ലേഖനം

സബര്‍മതി

കെ. അരവിന്ദാക്ഷന്‍

ബര്‍മതിയുടെ ആദിരൂപം അഹമ്മദാബാദില്‍നിന്ന് അല്പം മാറി സബര്‍മതി നദിക്കരയ്ക്ക് കുറുകെയുള്ള കൊച്ചറാബ് എന്ന ഗ്രാമത്തിലാണ് രൂപപ്പെടുന്നത്. സത്യാഗ്രഹ ആശ്രമം എന്ന പേരിലാണ് അത് ആദ്യകാലങ്ങളില്‍ അറിയപ്പെടാനിടയായത്. 1915 മേയ് 25-നാണ് സത്യാഗ്രഹ ആശ്രമം കൊച്ചറാബ് ഗ്രാമത്തില്‍ സ്ഥാപിതമാകുന്നത്.

ദക്ഷിണാഫ്രിക്കയില്‍നിന്ന് തിരിച്ചെത്തിയ ഗാന്ധിയേയും സംഘത്തേയും ഇന്ത്യയിലെ നിരവധി പട്ടണങ്ങളും നഗരങ്ങളും സ്വാഗതം ചെയ്യുകയുണ്ടായി. രണ്ട് പതിറ്റാണ്ടിന്റെ വേര്‍പാടുമൂലം ഇന്ത്യന്‍ ജനങ്ങളുമായുണ്ടായേക്കാവുന്ന അപരിചിതത്വം ഒഴിവാക്കി ഇന്ത്യയിലെ ജനങ്ങളുടെ ജീവിതവുമായി താദാത്മ്യപ്പെടുകയെന്നത് ഗാന്ധിക്ക് സത്യാന്വേഷണ പരീക്ഷണങ്ങളുടെ ഭാഗമായിരുന്നു. അതിന് അനുയോജ്യമായ ഇടമാണ് ഗാന്ധിയും സംഘവും അന്വേഷിച്ചിരുന്നത്.

അഹമ്മദാബാദ് തന്റെ ജന്മനാട്ടിലെ പ്രധാന നഗരങ്ങളിലൊന്നു മാത്രമായിരുന്നില്ല ഗാന്ധിക്ക്. പാശ്ചാത്യ നാഗരിക പരിഷ്‌കൃതിയുടെ പരിക്കുകള്‍ അധികം ഏല്‍ക്കാത്ത നഗരം എന്ന നിലയ്ക്കാണ് ഗാന്ധി അഹമ്മദാബാദ് തിരഞ്ഞെടുക്കുന്നത്. ഗാന്ധിയുടെ കണ്ണില്‍ സാമൂഹ്യസമത്വവും സാമൂഹ്യ ഉത്തരവാദിത്വവും സാംസ്‌കാരികാന്തരീക്ഷവും അക്കാലത്ത് അഹമ്മദാബാദിനുണ്ടായിരുന്നു.

ദക്ഷിണാഫ്രിക്കയിലെ ഫീനിക്സ് ആശ്രമത്തിന്റേയും ടോള്‍സ്റ്റോയ് ഫാമിന്റേയും സാംസ്‌കാരികവും ആത്മീയവുമായ തുടര്‍ച്ചയായിട്ടാണ് ഗാന്ധി അഹമ്മദാബാദിലെ തന്റെ ആശ്രമത്തെ വിഭാവനം ചെയ്തത്. ഗാന്ധിയില്‍ ആശ്രമം തന്റെയും സമൂഹത്തിന്റേയും സത്യാന്വേഷണ പരീക്ഷണങ്ങളുടെ പരീക്ഷണശാലയായിരുന്നു. തന്റെ ആശ്രമങ്ങളില്‍ നേരിട്ട് പരീക്ഷിക്കാത്തതൊന്നും തന്നെ ഗാന്ധി രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക ജീവിതത്തില്‍ പരീക്ഷിച്ചിട്ടില്ല. ആശ്രമങ്ങളിലെ സത്യാന്വേഷണ പരീക്ഷണങ്ങളുടെ ബാഹ്യപ്രതിഫലനങ്ങളായിരുന്നു ഗാന്ധിയില്‍ നിസ്സഹകരണസമരവും സത്യാഗ്രഹവും. ഇന്ത്യയിലെ പൂര്‍വ്വകാല ഋഷിമാരെപ്പോലെ ഗാന്ധി ജീവിതത്തിന്റെ അര്‍ത്ഥം അന്വേഷിച്ചത് മലകളിലേയും വനാന്തരങ്ങളിലേയും ഒറ്റപ്പെട്ട ഗുഹകളിലായിരുന്നില്ല; ജനകോടികള്‍ ജീവിക്കുന്ന നഗരങ്ങളിലോ പട്ടണങ്ങളിലോ ഗ്രാമങ്ങളിലോ ആണ്. സബര്‍മതിയും അതില്‍നിന്ന് വ്യത്യസ്തമായിരുന്നില്ല. ആര്‍ത്തി ബാധിച്ച ആധുനിക മുതലാളിത്ത നാഗരികതയുടെ ജീവിതരീതിക്കു ബദലായി പുതിയ ജീവിത മാതൃകകള്‍ അന്വേഷിക്കുകയും സമൂഹമദ്ധ്യത്തില്‍ പ്രവര്‍ത്തിച്ചു കാണിക്കുന്നതിനുമുള്ള മാധ്യമമാണ് ഗാന്ധിക്ക് ആശ്രമങ്ങള്‍. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, ആരോഗ്യം, വിദ്യാഭ്യാസം, രാഷ്ട്രീയം, സാമ്പത്തികം, സംസ്‌കാരം, ആത്മീയത എന്നു തുടങ്ങി ജീവിതത്തിന്റെ സര്‍വ്വ മേഖലകളിലും പ്രകൃതിക്ക് ഇണങ്ങിയ രീതിയിലുള്ള ജൈവ മാതൃകകള്‍ പരീക്ഷിക്കുകയാണ് ആശ്രമത്തിലൂടെ ഗാന്ധി ചെയ്തത്. 

എച്എസ്എൽ പോളക്

അനീതിയും അഴിമതിയും അധാര്‍മ്മികതയും ഹിംസയും നിറഞ്ഞ വ്യവസ്ഥാപിത രാഷ്ട്രീയ-സാമ്പത്തിക- സാംസ്‌കാരിക സ്ഥാപനങ്ങളോടുള്ള നിരന്തരമായ അഹിംസാത്മക സത്യാഗ്രഹ സമരങ്ങളാണ് ഗാന്ധിയുടെ ആശ്രമങ്ങള്‍. ഇന്നലെ അത് പടിഞ്ഞാറിന്റെ ആധുനിക മുതലാളിത്ത നാഗരികതയ്ക്ക് വെല്ലുവിളി ഉയര്‍ത്തിയെങ്കില്‍, ഇന്ന് മാനവസമൂഹത്തേയും പ്രകൃതിയേയും ഒന്നാകെ മുടിക്കാന്‍ ശ്രമിക്കുന്ന ആഗോളീകരണ-ഉദാരവല്‍ക്കൃത നിയോലിബറല്‍ മുതലാളിത്തത്തിന്റെ കൂറ്റന്‍ എടുപ്പുകള്‍ക്കു നേരെയുള്ള സമരരൂപമായി പരിണമിക്കേണ്ടതുണ്ട്. സബര്‍മതി ആശ്രമത്തിന്റെ ജൈവിക ചരിത്രം അതാണ് കാണിക്കുന്നത്. അതിന് സബര്‍മതിയുടെ ചരിത്രം മാത്രം പരിശോധിച്ചാല്‍ മതിയാകില്ല. ഓരോ പുതിയ സന്ദര്‍ഭത്തിനും കാലത്തിനും ദേശത്തിനും ആവശ്യമായ രീതിയില്‍ സത്യാഗ്രഹം നമ്മുടെ പുതിയ യുവതീയുവാക്കളില്‍ ഒരു അഹിംസാത്മക സംക്രമണമായി പരിണമിക്കേണ്ടതുണ്ട്. സബര്‍മതി ഗാന്ധിയന്‍ സത്യാന്വേഷണ പരീക്ഷണങ്ങളുടെ ഊര്‍ജ്ജസ്രോതസ്സാകുമ്പോള്‍ തന്നെ, പുതിയ കാലത്ത് അന്നത്തെ പരീക്ഷണങ്ങള്‍ സാര്‍ത്ഥകമാകണമെന്നില്ല. ഗാന്ധിയുടെ ജീവിതം സ്വയം പരിണമിച്ചുകൊണ്ടിരുന്ന ഒരു സത്യാഗ്രഹസമരമായി നമ്മുടെ മുന്നിലുണ്ടെങ്കില്‍, യുവതീയുവാക്കള്‍ ഏറ്റെടുക്കേണ്ടത് പുതിയ കാലത്തെ ഘടനാപരമായ ഹിംസകള്‍ നേരിടാന്‍, പുതിയ ജീവിതമാതൃകകള്‍ സൃഷ്ടിക്കാന്‍ സ്വയം പരിണമിക്കുകയാണ്.

കൊച്ചറാബ് സത്യാഗ്രഹാശ്രമത്തിലെ ചെറിയ സമൂഹം ചെറിയ തോതില്‍ വിപുലപ്പെടാന്‍ തുടങ്ങിയ കാലത്താണ് 1917-ല്‍ ഗ്രാമത്തില്‍ പ്ലേഗ് പൊട്ടിപ്പുറപ്പെട്ടത്. ഗാന്ധി ആത്മകഥയില്‍ പറയുന്നു: ''കൊച്ചറാബ് ഒഴിഞ്ഞുപോകുന്നതിനുള്ള മതിയായ കാരണമാണ് പ്ലേഗെന്ന് ഞാന്‍ കരുതി- ആശ്രമത്തില്‍ കൂടെക്കൂടെ വരികയും ശുദ്ധവും നിസ്വാര്‍ത്ഥവുമായ താല്പര്യത്തോടെ ആശ്രമത്തിനു പലമട്ടില്‍ സേവനം നല്‍കിയിരുന്ന ആളാണ് പുഞ്ജഭായ് ഹീരാചന്ദ്. അഹമ്മദാബാദിലെ ഒരു വ്യാപാരിയായിരുന്നു അദ്ദേഹം. അവിടെ അനുഭവപരിചയമുള്ള ആളുമായിരുന്നു. ഞങ്ങള്‍ നല്ലൊരു സ്ഥലത്തിനുവേണ്ടി കൊച്ചറാബിന്റെ തെക്കും വടക്കും ഭാഗങ്ങളില്‍ അന്വേഷിച്ചു. ഒടുവില്‍ മൂന്ന് നാല് നാഴിക വടക്കുമാറി ഒരു സ്ഥലം കണ്ടെത്തി. അദ്ദേഹത്തോട് വിവരം പറഞ്ഞു. കൊള്ളാമെന്ന് അദ്ദേഹത്തിനും തോന്നി. സബര്‍മതി സെന്‍ട്രല്‍ ജയിലിന്റെ പരിസരത്തായിരുന്നു സ്ഥലമെന്നത് എന്നെ പ്രത്യേകം ആകര്‍ഷിച്ച സംഗതിയായിരുന്നു. സത്യാഗ്രഹികളുടെ സാധാരണ കൃത്യമാണ് ജയിലില്‍ പോക്ക്. ജയിലുകള്‍ക്ക് തെരഞ്ഞെടുക്കപ്പെടുന്ന സ്ഥലം സാമാന്യമായി വൃത്തിയുള്ള പരിസരങ്ങളിലായിരിക്കുമെന്ന് ഞാന്‍ മനസ്സിലാക്കി.

ഏകദേശം എട്ടു ദിവസത്തിനുള്ളില്‍ കച്ചവടം നടന്നു. സ്ഥലത്ത് കെട്ടിടമോ വൃഷങ്ങളോ ഉണ്ടായിരുന്നില്ല. എന്നാല്‍, പുഴക്കരയിലെ അതിന്റെ സ്ഥാനവും ഏകാന്തതയും വലിയ മെച്ചങ്ങളായിരുന്നു.

