കവിത 

'മദ്യപാനം'- എന്‍.ജി. ഉണ്ണിക്കൃഷ്ണന്‍ എഴുതിയ കവിത

എന്‍.ജി. ഉണ്ണികൃഷ്ണന്‍

1
മൂത്രം വടിപോല്‍
ഒടിച്ചുകളയേണ്ട 'ലേ'യില്‍
'കാര്‍ഗിലില്‍' വസിക്കയാലേ
എനിക്കുമുണ്ടെന്‍
കൊഴുത്ത കഞ്ഞി
അഞ്ചെട്ടു കുപ്പി!

അതു കണ്ടു നോവേണ്ട
പൊന്നയല്‍ക്കാരാ
ഒരു തുള്ളിപോലും തരികയില്ല

2
ചാരായമുള്ളൊരു കാലത്ത് പൊന്‍മകന്‍
നൂറിനു ചില്ലറ തന്നിരുന്നു
അവനിപ്പോള്‍ എണ്ണിപ്പെറുക്കും
മുടി വെട്ടാനാളില്ലാണ്ടായി
എവനും പാര്‍ലറിലാണ്
മുടി നിവര്‍ത്തീടാന്‍ ചുരുട്ടാന്‍
പലതല്ലവിടെ സുനാമണികള്‍

അച്ഛനൊന്നെണീറ്റു പോയേ
പൊര ചോര്‍ന്നൊലിക്കുമ്പൊഴാണോ
അച്ഛന്റൊടുക്കത്തെ ബ്രാണ്ടി!

3

പുതിയ സര്‍ക്കാര്‍ വന്നൊരളവില്‍
ശുദ്ധ ചാരായം കിടയാതെയായ്
ഇരുനൂറു മില്ലിയടിച്ച്
മൂത്തോന്റെ മുടിവെട്ടുകടയിലിരുന്ന്
സംസ്‌കൃത ശ്ലോകങ്ങള്‍ ചൊല്ലി
നാളും തിഥിയും പറഞ്ഞ്
കാലം കഴിച്ചൊരാ പാവത്തിനയ്യയ്യോ
ഇടിവെട്ടു പണി കിട്ടി!

4

പട്ടാളസാറിന്റെ വീട്ടിലയ്യയ്യാ
തെളിയുന്നുണ്ടത്ഭുത വിളക്ക്
നീണ്ട തണ്ടുള്ള പളുങ്കുപാത്രത്തില്‍
പാര്‍ന്ന തുടുത്ത മദ്യത്തില്‍
പാളുന്നു തൂനിലാവ്
വെള്ളാമ്പലുകള്‍ വിരിയുന്ന തൂനിലാവ്

ചങ്കത്താരോ കൊത്തുന്നുണ്ട്
ശാസ്ത്രിക്കു തൊണ്ട വരളുന്നുണ്ട്
കൈകാല്‍ വിറക്കുന്നുണ്ട്
ഒരു തുള്ളിപോലും ചോദിച്ചീലയാള്‍
കഷ്ടിച്ചൊരു മാസം, ഇറുന്നാ ദുരിതജന്മം
5

പരമബോറാകുന്ന സന്ധ്യയില്‍
റഫിയെ, കിഷോറിനെ ഓര്‍ത്തൊന്നിരിക്കാന്‍
ചെറുതായ് മദ്യം തൊടുമ്പോള്‍
ജനാലയിലൂടെന്റെ കണ്ണുകള്‍
ശാസ്ത്രിയുടെ
പുരയുടെ നേര്‍ക്കു പായുന്നുവോ?

പടരുന്ന പുകമഞ്ഞിലൊരു രൂപം
മൂകമായ് കരയുന്നുവോ!

ഒരു തുള്ളിപോലും ചോദിച്ചീലയാള്‍
ഒരു തുള്ളി കൊടുപ്പാനുമായീല

വെടിയേറ്റിട്ടില്ലങ്കിലും
എടുക്കുവാനാകാതൊരു വെടിയുണ്ട
ഉള്ളില്‍ തറഞ്ഞിരിക്കും പോലെ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു