന കൗതുകക്കാഴ്ച കാണാനിടയായി. കോഴിവേഴാമ്പലിനെപ്പോലെ പശ്ചിമഘട്ടത്തില്‍ മാത്രം കാണുന്ന ഒരു തവളയാണ് പറക്കും തവള (Malbar Flying Frog). പേര് പറക്കും തവള എന്നാണെങ്കിലും ഇതിനു വായുവിലൂടെ തെന്നിനീങ്ങാനേ കഴിയൂ. അല്ലാതെ പക്ഷികളെപ്പോലെ പറക്കാന്‍ കഴിയില്ല. പശ്ചിമഘട്ടത്തില്‍ മാത്രം കാണുന്ന ഒരു പക്ഷി പശ്ചിമഘട്ടത്തില്‍ മാത്രം കാണുന്ന ഒരു തവളയെ ഭക്ഷണമാക്കുന്നത് മുന്‍പൊരിക്കലും കണ്ടിട്ടില്ല. തവളയെ പിടിച്ചതു സ്വയം ഭക്ഷിക്കാനാണോ ഏതെങ്കിലും മരപ്പൊത്തിലെ കൂട്ടില്‍ ഇരിക്കുന്ന ഭാര്യക്കോ കുഞ്ഞിനോ തിന്നാന്‍ കൊടുക്കാനാണോ എന്നു തീര്‍ത്തുപറയാന്‍ വയ്യ. ഇതും കൊവിഡ് കാലം സമ്മാനിച്ച ഒരപൂര്‍വ്വ കാഴ്ചയായിരുന്നു.

ശിശിരത്തിലെ ദേശാടനം

വടക്കേ ഇന്ത്യയില്‍നിന്ന് കേരളത്തിലേക്കു ദേശാടനം നടത്തുന്ന അഴകുറ്റ കാവിപ്പക്ഷിയുടെ (Indian Pitta) ഫോട്ടോ ആദ്യമായി കാമറയില്‍ പകര്‍ത്താന്‍ കഴിഞ്ഞതും ഈ കൊവിഡ് കാലത്താണ്. മനുഷ്യന്റെ നിഴല്‍ കണ്ടാല്‍മതി പൊന്തക്കുള്ളില്‍ മറയുന്ന പക്ഷി. അതിരാവിലെ ഇരതേടാനിറങ്ങി സൂര്യപ്രകാശം പരക്കുന്നതിനു മുന്‍പേ കാട്ടില്‍ മറയുന്ന ശീലമുള്ള പക്ഷിയാണിത്. പിന്നെ സന്ധ്യയ്ക്കാണ്   ഇരതേടി ഇറങ്ങുക. മിക്കപ്പോഴും ഇതിന്റെ കരച്ചില്‍ കാട്ടിനുള്ളില്‍നിന്നു കേള്‍ക്കാമെങ്കിലും വിരളമായേ കാണാന്‍ കഴിയൂ. ഒരു ദിവസം സൂര്യന്‍ ഉദിക്കുന്നതിനു മുന്‍പേ ഒരു വൃക്ഷത്തിന്റെ പിന്നില്‍ മറഞ്ഞിരുന്നു മാവിന്‍ കൊമ്പിലിരിക്കുന്ന കാവിയുടെ ചിത്രമെടുക്കാന്‍ കഴിഞ്ഞപ്പോള്‍ ഏറെക്കാലമായി നടക്കാതെ പോയ ഒരു സ്വപ്നമാണ് സാക്ഷാല്‍ക്കരിച്ചത്. 

കരിന്തേളുമായി മീൻകൊത്തി

ഈ പ്രദേശത്തു മുന്‍പ് കണ്ടിട്ടില്ലാത്ത പച്ചച്ചിലപ്പന്റെ (Green Warbler) സാന്നിധ്യം ആശ്ചര്യകരമായിരുന്നു. രാജ്യാതിര്‍ത്തികള്‍   താണ്ടിവരുന്ന ദേശാടനപ്പക്ഷിയാണിത്. അങ്ങകലെ ഇറാനിലും തുര്‍ക്കിയിലും ജോര്‍ജിയയിലും കൂടുകൂട്ടുന്ന ഈ പക്ഷി ശിശിരകാലം ചിലവിടാനാണ് കേരളത്തില്‍ എത്തുന്നത്. ഓഗസ്റ്റ് മാസത്തോടെ നാട്വിടുന്ന ഈ പക്ഷി ജൂണ്‍ മാസത്തോടെ ജന്മസ്ഥലത്തു തിരിച്ചെത്തും. പൊതുവെ വനപ്രദേശത്തു കാണുന്ന ചിത്രാംഗന്‍ (Heart Spotted Woodpecker) മരംകൊത്തി വൃക്ഷങ്ങളുടെ തൊലിക്കടിയില്‍ ഒളിച്ചിരിക്കുന്ന പ്രാണികളെ തേടി നടക്കുന്നുണ്ടായിരുന്നു. മൂരികുന്നു മലയിലെ ദേശാടകരും സ്ഥിരവാസികളുമായ 70 പക്ഷികളെ നിരീക്ഷിക്കാനും ഫോട്ടോ എടുക്കാനും ചില അപൂര്‍വ്വ സ്വഭാവങ്ങള്‍ പഠിക്കാനും കഴിഞ്ഞു.

ആകസ്മികമായിട്ടാണ് ഒരു ദിവസം രാവിലെ തൊടിയിലെ വാഴക്കുലയില്‍ ഒരു ചിന്നത്തത്ത (Vrnal hanging-Parrot)യെ കണ്ടത്. പച്ചയും ചുവപ്പും കലര്‍ന്ന നിറമുള്ള ഒരു മനോഹര തത്ത. ഇന്ത്യയിലെ ഏറ്റവും ചെറിയ തത്തയാണിത്. മറ്റു തത്തകളെപ്പോലെ ഇതിനു നീണ്ട വാലില്ല. പൂന്തേന്‍ ഇതിന്റെ  ഇഷ്ടഭക്ഷണമാണെന്നു പുസ്തകങ്ങളില്‍നിന്നു വായിച്ചറിഞ്ഞിട്ടുണ്ട്. പൂക്കളില്‍നിന്നു തേനുണ്ണാന്‍ ഇതിനു സൂചിമുഖികള്‍ക്കുള്ളതുപോലെ നീണ്ട കൊക്കില്ല. പിന്നെങ്ങനെയായിരിക്കും ഇത് തേന്‍കുടിക്കുക? ഏറെക്കാലം മനസ്സില്‍ കൊണ്ടുനടന്ന ഒരു ചോദ്യമായിരുന്നു ഇത്. വാഴപ്പൂങ്കുലയില്‍നിന്ന് ഇത് തേനുണ്ണുന്നത് ഏറെനേരം കൗതുകത്തോടെ നിരീക്ഷിക്കാന്‍ കഴിഞ്ഞു. പക്ഷി വാഴക്കുലയില്‍ ശിരസ്സ് താഴോട്ടാക്കി തൂങ്ങിക്കിടന്ന് തേനുണ്ണുന്ന കാഴ്ച അസാധാരണമായിരുന്നു. മൂര്‍ച്ചയുള്ള കൊക്കിന്റെ അഗ്രംകൊണ്ട് പൂവിന്റെ ദലം കീറിമുറിക്കും. കീറിലൂടെ പുറത്തേക്കു കിനിയുന്ന പൂന്തേന്‍ നക്കിക്കുടിക്കും. ഒരു പൂങ്കുലയിലെ ഏറെക്കുറെ മുഴുവന്‍ പൂക്കളിലേയും തേന്‍ കുടിച്ചാണ് പക്ഷി പറന്നുപോയത്. 

