കവിത 

അസാദ്ധ്യം: ടിപി രാജീവന്‍ എഴുതിയ കവിത

ടി.പി. രാജീവന്‍

ന്റെ ശരീരത്തില്‍
ഓരോ ഇടവും ഓരോ പ്രദേശം,
വേറെവേറെ ഭൂപ്രകൃതിയും 
കാലാവസ്ഥയും സംസ്‌കാരവും 
ഭാഷയും ഉള്ളവ,
ഓരോന്നും ഓരോ സ്വതന്ത്ര റിപ്പബ്ലിക്.

ഒരു പര്‍വ്വതത്തിലാണ് തല,
അതിനകത്ത് എപ്പോഴും തീയാണ്,
ഏതു നിമിഷവും അതു പൊട്ടിത്തെറിക്കാം.
ലാവാപ്രവാഹത്തില്‍ എല്ലാം നശിക്കാം. 

മാറിടം മരുഭൂമിയും
പുറം പീഠഭൂമിയുമാണ്,
അവിടെ എപ്പോഴും 
പൊടിക്കാറ്റും ചുഴലിയുമാണ്,
പടയോട്ടവും യുദ്ധവുമാണ്, 
സാമ്രാജ്യങ്ങള്‍ ഉയരുകയും
അതുപോലെതന്നെ തകരുകയുമാണ്.

വേലിയേറുകയും ഇറങ്ങുകയും ചെയ്യുന്ന 
ഒരു തീരത്തിലാണ് നാഭിയും അരക്കെട്ടും,
പൊക്കിളിനുചുറ്റും കൊടുംകാറ്റ് ചുറ്റിത്തിരിയും
ഏതു നിമിഷവും അവിടം കടലെടുക്കാം

കൈകാലുകള്‍ 
പലപല ഭൂഖണ്ഡങ്ങളിലായി 
ചിതറിക്കിടക്കുന്നു.
ഇടത്തെകണ്ണില്‍  
കൊടുംവേനലായിരിക്കുമ്പോള്‍
പെരുമഴയായിരിക്കും വലത്തേതില്‍
ചുണ്ടുകള്‍ മഞ്ഞിന്റെ ഭാഷ പറയുമ്പോള്‍
കാതുകള്‍ കാറ്റിന്റെ ഭാഷകേള്‍ക്കും
പാദത്തില്‍ സൂര്യന്‍ അസ്തമിക്കുമ്പോള്‍
കൈത്തലത്തില്‍ ഉദിക്കും.

ഒരിക്കലെങ്കിലും
എന്നിലെ എല്ലായിടവും ചെന്നുകണ്ടുവരിക
അസാദ്ധ്യം
ഈ ജന്മത്തില്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്

വില്ല്യംസന്‍ നയിക്കും; ടി20 ലോകകപ്പിനുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

കണ്ണൂരില്‍ സ്‌കൂട്ടറും ട്രാവലറും കൂട്ടിയിടിച്ചു; നഴ്‌സിങ് വിദ്യാര്‍ഥി മരിച്ചു