ക്യാന്‍വാസ് മേല്‍ക്കൂരയ്ക്കു കീഴില്‍ പാര്‍പ്പു തുടങ്ങാം. അടുക്കളയ്ക്ക് ടിന്‍ഷീറ്റ് മതി. സ്ഥിരമായ പാര്‍പ്പിടമുണ്ടാക്കുന്നതുവരെ അങ്ങനെ പോകട്ടെ എന്നു തീരുമാനിച്ചു.

...ആണും പെണ്ണും കുട്ടികളും അടക്കം നാല്‍പ്പതില്‍പ്പരം അംഗങ്ങളുണ്ടായിരുന്നു അപ്പോള്‍. ഒരു പൊതു അടുക്കളയില്‍നിന്ന് ഞങ്ങളെല്ലാവരും ഭക്ഷണം കഴിച്ചു: (എം.കെ. ഗാന്ധി: എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍: പുറം: 74, 75, വിവ: സി.പി. ഗംഗാധരന്‍)
കൊച്ചറാബില്‍ ഉണ്ടായിരുന്ന പോരായ്മ സബര്‍മതിയിലേയ്ക്ക് മാറിയതോടെ പരിഹൃതമായി എന്ന് ഗാന്ധി പറഞ്ഞു: ഫലവൃക്ഷങ്ങളും കാലികളും ഫാമും ഇല്ലാത്ത ആശ്രമം അപൂര്‍ണ്ണമാണ്. സബര്‍മതിയില്‍ കൃഷിയിടമുണ്ടായിരുന്നതിനാല്‍ ഉടനെ കൃഷി ആരംഭിച്ചു. ആത്മബലിയായ പരിത്യാഗത്തിന് പേരുകേട്ട ദദീഹി ക്ഷേത്രം ആശ്രമത്തിനു തൊട്ടടുത്തായിരുന്നത് ഗാന്ധിയെ സന്തോഷിപ്പിച്ച മറ്റൊരു കാര്യമാണ്. മനുഷ്യന്റെ നശ്വരതയെ അടയാളപ്പെടുത്തുന്ന ധൂധ്വേശ്വര്‍ ശ്മശാനം ആശ്രമത്തിന് അരികിലായിരുന്നു. ജീവിതത്തിന്റെ ആര്‍ത്തികളിലും ആഡംബരങ്ങളിലും കുടുങ്ങാതിരിക്കാന്‍ മരണത്തിന്റെ സാമീപ്യം ഗുണം ചെയ്യും.

സബർമതി ആശ്രമത്തിൽ മഹാത്മാ ​ഗാന്ധിയും ആശ്രമവാസികളും

അനന്യമായ ആശ്രമസങ്കല്പം

സബര്‍മതിയെ അഭിമുഖീകരിച്ചായിരുന്നു ഗാന്ധിയുടെ കുടില്‍. അതിനല്പം വലത്തു മാറി തുറസ്സായ സ്ഥലമുണ്ടായിരുന്നു. അവിടെയാണ് ഗാന്ധി എല്ലാ ദിവസവും സൂര്യോദയത്തിന് ഒരു മണിക്കൂര്‍ മുന്‍പും സൂര്യാസ്തമയത്തിനു ശേഷവും പ്രാര്‍ത്ഥനകള്‍ നടത്തിയിരുന്നത്. ആശ്രമത്തിലെ അന്തേവാസികളെല്ലാം അതില്‍ പങ്കെടുക്കണമെന്ന് നിര്‍ബ്ബന്ധമായിരുന്നു. പ്രാര്‍ത്ഥനയിലൂടെ ഗാന്ധി പ്രപഞ്ചശക്തിയോട് മൗനമായി സംവദിച്ചു. തന്റെ ചുറ്റിനും കൂടിയിരിക്കുന്നവരുടെ സ്വത്വബോധങ്ങള്‍ തിരിച്ചറിഞ്ഞു. പ്രപഞ്ചത്തിലെ ചേതനവും അചേതനവുമായ എല്ലാമായി താദാത്മ്യപ്പെട്ടു. ഗാന്ധിക്കു പ്രാര്‍ത്ഥനകള്‍ ആത്മീയമായ ഒരു സംവാദമായിരുന്നു. സംസാര സാഗരത്തിന്റെ ശബ്ദങ്ങളില്‍നിന്നും അല്പനേരത്തേയ്ക്കെങ്കിലും ഒഴിഞ്ഞുമാറി ഏകാന്തതയുടെ അര്‍ത്ഥമറിയുന്നത് മനുഷ്യനില്‍ ദൈവികമായ ഉണര്‍വ്വിന്റെ ഭാവസ്ഫുരണങ്ങള്‍ അങ്കുരിപ്പിക്കുമെന്ന് ഗാന്ധി സ്വയം തിരിച്ചറിഞ്ഞിട്ടുണ്ട്. അത് തന്റെ അടുത്ത സ്നേഹിതരിലേക്ക് അവരുടെ ഉണ്മയെ ഉണര്‍ത്തി ജ്വലിപ്പിക്കുന്നതും പ്രാര്‍ത്ഥനയുടെ ഭാഗമാണ്. 

അഞ്ച് ചെറിയ മുറികളുള്ള കുടിലിന്റെ തുറന്ന വരാന്തയിലാണ് ഗാന്ധി ഉറങ്ങിയിരുന്നത്. തെക്കുഭാഗത്തുള്ള ഈ മുറികളിലൊന്നായിരുന്നു ഗാന്ധിയുടെ പഠനമുറി. അടുത്ത പതിനഞ്ചു വര്‍ഷങ്ങള്‍ ഗാന്ധിയുടെ ജീവിതപരീക്ഷണങ്ങളുടെ-രാഷ്ട്രീയ-സാമ്പത്തിക-സാംസ്‌കാരിക-ആത്മീയ കേന്ദ്ര സ്ഥാനമായിരുന്നു സബര്‍മതി.

ആശ്രമത്തിലെ ദിനചര്യകള്‍ കഠിനമായിരുന്നു: 4 എ.എം ഉണരല്‍, 4.15-4.45 എ.എം പ്രഭാതപ്രാര്‍ത്ഥന, 5-6.30 എ.എം കുളി, വ്യായാമം, പഠനം, 6.10-6.30 എ.എം പ്രഭാത ഭക്ഷണം, 6.30-7 എ.എം സ്ത്രീകളുടെ പ്രാര്‍ത്ഥനാ ക്ലാസ്സ്, 7-10.30 എ.എം കായികാദ്ധ്വാനം, വിദ്യാഭ്യാസം, ശുചീകരണം. 10.45-11.15 എ.എം ഉച്ചഭക്ഷണം, 11.15-12 വിശ്രമം, 12-4.30 പി.എം കായികാദ്ധ്വാനം, പഠന ക്ലാസ്സുകളുള്‍പ്പെടെ, 4.30-5.30 പി.എം വിനോദം, 5.30-6. പി.എം രാത്രിഭക്ഷണം, 6-7 പി.എം വിനോദം, 7-7.30 പി.എം പൊതു പ്രാര്‍ത്ഥന, 7.30-9 പി.എം  വിനോദം. 9 പി.എം ഉറക്കത്തിനുള്ള സമയം.

ഏതെങ്കിലും ഒരന്തേവാസി ആശ്രമ ചിട്ടകള്‍ ലംഘിച്ചാല്‍, മൂന്നുതവണ അയാള്‍ക്ക്/അവള്‍ക്ക് തിരുത്താനുള്ള അവസരം നല്‍കും. ലംഘനം ആവര്‍ത്തിക്കുകയാണെങ്കില്‍ ആശ്രമത്തില്‍നിന്ന് പുറത്താക്കും.

സബർമതിയിലെ ​ഗാന്ധി പ്രതിമ

ഗാന്ധിയുടെ ആശ്രമവും അതിലെ പരീക്ഷണങ്ങളും അതുവരെയുള്ള ഭാരതീയ ആശ്രമസങ്കല്പങ്ങളില്‍നിന്ന് വ്യത്യസ്തമായിരുന്നു. സബര്‍മതി ആശ്രമം സ്ഥാപിക്കുന്നതിന്റെ പ്രാരംഭമായി ഗാന്ധി ഗോഖലെയുടെ സെര്‍വന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റിയും ടാഗോറിന്റെ ശാന്തിനികേതനും ഗുരുകുല്‍കാന്‍ഗ്രായും സന്ദര്‍ശിച്ചു വിലയിരുത്തുകയുണ്ടായി. അവയൊന്നും ഗാന്ധിയിലെ ആത്മീയസത്തയെ സംതൃപ്തമാക്കിയില്ല. അതിനാല്‍ത്തന്നെ അവ അനുകരിക്കുന്നതിന് അദ്ദേഹം ഇഷ്ടപ്പെട്ടതുമില്ല. 27-01-1910 ല്‍ ഗാന്ധി സെര്‍വന്റ് ഓഫ് ഇന്ത്യ സൊസൈറ്റിയെപ്പറ്റി മഗന്‍ലാല്‍ ഗാന്ധിക്കെഴുതി: ''ഫീനിക്സ് ആശ്രമത്തിന്റെ ലക്ഷ്യവും ജീവിതരീതിയും സൊസൈറ്റിയുടേതിനേക്കാള്‍ അഭികാമ്യമാണെന്ന് എനിക്കു തോന്നുന്നു. നമുക്കിടയില്‍ കലഹങ്ങള്‍ ഉണ്ട്. അതെല്ലായിടത്തുമുണ്ട്... നാമിവിടെ ചെയ്യുന്നത് ശരിയായ കാര്യമാണ്. പൂനയില്‍ നടക്കുന്നത്, അതിന്റെ ഉദ്ദേശ്യം മാറ്റിനിര്‍ത്തിയാല്‍, ശരിയായതല്ല. 'നേതി, നേതി' എന്നാണ് മനസ്സിന്റെ ഇപ്പോഴത്തെ അവസ്ഥ... ഫീനിക്സ് പോലും നേതി.''
1904 ഒക്ടോബറില്‍ ജോഹന്നാസ് ബര്‍ഗില്‍നിന്ന് ഡര്‍ബാനിലേയ്ക്കുള്ള ഇരുപത്തിനാല് മണിക്കൂര്‍ യാത്രയിലാണ് തന്റെ സുഹൃത്തായ എച്ച്.എസ്.എല്‍ പോളക് സമ്മാനിച്ച ജോണ്‍ റസ്‌കിന്റെ 'Unto The Last' എന്ന പുസ്തകം ഗാന്ധി വായിക്കാനിടയാകുന്നത്. റസ്‌കിന്റെ കാഴ്ചകളിലൂടെയുള്ള യാത്രയ്ക്കു മുന്‍പായിത്തന്നെ, പുതിയൊരു ജീവിതശൈലിയെപ്പറ്റിയുള്ള നേരിയ അന്വേഷണം ഗാന്ധിയില്‍ സംഭവിക്കുന്നുണ്ട്. 1895-ല്‍, തനിക്ക് ഇരുപത്തിയാറു വയസ്സ് മാത്രമുള്ളപ്പോള്‍, ദക്ഷിണാഫ്രിക്കയില്‍ ഡര്‍ബാനു സമീപമുള്ള ട്രാപ്പിസ്റ്റ് മൊണാസ്റ്ററി (Trappist Monastery) ഗാന്ധി സന്ദര്‍ശിക്കുന്നുണ്ട്. 

സോളങ്കിലാ ട്രാപ്പിയിന്‍ 1140-ല്‍ സ്ഥാപിച്ച സിസ്റ്റേര്‍സിയന്‍ സമൂഹത്തിന്റെ ഭാഗമായിരുന്നു ദക്ഷിണാഫ്രിക്കയിലെ അവരുടെ ആശ്രമം. 1895 മേയ് 18-ലെ 'വെജിറ്റേറ്റിയ'നില്‍ ഗാന്ധി രേഖപ്പെടുത്തി: ''ശരിയായ റിപ്പബ്ലിക്കന്‍ തത്ത്വമനുസരിച്ചുള്ള ഒരാധുനിക ഗ്രാമമാണ് ഈ ആശ്രമം. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ തത്ത്വങ്ങള്‍ അതിന്റെ പൂര്‍ണ്ണതയോടെ ഇവിടെ നടപ്പിലാക്കപ്പെടുന്നു. ഓരോ പുരുഷനും ഒരു സഹോദരന്‍, ഓരോ സ്ത്രീയും ഒരു സഹോദരി... സഹോദരന്മാരും സഹോദരിമാരും മൗനത്തിന്റേയും ബ്രഹ്മചര്യത്തിന്റേയും കഠിനവ്രതങ്ങള്‍ പാലിക്കുന്നു.''