മാലാഖ ശലഭം

മുന്‍പൊരിക്കലും ഈ ഗ്രാമത്തില്‍ കണ്ടിട്ടില്ലാത്ത മലയണ്ണാന്‍ (Malbar Gaint Squirrel) വീട്ടുവളപ്പില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ തെല്ലൊന്നുമല്ല അദ്ഭുതപ്പെട്ടത്. കൊവിഡ് കാലത്തു പാലിക്കേണ്ട സാമൂഹിക അകലം പോലും മറന്ന് ഒട്ടേറെ കുട്ടികളും സ്ത്രീകളും മലയണ്ണാനെ കാണാനായി ഓടിയെത്തി. വലിയ അണ്ണാനെ കണ്ട കൗതുകം കൊണ്ടാകാം രണ്ടു മൂന്നു അണ്ണാറക്കണ്ണന്മാര്‍ ചിലച്ചുകൊണ്ട് മലയണ്ണാനെ പിന്‍തുടര്‍ന്നു. എങ്ങുനിന്നോ കുറേ ബലിക്കാക്കകള്‍ കരഞ്ഞുകൊണ്ട് പറന്നെത്തി. ആകെ ബഹളമയം. പരിഭ്രമിച്ച മലയണ്ണാന്‍ ഒരു മാവില്‍ ഓടിക്കയറി ശിഖരത്തെ കെട്ടിപ്പിടിച്ച് അനങ്ങാതെ കമഴ്ന്നുകിടന്നു. ബഹളങ്ങള്‍ക്കു അറുതിവന്നതോടെ അത് വൃക്ഷങ്ങളിലൂടെ ചാടിച്ചാടി അകലങ്ങളില്‍ മറഞ്ഞു. സമീപപ്രദേശത്ത് ഒന്നും കണ്ടിട്ടില്ലാത്ത ഈ വനവാസി എവിടെനിന്നാകാം ഗ്രാമത്തില്‍ എത്തിയതെന്ന് എത്ര ആലോച്ചിട്ടും പിടികിട്ടിയില്ല. ഒരുപക്ഷേ, ലോക്ഡൗണ്‍ കാലത്തു ഗ്രാമങ്ങള്‍ ഏറെക്കുറെ വിജനമായതിനാല്‍ അകലെയുള്ള ഏതോ കാട്ടില്‍നിന്നിറങ്ങി നാടുകാണാന്‍ വന്നതാകാം.

മലയണ്ണാൻ

മെയ് മാസം അവസാനിക്കാറായപ്പോഴേക്കും ദേശാടനപ്പക്ഷികള്‍ ജന്മനാട്ടിലേക്ക് തിരികെപ്പോയി. നാട്ടുപക്ഷികളും വിരളമായി. മലയുടെ സമീപത്തായി ഏതാനും വൃക്ഷങ്ങള്‍ ഉണങ്ങിനില്‍പ്പുണ്ടായിരുന്നു. ദ്രവിച്ചുകൊണ്ടിരുന്ന വൃക്ഷങ്ങളില്‍ ഒട്ടേറെ മാളങ്ങള്‍ ഉണ്ടായിരുന്നു. നമ്മുടെ കണ്ണില്‍ ഇവ പാഴ്വൃക്ഷങ്ങളാണ്. വെട്ടിമാറ്റേണ്ട വൃക്ഷങ്ങള്‍. പക്ഷേ, ഓരോ വൃക്ഷവും പല പക്ഷികളുടേയും ഈറ്റില്ലമായിരുന്നു. തത്തയും മൈനയും മണ്ണാത്തിപ്പുള്ളും ഈ വൃക്ഷങ്ങളിലെ മാളങ്ങളില്‍ കൂടുവെച്ചിട്ടുണ്ടായിരുന്നു. ദ്രവിച്ച വൃക്ഷത്തടിയുടെ തൊലിക്കടിയില്‍ കഴിഞ്ഞിരുന്ന പ്രാണികളെ ഭക്ഷിച്ചു ചില പക്ഷികള്‍ വിശപ്പടക്കി. അച്ഛനമ്മമാര്‍ പ്രാണികളെ കൊത്തിയെടുത്തു വിശന്നു കരയുന്ന കുഞ്ഞുങ്ങളുടെ കൊക്കില്‍ വെച്ചുകൊടുത്തു. ഉണങ്ങിദ്രവിച്ചാലും ഇതര ജീവികള്‍ക്ക് അഭയാശ്രയങ്ങള്‍ ഏകുന്ന പുണ്യവൃക്ഷങ്ങള്‍. ജനുവരി മാസത്തിലേ ഒരു ആണ്‍ കോഴിവേഴാമ്പല്‍ കൂട് കൂട്ടാന്‍ അനുയോജ്യമായ വൃക്ഷങ്ങള്‍ അന്വേഷിച്ചു നടക്കുന്നുണ്ടായിരുന്നു. വൃക്ഷത്തിലെ മാളങ്ങളില്‍ കൊക്ക് കടത്തി പരിശോധിക്കും. നേരത്തെതന്നെ മാളങ്ങളില്‍ കൂടുവെച്ച പക്ഷികള്‍ വേഴാമ്പലിനെ കൊത്തിത്തുരത്തിക്കൊണ്ടിരുന്നു. ഒടുവില്‍ നിരാശനായ വേഴാമ്പല്‍ കൂടുവെയ്ക്കാതെ എങ്ങോട്ടോ പറന്നുപോയി.

പക്ഷിനിരീക്ഷണത്തിനിടെ ഒരു പറയോന്തിന്റെ (Flying Lizard) വിചിത്രസ്വഭാവം നിരീക്ഷിക്കാന്‍ കഴിഞ്ഞു. സന്ധ്യാസമയം. ഒരു പറയോന്ത് തെന്നിപ്പറന്ന് വന്നു തെങ്ങിലിരുന്നു. അതിന്റെ തൊണ്ടയിലെ മഞ്ഞസഞ്ചി ഒരു ബലൂണ്‍പോലെ  വീര്‍പ്പിച്ചുപിടിച്ചു സാവധാനം തെങ്ങിന്‍ മുകളിലേക്കു കയറാന്‍ തുടങ്ങി. സഞ്ചിയുടെ നിറം മഞ്ഞയായിരുന്നതിനാല്‍ അതൊരു ആണ്‍ ഓന്താണെന്നു മനസ്സിലായി. അവന്‍ വര്‍ണ്ണസഞ്ചി വീര്‍പ്പിക്കുന്നതു പെണ്ണിനെ ആകര്‍ഷിക്കാന്‍ വേണ്ടിയാണ് എന്ന് അറിയാമായിരുന്നു. എന്നാല്‍, ഈ സഞ്ചിക്കു മറ്റൊരു ധര്‍മ്മം കൂടി ഉണ്ടെന്നു കണ്ടെത്താന്‍ കഴിഞ്ഞു. സന്ധ്യാസൂര്യന്റെ കിരണങ്ങള്‍ ഏറ്റു വര്‍ണ്ണസഞ്ചി തിളങ്ങിക്കൊണ്ടിരുന്നു. സഞ്ചിയുടെ തിളക്കത്തില്‍ ആകൃഷ്ടരായി പലതരം പ്രാണികള്‍ പറന്നുവന്നു. ഓന്ത് പ്രാണികളെ ഓരോന്നായി പിടിച്ചു തിന്നുകൊണ്ടിരുന്നു.

