കവിത 

'നില്‍ക്കക്കള്ളി'- ടി.പി. വിനോദ് എഴുതിയ കവിത

ടി.പി. വിനോദ്

മൂന്ന് ചോദ്യങ്ങളും
ചോദ്യങ്ങള്‍ക്കുള്ളതാവാനിടയില്ലാത്ത ഒരുത്തരം
പ്രകൃതിദൃശ്യ രൂപത്തിലുമുള്ള
അന്തംവിട്ട ഒരു കവിതയാണിത്.

ചോദ്യം 1:
രണ്ടുപേര്‍ക്കിടയിലെ മൗനത്തിന്
ആ രണ്ടുപേരിലാര്‍ക്കാണ്
ഉടമസ്ഥാവകാശം?
 
ചോദ്യം 2:
ഒരാളുടെ സ്വപ്നത്തില്‍ മറ്റേയാള്‍
എന്തുചെയ്യുകയായിരുന്നെന്ന്
വിശദീകരിക്കാന്‍
സ്വപ്നം കണ്ടയാള്‍ക്കാണോ
സ്വപ്നത്തില്‍ ഉണ്ടായിരുന്നയാള്‍ക്കാണോ
കൂടുതല്‍ യോഗ്യത?

ചോദ്യം 3:
ഒരു കാര്യത്തിന്റെ വിശദീകരണം
അതിന്റെ അര്‍ത്ഥമായിരിക്കണമെന്നുണ്ടോ,
അങ്ങനെയെങ്കില്‍
അര്‍ത്ഥശൂന്യതയെപ്പറ്റിയുള്ള
പ്രിയപ്പെട്ട വിശദീകരണങ്ങളെയൊക്കെ
നമ്മള്‍ എന്തുചെയ്യും?

പ്രകൃതിദൃശ്യം:
കുട്ടിക്കാലത്ത് കണ്ടതാണ്
ഇപ്പോഴും മനസ്സിലുള്ളതാണ്
നാട്ടുതോട്ടിന്റെ വക്കില്‍നിന്ന്
വെള്ളത്തിലേക്ക് കുനിഞ്ഞു വളര്‍ന്ന്
ഒരു വള്ളിച്ചെടി.
അത് വളര്‍ന്നെത്തിയ അറ്റം
ഒഴുക്കുവെള്ളത്തെ തൊട്ടുതൊട്ട്
വെള്ളമൊഴുകുമ്പോള്‍ അത്
മുന്നോട്ടായുന്നു.
ഒഴുക്കിനൊപ്പം വലിഞ്ഞെത്താവുന്നത്രയെത്തിയിട്ട്
അത് തിരിച്ചുവരും,
പിന്നെയുമൊഴുകിത്തെറിക്കും,
തിരിച്ചെത്തും വീണ്ടുമതുപടി.
നിര്‍ത്തലില്ലാതെ,
നില്‍ക്കക്കള്ളിയില്ലാതെ,
ഒരു തീരുമാനവുമില്ലാതെ,
തുടര്‍ച്ചയായി.

ഒന്നുകിലതിന്
വെള്ളത്തില്‍ തൊടാതെയിരുന്നൂടേ,
അല്ലെങ്കിലതിന്
വെള്ളത്തോടൊപ്പം പോയിക്കൂടേ എന്നൊക്കെ
അന്നാലോചിച്ചതുതന്നെ
ഇപ്പോഴുമാലോചിക്കുന്നു ഞാന്‍.

ഹ് മ് !
ആ വള്ളിച്ചെടിയെക്കുറിച്ചുള്ള
ആലോചനയ്ക്കും
അതിന്റെ അതേ സ്വഭാവം തന്നെ.
നില്‍ക്കുന്നില്ല
പോകുന്നുമില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ

ലൈംഗിക അതിക്രമ കേസ്: എച്ച് ഡി രേവണ്ണയെ‌ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്