അവരുടെ വസ്ത്രങ്ങള്‍ ലളിതമായിരുന്നു. ഒരു മാതൃകാസന്ന്യാസി നാലുമണിക്ക് ഉണരണം. നാലുമണിക്കൂര്‍ പ്രാര്‍ത്ഥനയും ധ്യാനവും. ആറു മണിക്ക് റൊട്ടിയും കാപ്പിയും ചേര്‍ന്ന പ്രാതല്‍. അല്ലെങ്കില്‍ അതിനേക്കാള്‍ ലഘുവായത്. 12 മണിക്ക് റൊട്ടിയും സൂപ്പും പഴങ്ങളും ചേര്‍ന്ന ഉച്ചഭക്ഷണം. ആറുമണിക്ക് അത്താഴം. ഏഴിനോ എട്ടിനോ ഉറക്കം. സഹോദരന്മാരെല്ലാം സസ്യാഹാരികള്‍. സഹോദരികള്‍ അങ്ങനെയായിരുന്നില്ല. അവര്‍ ദുര്‍ബ്ബലരായിരുന്നു എന്നതായിരുന്നു പറയപ്പെട്ട കാരണം. ഗാന്ധി സ്ത്രീകളെ അങ്ങനെ ദുര്‍ബ്ബലരായി കാണുന്നതില്‍ ഒട്ടുമേ യോജിച്ചില്ല. ഗാന്ധിയുടെ കുടുംബജീവിതത്തിലും സാമൂഹ്യ-രാഷ്ട്രീയ ജീവിതത്തിലും സ്ത്രീകള്‍ പ്രധാനികളും അപൂര്‍വ്വമായ ഊര്‍ജ്ജമുള്ളവരുമായിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ വിവിധ കാലങ്ങളിലാണ്, ദേശങ്ങളിലാണ്, ലോകത്തില്‍ ആദ്യമായി സ്ത്രീയുടെ പ്രസക്തിയും പ്രസരിപ്പും വിമോചനത്തിന്റെ പ്രവാഹമായി മാറിയത്. അവരെ വാര്‍ത്തെടുക്കുന്നതില്‍ സബര്‍മതിയടക്കമുള്ള ഗാന്ധിയുടെ പരീക്ഷണശാലകള്‍ പ്രധാന പങ്ക് വഹിച്ചു. ട്രാപ്പിസ്റ്റ് ആശ്രമത്തില്‍ എല്ലാവരും ദരിദ്രരും ധനികരുമായിരുന്നു. ഒരിടത്തും ഭൗതിക ധൂര്‍ത്ത് കാണുമായിരുന്നില്ല. അവരെല്ലാം സന്തുഷ്ടരും ആരോഗ്യവാന്മാരുമായിരുന്നു. തദ്ദേശീയരെ അവരെപ്പോലെ സ്നേഹിച്ചു. തദ്ദേശീയരുടെ കുട്ടികള്‍ ലാളിത്യത്തിലും സ്വഭാവത്തിലും മേന്മയേറിയവരായിരുന്നു. അവിടുത്തെ ജീവിതം സചേതനവും ദൈവത്തോട് ചേര്‍ന്ന് നില്‍ക്കുന്നതുമായിരുന്നു, ഗാന്ധിക്ക്. 

ആശ്രമത്തിൽ ​ഗാന്ധിയുടെ പ്രഭാഷണം

അവിടെ മൂശാരിപ്പണി, ആശാരിപ്പണി, ചെരിപ്പ് നിര്‍മ്മാണം, തോല്‍ സംസ്‌കരണം എന്നിവയുണ്ടായിരുന്നു. ഇതെല്ലാം ആശ്രമവാസികള്‍ തദ്ദേശീയരായ കുട്ടികളെ പഠിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനും പുറമെ സുലു ഭാഷയും ഇംഗ്ലീഷും പഠിപ്പിച്ചു. ട്രാപ്പിസ്റ്റ് ആശ്രമത്തെപ്പറ്റി, അവരും തദ്ദേശീയരും തമ്മിലുള്ള ആത്മബന്ധത്തെപ്പറ്റി വിശദമാക്കിയത് ഗാന്ധി വര്‍ണ്ണവെറിയനായിരുന്നു (Racist) എന്ന ആരോപണത്തിന് അടിസ്ഥാനമില്ലെന്ന് സൂചിപ്പിക്കാന്‍ കൂടിയാണ്. ആശ്രമസങ്കല്പവും പ്രവര്‍ത്തനവും രൂപപ്പെടുത്തുന്നതില്‍ ട്രാപ്പിസ്റ്റ് ആശ്രമം നിര്‍ണ്ണായകമായി പങ്ക് വഹിച്ചിട്ടുണ്ട്. അവിടെ ആശ്രമവാസികളും തദ്ദേശീയരും തമ്മിലുണ്ടായിരുന്ന ഗാഢബന്ധം ദക്ഷിണാഫ്രിക്കയിലെ ഫീനിക്സ് ആശ്രമത്തിലും ടോള്‍സ്റ്റോയ് ഫാമിലും സ്വീകരിക്കാനും പ്രാവര്‍ത്തികമാക്കാനും ഗാന്ധിക്കു കഴിഞ്ഞില്ലെന്ന് പറയുന്നത് ചരിത്രത്തോടുള്ള നീതികേടാണ്.
ഗാന്ധിയന്‍ ആശ്രമപരീക്ഷണങ്ങളുടെ സാര്‍ത്ഥകമായ ഒന്നാം ഘട്ടം ആരംഭിക്കുന്നത് 1904 ഡിസംബറില്‍ ദക്ഷിണാഫ്രിക്കയില്‍ നൂറേക്കര്‍ സ്ഥലത്ത് ഫീനിക്സ് ആശ്രമം (Phoenix Settlement) ആരംഭിക്കുന്നതോടെയാണ്. ഇതിനെ മഠമെന്നോ ആശ്രമമെന്നോ വിളിക്കാന്‍ ഗാന്ധി ഇഷ്ടപ്പെട്ടില്ല. തന്റെയും സമൂഹത്തിന്റേയും മാനവരാശിയുടേയും ഉണര്‍വ്വിനുള്ള ഒരു സെറ്റില്‍മെന്റായിട്ടാണ് ഗാന്ധി ഇതിനെ കണ്ടത്. അജ്ഞതമൂലമുണ്ടായ ജീര്‍ണ്ണതയില്‍നിന്നും അധഃപതനത്തില്‍നിന്നും അവരിലുള്ള പക്ഷി ചിറകടിച്ചുയരുന്നു. 1909 നവംബര്‍ 24-ന് ആര്‍.എം.എസ്. കില്‍ഡോണ കാസില്‍ എന്ന കപ്പലിലിരുന്ന് ഗാന്ധി മരുമകനായ മഖന്‍ലാലിനെഴുതി. അതേ ദിവസംതന്നെ മകന്‍ മണിലാലിനെ ഗാന്ധി അറിയിച്ചു, കത്തിലൂടെ. നമ്മുടെ സ്വത്വസാക്ഷാല്‍ക്കാരം എപ്രകാരം; എങ്ങനെ നമുക്ക് മാതൃഭൂമിയെ സേവിക്കാം; അതാണ് ഫീനിക്സ്. ശക്തമായ ധാര്‍മ്മികാടിത്തറയില്ലാതെ സ്വത്വത്തെ തിരിച്ചറിയാനാവില്ല.

ദക്ഷിണാഫ്രിക്കയിലെ സത്യാഗ്രഹസമരത്തോടനുബന്ധിച്ചാണ് 1910 ജൂണ്‍-ജൂലായ് മാസങ്ങളില്‍, ഗാന്ധി ടോള്‍സ്റ്റോയ് ഫാം രൂപപ്പെടുത്തുന്നത്. ഗാന്ധിയുടെ ജര്‍മന്‍ സുഹൃത്തും ശില്പിയുമായ ഹെര്‍മന്‍ കല്ലന്‍ ബാക്ക് ജോഹന്നാസ് ബര്‍ഗില്‍നിന്ന് 21 നാഴിക ദൂരെയുള്ള ലോവ്ലി തീവണ്ടി സ്റ്റേഷനടുത്തുള്ള ആയിരത്തി ഒരുനൂറ് ഏക്കര്‍ സ്ഥലം വാങ്ങി ഗാന്ധിക്കു സമ്മാനിച്ചതാണ് ടോള്‍സ്റ്റോയ് ഫാമായി മാറുന്നത്. സത്യാഗ്രഹകാലത്ത്, ജയിലിലായ സത്യാഗ്രഹികളുടെ കുടുംബങ്ങള്‍ക്കുള്ള സങ്കേതമായിരുന്നു ടോള്‍സ്റ്റോയി ഫാം. ജയില്‍വാസം കഴിഞ്ഞെത്തുന്നവര്‍ക്കും ഫാമില്‍ പണിയെടുത്ത് ജീവിക്കാം. ധാര്‍മ്മിക മതമായിരുന്നു ഇവിടെയും ആശ്രമജീവിതത്തിന്റെ അന്തസ്സത്ത. ടോള്‍സ്റ്റോയിയുടെ ചിന്തകളില്‍ അഗാധമായ വിശ്വാസമുണ്ടായിരുന്ന ഗാന്ധി, ടോള്‍സ്റ്റോയിയുടെ നാമം തന്റെ പുതിയ ജീവിത പരീക്ഷണത്തിനു നല്‍കുകയായിരുന്നു. മനുഷ്യരാശിയെ സേവിക്കുന്നതിലൂടെ ദൈവത്തെ തിരിച്ചറിയുകയെന്നതായിരുന്നു ടോള്‍സ്റ്റോയ് ഫാമിന്റെ ലക്ഷ്യമെന്ന് ട്രസ്റ്റിന്റെ ഡീഡ് ഉദ്ധരിച്ചുകൊണ്ട് 1910 സെപ്തംബര്‍ 14-ന്റെ 'ഇന്ത്യന്‍ ഒപ്പീനിയനില്‍' ഗാന്ധി എഴുതി. ദക്ഷിണാഫ്രിക്കന്‍ സമരത്തിന്റെ പരിസമാപ്തി ഘട്ടത്തില്‍ 1913 ജനുവരിയോടെ ടോള്‍സ്റ്റോയി ഫാം അടച്ചുപൂട്ടി ഫീനിക്സിലേക്ക് മാറി. 1913-ല്‍ ഫീനിക്സിലെ അന്തേവാസികളായ സത്യാഗ്രഹ ഭടന്മാരാണ് അന്തിമ സമരം തുടങ്ങിയത്.

നേരിട്ടുള്ള ആശ്രമപരീക്ഷണങ്ങളുടെ മൂന്നാം ഘട്ടമാണ് സത്യാഗ്രഹ ആശ്രമവും സബര്‍മതിയും. 1915 മേയ് 25-ന് ഗാന്ധി അതേപ്പറ്റി വിശദീകരിച്ചത് ഇങ്ങനെയാണ്: ''എന്റെ ജീവിതം സത്യാന്വേഷണത്തിന് അര്‍പ്പിതമാണ്. ഞാന്‍ അതിനുവേണ്ടി ജീവിക്കും. അത്യാവശ്യമാണെങ്കില്‍ അതിനായി മരിക്കും. തീര്‍ച്ചയായും അത്തരമൊരു തീര്‍ത്ഥയാത്രയില്‍ കഴിയാവുന്നത്ര അനുയായികളെ എന്നോടൊപ്പം കൊണ്ടുപോകുകയും ചെയ്യും.'' ഗാന്ധിയുടെ സത്യാഗ്രഹഭടന്മാര്‍ ഈ അനുയായി സമൂഹത്തില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്.

​ഗാന്ധി, സോഞ്ജ ഷെൽസിൻ
ഹെർമൻ കല്ലൻ ബാക്ക് എന്നിവർ

''സത്യം അറിയാനും അതിനുവേണ്ടി ജീവിക്കാനും അത് മുറുകെപ്പിടിക്കാനുമുള്ള ഇടമാണ് ആശ്രമം.'' (ഗാന്ധിയുടെ സമാഹാര കൃതികള്‍. പുസ്തകം: 53, പുറം. 288) ഗാന്ധിയുടെ ആശ്രമത്തിലെ അന്തേവാസികള്‍ സത്യം അവരുടെ ജീവിതത്തിന്റെ അടിസ്ഥാന നിയമമായി എടുത്തിരുന്നു. ഗാന്ധി അതിനെ വ്രതമെന്നു വിളിച്ചു. ''ഒരാള്‍ തന്റെ തന്നെ സ്വത്വത്തോടു ചെയ്യുന്ന വാഗ്ദാനമാണ് വ്രതം. വ്രതജീവിതം വിവാഹംപോലെ പവിത്രമായ ബന്ധമാണ്. എല്ലാ കാലത്തേയ്ക്കുമുള്ള, ദൈവവുമായിട്ടുള്ള കൊഴിയാത്ത വിവാഹമാണത്.'' (ഗാന്ധിയുടെ സമാഹൃത കൃതികള്‍: പുസ്തകം 44: പുറം: 264)

ഗാന്ധിയന്‍ ആശ്രമങ്ങള്‍, ഗാന്ധിയന്‍ സത്യാഗ്രഹസമരങ്ങളുടെ ധാര്‍മ്മികമായ ഉല്പാദന കേന്ദ്രങ്ങളായിരിക്കുമ്പോള്‍ തന്നെ, സത്യാഗ്രഹത്തിന്റെ ആത്മസത്തയായ രചനാത്മക പദ്ധതികളുടെ (Constructive Programme) പരീക്ഷണശാലകളുമായിരുന്നു. വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വ പരിപാലനം, കൃഷിയും വ്യവസായവും ഡയറിഫാമും തോല്‍ സംസ്‌കരണം, നൂല്‍നൂല്‍പ്പ്, ചെരിപ്പുനിര്‍മ്മാണം, ആശാരിപ്പണി, വാസ്തുവിദ്യ എന്നിവയും രചനാത്മക പദ്ധതികളില്‍ ഉള്‍പ്പെട്ടിരുന്നു.

സബര്‍മതിയെ സ്പര്‍ശിക്കുമ്പോള്‍, ഫീനിക്സ് സെറ്റില്‍മെന്റും ടോള്‍സ്റ്റോയ് ഫാമും സബര്‍മതിയുടെ തുടര്‍ച്ചയായ സേവാഗ്രാമും കടന്നുവരാതിരിക്കാന്‍ നിവൃത്തിയില്ല. ഇനി നാം അന്വേഷിക്കേണ്ടത്, സബര്‍മതി ആശ്രമം കേന്ദ്രസൂര്യനാക്കി ഗാന്ധി നടത്തിയ സത്യാഗ്രഹ സമരങ്ങളാണ്.

സ്ഥാപിച്ച് ഒരു വര്‍ഷത്തിനുശേഷമാണ് സബര്‍മതി ഇഴയടുപ്പമുള്ള ഒരു സാമൂഹ്യവ്യവസ്ഥയായി മാറുന്നത്. ഒരു കമ്മ്യൂണ്‍ എന്ന് പറയാവുന്ന സാമൂഹ്യ അവസ്ഥ. ഒരു ഗോശാല, ലൈബ്രറി, സ്‌കൂള്‍, നൂല്‍പ്പുശാല, അടുക്കള, അന്തേവാസികളുടെ കുടിലുകള്‍, സബര്‍മതി നദിയിലേക്കിറങ്ങാനുള്ള കുത്തനെയുള്ള ചവിട്ടുപടികള്‍ എല്ലാം പലപ്പോഴായി നിര്‍മ്മിതമായി. പുളിമരങ്ങള്‍ നട്ടു. ചുറ്റിനുമുള്ള നിലങ്ങളില്‍ പരുത്തി കൃഷി ചെയ്തു. അതോടെ ചര്‍ക്ക ഗാന്ധിയുടെ പുതിയ ജീവിത പരീക്ഷണത്തിന്റെ പ്രതീകമായി.

വാർധാ ആശ്രമത്തിൽ സൂക്ഷിച്ചിരിക്കുന്ന മഹാത്മാവിന്റെ ചർക്കയും എഴുത്തു മേശയും 

അന്നുവരെ നൂല്‍പ്പിനെപ്പറ്റി കാര്യമായ അറിവൊന്നും ഇല്ലാതിരുന്ന ഗാന്ധി ചര്‍ക്കയും നൂല്‍പ്പും നെയ്തുശാലയും സാംസ്‌കാരിക പ്രതിരോധത്തിന്റെ ജൈവപ്രതീകമായി മാറ്റുന്നത് ആധുനിക മുതലാളിത്ത നാഗരികതയുടെ തുണിമില്ലുകള്‍ അഹമ്മദാബാദ് നഗരത്തിന്റെ നാഗരിക പ്രതീകമായതുകൊണ്ടാകാം. ആധുനിക മുതലാളിത്ത നാഗരികതയ്ക്കുള്ള വെല്ലുവിളി ചര്‍ക്കയിലൂടെയാണ്, ഇന്ത്യയിലെ ദരിദ്രരായ ജനകോടികളെ മുന്‍നിര്‍ത്തി രൂപപ്പെടുത്തേണ്ടതെന്നുള്ള ബോധം ഗാന്ധിയില്‍ തെളിഞ്ഞിരിക്കണം.

ഗാന്ധി ചര്‍ക്കയ്ക്കായുള്ള തിരച്ചിലിലായി. 1917 അന്ത്യത്തില്‍, ഗംഗാബഹന്‍ മഞ്ജുംദാര്‍ എന്ന ധീരയായ വനിത ഗാന്ധിയുടെ നിര്‍ദ്ദേശ പ്രകാരം കുതിരപ്പുറത്ത് ചര്‍ക്കയന്വേഷിച്ച് ഗുജറാത്തിന്റെ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചു. അവസാനം ബറോഡയിലെ (വഡോദര) വിജാപൂരിലെ ഒരു വീട്ടിന്റെ തട്ടുംപുറത്ത് ആര്‍ക്കും വേണ്ടാതെ ഉപേക്ഷിച്ച ഒരു ചര്‍ക്ക കണ്ടെത്തി. അങ്ങനെ ഗാന്ധിയുടെ പഠനമുറിയില്‍ ആദ്യത്തെ ചര്‍ക്ക തിരിയാന്‍ തുടങ്ങി. ചര്‍ക്കയുടെ സംഗീതത്തില്‍ ഗാന്ധി ഇന്ത്യയുടെ സാംസ്‌കാരിക-രാഷ്ട്രീയ ജീവിതം സബര്‍മതിയിലിരുന്നുകൊണ്ട് നെയ്യുവാന്‍ ആരംഭിച്ചു. ഇന്ത്യയിലെ ഖാദി പ്രസ്ഥാനത്തിന്റെ തുടക്കം സബര്‍മതിയില്‍ നിന്നാണ്. ഗാന്ധിയുടെ സ്വദേശിയും സ്വദേശിയിലൂടെ സ്വരാജും അര്‍ത്ഥവത്താകുന്നത് സബര്‍മതിയിലൂടെയാണ്. പിന്‍ക്കാലത്ത് ചര്‍ക്ക കോണ്‍ഗ്രസ്സിന്റെ പതാകയിലും ചക്രം ഇന്ത്യയുടെ പതാകയിലുമെത്തി.

ചര്‍ക്കയിലൂടെ ഗാന്ധി ഇന്ത്യയുടെ സാംസ്‌കാരിക ജീവിതത്തെ അപനിര്‍മ്മിക്കുന്ന വേളയിലാണ് അഹമ്മദാബാദിലെ രണ്ട് വക്കീലന്മാര്‍- മഹാദേവദേശായിയും വല്ലഭായ് പട്ടേലും- ഗാന്ധിയിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. സ്ത്രൈണ ഭാവങ്ങളുള്ള മഹാദേവ് ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയായി. ഒരു ഗ്രാമീണ സ്‌കൂള്‍ അദ്ധ്യാപകന്റെ മകനായി ജനിച്ച് ദാരിദ്ര്യം കുടിച്ചു വളര്‍ന്ന മഹാദേവിന് ഇന്ത്യയുടെ ഗ്രാമീണ ജീവിതം അടുത്തറിയാമായിരുന്നു. ഇന്ത്യയെ തുടര്‍ച്ചയായി കണ്ടെത്തുന്നതില്‍ ഗാന്ധിയെ മഹാദേവിന്റെ ഗ്രാമീണ പരിചയം സഹായിച്ചിരിക്കാം. 1919-ല്‍ സെപ്തംബറില്‍ ഗാന്ധി രേഖപ്പെടുത്തിയത് മഹാദേവിലൂടെ തനിക്ക് ദീര്‍ഘകാലമായി നഷ്ടപ്പെട്ട മകനെ തിരിച്ചുകിട്ടിയെന്നാണ്. മഹാദേവില്‍ ഗാന്ധി ഒരു മകന്റെ പരിപൂര്‍ണ്ണത കണ്ടെത്തിയതായി പറഞ്ഞു.

സർ​ദാർ വലഭായ് പട്ടേൽ

ഒരു ദരിദ്ര കര്‍ഷകന്റെ മകനായ വല്ലഭായ് പട്ടേല്‍, ഗാന്ധിയിലെത്തുമ്പോള്‍ ധനികനായ തിരക്കുള്ള വക്കീലായിരുന്നു. സൂക്ഷ്മ ധിഷണാശാലിയായ പട്ടേല്‍ മിതഭാഷിയായിരുന്നു. ഭാര്യ നഷ്ടപ്പെട്ട അദ്ദേഹം തന്റെ അനിതര സാധാരണമായ ഊര്‍ജ്ജം ഒഴുക്കുവാനുള്ള വഴി അന്വേഷിക്കുന്ന സമയത്താണ് ഗാന്ധിയുമായി ഇടപഴകുന്നത്. അഹമ്മദാബാദിന് അടുത്തുള്ള ഖേദ ജില്ലയില്‍ കനത്ത മഴയില്‍ കൃഷി പാടെ നശിച്ചുപോയ കര്‍ഷകര്‍ ബ്രിട്ടീഷുകാര്‍ക്ക്  നികുതി കൊടുക്കാന്‍ കഴിയാതെ നട്ടം തിരിഞ്ഞ് പട്ടേലിനെ സമീപിച്ചു. സര്‍ക്കാരാകട്ടെ, മുഴുവന്‍ നികുതിയും ആവശ്യപ്പെട്ട് പാവപ്പെട്ട കര്‍ഷകരെ പീഡിപ്പിച്ചുകൊണ്ടിരുന്നു. സര്‍ക്കാരിനോടുള്ള കര്‍ഷകരുടെ നിരന്തരമായ നിവേദനങ്ങളും പത്രപ്രസ്താവനകളും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഒരു മാറ്റവുമുണ്ടാക്കിയില്ല. ഇതറിഞ്ഞ ഗാന്ധി നിസ്സഹകരണ സമരം മാത്രമേ മാര്‍ഗ്ഗമുള്ളൂവെന്ന് തിരിച്ചറിഞ്ഞു. എന്തുവന്നാലും ഗ്രാമീണര്‍ ബ്രിട്ടീഷ് സര്‍ക്കാരിനോടുള്ള കാര്‍ഷിക നികുതി നല്‍കരുതെന്ന് ഗാന്ധി നിര്‍ദ്ദേശിച്ചു. സര്‍ക്കാര്‍ കര്‍ഷകരുടെ സ്വത്തുവകകള്‍ കണ്ടുകെട്ടുവാനുള്ള കല്പനകളിറക്കിയെങ്കിലും കര്‍ഷകര്‍ പിന്‍വാങ്ങിയില്ല. നിസ്സഹകരണ സമരത്തിന്റെ മുഖ്യ സംഘാടകന്‍ വല്ലഭായ് പട്ടേലായിരുന്നു. തന്റെ പാശ്ചാത്യ വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് ധോത്തിയും ഷര്‍ട്ടും ധരിച്ച് പട്ടേല്‍ ഗ്രാമങ്ങളിലൂടെ നിസ്സഹകരണത്തിന്റെ സന്ദേശവുമായി യാത്ര ചെയ്തു. ഇന്ത്യന്‍ ഗ്രാമീണ ജീവിതം തൊട്ടറിഞ്ഞ കൂര്‍മ്മബുദ്ധിയുള്ള പട്ടേല്‍ അവസാനംവരെയും ഗാന്ധിക്കൊപ്പമുണ്ടായിരുന്നു. എക്കാലവും ഗാന്ധിയുടെ മനഃസ്സാക്ഷി സൂക്ഷിപ്പുകാരനായി. പട്ടേല്‍, ഗാന്ധിയെപ്പോലെ ഗ്രാമീണ ജീവിതത്തിന്റെ നാഡീസ്പന്ദനം അറിഞ്ഞവനായിരുന്നു. നാലുമാസത്തെ സമരങ്ങള്‍ക്കൊടുവില്‍ സര്‍ക്കാര്‍ ചില നികുതി ആനുകൂല്യങ്ങള്‍ അനുവദിച്ചെങ്കിലും ഖേദ കാര്‍ഷിക സമരം പൂര്‍ണ്ണമായി വിജയിക്കാത്തതില്‍ ഗാന്ധി അസ്വസ്ഥനായിരിക്കുന്നു. ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയിലെ ആദ്യത്തെ നിസ്സഹകരണ സമരത്തിന്റെ നാന്ദികുറിച്ചത് ഖേദയിലെ കര്‍ഷകരാണ്; അത് ബീഹാറിലെ ചമ്പാരനില്‍ ഗാന്ധി നടത്തിയ സമരത്തിന്റെ തുടര്‍ച്ചയുമാണ്.