വൈവിധ്യമാര്‍ന്ന സസ്യങ്ങളുടേയും വാസസ്ഥലിയാണ് മൂരികുന്നു മല. ഒരു നേരിയ വേനല്‍മഴ കഴിഞ്ഞതിന്റെ പിറ്റേ ദിവസം ഒരു വലിയ കൂണ്‍ (Mushroom) മണ്ണില്‍ വിടര്‍ന്നുനില്‍ക്കുന്നതു കണ്ടു. ഫോട്ടോ എടുത്തു വിദഗ്ദ്ധര്‍ക്ക് അയച്ചുകൊടുത്തെങ്കിലും കൃത്യമായി ഏതിനം കൂണ്‍ ആണെന്നു തിരിച്ചറിയാന്‍ കഴിഞ്ഞില്ല. പണ്ട് മലയില്‍  ധാരാളമുണ്ടായിരുന്ന ഈന്തുകളില്‍ രണ്ടെണ്ണം ഇപ്പോഴുമുണ്ട്. അന്താരാഷ്ട്ര പ്രകൃതിസംരക്ഷണ സമിതി (IUCN) വംശനാശം നേരിടുന്ന സസ്യങ്ങളില്‍ ഉള്‍പ്പെടുത്തിയ വൃക്ഷമാണിത്. സംരക്ഷിച്ചില്ലെങ്കില്‍ ആസന്നഭാവിയില്‍ ഈ പുരാതനവൃക്ഷം നാമാവശേഷമായേക്കാം. കാരണം ഇതിന്റെ പാരിസ്ഥിതിക പ്രാധാന്യമോ കായയുടെ പോഷകമൂല്യമോ തിരിച്ചറിയാത്തതിനാല്‍ കര്‍ഷകര്‍ വെച്ചുപിടിപ്പിക്കാത്ത ഒരു വൃക്ഷമാണിത്. നാം വനവല്‍ക്കരണത്തിനായി നല്‍കുന്ന വൃക്ഷത്തൈകളില്‍ ഈന്തിന്റെ തൈകള്‍ ഉള്‍പ്പെടുത്തേണ്ടത് അനിവാര്യമാണ്. ഔഷധസസ്യങ്ങളായ കുറുന്തോട്ടിയും ശതാവരിയും (Aspargus) അങ്ങിങ്ങു വളര്‍ന്നുനില്‍പ്പുണ്ട്. മാരകമായ വിഷമുള്ളതും അതേസമയം ഔഷധ വാഹിയുമായ കാര്‍ത്തികപ്പൂവ്/കരയിലാഞ്ചി (Flame Lily) സസ്യവും കാട്ടിനുള്ളില്‍ ഒറ്റയ്ക്ക് നില്‍പ്പുണ്ട്. കേരളത്തില്‍ പ്രാദേശികമായി വംശക്ഷയം നേരിടുന്ന കാര്‍ത്തികപ്പൂവ് തമിഴ്നാടിന്റെ സംസ്ഥാന പുഷ്പവും സിംബാബ്വെയുടെ ദേശീയ പുഷ്പവുമാണ്. 1947-ല്‍ സിംബാബ്വെ സന്ദര്‍ശിച്ച എലിസബത്തു രാജ്ഞിക്ക് കാര്‍ത്തികപ്പൂവിന്റെ ആകൃതിയില്‍ തീര്‍ത്ത ഒരു രത്‌നപ്പതക്കം സമ്മാനമായി നല്‍കിയിരുന്നു.

ഘാതക ഷഡ്പദം

ജീവികളുടെ അഭയാശ്രയങ്ങള്‍

ഓഗസ്റ്റില്‍ കാലവര്‍ഷം മാറിനിന്ന വെയില്‍ദിനങ്ങളില്‍ വീണ്ടും മലകയറിത്തുടങ്ങി. വൈവിധ്യമാര്‍ന്ന തുമ്പികളും പൂമ്പാറ്റകളും നിശാശലഭങ്ങളും സജീവമായി പറന്നുല്ലസിക്കുന്ന കാഴ്ച നയനമനോഹരമായിരുന്നു. മലയുടെ സമീപത്തായി മുന്‍പ് ഒരിടത്തും കണ്ടിട്ടില്ലാത്ത ഒരു നിശാശലഭം ശ്രദ്ധയാകര്‍ഷിച്ചു. ഉത്തരേന്ത്യയിലേയും ബംഗ്ലാദേശിലേയും ജപ്പാനിലേയും ചില ശലഭഗവേഷകരുടെ സഹായത്താല്‍ ശലഭത്തെ തിരിച്ചറിഞ്ഞപ്പോള്‍ അദ്ഭുതപ്പെട്ടുപോയി. ഹാംപ്‌സണ്‍ എന്ന ബ്രിട്ടീഷ് ഷഡ്പദവിദഗ്ദ്ധന്‍ നൂറുവര്‍ഷം മുന്‍പ് നീലഗിരിയില്‍ കണ്ട ഒരു നിശാശലഭമായിരുന്നു അത്. കേരളത്തില്‍ ആദ്യമായാണ് ഈ നിശാശലഭത്തെ കണ്ടെത്തുന്നത്. ഇംഗ്ലീഷിലോ മലയാളത്തിലോ പേരില്ലാത്ത ഈ ശുഭ്ര ശലഭത്തിനു മലയാളത്തില്‍ മാലാഖ ശലഭം എന്നു പേരിട്ടു. അങ്ങനെ കേരളത്തിലെ നിശാശലഭങ്ങളുടെ സഞ്ചയത്തിലേക്ക് ഒരു പുതിയ അംഗത്തെക്കൂടി സംഭാവന ചെയ്യാന്‍ കഴിഞ്ഞു.

മലഞ്ചരിവില്‍ സമൃദ്ധമായി വളരുന്ന അരിപ്പൂക്കളില്‍(Lantana)നിന്ന് തേനുണ്ണാന്‍ എത്തിയ 15 ജാതി ശലഭങ്ങളില്‍ അരളിശലഭവും വിലാസിനിയും മഞ്ഞപ്പാപ്പാത്തിയും വരയന്‍ കടുവയും ഉണ്ടായിരുന്നു. ഇരട്ടത്തലച്ചി, മഞ്ഞക്കറുപ്പന്‍, മഞ്ഞത്താലി മുതലായ പക്ഷികള്‍ അരിപ്പൂച്ചെടിയിലെ കായ്മണികള്‍ തേടി എത്തിയിരുന്നു. ശ്രീലങ്ക വഴിയോ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ വഴിയോ കേരളത്തില്‍ എത്തിയ വിദേശ സസ്യമായ അരിപ്പൂചെടിയെ ഒരു കള സസ്യമായിട്ടാണ് നാം കരുതിപ്പോരുന്നത്. നാം കളസസ്യമെന്നും അധിനിവേശ സസ്യമെന്നും പറഞ്ഞു നശിപ്പിക്കുന്ന സസ്യങ്ങള്‍ പലതും ഒട്ടേറെ പൂമ്പാറ്റകള്‍ക്കും പക്ഷികള്‍ക്കും ഭക്ഷണം നല്‍കുന്നുണ്ടെന്ന യാഥാര്‍ത്ഥ്യം വിസ്മരിച്ചുകൂട. കേരളത്തില്‍ വിരളമായി കാണുന്ന മനോഹര ശലഭമായ നീള്‍വാലന്‍ വെള്ളിവരയന്‍ (Tamil Longbanded Silverline) തുമ്പപ്പൂവില്‍നിന്നു തേനുണ്ണുന്ന കാഴ്ച ഏറെ നേരം നോക്കിനിന്നു. പാറയിടുക്കിലെ നീരൊഴുക്കിനും വെള്ളക്കെട്ടിനും ചുറ്റുമായി ധാരാളം തുമ്പികള്‍ പറന്നുല്ലസിച്ചു കൊണ്ടിരുന്നു. കേരളത്തില്‍നിന്ന് ആഫ്രിക്കയിലേക്ക് ദേശാടനം നടത്തുന്ന ഓണത്തുമ്പികളായിരുന്നു ഏറെയും. പെണ്ണിനെ തൂക്കിഎടുത്തു പറക്കുന്ന സിന്ദൂരച്ചിറകനും മിക്കസമയത്തും വെയില്‍ കാഞ്ഞിരിക്കുന്ന സ്വാമിത്തുമ്പിയും പ്രാണികളേയും ചെറുതുമ്പികളേയും നിരന്തരം വേട്ടയാടുന്ന പച്ചവ്യാളിയും മെല്ലെമെല്ലെ പറന്നുപോകുന്ന സൂചിത്തുമ്പികളും ഉച്ചവരെ സജീവമായിരുന്നു. കുഴിയാന (Antlion) വലുതായി ഉണ്ടാകുന്ന കുഴിയാനത്തുമ്പിയും ഒരു തേനീച്ചയെ പിടിച്ചു ശിരസ്സിന്റെ പിന്നില്‍ വിഷം കുത്തിവെച്ചു കൊന്നുതിന്നുന്ന ഘാതക പ്രാണിയും (Robber Fly) ഒരു പൂമ്പാറ്റയെ വലയില്‍ കുരുക്കി ഭക്ഷിക്കുന്ന കയ്യൊപ്പു ചിലന്തിയും (Signature Spider) കൗതുകക്കാഴ്ചകളായിരുന്നു. കുഴിയാനത്തുമ്പി എന്ന പേരുകേട്ട് ഇത് ഏതെങ്കിലും തുമ്പിയാണോ എന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചേക്കാം. ഒറ്റനോട്ടത്തില്‍ തുമ്പിയാണെന്നു തോന്നാമെങ്കിലും സത്യത്തില്‍ ഇതിനു തുമ്പിയുടെ കുടുംബവുമായിപ്പോലും ഒരു ബന്ധവുമില്ല. 