ഖേദ സമരത്തിന്റെ കാലത്താണ് അഹമ്മദാബാദ് മില്‍ തൊഴിലാളികളുടെ ദരിദ്രമായ ജീവിതസാഹചര്യങ്ങള്‍ ഗാന്ധി നേരിട്ടറിയുന്നത്. അവര്‍ അന്‍പത് ശതമാനം വേതന വര്‍ദ്ധന ആവശ്യപ്പെട്ടിരുന്നു. മുതലാളിമാര്‍ അത് നിഷേധിച്ചു. ഗാന്ധി തൊഴിലാളികളുടെ ആവശ്യങ്ങള്‍ ന്യായമാണെന്നു കണ്ടെത്തി. മില്ലുടമകളായ അംബലാല്‍ സാരാഭായിയുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. അംബലാലിന്റെ സഹോദരി അനസൂയ ബഹന്‍ തൊഴിലാളികള്‍ക്കൊപ്പമായിരുന്നു. തൊഴിലാളികള്‍ ഗ്രാമീണരും നിരക്ഷരരും മറ്റു ജീവിതമാര്‍ഗ്ഗങ്ങള്‍ ഒന്നുമില്ലാത്തവരുമായിരുന്നു. അവരെ ഒന്നിച്ച് നിര്‍ത്തുക ദുഷ്‌കരമായിരുന്നു. കഷ്ടപ്പാടുകളും ക്ലേശങ്ങളും നിറഞ്ഞ അവരില്‍ പലരും മുതലാളിമാര്‍ വെച്ചുനീട്ടുന്ന ചെറിയ ആനുകൂല്യങ്ങളില്‍ വീണുപോകാന്‍ സാധ്യതയേറെയുണ്ട്. അവരെ സംബന്ധിച്ചിടത്തോളം പട്ടിണിയല്ലാതെ വേറെ വഴിയില്ല. ഗാന്ധിക്കും അനുയായികള്‍ക്കും ഈ സമരത്തിലൂടെ നഷ്ടപ്പെടാനൊന്നുമില്ലെന്ന് തൊഴിലാളികള്‍ തുറന്നടിച്ചു. ഗാന്ധിയെ ഇത് വളരെയേറെ ചിന്തിപ്പിച്ചു. തൊഴിലാളികളെ ഒന്നിച്ച് നിര്‍ത്താനും അവരുടെ പട്ടിണി തന്റെയും പട്ടിണിയാണെന്നു ബോധ്യപ്പെടുത്താനും ഉള്ള ഒരു മാര്‍ഗ്ഗം ഗാന്ധി തന്റെയുള്ളില്‍ ആരാഞ്ഞുകൊണ്ടിരുന്നു.

സമരത്തില്‍ തൊഴിലാളികളുടെ ഹാജര്‍ കുറഞ്ഞുകൊണ്ടിരുന്നു. പതിവുപോലെ 1918 മാര്‍ച്ച് 15-ന് ഗാന്ധി തൊഴിലാളികളെ ബാബുള്‍ മരത്തിന്റെ തണലില്‍ അഭിസംബോധന ചെയ്യാനെത്തി. തൊഴിലാളികളുടെ ചാഞ്ചല്യവും സമരത്തില്‍ പങ്കെടുക്കാനുള്ള നിരുത്സാഹവും ഗാന്ധിയെ ധര്‍മ്മ സങ്കടത്തിലാക്കി: എന്തുചെയ്യണമെന്നറിയാതെ അദ്ദേഹം സ്വയം ചോദ്യം ചെയ്തു. എന്താണ് വഴി?

അനസൂയ സാരാഭായ്

ഗാന്ധി: ''ഒരു ദിവസം, തൊഴിലാളികളുടെ യോഗത്തില്‍ വ്യക്തമായ വഴി കാണാതെ തപ്പിത്തടയുമ്പോഴാണ് വെളിച്ചം എന്നിലെത്തിയത്. വാക്കുകള്‍ എന്റെ ചുണ്ടുകളിലേയ്ക്ക് അനര്‍ഗ്ഗളമായി ഒഴുകിയെത്തി.'' തൊഴിലാളികള്‍ ഒന്നടക്കം സമരത്തിലെത്തി. ''സമരം ഒത്തുതീര്‍പ്പിലെത്തുകയോ ഇല്ലെങ്കില്‍ മുഴുവന്‍ തൊഴിലാളികളും മില്‍ ഉപേക്ഷിക്കുകയോ ചെയ്യുന്നതുവരെ ഞാന്‍ ഭക്ഷണം കൈകൊണ്ട് തൊടില്ല''  എന്ന് ഞാന്‍ മീറ്റിങ്ങില്‍ പ്രഖ്യാപിച്ചു.

നിരാഹാരം എന്ന വജ്രായുധം

തൊഴിലാളികള്‍ ഇടിവെട്ടേറ്റപോലെ നിശ്ചലരായി... അനസൂയ ബഹന്റെ കവിളിലൂടെ കണ്ണീരൊഴുകി. തൊഴിലാളികള്‍ ഒന്നടക്കം പറഞ്ഞു: ''അങ്ങല്ല പട്ടിണി കിടക്കേണ്ടത്, ഞങ്ങളാണ്. അങ്ങ് പട്ടിണി കിടക്കുന്നത് ഭയാനകമാണ്. ഞങ്ങളുടെ പിഴവിന് മാപ്പ് തരിക, ഞങ്ങള്‍ പ്രതിജ്ഞ അവസാനംവരെയും പാലിക്കും.''

ആദ്യമായിട്ടാണ് ഗാന്ധി ഒരു പൊതുകാര്യത്തിനുവേണ്ടി നിരാഹാരത്തിലേര്‍പ്പെടുന്നത്; തൊഴിലാളികളുമായി താദാത്മ്യപ്പെട്ടുകൊണ്ട്. അന്ന് തുടങ്ങിവെച്ച പട്ടിണിസമരം ഗാന്ധിയന്‍ സത്യാഗ്രഹസമരത്തിന്റെ മാംസവും മജ്ജയുമായി ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി. ഗാന്ധി തന്റെ ജീവിതത്തില്‍ അനീതിയും അസമത്വവും അസത്യവും നിറഞ്ഞ ബ്രിട്ടീഷ് വ്യവസ്ഥിതിയുടെ നേരെ, ആധുനിക മുതലാളിത്ത നാഗരികതയ്ക്കുനേരെ പതിന്നാല് തവണ നിരാഹാര സമരം ഉയര്‍ത്തിയിട്ടുണ്ട്. അഹിംസയില്‍ മൂര്‍ച്ച വെപ്പിച്ച സമരായുധം ഇന്ത്യന്‍ ജനതയുടെ ജീവശ്വാസമായി പിന്നീട് മാറുകയാണുണ്ടായത്. മില്‍ തൊഴിലാളികളുടെ സമരം ഗാന്ധിയുടെ നിരാഹാരസമരത്തിലൂടെ വിജയത്തിലെത്തുകയും ചെയ്തു.

കൊവിഡ് 19-നേക്കാള്‍ ഭീകരമായ ഒരു മഹാമാരിയിലൂടെ സ്പാനിഷ് ഫ്‌ലൂ (Spanish Flu) ഇന്ത്യ കടന്നുപോയ കാലമാണ് 1918-'19. കോടിക്കണക്കിനു മനുഷ്യര്‍ ഈ മഹാമാരിയില്‍ മരണപ്പെട്ടു. കണക്കുകള്‍ തീര്‍ത്തും അപൂര്‍ണ്ണമാണ്. ഇന്ത്യയില്‍ ഏതാണ്ട് രണ്ട് കോടി മനുഷ്യര്‍ മരിച്ചു എന്നാണ് കണക്കാക്കപ്പെടുന്നത്. തന്റെയും കുടുംബത്തിന്റേയും സമൂഹത്തിന്റേയും ചെറിയ ആരോഗ്യ പ്രശ്നങ്ങളില്‍ പോലും ആശങ്കയുണ്ടായിരുന്ന ഗാന്ധിയില്‍ 1918-'19 സ്പാനിഷ് ഫ്‌ലൂ കാര്യമായ ചലനങ്ങളൊന്നും ഉണ്ടാക്കിയില്ല എന്ന വസ്തുത അക്കാലത്തെ ഗാന്ധിയെ വായിച്ചാല്‍ മനസ്സിലാക്കാവുന്നതാണ്. അന്ന് ഗാന്ധി സബര്‍മതിയിലാണ്. ചമ്പാരന്‍ സത്യാഗ്രഹവും ഖേദ കാര്‍ഷിക സത്യാഗ്രഹവും അഹമ്മദ്ബാദ് മില്‍ തൊഴിലാളി സമരവും കഴിഞ്ഞുള്ള ഇടവേള. ഗാന്ധി ക്ഷീണിതനാണ്. സ്പാനിഷ് ഫ്‌ലൂവിനെപ്പറ്റി ഗാന്ധി തന്റെ ഒരു സുഹൃത്തിന് സബര്‍മതിയിലിരുന്നുകൊണ്ട് എഴുതുന്നുണ്ട്: ''ഏതെങ്കിലും പ്രിയപ്പെട്ടവനെ നഷ്ടപ്പെടാത്ത ഒരു കുടുംബവും ഇന്ത്യയിലില്ല. ദയാരഹിതമായ തുടര്‍ച്ചയോടെ ഇതേ വാര്‍ത്തകള്‍ എല്ലായിടത്തുനിന്നും വന്നുകൊണ്ടിരിക്കുമ്പോള്‍ നമ്മുടെ വികാരങ്ങള്‍ സ്തംഭിച്ചുപോകുന്നു'' (16/02/1919).

ചർക്കയിൽ നൂൽ നൂൽക്കുന്ന ​ഗാന്ധിജി

ഗാന്ധിയുടെ മൂത്തമകന്‍ ഹരിലാലിന്റെ ഭാര്യ ചഞ്ചലും അവളുടെ മകന്‍ രസിക് ലാലും ഫ്‌ലൂവില്‍ മരിച്ചു. (1919 ജനുവരി ഇരുപതിന് ഹരിലാലിനുള്ള കത്ത്) തന്റെ പേരക്കുട്ടിയുടെ മരണത്തില്‍ ഗാന്ധി ഒരു കവിതപോലും കുറിക്കുന്നുണ്ട്; ഗാന്ധിയുടെ ഏക കവിത.

Rasik lal Harilal Mohandas Karam Chand Gandhi 
Had a goat in his keeping,
The goat would not be milked,
And Gandhi would not stop weeping.