പറക്കും തവളയുമായി കോഴി വേഴാമ്പൽ

കേരളത്തില്‍ പ്രാദേശിക ജൈവവൈവിധ്യ പഠനത്തിന് ഇതുവരെ വേണ്ടത്ര പരിഗണനയോ പ്രാധാന്യമോ ലഭിച്ചിട്ടില്ല. മൃഗങ്ങളേയും പക്ഷിളേയും പൂമ്പാറ്റകളേയും തുമ്പികളേയും കുറിച്ചുള്ള പഠനങ്ങള്‍ കുറെയേറെ മുന്നോട്ടു പോയിട്ടുണ്ട്. കടുവയേയും ആനയേയും കുറിച്ച് നമുക്കു ധാരാളമറിയാം. പക്ഷേ, നമ്മുടെ ചുറ്റുവട്ടത്തെ നിശാലഭങ്ങളേയും മത്സ്യങ്ങളേയും ഉഭയജീവികളേയും ചെറുസസ്യങ്ങളേയും കുറിച്ചുള്ള നമ്മുടെ പ്രാദേശിക ജ്ഞാനം തുലോം പരിമിതമാണ്. എന്തിനേറെ കേരളത്തിലെ വിവിധ ഇടങ്ങളില്‍ ഇതുവരെ കണ്ടെത്തിയ നിശാശലഭങ്ങളുടെ ക്രോഡീകരിച്ച ഒരു പട്ടികപോലും ലഭ്യമല്ല. ചെറുജീവികളും സസ്യങ്ങളുമാണ് പ്രകൃതിയിലെ ആവാസവ്യവസ്ഥകളുടെ ജീവനാഡി എന്ന സത്യം നാം മറന്നുപോകുന്നു. തേനീച്ചകള്‍ ഇല്ലാതായാല്‍ ജൈവലോകം തന്നെ തിരോഭവിക്കുമെന്ന് ഈയിടെ ചില ഗവേഷകര്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഒരിനം തേനീച്ചയുടെ വിഷത്തിലെ ഒരു ഘടകം (Melittin) സ്തനാര്‍ബ്ബുദ ചികിത്സയ്ക്ക് ഉപയോഗിക്കാമെന്ന് തിരിച്ചറിഞ്ഞിട്ട് ഏറെക്കാലമായിട്ടില്ല.

ചിത്രാം​ഗൻ മരംകൊത്തി. വളഞ്ഞ ​ദുർബലമായ മരക്കൊമ്പുകളിലും ശിഖരങ്ങളുടെ അ​ഗ്രഭാ​ഗങ്ങളിലും മുളക്കൂട്ടങ്ങളിലുമൊക്കെയാണ് ഇവയെ സാധാരണ കണ്ടു വരുന്നത്

പ്രാദേശിക ജൈവവൈവിധ്യ പഠനത്തിന്റെ ഭാഗമായി  തദ്ദേശീയരുടെ അറിവുകള്‍ ക്രോഡീകരിക്കേണ്ടത് അനിവാര്യമാണ്. ആദിവാസികളുടേയും ഗോത്രവര്‍ഗ്ഗക്കാരുടേയും ജൈവവൈവിധ്യാനുബന്ധ അറിവുകളും അനുഭവങ്ങളും ശേഖരിച്ചു ശാസ്ത്രീയമായ പരിപ്രേക്ഷ്യത്തിലൂടെ വിലയിരുത്തേണ്ടതുണ്ട്. അഗസ്ത്യമലയിലെ കാണി ഗോത്രവര്‍ഗ്ഗക്കാരുടെ പാരമ്പര്യജ്ഞാനമാണ് ജീവനി എന്ന ഔഷധം വികസിപ്പിക്കാന്‍ ഗവേഷകര്‍ക്ക് തുണയായത്. 1987-ലായിരുന്നു ശാസ്ത്രലോകത്തിനു പുതിയ അറിവുനേടാന്‍ കാരണമായ ആ സംഭവം നടന്നത്. ഏതാനും ശാസ്ത്രജ്ഞന്മാര്‍ക്കു വനത്തില്‍ വഴികാട്ടികളായി പോയ കാണികള്‍ അക്ഷീണരായി ഏറെ ദൂരം നടക്കുന്നതിന്റെ രഹസ്യം തങ്ങള്‍ ആരോഗ്യപ്പച്ച എന്ന സസ്യത്തിന്റെ കായ്കള്‍ ഭക്ഷിക്കുന്നതുകൊണ്ടാണ് എന്ന് അവര്‍ ശാസ്ത്രജ്ഞരോട് വെളിപ്പെടുത്തി. പിന്നീട് ആരോഗ്യപ്പച്ചയില്‍ നടന്ന ഗവേഷണഫലമായി ആരോഗ്യപ്പച്ചയില്‍ ചില അപൂര്‍വ്വ ഔഷധങ്ങള്‍ കണ്ടെത്തിയതും അത് ജീവനി എന്ന ഔഷധനിര്‍മ്മാണത്തിലേക്കു  നയിച്ചതും ചരിത്രത്തിന്റെ ഭാഗമാണ്.

കുഴിയാനത്തുമ്പി

പ്രാദേശിക ജൈവവൈവിധ്യ പഠനത്തിനു നമ്മുടെ സ്‌കൂള്‍-കലാലയ പാഠ്യപദ്ധതികളില്‍ വേണ്ടത്ര ഇടം നല്‍കയിട്ടില്ല. മുന്തിരിവള്ളികള്‍ പൂക്കുന്നതും ഏഷ്യന്‍ ആനയും ആഫ്രിക്കന്‍ ആനയും തമ്മിലുള്ള വ്യത്യാസങ്ങളും കുട്ടികള്‍ പഠിക്കുമ്പോള്‍ വിദ്യാലയ-ഗൃഹ പരിസരങ്ങളിലെ ജീവജാലങ്ങളെക്കുറിച്ചും അവര്‍ അവബോധമുണ്ടാക്കണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്