ഈ സമയത്താണ് ഗാന്ധി ഒന്നാം ലോകമഹായുദ്ധത്തില്‍ ബ്രിട്ടനെ സഹായിക്കാനായി ഖേദയിലേയും പരിസര ജില്ലകളിലേയും കര്‍ഷകരെ പട്ടാളത്തില്‍ ചേര്‍ക്കാനായി മാസങ്ങളോളം അലയുന്നത്. വയറിളക്കവും മനോസംഘര്‍ഷങ്ങള്‍ മൂലമുണ്ടായ അസ്വാസ്ഥ്യങ്ങളും ഗാന്ധിയെ മരണത്തിന്റെ വക്കിലെത്തിച്ചു. വേദനയില്‍ ക്ലേശിച്ച ഗാന്ധി മകന്‍ ദേവദാസിനെഴുതി: ''എല്ലാത്തില്‍നിന്നും സ്വതന്ത്രനായി ഞാന്‍ മരിക്കാനാഗ്രഹിച്ചു.'' (29/08/1918). 1918 സെപ്തംബര്‍ ഏഴിന് ഗാന്ധി ഉറപ്പിച്ചു: ''മരിക്കുകയാണെങ്കില്‍, അതെന്റെ വീട്ടില്‍ വെച്ചായിരിക്കും നല്ലത്.'' അങ്ങനെ അദ്ദേഹം വീണ്ടും സബര്‍മതിയിലെത്തി. ഇക്കാലത്തെ ഗാന്ധി വെറും ഒരു സാധാരണക്കാരനെപ്പോലെ നിലവിളിക്കുന്നുണ്ട്. ഒന്നാം ലോകയുദ്ധം 1918 നവംബര്‍ പതിനൊന്നിന് അവസാനിച്ചതോടെ മൂന്ന് മാസം തുടര്‍ച്ചയായുള്ള ഗാന്ധിയുടെ വയറിളക്കവും (Dysentery) നിന്നു. വര്‍ഷങ്ങള്‍ക്കുശേഷം ഈ പര്യവസാനത്തെപ്പറ്റി ഗാന്ധി പറഞ്ഞു: '(സബര്‍മതി) ആശ്രമത്തിലെ കിടക്കയില്‍ വേദനയെടുത്ത് ഞാന്‍ ക്ലേശിക്കുമ്പോഴാണ് വല്ലഭായ് പട്ടേല്‍ ജര്‍മനി പൂര്‍ണ്ണമായും തോല്‍പ്പിക്കപ്പെട്ടുവെന്ന വാര്‍ത്തയുമായെത്തിയത്. ഇനി റിക്രൂട്ടിങ്ങിന്റെ (ഒന്നാം ലോകയുദ്ധത്തിനായി ബ്രിട്ടനുവേണ്ടി കര്‍ഷകരെ റിക്രൂട്ട് ചെയ്യല്‍) ആവശ്യമില്ലെന്ന കമ്മിഷണറുടെ അറിയിപ്പും. ഈ വാര്‍ത്ത എനിക്ക് വളരെ ആശ്വാസം പകര്‍ന്നു.''

വാസ്തവത്തില്‍ ഗാന്ധി സബര്‍മതിയില്‍വെച്ച് മരണത്തിലേക്ക് നീങ്ങിയതിന്റെ കാരണമെന്താണ്? സി.എഫ്. ആന്‍ഡ്രൂസ് ഭാഗികമായ ഉത്തരം നല്‍കുന്നുണ്ട്: ''റിക്രൂട്ടിങ്ങ് പരിപാടി ഗാന്ധിയുടെ ജീവന്‍തന്നെ ഏതാണ്ട് അപഹരിച്ചു.'' പര്യേലാലിന്റെ സഹോദരിയും ജോണ്‍ ഹോപ്കിന്‍സ് സര്‍വ്വകലാശാലയില്‍ നിന്നുള്ള ഭിഷഗ്വരയും ഗാന്ധിയുടെ പരിചാരികയും ഗാന്ധിയുടെ അഗ്‌നിപരീക്ഷണങ്ങള്‍ അടുത്തറിഞ്ഞവളുമായ സുശീലാ നയ്യാര്‍, ആന്‍ഡ്രൂസിന്റെ ഭാഗികമായ ഉത്തരം പൂര്‍ണ്ണമാക്കുന്നുണ്ട്: ഡെന്നീസ് വാര്‍ട്ടന്‍ 1975 മാര്‍ച്ചില്‍ ഡല്‍ഹിയില്‍വെച്ച് അവരുമായി നടത്തിയ സംഭാഷണത്തില്‍: '(ബ്രിട്ടീഷ്) സര്‍ക്കാരുമായി സഹകരിക്കുമ്പോഴാണ് ബാപ്പു രോഗിയാവുന്നത്. അതിനെ എതിര്‍ക്കുമ്പോഴല്ല. അതിനര്‍ത്ഥം ഒന്നം ലോകമഹായുദ്ധത്തില്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഏജന്റായി അഹിംസയുടെ അപ്പോസ്തലന്‍ ഹിംസയുടെ ഏജന്റായി മാറി, പട്ടാളമെന്ന ഹിംസാപദ്ധതിയിലേയ്ക്ക് കര്‍ഷകരെ റിക്രൂട്ട് ചെയ്യുന്നതിനായി അലയുന്നതോടെയാണ് ഗാന്ധി രോഗാതുരനായി മരണവക്ത്രത്തിലെത്തുന്നത്.'' (Economic And Political Weekly: 20/06/2020പുറം: 34-39). ഗാന്ധിയുടെ അഹിംസയ്ക്കേറ്റ കനത്ത തിരിച്ചടിയായിരുന്നു അത്. ഹിംസയെ നിരക്ഷരരെങ്കിലും ധാര്‍മ്മികതയുള്ള ഖേദയിലെ കര്‍ഷകര്‍ നിരാകരിച്ചു. ഹിംസയോടുള്ള അപക്വവും അധാര്‍മ്മികവുമായ രാജിയാകല്‍ ഗാന്ധിയുടെ അടിസ്ഥാന പ്രമാണങ്ങളായ അഹിംസയ്ക്കും സത്യത്തിനും എതിരായിരുന്നു. സബര്‍മതിയെന്ന ജൈവിക ഭൂമി ഹിംസയുടെ അധാര്‍മ്മികതകളെ അപ്പാടെ നിരാകരിക്കുന്നു എന്നതിന്റെ ഉദാഹരണമാണിത്. സബര്‍മതിക്ക് അഹിംസയുടേയും മഹാകാരുണ്യത്തിന്റേയും ധാര്‍മ്മിക ഭൂമിയായിട്ടേ നിലനില്‍ക്കാനാവൂ. ഗാന്ധിക്കുപോലും മറിച്ചൊരു വിധത്തില്‍ സബര്‍മതി നിലനിര്‍ത്താനാവില്ല.

സിഎഫ് ആൻഡ്രൂസ്

ഒന്നാം ലോകമഹായുദ്ധത്തിന്റെ കാലത്ത് ബ്രിട്ടീഷ് സര്‍ക്കാര്‍ 'രാജ്യദ്രോഹികളെ' നേരിടുവാനായി ഒരു നിയമമുണ്ടാക്കാന്‍ റൗലത്ത് എന്ന് ഇംഗ്ലീഷ് ജഡ്ജിയെ നിയമിച്ചു. 1918 ജൂലായില്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. രാഷ്ട്രീയാക്രമണങ്ങള്‍ തടയാനെന്ന കാരണം പറഞ്ഞാണ് മാരകവും കഠിനവുമായ ഒരു നിയമം ബ്രിട്ടീഷ് സര്‍ക്കാര്‍ ഇന്ത്യക്കാരുടെ മേല്‍ അടിച്ചേല്‍പ്പിച്ചത്. ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരേയും സംശയിക്കുന്നവരേയും പ്രത്യേക ട്രൈബ്യൂണലില്‍ വിചാരണചെയ്ത് കഠിനശിക്ഷ നല്‍കാന്‍ നിയമത്തില്‍ നിബന്ധനകളുണ്ടായിരുന്നു. ഒരു കാരണവശാലും കുറ്റാരോപിതര്‍ക്ക് ജാമ്യം അനുവദിക്കില്ല. കോടതിയിലെ നടപടിക്രമങ്ങളും വിധിന്യായങ്ങളും പരസ്യപ്പെടുത്തില്ല. രാജ്യദ്രോഹപരമായ പുസ്തകങ്ങള്‍, രേഖകള്‍ കൈവശം വെയ്ക്കുന്നതും പ്രചരിപ്പിക്കുന്നതും രാജ്യദ്രോഹനിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി. രണ്ടു മുതല്‍ നാലു വര്‍ഷം വരെ അതിനു കഠിനമായ ശിക്ഷകള്‍ വിധിക്കാന്‍ പഴുതുകളുണ്ടാക്കി. ജയില്‍ശിക്ഷ കഴിഞ്ഞാലും സര്‍ക്കാര്‍ പറയുന്നിടത്ത് മാത്രമേ അയാള്‍ താമസിക്കാവൂ. 1919 മാര്‍ച്ചില്‍ ബില്‍ പാസ്സായി; നിയമമായി മാറി. ഇന്ത്യക്കാരുടെ മുഴുവന്‍ പ്രതിഷേധങ്ങളേയും അവഗണിച്ചുകൊണ്ടാണ് ബില്‍ നിയമമാക്കിയത്. ക്രൂരമായിരുന്നു രാജ്യദ്രോഹനിയമത്തിലെ വ്യവസ്ഥകള്‍. നിര്‍ഭാഗ്യകരമായ വസ്തുത ഈ രാജ്യദ്രോഹനിയമം ഇന്ത്യയുടെ നിയമപുസ്തകത്തില്‍നിന്ന് സ്വാതന്ത്ര്യം കിട്ടി എഴുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കുശേഷവും നീക്കപ്പെട്ടിട്ടില്ല എന്നതാണ്. അധികാരത്തില്‍ വരുന്ന ഏതു സര്‍ക്കാരിനും ഈ നിയമം ഉപയോഗിച്ച രാജ്യദ്രോഹക്കുറ്റം ചാര്‍ത്തി ഏത് ഇന്ത്യന്‍ പൗരനേയും തടവിലിടാം. കോടതിയില്‍നിന്ന് ജാമ്യം കിട്ടില്ല. വിചാരണ വര്‍ഷങ്ങളോളം നീണ്ടുപോയേക്കാം. 

ഗാന്ധി ചെറുത്ത രാജ്യദ്രോഹനിയമം

ഗാന്ധി ഈ നിയമത്തിനെതിരെ ഇന്ത്യയില്‍ ഉടനീളം സഞ്ചരിച്ച് ജനവികാരം ഉണര്‍ത്താന്‍ ശ്രമിച്ചു. ഗാന്ധി പറഞ്ഞു: ''ഈ ബില്ലുകള്‍ക്കെതിരെ സത്യാഗ്രഹം ചെയ്യാന്‍ ഞാന്‍ പ്രതിജ്ഞയെടുക്കുന്നു; എല്ലാ സ്ത്രീകളേയും പുരുഷന്മാരേയും എന്നോടൊപ്പം സമരം ചെയ്യാന്‍ ക്ഷണിക്കുന്നു.'' എങ്ങനെയാണ് അഹിംസാത്മകമായി ഒരു രാജ്യത്തിലെ മുഴുവന്‍ ജനങ്ങളേയും സര്‍ക്കാരിന്റെ കരിനിയമങ്ങള്‍ക്കെതിരെ ഒന്നിപ്പിച്ച് അണിനിരത്താന്‍ കഴിയുകയെന്ന കാര്യത്തില്‍ ഗാന്ധിക്കു തെളിച്ചം കിട്ടിയിരുന്നില്ല. ഒരു രാത്രി മദിരാശിയില്‍വെച്ച് നിദ്രയ്ക്കും ബോധത്തിനുമിടയിലുള്ള സാന്ദ്രപ്രകാശത്തില്‍ അതിനുള്ള പരിഹാരം സ്വപ്നരൂപത്തില്‍ ഗാന്ധിയില്‍ തെളിഞ്ഞു. രാജ്യത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റംവരെ ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളും ഹര്‍ത്താല്‍ ആചരിക്കുകയെന്നതായിരുന്നു ഗാന്ധിക്കു കിട്ടിയ വെളിച്ചം. ഹര്‍ത്താലിനൊപ്പം ജനങ്ങള്‍ സത്യാഗ്രഹത്തിലേര്‍പ്പെടും, ജനങ്ങള്‍ അനുഭവിക്കുന്ന ക്ലേശങ്ങള്‍ അടയാളപ്പെടുത്താന്‍. ഇരുപത്തിനാലു മണിക്കൂര്‍ ഇന്ത്യ ഒന്നടക്കം പട്ടിണി കിടക്കും; സര്‍ക്കാര്‍ ഓഫീസുകളും കച്ചവടസ്ഥാപനങ്ങളും അടഞ്ഞുകിടക്കും. റൗലത്ത് ആക്ട് എന്ന കരിനിയമത്തിന് വൈസ്രോയി സമ്മതം കൊടുക്കുന്ന 1919 ഏപ്രില്‍ ആറിനാണ് ഗാന്ധി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ഇന്ത്യ ഒരിക്കലും ഇത്തരമൊരു സമരമുഖത്ത് ഉണ്ടായിട്ടില്ല.

വാസ്തവത്തില്‍ എന്താണ് ഹര്‍ത്താല്‍ ദിനത്തില്‍ സംഭവിക്കാന്‍ പോകുന്നതെന്ന് ഗാന്ധിക്കും അറിയുമായിരുന്നില്ല. ഇന്ത്യയൊന്നാകെ സ്തംഭിച്ച് മൗനത്തിലേയ്ക്ക് നീങ്ങിയാല്‍ അതിന്റെ ആഘാതത്തില്‍ സര്‍ക്കാര്‍ റൗലറ്റ് നിയമം പിന്‍വലിക്കുകയോ ഭേദഗതി ചെയ്യുകയോ ചെയ്യുമെന്നായിരുന്നു ഗാന്ധിയുടെ കണക്ക്കൂട്ടല്‍. ഏപ്രില്‍ ആറിന് ഗാന്ധി ബോംബെയില്‍ ഹര്‍ത്താല്‍ നയിച്ചു. ചൗപ്പാത്തി കടപ്പുറത്ത് തടിച്ചൂകൂടിയ ജനങ്ങള്‍ അക്രമാസക്തരായിരുന്നില്ല. സ്വാമി ശ്രദ്ധാനന്ദന്റെ ക്ഷണപ്രകാരം ഗാന്ധി അക്രമങ്ങള്‍ പൊട്ടിപുറപ്പെട്ട ഡല്‍ഹിയിലേയ്ക്ക് സഞ്ചരിക്കുന്നതിനിടയില്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ഗാന്ധിയുടെ അറസ്റ്റ് അറിഞ്ഞ ഇന്ത്യ അസ്വസ്ഥമായി. അക്രമങ്ങളും തീവെയ്പും പലയിടങ്ങളിലും ഉണ്ടായി. ബ്രിട്ടീഷ് സര്‍ക്കാര്‍ ഗാന്ധിയെ ഡല്‍ഹിയിലേയ്ക്ക് പോകാനനുവദിച്ചില്ലെങ്കിലും സ്വതന്ത്രനാക്കി. അക്രമാസക്തമായ അഹമ്മദാബാദിലേയ്ക്ക് ഗാന്ധി പുറപ്പെട്ടു. ഇന്ത്യ അഹിംസാത്മകമായ സത്യാഗ്രഹത്തിനു പക്വമായിട്ടില്ലെന്നു കണ്ടറിഞ്ഞ ഗാന്ധി സത്യാഗ്രഹം പിന്‍വലിച്ചു. തന്റെ സത്യാഗ്രഹ ആഹ്വാനത്തെ 'ഹിമാലയന്‍ മണ്ടത്തരം' എന്ന് വേദനയോടെ വിലയിരുത്തി.

ഇന്ത്യയുടെ എഴപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാനായി സബർമതി ആശ്രമത്തിലെത്തിയ വിദ്യാർത്ഥികൾ

1930-ല്‍ ഇരുനൂറോളം അന്തേവാസികള്‍ സബര്‍മതി ആശ്രമത്തിലുണ്ടായിരുന്നു. ഇക്കാലത്ത് ആശ്രമം ധാര്‍മ്മികശക്തിയിലും ഭൗതികശക്തിയിലും അതിന്റെ ഉന്നതിയിലായിരുന്നു. ഗാന്ധിയുടെ പ്രാര്‍ത്ഥനകളും വാക്കുകളും അന്തേവാസികളെ ധാര്‍മ്മിക ബോധത്താല്‍ പ്രചോദിതരാക്കി. ആശ്രമത്തിലെ ദിനചര്യ നേരത്തെ സൂചിപ്പിച്ചതുപോലെ കര്‍ശനമായിരുന്നു. ഒരു ചെറിയ പിഴവുപോലും അനുവദിക്കാത്തവിധം കിടയറ്റത്. ഇന്ത്യയുടെ സത്യാഗ്രഹ ഭടന്മാരെ ധാര്‍മ്മികമായും ശരീരികമായും അഹിംസാ ഭടന്മാരായി രൂപപ്പെടുത്തുന്നതിനുള്ള ജീവിത പരീക്ഷണങ്ങളായിരുന്നു സബര്‍മതിയില്‍. ഒരു പുതിയ സമൂഹനിര്‍മ്മിതിക്കും അതിലൂടെ എല്ലാ മതങ്ങള്‍ക്കും അതീതമായ സത്യമതത്തിന്റെ പ്രതിനിധികളായി സത്യാഗ്രഹികളെ വളര്‍ത്തിയെടുക്കുന്നതിനും ഗാന്ധി ഊര്‍ജ്ജം ചെലവഴിച്ചു. അതോടൊപ്പംതന്നെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായുള്ള അഹിംസാത്മകമായ യുദ്ധമുഖം തുറന്ന് ഇന്ത്യയെ സ്വതന്ത്രയാക്കുകയെന്ന രാഷ്ട്രീയലക്ഷ്യവും ഗാന്ധിയില്‍ ഉണ്ടായിരുന്നു.

1930 ആകുമ്പോഴേയ്ക്കും ബ്രിട്ടീഷ് ഭരണവ്യവസ്ഥയില്‍ ഗാന്ധിക്കുണ്ടായിരുന്ന അവസാനത്തെ പ്രതീക്ഷകളും അസ്തമിച്ചു. ദരിദ്രരില്‍ ദരിദ്രനായവന്റെ കഞ്ഞിയിലിടുന്ന ഉപ്പിനുപോലും കണക്കില്ലാത്ത നികുതി ചുമത്തി ക്ലേശിപ്പിക്കുന്ന സര്‍ക്കാരിനെ ഇനി പൊറുപ്പിക്കാന്‍ കഴിയില്ലെന്ന ഉറച്ച വിശ്വാസത്തില്‍ ഗാന്ധി ഉപ്പ് സത്യാഗ്രഹത്തിന് ആഹ്വാനം ചെയ്തു. സബര്‍മതി ആശ്രമത്തിലെ അന്തേവാസികളായിരുന്നു ഉപ്പു സത്യാഗ്രഹത്തിലെ സത്യാഗ്രഹ ഭടന്മാര്‍. ഗാന്ധിയെന്ന കമാന്‍ഡിങ്ങ് ജനറല്‍, ആശ്രമചര്യകളിലൂടെ രൂപപ്പെടുത്തിയ അഹിംസയുടെ ധര്‍മ്മഭടന്മാര്‍.

ഉപ്പ് സത്യാഗ്രഹസമരം ഗാന്ധിയെ സംബന്ധിച്ചിടത്തോളം ഇന്ത്യന്‍ ജനതയ്ക്കുള്ള ബോധന മാധ്യമമായിരുന്നു. മാര്‍ച്ച് തുടങ്ങുന്നതിന് ഒരു മാസം മുന്‍പേ ഗാന്ധി സത്യാഗ്രഹികളുടെ വിദ്യാഭ്യാസ യോഗ്യത നിശ്ചയിച്ചു: അഹിംസ ജീവിതപ്രമാണമായി (Creed) സ്വീകരിച്ചവരായിരിക്കണം. അഹിംസ ഒരു നയമായി സ്വീകരിക്കുന്നവര്‍ സമരത്തിനു യോഗ്യരല്ല. ഗാന്ധിക്ക് ഏറ്റവും അടുത്തറിയാവുന്ന സത്യാഗ്രഹികളെ മാത്രമേ ഈ സമരത്തില്‍ ഗാന്ധി പങ്കെടുപ്പിക്കാന്‍ അനുവദിച്ചുള്ളൂ.

മഹാത്മാ​ഗാന്ധിയും അനുയായികളും ഉപ്പു സത്യാ​ഗ്രത്തിനായുള്ള യാത്രയിൽ

1930 ഫെബ്രുവരി 27-ന്റെ യങ്ങ് ഇന്ത്യയില്‍ ഗാന്ധി എഴുതി: ''എന്നെ സംബന്ധിച്ചിടത്തോളം, ആശ്രമത്തിന്റെ ആത്മീയസത്ത അലിഞ്ഞുചേര്‍ന്നവരും അച്ചടക്കം പാലിക്കുന്നവരുമായ അന്തേവാസികളിലൂടെയാണ് ഈ സമരപ്രസ്ഥാനം മുന്നോട്ടു കൊണ്ടുപോകാന്‍ ഉദ്ദേശിക്കുന്നത്... സത്യാഗ്രഹ ആശ്രമം (സബര്‍മതി) ജനങ്ങള്‍ അതിലര്‍പ്പിച്ച വിശ്വാസത്തിനും സ്നേഹത്തിനും അര്‍ഹമാകണമെങ്കില്‍, സത്യാഗ്രഹം എന്ന വാക്കിന്റെ പരിപൂര്‍ണ്ണമായ അര്‍ത്ഥം പ്രകാശിതമാക്കാനുള്ള സമയം സമാഗതമായിരിക്കുന്നു... പതിനഞ്ച് വര്‍ഷമായുള്ള (സബര്‍മതി) ആശ്രമത്തിന്റെ നിലനില്‍പ്പ് അത്തരം സത്യാഗ്രഹത്തിലൂടെ അന്വര്‍ത്ഥമാകുന്നില്ലെങ്കില്‍, ഞാന്‍ ഇവിടെനിന്നും അപ്രത്യക്ഷനാകണം; അത് രാജ്യത്തിനും ആശ്രമത്തിനും എനിക്കും അഭികാമ്യമായിരിക്കും.''

അഹിംസ എന്ന ജീവിതവ്രതം

മഹാദേവ് ദേശായി ഗാന്ധിയുടെ വാക്കുകള്‍ വായനക്കാരോട് സംവദിച്ചു. ആശ്രമത്തിന്റെ കഠിന നിയമങ്ങള്‍ പാലിക്കാത്ത, വാക്കിലും പ്രവൃത്തിയിലും ചിന്തയിലും സത്യവും അഹിംസയും ജീവിത വ്രതങ്ങളാക്കാത്തവരാരും തന്നെ സമരഭടന്മാരാകാന്‍ യോഗ്യതയുള്ളവരല്ല. ''ആദ്യബാച്ച് സത്യാഗ്രഹികള്‍ കറകളഞ്ഞ് ശോഭിക്കുന്നവരായിരിക്കണം.'' സത്യാഗ്രഹസമരത്തിലെ ഭടന്മാരുടെ പട്ടികയില്‍ അന്തേവാസികളും ആശ്രമവുമായി അഗാധബന്ധം പുലര്‍ത്തിയവരും മാത്രമേ പാടുള്ളൂ. 1930 മാര്‍ച്ച് പന്ത്രണ്ടിന് രാവിലെ ആറേ മുപ്പതിന് ഗാന്ധി എഴുപത്തിയെട്ട് സത്യാഗ്രഹ ഭടന്മാരോടൊപ്പം ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഉപ്പ് നിയമത്തിനെതിരെ ദണ്ഡിയിലേയ്ക്കുള്ള സത്യാഗ്രഹ മാര്‍ച്ച് ആരംഭിച്ചു.

കടന്നുപോകുന്ന ഓരോ ഗ്രാമത്തിന്റേയും സ്ഥിതിവിവര കണക്കുകള്‍ നല്‍കണമെന്നത് നിര്‍ബ്ബന്ധമായിരുന്നു. 1. ജനസംഖ്യ, സ്ത്രീകള്‍, പുരുഷന്മാര്‍, ഹിന്ദുക്കള്‍, മുസല്‍മാന്‍മാര്‍, ക്രിസ്ത്യാനികള്‍, പാഴ്സികള്‍. 2. അസ്പര്‍ശ്യരുടെ എണ്ണം 3. ഗ്രാമത്തില്‍ വിദ്യാലയം ഉണ്ടോ, ഉണ്ടെങ്കില്‍ ആണ്‍കുട്ടികള്‍, പെണ്‍കുട്ടികള്‍ എത്ര?  4. നൂല്‍നൂല്‍പ്പ് യന്ത്രങ്ങളുടെ എണ്ണം 5. പ്രതിമാസ ഖാദി വില്‍പ്പന 6. പൂര്‍ണ്ണമായും ഖാദി ധരിക്കുന്നവരുടെ എണ്ണം 7. ഓരോ ഗ്രാമീണനും കഴിക്കുന്ന ഉപ്പിന്റെ അളവ്, കാലികള്‍ക്കു കൊടുക്കുന്നതിന്റെ അളവ് 8. ഗ്രാമത്തിലെ മൊത്തം പശുക്കള്‍, എരുമകള്‍ 9. മൊത്തം നികുതി കൊടുക്കുന്നതെത്ര, ഏക്കറിന് കൊടുക്കുന്നത്. 10. കാലികളെ തീറ്റുന്നതിനുള്ള പൊതു മൈതാനം ഉണ്ടോ? എങ്കില്‍ എത്ര 11. ഗ്രാമീണര്‍ മദ്യപിക്കുന്നവരാണോ? മദ്യക്കട ഗ്രാമത്തില്‍നിന്ന് എത്ര അകലത്തിലാണ് 12. അസ്പര്‍ശ്യര്‍ക്കുള്ള വിദ്യാഭ്യാസ സൗകര്യങ്ങള്‍.

സബർമതി ആശ്രമം

സത്യാഗ്രഹ സമരത്തിന്റെ ഭാഗമായി ഗാന്ധി ഒരുപടികൂടി മുന്നോട്ടു നീങ്ങി, ഇന്ത്യന്‍ വിമോചനത്തെ ലക്ഷ്യമിട്ട്:
 
''നോക്കൂ, ഇന്ത്യയിലെ ഏഴുലക്ഷം ഗ്രാമങ്ങളില്‍ ഓരോന്നിലും നിന്ന് പത്ത് പേര്‍ ഉപ്പു നിയമം ലംഘിച്ച് ഉപ്പ് നിര്‍മ്മിക്കാന്‍ മുന്നോട്ടു വരികയാണെങ്കില്‍, ഈ സര്‍ക്കാരിന് എന്തു ചെയ്യാന്‍ കഴിയും? ഏറ്റവും മോശക്കാരനായ സ്വേച്ഛാധിപതിക്കുപോലും ശാന്തരായ സത്യാഗ്രഹ ഭടന്മാരുടെ സംഘങ്ങളെ തോക്കുകള്‍ക്ക് ഇരയാക്കാന്‍ കഴിയില്ല. നിങ്ങള്‍ നിങ്ങളുടെ ഉള്ള് ചെറിയ തോതില്‍ കുലുക്കിയുണര്‍ത്തുന്നുവെങ്കില്‍, ഈ സര്‍ക്കാരിനെ വളരെച്ചെറിയൊരു സമയത്തിനുള്ളില്‍ ദുര്‍ബ്ബലമാക്കാനാവും...''

ഗാന്ധിയുടെ മേല്‍പ്പറഞ്ഞ വാക്കുകള്‍ ലോകത്ത് ഇന്നു നടക്കുന്ന, നാളെ നടക്കാനിരിക്കുന്ന അനീതിക്കു നേരെയുള്ള ഏതൊരു സമരത്തിനും ബാധകമാണ്. ജനങ്ങളുടെ പ്രശ്നങ്ങള്‍ കണ്ടറിയുകയോ അവരെ കേള്‍ക്കുകയോ ചെയ്യാത്ത ഏത് ഭരണാധികാരിയേയും ജനങ്ങള്‍ അഹിംസാത്മകമായി സമരം ചെയ്യുകയാണെങ്കില്‍ താഴെയിറക്കാനാവും.

ഉപ്പ് സത്യാഗ്രഹം റിപ്പോര്‍ട്ട് ചെയ്ത അമേരിക്കന്‍ പത്രപ്രതിനിധി വെബ് മില്ലര്‍ ഗാന്ധിയുടെ സത്യാഗ്രഹ ഭടന്മാര്‍, ബ്രിട്ടീഷ് സര്‍ക്കാരിന്റെ തോക്കിനും ലാത്തിക്കും മുന്‍പില്‍ ഒരു ചെറുവിരല്‍പോലും ഉയര്‍ത്താതെ നിശ്ശബ്ദരായിട്ടാണ് മാര്‍ച്ച് ചെയ്തത് എന്ന് രേഖപ്പെടുത്തി. ബയണറ്റ് കൊണ്ടും തോക്കിന്‍ പാത്തികൊണ്ടും ഇരുമ്പുചുറ്റിയ കൂറ്റന്‍ മുളവടികൊണ്ടും മര്‍ദ്ദനമേറ്റ് ചോരയില്‍ കുളിച്ചിട്ടും അവരില്‍ ഒരാള്‍പോലും പ്രതിഷേധമുയര്‍ത്തിയില്ല എന്ന സത്യം മില്ലര്‍ ലോകത്തെ അറിയിച്ചു. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അടിത്തറ അതോടെ ഇളകി. ലോകം ജനാധിപത്യ ബ്രിട്ടീഷ് സര്‍ക്കാരിന്റെ ക്രൂരതകള്‍ അറിഞ്ഞു. അത് ഗാന്ധിയുടെ സബര്‍മതി ആശ്രമത്തില്‍നിന്നും സത്യാഗ്രഹശാസ്ത്രത്തില്‍ വിദ്യാഭ്യാസം സിദ്ധിച്ച ഭടന്മാരുടെ അഹിംസയ്ക്കുള്ള തെളിവുകളായിരുന്നു.

1919 ഫെബ്രുവരി 17-ന് ഗാന്ധി സബര്‍മതി ആശ്രമവാസികളോട് പറഞ്ഞു: ''ചമ്പാരനോ ഖേദയോകൊണ്ട് എന്നെ അളക്കരുത് എന്ന് ഞാന്‍ രാജ്യത്തോട് പറയാന്‍ പോകുന്നു; എന്നെ വിധിക്കേണ്ടത് ആശ്രമം കൊണ്ടാണ്. എന്നെ ആശ്രമം കൊണ്ട് മാത്രം വിധി കല്പിക്കുക.''

വര്‍ണ്ണവിവേചനത്തിനും രാഷ്ട്രീയാധിപത്യത്തിനും സാമുദായിക സംഘര്‍ഷത്തിനും അസ്പര്‍ശ്യതയ്ക്കും എതിരെ ഉയരുന്ന ഗാന്ധിയന്‍ സമരങ്ങളുടെ വേരുകള്‍ ആശ്രമത്തിലാണ്.

''ഈ അന്തിമ പോരാട്ടത്തില്‍, ടോള്‍സ്റ്റോയ് ഫാമിലെ പരിശീലനം ഒരു വലിയ കാര്യമായിരുന്നെന്നു ബോധ്യമായി. ഫാമില്‍ സത്യാഗ്രഹികള്‍ സ്വീകരിച്ചിരുന്ന ജീവിതം സമരത്തില്‍ അമൂല്യമായ ആസ്തിയായിത്തീര്‍ന്നു... ടോള്‍സ്റ്റോയ് ഫാം അടച്ചപ്പോള്‍, താല്പര്യമുള്ളവര്‍ ഫീനിക്സിലേക്ക് വന്നു... സത്യം പറഞ്ഞാല്‍, ഫീനിക്സിലെ വിദ്യാഭ്യാസത്തിന്റെ സിംഹഭാഗവും സത്യാഗ്രഹത്തിനുള്ള തയ്യാറെടുപ്പായിരുന്നു. മൂന്നാമത്തെ സമരം ഫീനിക്സിലെ അന്തേവാസികളെ വച്ചാണ് ആരംഭിച്ചത്.''

മഹാത്മാ ​ഗാന്ധിയുടെ 73ാം ചരമ ദിനത്തിൽ ആശ്രമത്തിൽ നടന്ന സർവമത പ്രാർത്ഥന

പ്യാരേലാലും മഹാദേവ ദേശായിയുമായുള്ള ഒരു സംവാദത്തില്‍ ഗാന്ധി: ''സേവാഗ്രാം അഹിംസയുടെ പരീക്ഷണശാലയായിരിക്കേണ്ടതുണ്ട്. ഇവിടെ എന്റെ പരീക്ഷണങ്ങള്‍ വിജയിക്കുകയാണെങ്കില്‍, എന്നെ മഥിക്കുന്ന ചെറിയ പ്രശ്നങ്ങള്‍ക്ക് ഞാന്‍ പരിഹാരം കണ്ടെത്തും. എനിക്ക് തീര്‍ച്ചയുണ്ട്; രാജ്യത്ത് നമ്മെ അഭിമുഖീകരിക്കുന്ന വലിയ പ്രശ്നങ്ങള്‍ക്ക് അതേ സമവാക്യം ഉത്തരം നല്‍കും.''

സബര്‍മതിയിലെ ഒരു പ്രാര്‍ത്ഥനായോഗത്തില്‍ ഗാന്ധി പ്രാര്‍ത്ഥിച്ചു: ആശ്രമം ത്യാഗത്തിന്റെ വിളക്കാണ്. ആശ്രമം എന്ന മാധ്യമത്തിലൂടെ താന്‍ പരിപൂര്‍ണ്ണ ജനാധിപത്യത്തിന്റെ പരീക്ഷണത്തിലേര്‍പ്പെട്ടിരിക്കുകയാണെന്ന് ഗാന്ധി മറ്റൊരവസരത്തില്‍ പറഞ്ഞു. അതേ സ്ഥായിയില്‍ ആശ്രമത്തിന്റെ ലക്ഷ്യം ഗാന്ധി സംഗ്രഹിച്ചു: ''നാമെപ്പോഴും മരണത്തിന് തയ്യാറായിരിക്കണം; ഭയം കൂടാതെ ജീവിക്കണം. ഒരു വ്യക്തിയെ അത്തരമൊരു ജീവിതം ജീവിക്കാന്‍ പഠിപ്പിക്കുകയാണ് ആശ്രമത്തിന്റെ ലക്ഷ്യം.''

ആഗോളവല്‍ക്കരണത്തിന്റേയും ഉദാരവല്‍ക്കരണത്തിന്റേയും നിയോലിബറല്‍ മുതലാളിത്ത സത്യാനന്തരകാലം പലതരം ആസക്തികളാലും ഭയങ്ങളാലും നമ്മെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുകയാണ്. അതിനെ സര്‍ഗ്ഗാത്മകമായി പ്രതിരോധിക്കാനുള്ള സാംസ്‌കാരിക മാധ്യമമാണ് സബര്‍മതി ആശ്രമത്തെ ആഴത്തില്‍ പഠിക്കല്‍. അതിലൂടെ ഒരു പുതിയ സാംസ്‌കാരിക ഇന്ത്യയെ രൂപപ്പെടുത്തിയെടുക്കാന്‍ നമുക്ക് കഴിയണം; ഹിംസയുടെ എല്ലാവിധ അക്രമങ്ങളേയും പ്രതിരോധിച്ചുകൊണ്ട്.?

സഹായ ഗ്രന്ഥങ്ങള്‍; പ്രസിദ്ധീകരണം

1. കെ. അരവിന്ദാക്ഷന്‍: ഗാന്ധിയുടെ ജീവിതദര്‍ശനം  (1993)
2. Thomas Weber: On the Salt March (1997)
3.   Robert Payne: The Life and Death of Mahatma Gandhi (1997)
4. എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍: എം.കെ. ഗാന്ധി (വിവ: സി.പി. ഗംഗാധരന്‍- 2009)
5. Economic and Political Weekly: page: 34-39  (20/06/2020)

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്